രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഫിലിപ്പീൻസിൽ നടന്ന ADMM-Plus സമ്മേളനത്തോടനുബന്ധിച്ച് രക്ഷാമന്ത്രി ജാപ്പനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 28 OCT 2026 3:44PM by PIB Thiruvananthpuram
2026 ഒക്ടോബർ 28-ന് ഫിലിപ്പീൻസിലെ സെബുവിൽ നടന്ന ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ പ്രത്യേക യോഗത്തി(ADMM Plus)-ന്റെ ഭാഗമായി രാജ്യ രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗും ജപ്പാൻ പ്രതിരോധമന്ത്രി ഷിൻജിറോ കൊയ്സുമിയും കൂടിക്കാഴ്ച നടത്തി.
 
ഓഗസ്റ്റിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഉഭയകക്ഷി പ്രതിരോധ സഹകരണത്തിൽ കൈവരിച്ചുകൊണ്ടിരിക്കുന്ന സ്ഥിരമായ പുരോഗതിയെ ഇരു മന്ത്രിമാരും സ്വാഗതം ചെയ്തു. അന്ന് ഇരുപക്ഷവും അംഗീകരിച്ച ധാരണകൾക്ക് അനുസൃതമായി കൈവരിച്ച പുരോഗതിയിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:
 
സമുദ്രസുരക്ഷാ സഹകരണത്തിൽ പുരോഗതി: ഇരുപക്ഷത്തിന്റെയും തന്ത്രപരവും പ്രവർത്തനപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്ന സമുദ്രസുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ വ്യക്തമായപുരോഗതി കൈവരിച്ചു. മൈനുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതിനും , അവയ്‌ക്കെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, ജപ്പാന്റെ സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യയുടെ ഉൽപ്പാദനശേഷിയും പ്രയോജനപ്പെടുത്തി കപ്പൽനിർമാണത്തിലും രൂപകൽപ്പനയിലും സംയുക്ത വികസനത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ നാവികസേനയുടെ വൈസ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് ജപ്പാൻ സന്ദർശിച്ചതും ഇതിന് സഹായകമായി.
 
വ്യോമസേനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ‘വീർ ഗാർഡിയൻ 26’ വ്യോമസേനാ അഭ്യാസത്തിന്റെ ഭാഗമായി ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യ സന്ദർശിച്ചതിനെത്തുടർന്ന്, ഇരു വ്യോമസേനകൾക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായി. അഭ്യാസത്തോടനുബന്ധിച്ച് ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സ് മേധാവി ഇന്ത്യ സന്ദർശിച്ചതും ഇതിൽ ഉൾപ്പെടുന്നു.
 
ഇന്ത്യ-ജപ്പാൻ പ്രതിരോധ വ്യവസായ ഫോറം: ടോക്കിയോയിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യ-ജപ്പാൻ പ്രതിരോധ വ്യവസായ ഫോറം വിജയകരമായി സംഘടിപ്പിച്ചു. ഇരു രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 40 കമ്പനികൾ ഫോറത്തിൽ പങ്കെടുത്തു.
 
ഈ വർഷം അവസാനം ടോക്കിയോയിൽ നാലാമത് ജപ്പാൻ-ഇന്ത്യ വിദേശകാര്യ-പ്രതിരോധ മന്ത്രിതല യോഗം (2+2), ജപ്പാൻ-ഇന്ത്യ പ്രതിരോധ മന്ത്രിതല യോഗം എന്നിവ നടത്തുന്നതിനായുള്ള ചർച്ചകൾ വേഗത്തിലാക്കാനും മന്ത്രിമാർ ധാരണയിലെത്തി.
 
കൂടിക്കാഴ്ചയ്ക്കുശേഷം എക്സിൽ പങ്കുവെച്ച കുറിപ്പിൽ, ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാനവും ആഗോളവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ വഴികൾ ചർച്ചയായതായി രക്ഷമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. സ്വതന്ത്രവും തുറന്നതും സമാധാനപൂർണവുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രതിജ്ഞാബദ്ധത നിർണായകമായി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

****

( റിലീസ് ഐ.ഡി: 2329658) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil