വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

മുൻഗണനാ വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ച്‌ ഇന്ത്യയും മെക്സിക്കോയും; അടിസ്ഥാന വ്യവസ്ഥകളിൽ ഒപ്പുവെച്ചു

പോസ്റ്റഡ് ഓണ്‍: 28 OCT 2026 10:38AM by PIB Thiruvananthpuram
സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവെപ്പുമായി ഇന്ത്യയും മെക്സിക്കോയും. പരസ്പര വ്യാപാരം വിപുലീകരിക്കുന്നതിനും പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മുൻഗണനാ വ്യാപാര കരാർ (Preferential Trade Agreement) സംബന്ധിച്ച ചർച്ചകൾക്ക് മുന്നോടിയായായി ചട്ടക്കൂട്, വ്യാപ്തി, നടപടിക്രമങ്ങൾ, കർമപദ്ധതി എന്നിവ നിർവ്വചിക്കുന്ന അടിസ്ഥാന വ്യവസ്ഥകളിൽ (Terms of Reference) ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

അടിസ്ഥാന വ്യവസ്ഥകളിൽ  ഒപ്പുവച്ചതോടെ, ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണകരവും സന്തുലിതവുമായ മുൻഗണനാ വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് ഔപാചാരിക തുടക്കമായി. ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുക, പുതിയ ബിസിനസ് അവസരങ്ങൾ തുറക്കുക, നിക്ഷേപം വർധിപ്പിക്കുക, സുസ്ഥിരവും വൈവിധ്യവത്ക്കരിക്കപ്പെട്ടതുമായ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

2025 ജൂണിൽ കാനഡയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മെക്സിക്കൻ പ്രസിഡന്റ് ഡോ. ക്ലോഡിയ ഷെയ്ൻബാമും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ രൂപപ്പെട്ട ധാരണയുടെ തുടർച്ചയായാണ് ഈ നീക്കം. ഇന്ത്യയും മെക്സിക്കോയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും അന്ന് ഇരുനേതാക്കളും ധാരണയിലെത്തിയിരുന്നു.

കേന്ദ്ര വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാളിന്റെ സന്ദർശനത്തിനിടെ, ഇന്ത്യയും മെക്സിക്കോയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപാരവും നിക്ഷേപവും വിപുലീകരിക്കുന്നതിനുമുള്ള സാധ്യതകൾ ഇരു പ്രതിനിധികളും ചർച്ച ചെയ്തു. മെക്സിക്കോയുടെ സാമ്പത്തിക സെക്രട്ടറി മാർസെലോ എബ്രാർഡ് കാസൗബോണിനെ പ്രതിനിധീകരിച്ച് വിദേശ വ്യാപാര അണ്ടർസെക്രട്ടറി ലൂയിസ് റോസെൻഡോ ഗുട്ടിയറെസ് റൊമാനോയുമായാണ് ചർച്ചകൾ നടന്നത്.

ചരക്കുകളുടെ വിപണി പ്രവേശനം, ഉത്ഭവ നിയമങ്ങൾ, കസ്റ്റംസ് നടപടിക്രമങ്ങളും വ്യാപാര സൗകര്യവും, തർക്കപരിഹാര സംവിധാനങ്ങൾ, സാനിറ്ററി-ഫൈറ്റോസാനിറ്ററി നടപടികൾ, വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ, വ്യാപാര പരിഹാര നടപടികൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന മേഖലകളാണ് അടിസ്ഥാന വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിർദിഷ്ട കരാർ, ഇന്ത്യയുടെയും മെക്സിക്കോയുടെയും സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പരസ്പര പൂരകമായ സവിശേഷതകൾ പ്രയോജനപ്പെടുത്തി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ വിപണിയിൽ മെക്സിക്കൻ ഉത്പന്നങ്ങൾക്കും ബിസിനസുകൾക്കും കൂടുതൽ അവസരങ്ങൾ തുറന്നുനൽകുന്നതിനും ലക്ഷ്യമിടുന്നു. ആഗോള മൂല്യശൃംഖലകളുമായുള്ള ശക്തമായ ബന്ധം മെക്സിക്കോയെ ഇന്ത്യൻ കയറ്റുമതിക്കാർക്കും നിക്ഷേപകർക്കും തന്ത്രപ്രധാനമായ വിപണിയാക്കി മാറ്റുന്നു. ഓട്ടോമൊബൈൽ, രാസവസ്തുക്കൾ, ഇലക്ട്രോണിക്സ്, ഔഷധനിർമാണം, കാർഷിക-ഭക്ഷ്യ ഉത്പന്നങ്ങൾ, ഊർജം, നിർണായക ധാതുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, നൂതന ഉത്പാദന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയ്ക്കും മെക്സിക്കോയ്ക്കും വലിയ സാധ്യതകളുണ്ട്.

ഉഭയകക്ഷി സാമ്പത്തിക അജണ്ടയുടെ വിവിധ വശങ്ങൾ പ്രതിനിധി സംഘങ്ങൾ വിശദമായി ചർച്ച ചെയ്തു. വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, പരസ്പര സഹകരണത്തിന് പുതിയ മേഖലകൾ കണ്ടെത്തുക, ഇരുരാജ്യങ്ങളിലെയും ഉത്പാദന മേഖലകൾ തമ്മിലുള്ള പരസ്പര ബന്ധം കൂടുതൽ ദൃഢമാക്കുക എന്നിവയ്ക്കുള്ള സാധ്യതകൾ ചർച്ചകളിൽ ആരാഞ്ഞു.

2027-ലെ ആദ്യ പാദത്തിൽ മെക്സിക്കൻ ബിസിനസ് പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിനുള്ള സാധ്യതയും ഇരുപക്ഷവും ചർച്ച ചെയ്തു. ഈ സന്ദർശനം ഇരുരാജ്യങ്ങളിലെയും വ്യവസായ-വാണിജ്യ മേഖലകളിലെ പ്രമുഖർക്ക് പരസ്പരം ആശയവിനിമയം നടത്താനും പുതിയ വ്യാപാര-നിക്ഷേപ അവസരങ്ങൾ കണ്ടെത്താനും വേദിയൊരുക്കും. കൂടാതെ, ഇന്ത്യയിലെയും മെക്സിക്കോയിലെയും ഉത്പാദന മേഖലകൾ തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായകമാകും. 
 
 
*****
 

( റിലീസ് ഐ.ഡി: 2329396) സന്ദര്‍ശക കൗണ്ടര്‍ : 19
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil , Telugu