പോസ്റ്റഡ് ഓണ്:
27 OCT 2026 4:34PM by PIB Thiruvananthpuram
ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള ഇന്നലെ ഉദ്ഘാടനം ചെയ്ത പന്ത്രണ്ടാമത് ബ്രിക്സ് പാർലമെൻ്ററി ഫോറം, സംയുക്ത പ്രഖ്യാപനം അംഗീകരിച്ചുകൊണ്ട് ഇന്ന് സമാപിച്ചു. ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ തത്വങ്ങൾ, പരമാധികാര സമത്വം, പരസ്പര ബഹുമാനം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കൽ എന്നിവയോടുള്ള അംഗരാജ്യങ്ങളുടെ പ്രതിബദ്ധത ഈ പ്രഖ്യാപനത്തിലൂടെ ഔദ്യോഗികമായി വീണ്ടും ഉറപ്പിച്ചു. ഇന്ത്യയുടെ നിലവിലെ അധ്യക്ഷപദവിക്ക് കീഴിൽ രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന നയതന്ത്ര സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ സംയുക്ത പ്രഖ്യാപനം.
ന്യൂഡൽഹിയുടെ പ്രധാന തന്ത്രപരമായ മുൻഗണനകളുമായി ഇത് പൂർണ്ണമായും പൊരുത്തപ്പെടുന്നു. ന്യൂഡൽഹി പ്രഖ്യാപനത്തിലെ (NDD) സമവായത്തിന് വീണ്ടും അടിവരയിട്ടുകൊണ്ട്, ആഗോള ഭരണസംവിധാനത്തിൽ ഗ്ലോബൽ സൗത്തിന് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനെ അംഗരാജ്യങ്ങളിലെ പാർലമെൻ്റുകൾ വ്യക്തമായി പിന്തുണച്ചു. ഇതിനായി ന്യൂഡൽഹി പ്രഖ്യാപനത്തിലെ 13-ാം ഖണ്ഡികയും പരാമർശിച്ചു.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഉറച്ച നിലപാടിന് അനുസൃതമായി, ഭീകരവാദത്തിനെതിരായ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി. ന്യൂഡൽഹി പ്രഖ്യാപനത്തിലെ (NDD) 40-ാം ഖണ്ഡികയെ അടിസ്ഥാനമാക്കി, അതിർത്തി കടന്നുള്ള ഭീകരവാദം, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം, ഭീകരർക്ക് സുരക്ഷിത താവളങ്ങൾ നൽകൽ എന്നിവയെ പ്രഖ്യാപനം അപലപിച്ചു. ഭീകരവാദത്തോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) ശേഖരങ്ങളുടെ വിപുലീകരണം, നിർമ്മിതബുദ്ധിയുടെ (AI) ധാർമ്മികമായ ഭരണനിർവ്വഹണം, പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്തങ്ങൾ (CBDR-RC) എന്ന തത്വം പാലിക്കൽ എന്നിവയുൾപ്പെടെ ഇന്ത്യ മുന്നോട്ടുവച്ച വികസന, കാലാവസ്ഥാ അജണ്ടകൾക്കൊപ്പം ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിക്കുള്ള ഏകകണ്ഠമായ പിന്തുണയും അന്തിമ പ്രഖ്യാപനത്തിൽ ശക്തമായി ഉറപ്പിച്ചു.
ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണാൻ സംഘർഷങ്ങളിലൂടെയല്ല, മറിച്ച് നിരന്തരമായ ചർച്ചകളിലൂടെയും സമാധാനപരമായ ഇടപെടലുകളിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും മാത്രമേ സാധിക്കൂ എന്ന് സമാപന പ്രസംഗത്തിൽ ലോക്സഭാ സ്പീക്കർ ഊന്നിപ്പറഞ്ഞു.
ബ്രിക്സ് അംഗരാജ്യങ്ങളിൽനിന്നും പങ്കാളിത്ത രാജ്യങ്ങളിൽനിന്നുമുള്ള സഭാധ്യക്ഷന്മാർ, വിശിഷ്ട പ്രതിനിധികൾ, അന്താരാഷ്ട്ര പാർലമെൻ്റ് അംഗങ്ങൾ എന്നിവരെ അഭിസംബോധന ചെയ്ത ശ്രീ ബിർള, രണ്ട് ദിവസങ്ങളിലായി നടന്ന ഗൗരവമേറിയ ചർച്ചകളെക്കുറിച്ച് പരാമർശിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത രാജ്യങ്ങൾക്ക് വ്യത്യസ്ത പശ്ചാത്തലങ്ങളും സാഹചര്യങ്ങളും വെല്ലുവിളികളുമുണ്ടെങ്കിലും, മാനവരാശിയുടെ ക്ഷേമം, സമാധാനം, സമൃദ്ധി എന്നിവയോടുള്ള പൊതുവായ പ്രതിബദ്ധതയാണ് ബ്രിക്സ് കൂട്ടായ്മയുടെ ഏറ്റവും വലിയ കരുത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അസ്ഥിരതയും സാമ്പത്തിക അനിശ്ചിതത്വവും പ്രാദേശിക സംഘർഷങ്ങളും നിലനിൽക്കുന്ന ഇന്നത്തെ ആഗോള സാഹചര്യത്തെക്കുറിച്ച് പരാമർശിച്ച ശ്രീ ബിർള, യുദ്ധത്തിലല്ല മറിച്ച് ചർച്ചകളിലാണ്, സംഘർഷത്തിലല്ല മറിച്ച് സമാധാനത്തിലാണ്, മത്സരത്തിലല്ല മറിച്ച് സഹകരണത്തിലാണ് പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം രൂപപ്പെടുന്നത് എന്ന ഇന്ത്യയുടെ അടിസ്ഥാന ദർശനം ആവർത്തിച്ചു വ്യക്തമാക്കി. ദേശീയ പരമാധികാരത്തോടുള്ള സമ്പൂർണ്ണ ബഹുമാനം, അന്താരാഷ്ട്ര തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം, എല്ലാവർക്കുമായി തുല്യമായ വികസനാവസരങ്ങൾ എന്നിവ ഉറപ്പാക്കുന്ന ഒരു ആഗോള ചട്ടക്കൂട് രൂപീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. "ആഗോള സമാധാനം എന്നാൽ യഥാർത്ഥത്തിൽ സുരക്ഷ, ബഹുമാനം, നീതി, ഒപ്പം എല്ലാവർക്കും — പ്രത്യേകിച്ച് യുവതലമുറയ്ക്ക് — മെച്ചപ്പെട്ട ഭാവിയെക്കുറിച്ചുള്ള ഉറപ്പുനൽകലുമാണ്," എന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾക്കുശേഷം വരുന്നവർക്കായി ഇന്നത്തെ ലോകനേതാക്കൾ അവശേഷിപ്പിച്ചുപോകുന്ന ലോകത്തിൻ്റെ സുരക്ഷിതത്വവും സമൃദ്ധിയും അടിസ്ഥാനമാക്കിയായിരിക്കും ഭാവിതലമുറ അവരെ വിലയിരുത്തുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യ സ്ഥാപനങ്ങളുടെ മാറിവരുന്ന ഉത്തരവാദിത്തങ്ങൾ അടിവരയിട്ടു വ്യക്തമാക്കിയ ലോക് സഭാ സ്പീക്കർ, പാർലമെൻ്റുകൾ കേവലം നിയമനിർമ്മാണ സഭകൾ മാത്രമല്ലെന്നും മറിച്ച് ചർച്ചകൾ, സമവായം, ഉത്തരവാദിത്തം, ജനവിശ്വാസം എന്നിവയുടെ സുപ്രധാന കേന്ദ്രങ്ങൾ കൂടിയാണെന്നും ഊന്നിപ്പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനകേന്ദ്രീകൃതവുമാകാൻ ലോകമെമ്പാടുമുള്ള നിയമനിർമ്മാണ സഭകളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകളുടെ സംയോജനത്തെക്കുറിച്ച് പരാമർശിച്ച ശ്രീ ബിർള, നിർമ്മിതബുദ്ധിയുടെയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും ഉപയോഗം പാർലമെൻ്റുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ജനപങ്കാളിത്തം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ, ഇവയുടെ വികസനം മാനുഷിക മൂല്യങ്ങൾ, ധാർമ്മികത, സുതാര്യത, ഉത്തരവാദിത്തം എന്നിവയ്ക്ക് കർശനമായി അനുസൃതമായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബ്രിക്സ് കൂട്ടായ്മയുടെ വിജയം അംഗരാജ്യങ്ങളുടെ നേട്ടങ്ങളിൽ മാത്രം ഒതുങ്ങാതെ വിശാലമായ അന്താരാഷ്ട്ര സമൂഹത്തിനും പ്രയോജനപ്പെടണമെന്നും ആഗോളതലത്തിലെ തീരുമാനമെടുക്കൽ പ്രക്രിയകളിൽ ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളുടെ അഭിലാഷങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ശ്രീ ബിർള ഊന്നിപ്പറഞ്ഞു.
പന്ത്രണ്ടാമത് ബ്രിക്സ് പാർലമെൻ്ററി ഫോറം വിജയകരമായി സമാപിച്ച വേളയിൽ, 2027-ൽ ബ്രിക്സിൻ്റെ അധ്യക്ഷപദവി ഏറ്റെടുക്കുന്ന ചൈനയ്ക്ക് ശ്രീ ബിർള അഭിനന്ദനങ്ങളും ആശംസകളും നേർന്നു. ചൈനയുടെ നേതൃത്വത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുമെന്ന പൂർണ്ണവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. സമാധാനം, സഹകരണം, പങ്കിട്ട സമൃദ്ധി എന്നിവയ്ക്കായുള്ള ശക്തമായ ശബ്ദമായി ലോകമെമ്പാടുമുള്ള പാർലമെൻ്റുകൾ മാറണമെന്ന ആഹ്വാനത്തോടെയാണ് ഫോറം സമാപിച്ചത്.
***