പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

അർമേനിയയിലെ യെരേവാനിൽ നടക്കുന്ന CBD COP-17-ൽ ജൈവവൈവിധ്യ സംരക്ഷണത്തിനും ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിൻ്റെ ഫലപ്രദമായ നടപ്പാക്കലിനുമുള്ള പ്രതിബദ്ധത ഇന്ത്യ വീണ്ടും ഉറപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 27 OCT 2026 2:13PM by PIB Thiruvananthpuram
അർമേനിയയിലെ യെരേവാനിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ കൺവെൻഷൻ കക്ഷികളുടെ പതിനേഴാമത് സമ്മേളനത്തിൻ്റെ ഉന്നതതല യോഗത്തിൽ (CBD COP-17) കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ന് ഇന്ത്യയുടെ ദേശീയ പ്രസ്താവന അവതരിപ്പിച്ചു. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത മന്ത്രി ആവർത്തിച്ചു. ജൈവവൈവിധ്യ കൺവെൻഷൻ്റെ പതിനേഴാമത് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച അർമേനിയൻ സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു.
 


 
കുൻമിംഗ്–മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിൻ്റെ നടപ്പാക്കൽ ദേശീയ മുൻഗണനകൾ, സാഹചര്യങ്ങൾ, നിയമനിർമ്മാണങ്ങൾ എന്നിവയ്ക്ക് അനുസൃതമായിരിക്കണമെന്നും വികസിത രാജ്യങ്ങളിൽനിന്നുള്ള മതിയായതും  മുൻകൂട്ടി ഉറപ്പാക്കാവുന്നതുമായ സാമ്പത്തിക സഹായം, ശേഷി വർദ്ധിപ്പിക്കൽ, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയിലൂടെ അതിന് പിന്തുണ ഉറപ്പാക്കണമെന്നും ശ്രീ യാദവ് ഊന്നിപ്പറഞ്ഞു. കാലി ഫണ്ട് ഉൾപ്പെടുന്ന ബഹുകക്ഷി സംവിധാനത്തിലൂടെ ജനിതക വിഭവങ്ങളുമായി ബന്ധപ്പെട്ട  ഡിജിറ്റൽ സീക്വൻസ് വിവരങ്ങളിൽനിന്നുള്ള നേട്ടങ്ങൾ പങ്കിടുന്നതിനെയും ഇന്ത്യ പിന്തുണയ്ക്കുന്നു. സിന്തറ്റിക് ബയോളജിയുടെയും ജൈവസുരക്ഷയുടെയും കാര്യത്തിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും അപകടസാധ്യതയ്ക്ക് ആനുപാതികമായതും മുൻകരുതൽ തത്വം പിന്തുടരുന്നതുമായ സമീപനം സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇന്ത്യയുടെ പുതുക്കിയ ദേശീയ ജൈവവൈവിധ്യ തന്ത്രവും പ്രവർത്തന പദ്ധതിയും ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിനെ 23 ദേശീയ ജൈവവൈവിധ്യ ലക്ഷ്യങ്ങളായും 142 സൂചകങ്ങളായും രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജൈവവൈവിധ്യ സംരക്ഷണത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതി എടുത്തുപറഞ്ഞ ശ്രീ യാദവ്, രാജ്യത്ത് 1,134 സംരക്ഷിത പ്രദേശങ്ങളും, 103 റാംസർ സൈറ്റുകളും, 57 ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങളും, 18 ജൈവമണ്ഡല സംരക്ഷിത മേഖലകളും ഉണ്ടെന്ന് വ്യക്തമാക്കി. ഇതിൽ 13 എണ്ണം യുനെസ്കോയുടെ 'മനുഷ്യനും ജൈവമണ്ഡലവും' (മാൻ ആൻഡ് ദി ബയോസ്ഫിയർ) ശൃംഖലയുടെ ഭാഗമാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ, ലോകത്തിലെ ഏഴ് പ്രധാന ബിഗ് ക്യാറ്റ്  വർഗ്ഗങ്ങളെയും അവയുടെ ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണം ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്  ശക്തിപ്പെടുത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിഷൻ ലൈഫ്, ഏക് പേഡ് മാ കേ നാം എന്നീ സംരംഭങ്ങൾ പരിസ്ഥിതി സംരക്ഷണത്തോടുള്ള ഉത്തരവാദിത്തത്തിന്  കൂടുതൽ  ഊന്നൽ നൽകുകയും ജൈവവൈവിധ്യ സംരക്ഷണത്തെ സമൂഹത്തിൻ്റെ കൂട്ടായ മുന്നേറ്റമാക്കി മാറ്റുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 


 
കണ്ടൽക്കാടുകളുടെ പുനരുദ്ധാരണത്തിനായുള്ള 'മാൻഗ്രോവ് ഇനിഷ്യേറ്റീവ് ഫോർ ഷോർലൈൻ ഹാബിറ്റാറ്റ്സ് ആൻഡ് ടാൻജിബിൾ ഇൻകംസ്' (MISHTI - മിഷ്ടി), തണ്ണീർത്തട സംരക്ഷണത്തിനായുള്ള അമൃത് ധരോഹർ, സുസ്ഥിര മണ്ണ് പരിപാലനത്തിനും മണ്ണിൻ്റെ ഫലഭൂയിഷ്ഠത നിലനിർത്തുന്നതിനുമുള്ള സോയിൽ ഹെൽത്ത് കാർഡ് പദ്ധതി എന്നിവയുൾപ്പെടെയുള്ള സംരംഭങ്ങളിലൂടെ ഇന്ത്യ ജൈവവൈവിധ്യ സംരക്ഷണവും ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനവും മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് മന്ത്രി അറിയിച്ചു. കൺവെൻഷനുമായി പൊരുത്തപ്പെടുന്ന വിധത്തിൽ  ഇന്ത്യ നിയമനിർമ്മാണം നടത്തിയിട്ടുണ്ടെന്നും, വികേന്ദ്രീകൃതമായ രീതിയിൽ ജൈവവിഭവങ്ങളിലേക്കുള്ള  പ്രവേശനവും അവയുടെ ഉപയോഗത്തിൽനിന്നുള്ള നേട്ടങ്ങളുടെ പങ്കുവയ്ക്കലും സാധ്യമാക്കുന്നതിനായി ഗ്രാമതല സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും ശ്രീ യാദവ് വ്യക്തമാക്കി. ഇതിലൂടെ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ജൈവവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിൽനിന്നുള്ള നേട്ടങ്ങൾ അവർക്ക് ലഭ്യമാക്കാനും കഴിയുന്നു.

ബഹുകക്ഷി സഹകരണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ച ശ്രീ യാദവ്, 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ആശയത്തിൻ്റെ യഥാർത്ഥ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് കുൻമിംഗ്–മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് മുന്നോട്ടുകൊണ്ടുപോകുന്നതിനായി എല്ലാ കക്ഷികളുമായും ചേർന്ന് ഇന്ത്യ തുടർന്നും പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.
 
 
***

( റിലീസ് ഐ.ഡി: 2329070) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Tamil , Telugu