റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ഇ85/ഇ100 ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
26 OCT 2026 6:38PM by PIB Thiruvananthpuram
ഇ85, എഥനോൾ അംശം ഉയർന്ന മറ്റ് ഇന്ധനങ്ങൾ എന്നിവ ഉപയോഗിക്കാൻ കഴിയുന്ന ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം 1989-ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതികൾ വിജ്ഞാപനം ചെയ്തു. എമിഷൻ സർട്ടിഫിക്കേഷൻ വ്യവസ്ഥകളിൽ ഇ85-നൊപ്പം ഇ100-ഉം വ്യക്തമായി ഉൾപ്പെടുത്തുന്നതാണ് ഭേദഗതികളിലൂടെ വരുത്തിയ പ്രധാന മാറ്റം. ഈ ഇന്ധനങ്ങൾ ഉപയോഗിക്കാൻ സർട്ടിഫിക്കറ്റ് ലഭിക്കുന്ന വാഹനങ്ങൾ അവയുടെ വിഭാഗത്തിന് ബാധകമായ മലിനീകരണ നിയന്ത്രണ - സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
പരമാവധി 85 ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ-എഥനോൾ മിശ്രിതമാണ് ഇ85. ഇന്ധനത്തിലെ എഥനോളിനെയാണ് 'ഇ' എന്ന അക്ഷരം സൂചിപ്പിക്കുന്നത്. ഇന്ധനത്തിൽ എഥനോളിൻ്റെ അളവ് എത്രയാണെന്ന് അതിനുശേഷമുള്ള സംഖ്യ വ്യക്തമാക്കുന്നു.
ബ്രസീൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഫ്ലെക്സ് ഫ്യൂവൽ സാങ്കേതികവിദ്യ ഇതിനകം ഉപയോഗിക്കുന്നുണ്ട്. പെട്രോളിൻ്റെയും എഥനോളിൻ്റെയും വ്യത്യസ്ത അനുപാതത്തിലുള്ള മിശ്രിതങ്ങൾ ഒരേ ഇന്ധന ടാങ്ക് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് ഈ വാഹനങ്ങൾ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനത്തിൻ്റെ രൂപകൽപ്പനയും സർട്ടിഫിക്കേഷനും അനുസരിച്ച് പ്രധാനമായും എഥനോൾ അടങ്ങിയ ഇ85 അല്ലെങ്കിൽ ഇ100 വരെ ഉപയോഗിക്കാൻ ഇവയ്ക്ക് കഴിയും. അംഗീകൃത ഇന്ധന മിശ്രിതങ്ങൾക്ക് അനുയോജ്യമായ ഘടകങ്ങളും വസ്തുക്കളുമാണ് വാഹനത്തിൻ്റെ ഇന്ധന സംവിധാനത്തിൽ ഉപയോഗിക്കുന്നത്. ഇന്ധനത്തിൻ്റെ ഘടനയ്ക്കനുസരിച്ച് എൻജിൻ്റെ പ്രവർത്തനം സ്വയം ക്രമീകരിക്കാനും ഇതിലെ നിയന്ത്രണ സംവിധാനങ്ങൾക്ക് കഴിയും. നിർമാതാവ് അംഗീകരിച്ച് വ്യക്തമാക്കിയിട്ടുള്ള ഇന്ധനങ്ങളിൽ അനുയോജ്യമായത് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.
രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന എഥനോളിൻ്റെ ഉപയോഗം വർധിപ്പിക്കുന്നത് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. അനുയോജ്യമായി രൂപകൽപ്പന ചെയ്ത വാഹനങ്ങളിൽ എഥനോൾ ഉപയോഗിക്കുന്നത് ചില എക്സോസ്റ്റ് മലിനീകരണ വസ്തുക്കളുടെ പുറന്തള്ളൽ കുറയ്ക്കാനും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും സഹായിച്ചേക്കാം. എന്നാൽ ഇത് എഥനോൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളെയും ഉൽപ്പാദന പ്രക്രിയയെയും ആശ്രയിച്ചിരിക്കും.
ഇ85/ഇ100 ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത് സർട്ടിഫിക്കറ്റ് ലഭിച്ച വാഹനങ്ങളിൽ മാത്രമേ ഇവ ഉപയോഗിക്കാവൂ. നിലവിൽ വിപണിയിൽ പൊതുവായി ലഭ്യമായതോ ഇതുവരെ ഉപയോഗിച്ചുവരുന്നതോ ആയ എല്ലാ വാഹനങ്ങൾക്കും ഈ ഇന്ധനങ്ങൾ ബാധകമല്ല. ഇ10 അല്ലെങ്കിൽ ഇ20 ഇന്ധനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന വാഹനം എന്നതുകൊണ്ടുമാത്രം ഇ85 ഉപയോഗിക്കാൻ അനുയോജ്യമാണെന്ന് ഉറപ്പിക്കാനാകില്ല. നിലവിലുള്ള വാഹനങ്ങളുടെ ഉടമകൾ ഇപ്പോഴോ ഭാവിയിലോ ഇ85 ഇന്ധനത്തിലേക്ക് മാറണമെന്നോ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്നോ ഈ വിജ്ഞാപനം നിർദേശിക്കുന്നില്ല. പെട്രോൾ പമ്പിൽനിന്ന് ഇന്ധനം തിരഞ്ഞെടുക്കുന്നതിന് മുമ്പ് വാഹനത്തിലെ ഇന്ധന അനുയോജ്യതാ സ്റ്റിക്കർ പരിശോധിക്കണമെന്നും വാഹനത്തിൻ്റെ ഉടമസ്ഥർക്കുള്ള കൈപ്പുസ്തകത്തിൽ നിർമാതാവ് നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കണമെന്നും വാഹനയാത്രക്കാരോട് മന്ത്രാലയം നിർദേശിച്ചു.
ബയോഡീസലുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും വിജ്ഞാപനത്തിലൂടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ ചില സാങ്കേതിക പിശകുകൾ തിരുത്തുകയും ചെയ്തു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും.
***
( റിലീസ് ഐ.ഡി: 2328736)
സന്ദര്‍ശക കൗണ്ടര്‍ : 16