|
ഉപരാഷ്ട്രപതിയുടെ കാര്യാലയം
മാനവരാശിയുടെ ആരോഗ്യപരിരക്ഷാ വെല്ലുവിളികൾക്ക് വൈദ്യശാസ്ത്ര ഗവേഷണങ്ങൾ പരിഹാരം കാണണം: ഡോ. എൻ.ടി.ആർ സർവകലാശാലയുടെ 40-ാം വാർഷിക ആഘോഷവേളയിൽ ഉപരാഷ്ട്രപതി
പോസ്റ്റഡ് ഓണ്:
26 OCT 2026 2:54PM by PIB Thiruvananthpuram
ഗവേഷണം ശക്തിപ്പെടുത്താനും നൂതനാശയങ്ങളെ പരിപോഷിപ്പിക്കാനും, ആരോഗ്യ പരിരക്ഷാരംഗത്തെ അടിയന്തര വെല്ലുവിളികൾക്ക് പരിഹാരങ്ങൾ കണ്ടെത്താനും വൈദ്യശാസ്ത്ര സ്ഥാപനങ്ങളോട് ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന ഡോ. എൻ.ടി.ആർ ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയുടെ 40-ാം വാർഷിക ആഘോഷങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യശാസ്ത്ര വിദ്യാഭ്യാസ, ആരോഗ്യപരിരക്ഷാ മേഖലകളിൽ നാല് പതിറ്റാണ്ട് കാലത്തെ സേവനം പൂർത്തിയാക്കിയ സർവകലാശാലയെ അഭിനന്ദിച്ചുകൊണ്ട്, മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ഇതിഹാസ നേതാവുമായ ഡോ. നന്ദമുരി താരക രാമ റാവുവിൻ്റെ (എൻ.ടി.ആർ) ദർശനമാണ് ഈ സ്ഥാപനത്തിൽ പ്രതിഫലിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഡോ. എൻ.ടി.ആറിൻ്റെ കാഴ്ചപ്പാടുകളും പൊതുസേവനവും പ്രാദേശിക അതിരുകൾക്കപ്പുറത്തേക്ക് വ്യാപിച്ചിരുന്നുവെന്നും, അത് രാജ്യത്തിൻ്റെ ക്ഷേമത്തിനായുള്ള വിശാലമായ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസ രംഗത്തുണ്ടായ വിപുലീകരണത്തെ എടുത്തുപറഞ്ഞുകൊണ്ട്, ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചുവെന്നും, 2014-ന് മുമ്പ് 387-ഉണ്ടായിരുന്നത് നിലവിൽ 846 ആയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 172 ശതമാനം വർധിച്ച് ഏതാണ്ട് 51,000-ൽ നിന്ന് 1.4 ലക്ഷത്തിലധികവും, ബിരുദാനന്തര ബിരുദ സീറ്റുകൾ 177 ശതമാനം ഉയർന്ന് ഏകദേശം 31,000-ൽ നിന്ന് 86,000-ൽ അധികമായും വർധിച്ചു.
ഗവേഷണവും നൂതനാശയങ്ങളുമാണ് അടുത്ത പ്രധാന ലക്ഷ്യമാകേണ്ടതെന്ന് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, മാനവരാശി നേരിടുന്ന ആരോഗ്യപരിരക്ഷാ വെല്ലുവിളികൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്വയം സമർപ്പിക്കാൻ പ്രതിഭാധനരായ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. ഡോ. എൻ.ടി.ആർ ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിലെ ഗവേഷകർ, വൈദ്യശാസ്ത്രരംഗത്തെ തങ്ങളുടെ സംഭാവനകളിലൂടെ നോബൽ സമ്മാനം ഉൾപ്പെടെയുള്ള ആഗോള അംഗീകാരങ്ങൾ നേടിയെടുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നിർമിത ബുദ്ധി, ഡിജിറ്റൽ ആരോഗ്യം, ടെലിമെഡിസിൻ, അത്യാധുനിക രോഗനിർണയ സാങ്കേതികവിദ്യകൾ എന്നിവ ആരോഗ്യപരിരക്ഷയിൽ പരിവർത്തനം വരുത്തുന്നുവെന്ന് നിരീക്ഷിച്ച ശ്രീ. സി.പി. രാധാകൃഷ്ണൻ, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അത്യാധുനിക ഗവേഷണങ്ങളിലേക്കും വളർന്നുവരുന്ന സാങ്കേതികവിദ്യകളിലേക്കും കൂടുതൽ പരിചയം ലഭ്യമാക്കുന്നതിന് പ്രമുഖ സർവകലാശാലകളുമായി സഹകരണം സ്ഥാപിക്കാൻ സർവകലാശാലയെ പ്രോത്സാഹിപ്പിച്ചു. ശാസ്ത്രീയമായ സാധൂകരണം, രോഗികളുടെ സുരക്ഷ, വിവരങ്ങളുടെ സ്വകാര്യത, ധാർമ്മിക ഉത്തരവാദിത്തം എന്നിവയാൽ നയിക്കപ്പെടുന്നതാകണം സാങ്കേതിക പുരോഗതിയെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തിൻ്റെ കാതലായ സഹാനുഭൂതിയ്ക്കും മാനുഷികമായ അടുപ്പത്തിനും പകരം വെക്കാൻ സാങ്കേതികവിദ്യയ്ക്കാവില്ലെന്ന് കൂട്ടിച്ചേർത്തു.
ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിൽ സജീവമായ പങ്കുവഹിക്കാൻ ഡോക്ടർമാരോടും ആരോഗ്യപ്രവർത്തകരോടും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം ഒരു കൂട്ടുത്തരവാദിത്തമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വൈദ്യശാസ്ത്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.
പരിപാടിയുടെ ഭാഗമായി, ലഹരിവസ്തുക്കളെ ഉപേക്ഷിക്കാനും ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കാനും പ്രതിജ്ഞയെടുക്കുന്നവരുടെ കൂട്ടായ്മയിൽ ഉപരാഷ്ട്രപതിയും പങ്കുചേർന്നു. സർവകലാശാലയുടെ 40 വർഷത്തെ പ്രയാണത്തെ അനുസ്മരിപ്പിക്കുന്ന ഒരു സ്മരണികയും അദ്ദേഹം പ്രകാശനം ചെയ്തു. ആന്ധ്രാപ്രദേശ് ഗവർണറും സർവകലാശാലാ ചാൻസലറുമായ ശ്രീ. എസ്. അബ്ദുൾ നസീർ, ആന്ധ്രാപ്രദേശ് ഭവന, വാർത്താവിനിമയ, പൊതുജനസമ്പർക്ക വകുപ്പ് മന്ത്രി ശ്രീ. കൊലുസു പാർത്ഥസാരഥി, സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രശേഖർ, ദേശീയ വൈദ്യശാസ്ത്ര കമ്മീഷന് കീഴിലുള്ള മെഡിക്കൽ അസസ്മെൻ്റ് ആൻഡ് റേറ്റിങ് ബോർഡ് പ്രസിഡൻ്റ് ഡോ. എം.കെ. രമേഷ് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
നേരത്തെ, വിജയവാഡ വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണനെ, ആന്ധ്രാപ്രദേശ് ഗവർണർ ശ്രീ. എസ്. അബ്ദുൾ നസീർ, ആന്ധ്രാപ്രദേശ് ക്യാബിനറ്റ് മന്ത്രി ശ്രീ. നര ലോകേഷ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചിരുന്നു.
****
( റിലീസ് ഐ.ഡി: 2328681)
|