പോസ്റ്റഡ് ഓണ്:
23 OCT 2026 5:45PM by PIB Thiruvananthpuram
ശ്രീ അനിൽ കെ. ആൻ്റണി രചിച്ച ‘അഡ്വാൻ്റേജ് ഇന്ത്യ: റീഷേപ്പിംഗ് ദ ഫ്യൂച്ചർ ഫോർ ആൻ ഇക്വിറ്റബിൾ വേൾഡ്’ എന്ന പുസ്തകം ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതി ഭവനിൽ പ്രകാശനം ചെയ്തു.
പുസ്തകം പ്രസിദ്ധീകരിച്ചതിന് ഗ്രന്ഥകർത്താവിനെയും രൂപ പബ്ലിക്കേഷൻസിനെയും അഭിനന്ദിച്ച ഉപരാഷ്ട്രപതി, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പരിവർത്തനവും രാജ്യത്തിനു മുന്നിലുള്ള അവസരങ്ങളും പുസ്തകം പ്രതിഫലിപ്പിക്കുന്നുവെന്ന് പറഞ്ഞു. സാങ്കേതികവിദ്യ, ബിസിനസ്, പൊതുനയം എന്നീ മേഖലകളിലെ അനുഭവസമ്പത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന കരുത്തും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന പങ്കും ശ്രീ ആൻ്റണി പുസ്തകത്തിൽ വിശകലനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സവിശേഷമായ കരുത്തിനെക്കുറിച്ച് എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, രാജ്യത്തിൻ്റെ സാംസ്കാരിക പൈതൃകം, ജനാധിപത്യ പാരമ്പര്യം, ജനസംഖ്യാപരമായ അനുകൂല ഘടകങ്ങൾ, വളരുന്ന സമ്പദ്വ്യവസ്ഥ, ശക്തമായ ഭരണഘടനാ സ്ഥാപനങ്ങൾ, വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികശേഷി എന്നിവയെല്ലാം ഒത്തുചേരുമ്പോഴാണ് ഇന്ത്യയ്ക്ക് സവിശേഷമായ മുൻതൂക്കം ലഭിക്കുന്നതെന്ന് വ്യക്തമാക്കി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച പരിവർത്തനാത്മകമായ മുന്നേറ്റങ്ങൾ എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, 25 കോടിയിലധികം ആളുകളെ അതിദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ കഴിഞ്ഞതായി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ഭവനനിർമ്മാണം, ശുചിത്വം, ആരോഗ്യപരിരക്ഷ, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ പദ്ധതികൾ ദശലക്ഷക്കണക്കിന് പൗരന്മാരുടെ അന്തസ്സും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ശ്രീ സി. പി. രാധാകൃഷ്ണൻ, സ്ത്രീകളുടെയും യുവജനങ്ങളുടെയും കർഷകരുടെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ശാക്തീകരണം ഇന്ത്യയുടെ പുരോഗതിയുടെ കേന്ദ്രബിന്ദുവാണെന്ന് പറഞ്ഞു. മൂന്ന് കോടിയിലധികം 'ലഖ്പതി ദീദി'മാരുടെ മുന്നേറ്റം വനിതകളുടെ നേതൃത്വത്തിലുള്ള വികസനത്തിൻ്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ ഐ.ഐ.ടികൾ, എയിംസുകൾ, മെഡിക്കൽ കോളേജുകൾ, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലൂടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചതും, വന്ദേ ഭാരത് ട്രെയിനുകൾ, വിമാനത്താവളങ്ങൾ, ദേശീയപാതകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലൂടെ യാത്രാ-ഗതാഗത സൗകര്യങ്ങളിൽ കൈവരിച്ച വലിയ പുരോഗതിയും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയിലെ സാങ്കേതികവിദ്യയുടെ വളർച്ച അനുസ്മരിച്ച ഉപരാഷ്ട്രപതി, കമ്പ്യൂട്ടറുകളുടെ വരവ് തുടക്കത്തിൽ ആശങ്കകൾ സൃഷ്ടിച്ചിരുന്നെങ്കിലും പിന്നീട് ഇന്ത്യ ആഗോള ഐ.ടി. ശക്തികേന്ദ്രമായി ഉയർന്നുവന്നതായി ചൂണ്ടിക്കാട്ടി. നിർമ്മിതബുദ്ധി, മെഷീൻ ലേണിംഗ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളും സമാനമായ അവസരങ്ങളാണ് ഇന്ന് രാജ്യത്തിന് മുന്നിൽ തുറന്നുനൽകുന്നതെന്നും, സമൂഹത്തിൻ്റെ പുരോഗതിക്കായി സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിൽ നേതൃത്വത്തിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ആത്മനിർഭർ ഭാരത്' എന്ന കാഴ്ചപ്പാടിനെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, വിവിധ മേഖലകളിലെ തദ്ദേശീയ ഉൽപ്പാദനത്തിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കി. തദ്ദേശീയമായി നിർമ്മിച്ച വിവിധോദ്ദേശ്യ കപ്പലായ 'ഐ.എൻ.എസ് സമർത്ഥക്' അടുത്തിടെ കമ്മീഷൻ ചെയ്ത കാര്യം അനുസ്മരിച്ച അദ്ദേഹം, പ്രതിരോധ ഉൽപ്പാദന രംഗത്ത് ഇന്ത്യ കൈവരിച്ചുവരുന്ന വർദ്ധിച്ച ശേഷിയുടെ ഉത്തമ ഉദാഹരണമാണ് ഈ നേട്ടമെന്നും പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, കൂടുതൽ സജീവമായ ഇടപെടലുകൾ, വർദ്ധിച്ച സ്വാധീനം, പുതുക്കിയ ആത്മവിശ്വാസം എന്നിവയിലൂടെ ഇന്ത്യൻ നയതന്ത്രം ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് പറഞ്ഞു. ജി20 അധ്യക്ഷപദവി വഹിച്ച സമയത്തെ ഇന്ത്യയുടെ നേതൃത്വവും, 'ലോകം ഒരു കുടുംബമാണ്' എന്ന് അർത്ഥം വരുന്ന 'വസുധൈവ കുടുംബകം' എന്ന തത്ത്വചിന്തയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ രാജ്യം വഹിച്ച പങ്കും അദ്ദേഹം അനുസ്മരിച്ചു. ജി20യിൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നതിൽ ഇന്ത്യ നൽകിയ സംഭാവനയും ഗ്ലോബൽ സൗത്തിൻ്റെ ശക്തമായ ശബ്ദമായി രാജ്യം ഉയർന്നുവന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വസുധൈവ കുടുംബകം' എന്നത് വെറുമൊരു മുദ്രാവാക്യമല്ലെന്നും ഭാരതത്തിൻ്റെ മാർഗ്ഗദർശക തത്ത്വചിന്തയാണെന്നും ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, കോവിഡ്-19 മഹാമാരിയുടെ കാലത്ത് ഇന്ത്യ സ്വീകരിച്ച നടപടികൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി വാക്സിനേഷൻ യജ്ഞം വിജയകരമായി നടപ്പാക്കിയതിനൊപ്പം നൂറിലധികം രാജ്യങ്ങളിലേക്ക് ജീവൻരക്ഷാ വാക്സിനുകൾ എത്തിച്ചുനൽകാനും ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഐക്യദാർഢ്യത്തോടും മാനവരാശിയുടെ സേവനത്തോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇന്ത്യയുടെ നേട്ടം മാനവരാശിയുടെ നേട്ടമാണ്" എന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. പരമാധികാരമുള്ള എല്ലാ രാജ്യങ്ങളും തുല്യരാണെന്നും അവയെ തുല്യമായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. "ഏതൊരു നൂതനാശയത്തിൻ്റെയും സാങ്കേതിക മുന്നേറ്റത്തിൻ്റെയും നേട്ടങ്ങൾ ഒരു രാജ്യത്തിൻ്റെ മാത്രം കുത്തകയായി ഒതുങ്ങാതെ, ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രയോജനപ്പെടുന്നതാകണം" എന്ന് അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക പുരോഗതിയുടെ നേട്ടങ്ങൾ മാനവരാശിയുടെ കൂട്ടായ ക്ഷേമത്തിനായി പങ്കുവെക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന കൂടുതൽ നീതിയുക്തമായ സമീപനം വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
2047-ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യം വെറുമൊരു അഭിലാഷം മാത്രമല്ല, വലിയ ഉത്തരവാദിത്തം കൂടിയാണെന്നും, 'രാഷ്ട്രം ആദ്യം' എന്ന തത്ത്വത്തോടുള്ള കൂട്ടായ പ്രതിബദ്ധത അതിന് അനിവാര്യമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. രാഷ്ട്രനിർമ്മാണം സർക്കാരിന് മാത്രമായി സാധ്യമാകുന്ന ഒന്നല്ലെന്നും, ഓരോ പൗരൻ്റെയും സജീവ പങ്കാളിത്തം അതിന് ആവശ്യമാണെന്നും അദ്ദേഹം അടിവരയിട്ടു.
സാങ്കേതികവിദ്യ, പൊതുനയം, സാമ്പത്തികശാസ്ത്രം, അന്താരാഷ്ട്ര ബന്ധങ്ങൾ, രാഷ്ട്രനിർമ്മാണം എന്നീ മേഖലകളിൽ കൂടുതൽ ആഴത്തിൽ ഇടപെടാൻ ഈ പുസ്തകം ഇന്ത്യയിലെ യുവജനങ്ങൾക്ക് പ്രചോദനമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, ശ്രീ അനിൽ കെ. ആൻ്റണിയെ അഭിനന്ദിക്കുകയും ഗ്രന്ഥകർത്താവിനും പ്രസാധകർക്കും പുസ്തകത്തിൻ്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.
ഭാരത സർക്കാരിൻ്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ അജയ് സൂദ്, സാമ്പത്തിക വിദഗ്ദ്ധയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവുമായ ഡോ. ഷമിക രവി, ഗ്രന്ഥകർത്താവ് ശ്രീ അനിൽ കെ. ആൻ്റണി, രൂപ പബ്ലിക്കേഷൻസ് മാനേജിംഗ് എഡിറ്റർ ശ്രീ കപീഷ് മെഹ്റ, നയതന്ത്ര പ്രതിനിധികൾ, മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
****