കൃഷി മന്ത്രാലയം
azadi ka amrit mahotsav

2026-ലെ ലോക ഭക്ഷ്യ പുരസ്‌കാര ഫൗണ്ടേഷൻ അന്താരാഷ്ട്ര ചർച്ചാസമ്മേളനത്തിൽ ഇന്ത്യയുടെ കാർഷിക മികവ് അവതരിപ്പിച്ച് എൻ.എ.എ.എസ്; ഗ്ലോബൽ യൂത്ത് ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ വിദ്യാർത്ഥി

പോസ്റ്റഡ് ഓണ്‍: 23 OCT 2026 11:42AM by PIB Thiruvananthpuram
അമേരിക്കയിലെ അയോവയിലുള്ള ഡെസ് മോയിൻസിൽ, 2026 ഒക്ടോബർ 20 മുതൽ 22 വരെ നടന്ന ലോക ഭക്ഷ്യ പുരസ്‌കാര ഫൗണ്ടേഷ (വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷൻ/ ഡബ്ല്യു.എഫ്.പി.എഫ്)ന്റെ' പ്രൗഢഗംഭീരമായ പരിപാടിയായ, 'പട്ടിണി ജയിക്കുന്നതിന് മുമ്പ് എന്ന പ്രമേയത്തിൽ നടന്ന, '2026 നോർമൻ ഇ. ബോർലോഗ് അന്താരാഷ്ട്ര സംവാദത്തിൽ ന്യൂഡൽഹിയിലെ നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസ് (എൻ.എ.എ.എസ്) ഇന്ത്യയുടെ കാർഷിക ഗവേഷണ മികവ് അവതരിപ്പിച്ചു.
 



 
 എൻ.എ.എ.സിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ( ഐ.സി.എ.ആർ)ന്റെയും പ്രധാന പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പ്രത്യേക സ്റ്റാൾ, ഗ്ലോബൽ യൂത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ(ജി.വൈ.ഐ)ഇന്ത്യൻ വിദ്യാർത്ഥികളുടെ പങ്കാളിത്തം, കാർഷിക ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു പ്രത്യേക വട്ടമേശ ചർച്ച, കൂടാതെ എൻ.എ.എ.എസും അമേരിക്കയിലെ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ സയൻസ് ആൻഡ് ടെക്‌നോളജി(സി.എ.എസ്.ടി)യും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കൽ എന്നിവ അക്കാദമിയുടെ പങ്കാളിത്തത്തിൽ ഉൾപ്പെട്ടിരുന്നു.
 


 
എൻ.എ.എ.എസ്-യുവ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഡബ്ല്യു.എഫ്.പി.എഫിന്റെ ജി.വൈ.ഐ  പരിപാടിയിൽ പങ്കെടുത്തു കൊണ്ട് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന തങ്ങളുടെ ആഗോള ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അവരുടെ പങ്കാളിത്തം, അന്താരാഷ്ട്ര തലത്തിലുള്ള സഹപ്രായക്കാരുമായി ആശയവിനിമയം നടത്താനും, ഭക്ഷ്യസുരക്ഷ, സുസ്ഥിര കാർഷിക-ഭക്ഷ്യ വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കാനും അവസരമൊരുക്കി.  അമീന നസ്റിൻ എ.എസ്. 500 യു.എസ് ഡോളർ സമ്മാനത്തുകയുള്ള 'ജി.വൈ.ഐ പുരസ്‌കാരം' കരസ്ഥമാക്കിയത് അക്കാദമിയെ സംബന്ധിച്ചിടത്തോളം അഭിമാന  നിമിഷമായി. ഇത് രാജ്യത്തെ എൻ.എ.എ.സിന് അംഗീകാരം നേടിക്കൊടുക്കുകയും, പ്രൗഢഗംഭീരമായ ഒരു ആഗോള വേദിയിൽ ഇന്ത്യയിലെ യുവപ്രതിഭകളുടെ കഴിവ് പ്രദർശിപ്പിക്കുകയും ചെയ്തു.
 


 
എൻ.എ.എ.സിന്റെ പ്രദർശന സ്റ്റാൾ, അക്കാദമിയുടെയും ഐ.സി.എ.ആറിന്റെയും  പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ ശാസ്ത്രീയ സംഭാവനകളിലേക്ക് ശ്രദ്ധ ആകർഷിച്ചു. ഇന്ത്യൻ കാർഷിക ഗവേഷണം, ശാസ്ത്രീയ ജ്ഞാനം, നയപരമായ കാഴ്ചപ്പാടുകൾ എന്നിവ ഗവേഷകർ, അക്കാദമിക വിദഗ്ധർ, നയരൂപകർത്താക്കൾ, മറ്റ് പങ്കാളികൾ എന്നിവരുമായി പങ്കുവെക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര വേദിയായി ഈ സംരംഭം മാറി.
 



 
2026-ലെ 'നോർമൻ ഇ. ബോർലോഗ് അന്താരാഷ്ട്ര സംവാദത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കാർഷിക ഉന്നത വിദ്യാഭ്യാസം' എന്ന വിഷയത്തിലുള്ള പ്രത്യേക വട്ടമേശ ചർച്ച, ആഗോള പങ്കാളിത്തങ്ങളിലൂടെ കാർഷിക വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകളിലേക്ക് ഇന്ത്യൻ പ്രവാസി കർഷകരെയും ഉൾപ്പെടുത്തി. ഓൺലൈനായി നടന്ന യോഗത്തിൽ സംസാരിക്കവെ എൻ.എ.എ.എസ് പ്രസിഡന്റും കാർഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പ് (ഡി.എ.ആർ.ഇ)സെക്രട്ടറിയും, ഐ.സി.എ.ആർ ഡയറക്ടർ ജനറലുമായ ഡോ. എം.എൽ. ജാറ്റ്, കാർഷിക ഉന്നത വിദ്യാഭ്യാസത്തെ പുനർ രൂപകൽപ്പന ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിവിഭവങ്ങളുടെ ശോഷണം, ജൈവവൈവിധ്യ നഷ്ടം, പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണത്തിനായുള്ള വർധിച്ചുവരുന്ന ആവശ്യകത തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാൻ ഭാവിയിലെ പ്രൊഫഷണലുകളെ സജ്ജരാക്കുന്നതിനായിട്ടാണ് അദ്ദേഹം ഇത്തരമൊരു മാറ്റം നിർദ്ദേശിച്ചത്. തന്റെ പ്രസംഗത്തിൽ, ഉൽപ്പാദന കേന്ദ്രീകൃതമായ കൃഷിരീതിയിൽ നിന്ന് മാറി, സമഗ്രമായ കാർഷിക-ഭക്ഷണ വ്യവസ്ഥകളിലേക്കും മൂല്യശൃംഖലാ അധിഷ്ഠിത സമീപനത്തിലേക്കും മാറേണ്ടതിന്റെ ആവശ്യകത ഡോ. ജാറ്റ് ഊന്നിപ്പറഞ്ഞു. വ്യവസായത്തിന് സജ്ജരായ മാനവവിഭവശേഷി വികസിപ്പിക്കുന്നതിനും, കാർഷിക ഗവേഷണവും വിദ്യാഭ്യാസവും ശക്തിപ്പെടുത്തുന്നതിനുമായി; അക്കാദമിക-വ്യവസായ മേഖലകൾ തമ്മിലുള്ള ശക്തമായ സഹകരണം, അന്താരാഷ്ട്ര തലത്തിലുള്ള വിജ്ഞാന വിനിമയം, കൂടാതെ വിദേശത്തുള്ള ഇന്ത്യൻ പ്രവാസി കർഷകരുമായുള്ള സഹകരണം എന്നിവയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
 

 
കാർഷിക ഗവേഷണ-വികസന മേഖലകളിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടുന്നതിനായി, നയപരമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിലും ഗവേഷകർ, നയരൂപകർത്താക്കൾ, അക്കാദമിക സ്ഥാപനങ്ങൾ, വ്യവസായ മേഖല എന്നിവരെ ഒന്നിപ്പിക്കുന്നതിലും എൻ.എ.എഎസ് വഹിക്കുന്ന പങ്ക് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

കാർഷിക ഗവേഷണം, കാര്യക്ഷമതാ വികസനം, വിജ്ഞാന വിനിമയം എന്നീ മേഖലകളിൽ സഹകരണത്തിനുള്ള പുതിയ വഴികൾ തുറക്കുക എന്ന ലക്ഷ്യത്തോടെ എൻ.എ.എ.എസും, സി.എ.എസ.ടിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചത് മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ഈ പങ്കാളിത്തം സ്ഥാപനപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും അന്താരാഷ്ട്ര തലത്തിലുള്ള ശാസ്ത്രീയ സഹകരണത്തിന് അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
 
 


 
ചർച്ചാ സമ്മേളനത്തിൽ പങ്കെടുത്ത യുവാക്കളെ അഭിനന്ദിക്കുകയും, അക്കാദമിയുടെ ആഗോള ഇടപെടലുകളുടെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തുകൊണ്ട്,  സുസ്ഥിര കൃഷിക്കും ആഗോള ഭക്ഷ്യസുരക്ഷയ്ക്കും ആവശ്യമായ നൂതന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന്, യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നതും അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതും അത്യന്താപേക്ഷിതമാണെന്ന് ഡോ. ജാറ്റ്  ഊന്നിപ്പറഞ്ഞു. ഇത്തരത്തിലുള്ള സഹകരണ ശ്രമങ്ങൾ പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് (വികസ്വര) രാജ്യങ്ങളിൽ, കാർഷിക ഗവേഷണം, വിദ്യാഭ്യാസവും വിപുലീകര വിദ്യാഭ്യാസവും എന്നിവയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ശാസ്ത്രീയമായ പ്രചാരണം, യുവജന പങ്കാളിത്തം, അക്കാദമിക സംവാദങ്ങൾ, സ്ഥാപനതല സഹകരണങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ കാർഷിക മികവ് ഉയർത്തിക്കാട്ടുന്നതിനും, അതിജീവനശേഷിയുള്ളതും സുസ്ഥിരവും ഭക്ഷ്യസുരക്ഷിതവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് സംഭാവനയേകുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത എൻ.എ.എ.എസ് ഊട്ടിയുറപ്പിച്ചു.
 
****

( റിലീസ് ഐ.ഡി: 2327330) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Punjabi , Gujarati , Urdu , हिन्दी , Assamese , Bengali , Bengali-TR