ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ സഹകരണ ഫെഡറലിസത്തെയും നിയമ പരിഷ്കാരങ്ങളെയും കുറിച്ചുള്ള സമ്മേളനം ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
22 OCT 2026 1:47PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്ത്യൻ നിയമ കമ്മീഷൻ സംഘടിപ്പിച്ച 'സഹകരണ ഫെഡറലിസവും നിയമ പരിഷ്കാരങ്ങളും: ദേശീയ, സംസ്ഥാന വീക്ഷണം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സമ്മേളനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വൈവിധ്യത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്ന് ചടങ്ങിൽ സംസാരിക്കവെ ഉപരാഷ്ട്രപതി പറഞ്ഞു. കേന്ദ്രത്തിന്റെ കരുത്തും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തങ്ങളും സ്വയംഭരണാധികാരവും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചട്ടക്കൂടാണ് ഇന്ത്യൻ ഭരണഘടന നൽകുന്നത്. വൈവിധ്യങ്ങളെ പരസ്പരം ബഹുമാനിച്ചുകൊണ്ട് പൊതുവായ ദേശീയ ലക്ഷ്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിലാണ് ഫെഡറലിസത്തിന്റെ യഥാർത്ഥ ശക്തി കുടികൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ ഫെഡറലിസത്തിനൊപ്പം ആരോഗ്യകരമായ മത്സര ഫെഡറലിസവും പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 'ടീം ഇന്ത്യ' എന്ന കാഴ്ചപ്പാട് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കൂടിയാലോചനകൾക്കും ഏകോപനത്തിനും കൂട്ടായ ഉത്തരവാദിത്തത്തിനും ആഹ്വാനം ചെയ്യുന്നു.വിശാലമായ പൊതുതാൽപ്പര്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിന് രാഷ്ട്രീയ വ്യത്യാസങ്ങൾ ഒരിക്കലും തടസ്സമാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നിയമപരിഷ്കാരങ്ങൾ അത്യന്താപേക്ഷിതമാണ്. ശക്തമായ നിയമങ്ങൾ, സുതാര്യമായ സ്ഥാപനങ്ങൾ, കാര്യക്ഷമമായ ഭരണനിർവഹണം, എല്ലാവർക്കും നീതി ഉറപ്പാക്കൽ എന്നിവയുടെ പിന്തുണ വികസനത്തിന് ആവശ്യമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
കഴിഞ്ഞ 12 വർഷത്തിനിടെ കോളോണിയൽ കാലഘട്ടത്തിലെ മൂന്ന് ക്രിമിനൽ നിയമങ്ങൾക്ക് പകരം പുതിയ നിയമങ്ങൾ കൊണ്ടുവന്നതും, കാലഹരണപ്പെട്ട 1,700-ലധികം നിയമങ്ങൾ റദ്ദാക്കിയതും രാജ്യത്തെ നിയമവ്യവസ്ഥയെ ആധുനികവത്കരിക്കുന്നതിൽ നിർണ്ണായകമായ ചുവടുവെപ്പുകളാണ്. ജനങ്ങളുടെ ജീവിതസൗകര്യം വർദ്ധിപ്പിക്കുന്നതിനും സുതാര്യമായ ഭരണ നിർവഹണത്തിനുമായി, സംസ്ഥാനങ്ങളിൽ നിലവിലുള്ള കാലഹരണപ്പെട്ട നിയമങ്ങൾ കണ്ടെത്തി ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ മുൻകൈയെടുക്കാൻ സംസ്ഥാന നിയമ കമ്മീഷനുകളോട് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.
നിയമ പരിഷ്കരണങ്ങളിൽ സഹകരണ ഫെഡറലിസം പ്രയോഗിക്കുമ്പോൾ എല്ലാ കാര്യങ്ങളിലും പൂർണ്ണമായ ഏകീകൃത സ്വഭാവം ആവശ്യമില്ലെന്ന് ഉപരാഷ്ട്രപതി. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഒത്തുവരുന്ന മേഖലകളിൽ കേന്ദ്രവും സംസ്ഥാനങ്ങളും കൈകോർത്തു പ്രവർത്തിക്കണമെന്നും, അതേസമയം സംസ്ഥാനങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.അന്തർ സംസ്ഥാന കൂടിയാലോചനകൾ, മികച്ച രീതികൾ പങ്കിടൽ, കാലഹരണപ്പെട്ട നിയമങ്ങളുടെ വ്യവസ്ഥാപിത അവലോകനം എന്നിവയിലൂടെ ഇന്ത്യൻ നിയമ കമ്മീഷൻ, സംസ്ഥാന നിയമ കമ്മീഷനുകൾ, സംസ്ഥാന നിയമ വകുപ്പുകൾ എന്നിവയ്ക്കിടയിൽ ശക്തമായ ഏകോപനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റിൽ സ്ഥാപിച്ചിട്ടുള്ള 'ചെങ്കോൽ' നീതിപൂർവ്വകമായ അധികാരത്തിന്റെയും ധാർമ്മിക ഭരണത്തിന്റെയും പ്രതീകമാണെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ പ്രസ്താവിച്ചു.സദ്ഭരണത്തെക്കുറിച്ചും നിയമവാഴ്ചയെയും സംബന്ധിച്ച് തമിഴ് സന്യാസിവര്യനും കവിയുമായ തിരുവള്ളുവരുടെ ഉപദേശങ്ങൾ അദ്ദേഹം ഓർമ്മിപ്പിച്ചു.കേവലമായ അധികാരപ്രയോഗത്തിനേക്കാൾ സദ്ഭരണമാണ് ശാശ്വത വിജയത്തിന്റെയും സമൃദ്ധിയുടെയും അടിത്തറയെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.
പൗരകേന്ദ്രീകൃതവും പ്രതികരണശേഷിയുള്ളതുമായ ഒരു നിയമ ചട്ടക്കൂടിനായി മൂർത്തവും പ്രായോഗികവുമായ ശുപാർശകൾ സമ്മേളനം അവതരിപ്പിക്കുമെന്ന് ഉപരാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.
കേന്ദ്ര നിയമ-നീതി വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ അർജുൻ റാം മേഘ്വാൾ,ഇന്ത്യൻ ലോ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് ദിനേശ് മഹേശ്വരി; ഇന്ത്യൻ ലോ കമ്മീഷൻ മെമ്പർ സെക്രട്ടറി ഡോ. അഞ്ജു രതി റാണ; ഇന്ത്യൻ ലോ കമ്മീഷൻ അംഗം പ്രൊഫ. ഡി.പി. വർമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
*****
( റിലീസ് ഐ.ഡി: 2326663)
സന്ദര്‍ശക കൗണ്ടര്‍ : 6