പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡൽഹിയിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു


തിന്മയ്ക്കുമേൽ നന്മ നേടിയ വിജയത്തെ പ്രതീകവൽക്കരിച്ചു കൊണ്ടാണ് വിജയദശമി ആഘോഷിക്കുന്നത്. സത്യത്തിന്റെയും ധർമത്തിന്റെയും അനശ്വരമായ ശക്തിയെ അത് നമ്മെ ഓർമിപ്പിക്കുന്നു: പ്രധാനമന്ത്രി

നമുക്ക് ഇത് വെറുമൊരു ഉത്സവമല്ല; ഇന്ത്യയുടെ ജീവചൈതന്യമാണിത്: പ്രധാനമന്ത്രി

മനുഷ്യരാശിയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ആദർശങ്ങളാണ് ഭഗവാൻ ശ്രീരാമൻ നമുക്ക് പകർന്നുനൽകിയിട്ടുള്ളത്: പ്രധാനമന്ത്രി

ദരിദ്രരുടെയും അവശതയനുഭവിക്കുന്നവരുടെയും സേവനത്തിന് നാം പരമപ്രാധാന്യം നൽകണം: പ്രധാനമന്ത്രി

സത്യത്തിന്റെയും മാനവികതയുടെയും പക്ഷത്ത് നാം നിലകൊള്ളുമ്പോൾ, അവസാന വിജയം നമുക്കായിരിക്കും: പ്രധാനമന്ത്രി

നാം വിഭാവനം ചെയ്തിട്ടുള്ള ‘രാമനിലൂടെ രാഷ്ട്രത്തിലേക്ക് ", ‘ദൈവത്തിലൂടെ ദേശത്തിലേക്ക്’ എന്ന ദർശനം നാം തീർച്ചയായും സാക്ഷാത്കരിക്കും: പ്രധാനമന്ത്രി


പോസ്റ്റഡ് ഓണ്‍: 20 OCT 2026 8:33PM by PIB Thiruvananthpuram

ശ്രീരാമനോടുള്ള ഭാരതീയ സംസ്കാരത്തിന്റെയും പൂർവ്വികരുടെയും സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഭക്തിയെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, രാക്ഷസരാജാവായ രാവണന് മേൽ അദ്ദേഹം നേടിയ വിജയത്തിനപ്പുറം ആഴമേറിയ ഒരു ആദരവ് അദ്ദേഹത്തോടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

ഭഗവാൻ ശ്രീരാമൻ ലോകത്തിന് പകർന്നുനൽകിയ കാലാതീതമായ മൂല്യങ്ങളിലാണ് രാജ്യത്തിന്റെ അചഞ്ചലമായ വിശ്വാസം അടിയുറച്ചിരിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “മനുഷ്യരാശിയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ആദർശങ്ങളാണ് ഭഗവാൻ ശ്രീരാമൻ നമുക്ക് പകർന്നുനൽകിയിട്ടുള്ളത്,” എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

സത്യവും ധാർമികതയും ഒരിക്കലും കൈവിടാതെ ഭഗവാൻ ശ്രീരാമൻ നേരിട്ട വലിയ പരീക്ഷണങ്ങൾ അനുസ്മരിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ രാജാഭിഷേക വേളയിലും വനവാസകാലത്തും ഒരേ മനഃസ്ഥൈര്യം പുലർത്തിയതിനെ വ്യക്തമാക്കാൻ സംസ്കൃത ശ്ലോകം ഉദ്ധരിച്ചു. ഓരോ പ്രതിസന്ധിയിലും ഭഗവാൻ ശ്രീരാമൻ ധർമം ഉയർത്തിപ്പിടിച്ചതും നിഷാദരാജനെ ആലിംഗനം ചെയ്തതും വനവാസകാലത്ത് മാതാവ് ശബരിയെ ആദരിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. “കരുണ, അനുകമ്പ, സ്നേഹം, ഐക്യം എന്നിവയിൽ അദ്ദേഹം ഉന്നതമായ മാതൃകകൾ സ്ഥാപിച്ചു,” എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.


ഭഗവാൻ ശ്രീരാമൻ അയോധ്യയുടെ രാജാവായി തിരിച്ചെത്തിയതിനെത്തുടർന്ന് രാമരാജ്യം സ്ഥാപിതമായതിനെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, വിവേചനരഹിതമായ ഭരണത്തിന്റെ പരമോന്നത മാതൃകയായാണ് അതിനെ വിശേഷിപ്പിച്ചത്. എല്ലാവർക്കും നീതിയും തുല്യ അവസരങ്ങളും ഉണ്ടാകും. അധികാരം ആധിപത്യത്തിനുവേണ്ടിയല്ല, മറിച്ച് പൊതുജനക്ഷേമത്തിനായി വിനിയോഗിക്കുന്ന ഭരണസംവിധാനമാണത്. ഗോസ്വാമി തുളസീദാസിന്റെ “ദൈഹിക ദൈവിക ഭൗതിക താപാ, രാമരാജ് നഹി കഹുഹി വ്യാപാ” എന്ന വരികളിലൂടെ ഈ ആശയം അനശ്വരമാക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“നാഗരിക് ദേവോ ഭവ”  എന്ന മന്ത്രത്തിലൂടെ പൊതുജനങ്ങളെ ദൈവതുല്യരായി പരിഗണിച്ചുകൊണ്ട്, മര്യാദാ പുരുഷോത്തമനായ ഭഗവാൻ ശ്രീരാമന്റെ ഈ ആദർശങ്ങൾ പിന്തുടരാൻ പ്രധാനമന്ത്രി ഭരണസംവിധാനത്തോട് ആഹ്വാനം ചെയ്തു.
“ദരിദ്രരുടെയും അവശതയനുഭവിക്കുന്നവരുടെയും സേവനത്തിന് നാം പരമപ്രാധാന്യം നൽകണം,” എന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.


ഭഗവാൻ ശ്രീരാമൻ ലങ്കയിലേക്ക് സമുദ്രം കടന്നു നടത്തിയ യാത്രയിൽനിന്ന് സ്വയംപര്യാപ്തതയുടെ മഹത്തായ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, പ്രതിസന്ധിഘട്ടങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കുന്നതിനുപകരം, ഭഗവാൻ ശ്രീരാമൻ ജനപങ്കാളിത്തം ഉണർത്തുകയും ലഭ്യമായ വിഭവങ്ങൾ ഒരുമിച്ചുകൂട്ടുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. വിശ്വാസം, കഴിവ്, അചഞ്ചലമായ ദൃഢനിശ്ചയം എന്നിവയിലൂടെ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ പോലും സാധ്യമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും വികസിത ഭാരതം, ആത്മനിർഭർ ഭാരത് എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കഠിനാധ്വാനത്തിന്റെയും വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെയും ഈ അടിസ്ഥാനമന്ത്രം സ്വീകരിക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു.
“യാത്രാമധ്യേ നേരിടുന്ന പ്രതിസന്ധികൾക്ക് നമ്മുടെ മുന്നേറ്റത്തെ തടയാനാവില്ലെന്ന് ഭഗവാൻ ശ്രീരാമൻ നമ്മെ പഠിപ്പിച്ചു,” എന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.


സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ശക്തമായ ആത്മാഭിമാനബോധത്തെയാണ് ദേശീയ പുരോഗതിയുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചത്. കഴിഞ്ഞ 12 വർഷത്തിനിടെ 650-ലധികം പുരാതന വിഗ്രഹങ്ങളും സ്വത്തുക്കളും ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചുകൊണ്ട് രാജ്യത്തിന്റെ സ്വത്വം സംരക്ഷിക്കുന്നതിനായി സർക്കാർ സജീവമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രങ്ങൾക്ക് ആഗോളതലത്തിൽ വർധിച്ചുവരുന്ന അംഗീകാരത്തെയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തെ നിരവധി സ്ഥലങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതും, കോടിക്കണക്കിന് ഇന്ത്യക്കാരുടെ കൂട്ടായ ഇച്ഛാശക്തിയുടെ ഫലമായി കഴിഞ്ഞ വർഷം ദീപാവലി യുനെസ്കോയുടെ മാനവികതയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംനേടിയതും അദ്ദേഹം എടുത്തുപറഞ്ഞു.
“ഭാവിയിലും ഇതേ അർപ്പണബോധത്തോടെ നാം പ്രവർത്തനം തുടരേണ്ടതുണ്ട്,” എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.


സത്യത്തിന്റെയും മാനവികതയുടെയും പക്ഷത്ത് നിലകൊള്ളുമ്പോൾ വിജയം ഉറപ്പാക്കുന്ന വിജയദശമിയുടെ ധീരമായ സന്ദേശം ഉയർത്തിപ്പിടിച്ച പ്രധാനമന്ത്രി, ദേശീയ താൽപ്പര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് ആഹ്വാനം ചെയ്തു. അതിന്റെ പ്രാധാന്യം വിളിച്ചോതുന്ന “സമാനോ മന്ത്രഃ സമിതിഃ സമാനീ” എന്ന വേദമന്ത്രം അദ്ദേഹം ഉദ്ധരിച്ചു.
രാജ്യത്തെ പൗരന്മാർ ഒരുമിച്ച് ‘രാഷ്ട്രം ആദ്യം’  എന്ന പ്രതിജ്ഞയെടുക്കണമെന്നും ഭാരതമാതാവിന്റെ ശത്രുക്കളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താൻ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദേശീയ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതും ഇന്ത്യൻ സംസ്കാരത്തോട് വിദ്വേഷം പുലർത്തുന്നതുമായ ശക്തികളെ പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.
“സത്യത്തിന്റെയും മാനവികതയുടെയും പക്ഷത്ത് നാം നിലകൊള്ളുമ്പോൾ, അവസാന വിജയം നമുക്കായിരിക്കും,” എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.


 ആഴത്തിലുള്ള ആത്മവിശ്വാസത്തോടെ അയോധ്യാ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനിടെ എടുത്ത പവിത്രമായ പ്രതിജ്ഞകൾ, തന്റെ പ്രസംഗം ഉപസംഹരിക്കവെ, പ്രധാനമന്ത്രി അനുസ്മരിച്ചു. ‘ജയ് സിയാ റാം’, ‘ഭാരത് മാതാ കീ ജയ്’ എന്നീ മുദ്രാവാക്യങ്ങൾക്കൊപ്പം അദ്ദേഹം രാജ്യത്തെ ജനങ്ങൾക്ക് ദസറ ആശംസകളും നേർന്നു.
രാജ്യത്തിന്റെ ആത്മീയവും വികസനപരവുമായ ദർശനം സാക്ഷാത്കരിക്കാനാകുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
“നാം വിഭാവനം ചെയ്തിട്ടുള്ള ‘രാമനിലൂടെ രാഷ്ട്രത്തിലേക്ക്’, ‘ദൈവത്തിലൂടെ ദേശത്തിലേക്ക്’  എന്ന ദർശനം നാം തീർച്ചയായും സാക്ഷാത്കരിക്കും,” എന്ന് ശ്രീ മോദി വ്യക്തമാക്കി.

 

 

 

 

*****

-SK-


( റിലീസ് ഐ.ഡി: 2325631) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Gujarati