പോസ്റ്റഡ് ഓണ്:
19 OCT 2026 11:02AM by PIB Thiruvananthpuram
|
ശുദ്ധ ഊർജ്ജം ഇന്ത്യയുടെ വൈദ്യുതി മേഖലയെ പുനർനിർമ്മിക്കുമ്പോൾ, കാലാതീതമായ ഒരു സാങ്കേതികവിദ്യ ശക്തമായ ഒരു നവ ഊർജ്ജ ഭാവിയിലേക്ക് വഴിയൊരുക്കുന്നു. 'ജല ബാറ്ററി' എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന പമ്പ് ചെയ്ത്കൊണ്ടുള്ള സംഭരണ (പമ്പ്ഡ് സ്റ്റോറേജ്) സംവിധാനം, ജലത്തെയും ഗുരുത്വാകർഷണശക്തിയെയും ഉപയോഗപ്പെടുത്തി വൈദ്യുതി സംഭരിക്കുന്നു. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സമയവും അത് ആവശ്യമായി വരുന്ന സമയവും തമ്മിലുള്ള വിടവ് നികത്താൻ ഇത് സഹായിക്കുന്നു. ജലസംഭരണികൾ മുതൽ ആധുനിക ഗ്രിഡുകൾ വരെ, കൂടുതൽ ശുദ്ധവും വിശ്വസനീയവും അതിജീവനശേഷിയുള്ളതുമായ ഒരു ഊർജ്ജ ഭാവി രൂപപ്പെടുത്തുന്നതിൽ ഈ സാങ്കേതികവിദ്യ നിർണ്ണായക പങ്കുവഹിക്കുന്നു.
|
സംഭരണത്തിലൂടെ ഇന്ത്യയുടെ ഊർജ്ജ ഭാവി കെട്ടിപ്പടുക്കുന്നു:
ഊർജ്ജ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായി പുനരുപയോഗ ഊർജ്ജത്തിൽ ഇന്ത്യയുടെ ഊർജ്ജ പരിവർത്തനം കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശുദ്ധമായ സ്രോതസ്സുകൾ ഉപയോഗിച്ച് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി രാജ്യം സൗര, കാറ്റാടി ഊർജ്ജശേഷി അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. 2026 ജൂലൈ ആയപ്പോഴേക്കും, ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദന ശേഷിയിൽ ഇന്ത്യ 300 ഗിഗാവാട്ട് (ജി.ഡബ്ല്യു) പിന്നിട്ടു. 2025-26 സാമ്പത്തിക വർഷത്തിൽ, ഫോസിൽ ഇതര ഇന്ധനശേഷിയിൽ ഏകദേശം 55.29 ജിഗാവാട്ട് ഇന്ത്യ കൂട്ടിച്ചേർത്തു. കൂടാതെ, 2030-ഓടെ ഫോസിലേതര ഇന്ധന സ്രോതസ്സുകളിൽ നിന്ന് 500 ഗിഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷി കൈവരിക്കുക എന്ന ലക്ഷ്യവും ഇന്ത്യ നിശ്ചയിച്ചിട്ടുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ സൗരോർജ്ജവും കാറ്റിൽ നിന്നുള്ള ഊർജ്ജവും വലിയ സംഭാവനകൾ നൽകും.
എന്നിരുന്നാലും, പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിൻ്റെ ഉത്പാദനം സൂര്യപ്രകാശം, കാലാവസ്ഥ, ദൈനംദിന ആവശ്യകതാ ഘടനകൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. പുനരുപയോഗിക്കാവുന്ന ഊർജ്ജ ഉത്പാദനം ആവശ്യകതയേക്കാൾ കൂടുതലാകുമ്പോൾ ഈ വ്യതിയാനം, വൈദ്യുതി സംഭരിക്കേണ്ടതിൻ്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. പുനരുപയോഗിക്കാവുന്ന ഉത്പാദനം കുറവോ അല്ലെങ്കിൽ ഏറ്റവും ഉയർന്ന ആവശ്യകതയോ ഉള്ള സമയങ്ങളിൽ ഊർജ്ജ സംഭരണത്തിന് വൈദ്യുതി നൽകാൻ കഴിയും.
പുനരുപയോഗ ഊർജ്ജ ശേഷി വികസിക്കുമ്പോൾ, ഊർജ്ജ സംഭരണത്തിനുള്ള ആവശ്യകതയും അതിവേഗം വർദ്ധിക്കും. 2031-32 ഓടെ 73.93 ജിഗാവാട്ട് (ജി.ഡബ്ല്യു.) സംഭരണ ശേഷി ആവശ്യമായി വരുമെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റി (സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി/ സി.ഇ.എ.) കണക്കാക്കുന്നു. ഇതിൽ 26.69 ജിഗാവാട്ട് പമ്പ് ചെയ്ത്് സംഭരിച്ചുകൊണ്ടുള്ള ജലവൈദ്യുതി പദ്ധതി (പമ്പ്ഡ് സ്റ്റോറേജ് പ്രൊജക്ട്/ പി.എസ്.പി.)കളിൽ നിന്നും, 47.24 ജിഗാവാട്ട് 'ബാറ്ററി ഊർജ്ജ സംഭരണ സംവിധാന'(ബി.ഇ.എസ്.എസ്.) ങ്ങളിൽ നിന്നും ഉള്ളതാണ്.
ദീർഘകാല സംഭരണത്തിനായുള്ള ഈ ആവശ്യം നിറവേറ്റുന്നതിൽ പി.എസ്.പി.കൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയും. അധികോത്പാദന സമയങ്ങളിൽ, വെള്ളം മുകളിലുള്ള സംഭരണിയിലേക്ക് പമ്പ് ചെയ്തുകൊണ്ട് പി.എസ്.പി.കൾ വൈദ്യുതി സംഭരിക്കുന്നു. വൈദ്യുതി ആവശ്യകത വർദ്ധിക്കുമ്പോൾ സംഭരിച്ച വെള്ളം ടർബൈനുകൾ വഴി പുറത്തുവിടുന്നു. ഇത് പി.എസ്.പി.കളെ പുനരുപയോഗിക്കാവുന്ന വൈദ്യുതി കാലക്രമേണ മാറ്റാൻ പ്രാപ്തമാക്കുകയും ഗ്രിഡ് സ്ഥിരതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ ദീർഘകാല സംഭരണവും വർധിത ആവശ്യകതയുള്ള സന്ദർശങ്ങളിൽ പിന്തുണയും നൽകുന്നു, ഇത് വലിയ പുനരുപയോഗ ശേഷികളെ സംയോജിപ്പിക്കുന്നതിന് അവയെ പ്രധാനപ്പെട്ടതാക്കുന്നു.
|
ഊർജ്ജ സംഭരണ രീതികൾ:
പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ ഗ്രിഡുമായി സംയോജിപ്പിക്കുന്നതിന്, ബാറ്ററി ഊർജ്ജ സംഭരണ സംവിധാന(ബി.ഇ.എസ്.എസ്.)ങ്ങളും, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും (പി.എസ്.പി.) പരസ്പര പൂരകങ്ങളായ പരിഹാരങ്ങൾ നൽകുന്നു. ഹ്രസ്വകാല ആവശ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ ബി.ഇ.എസ്.എസിന് സാധിക്കും; ആവൃത്തി നിയന്ത്രണം, ആവശ്യകത ഉയർന്ന സമയങ്ങളിലെ കൈകാര്യം ചെയ്യൽ (പീക്ക് മാനേജ്മെൻ്റ്), ഗ്രിഡ് സന്തുലിതാവസ്ഥ നിലനിർത്തൽ എന്നിവയിൽ ഇവ സഹായകമാകുന്നു. പിഎസ്.പി.കൾ ദീർഘകാല സംഭരണം പ്രദാനം ചെയ്യുന്നു, മിച്ചത്തിൻ്റെയും ആവശ്യകതയുടെയും കാലയളവുകളിൽ വലിയ അളവിൽ വൈദ്യുതി കൈമാറ്റം ചെയ്യുന്നു. പുനരുപയോഗിക്കാവുന്ന ഉത്പാദന, അല്ലെങ്കിൽ ഉപഭോഗ കേന്ദ്രങ്ങൾക്ക് സമീപം താരതമ്യേന വേഗത്തിൽ ബി.ഇ.എസ്.എസ്. വിന്യസിക്കാൻ കഴിയും. പി.എസ്.പി.കൾക്ക് ഭൂമിശാസ്ത്രപരമായ അനുയോജ്യ സാഹചര്യങ്ങൾ ആവശ്യമാണെങ്കിലും ദീർഘകാലയളവുകളിലേക്ക് വലിയ തോതിലുള്ള സംഭരണം നൽകാൻ കഴിയും. അവയുടെ ദീർഘമായ പ്രവർത്തന ആയുസ്സ്, ഗ്രിഡ് അടിസ്ഥാനസൗകര്യങ്ങളുടെ സുസ്ഥിരമായ ആവശ്യങ്ങളെയും പിന്തുണയ്ക്കുന്നു.
|
പി.എസ്.പി.കളെ മനസ്സിലാക്കൽ: ഊർജ്ജ സംഭരണ, വിതരണ ചക്രം
പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിൽ സാധാരണയായി വ്യത്യസ്ത ഉയരങ്ങളിൽ സ്ഥിതി ചെയ്യുന്ന രണ്ട് ജലസംഭരണികൾ ഉണ്ടായിരിക്കും. വൈദ്യുതി അധികമുള്ള സമയങ്ങളിൽ, താഴെയുള്ള സംഭരണിയിൽ നിന്ന് വെള്ളം മുകളിലുള്ള സംഭരണിയിലേക്ക് പമ്പ് ചെയ്യുന്നു; ഇവിടെ ഊർജ്ജം സ്ഥിതികോർജ്ജമായി (പൊട്ടൻഷ്യൽ എനർജി) സംഭരിക്കപ്പെടുന്നു. വൈദ്യുതി ആവശ്യമുള്ളപ്പോൾ, മുകളിലുള്ള സംഭരണിയിൽ നിന്ന് വെള്ളം ടർബൈനുകളിലൂടെ കടത്തിവിട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. ആവശ്യകത കുറയുമ്പോൾ, വൈദ്യുതി അധികമുള്ള സമയങ്ങളിൽ വെള്ളം തിരികെ മുകളിലെ സംഭരണിയിലേക്ക് പമ്പ് ചെയ്യുന്നു; ഇതോടെ സംഭരണ ചക്രം പൂർത്തിയാകുന്നു. അതിനാൽ, 'പമ്പ്ഡ് സ്റ്റോറേജ്' പദ്ധതികൾ വലിയ തോതിലുള്ള ഊർജ്ജ സംഭരണ സംവിധാനങ്ങളായി പ്രവർത്തിക്കുകയും, ഗ്രിഡിൻ്റെ സ്ഥിരത ഉറപ്പാക്കുന്നതിനും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ സംയോജനത്തിന് സഹായിക്കുകയും ചെയ്യുന്നു.

പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുതി നിലയങ്ങളുടെ വർഗ്ഗീകരണം
പ്രകൃതിദത്ത ജലധാരകളുമായി അവയുടെ ജലസംഭരണികൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ അവ എവിടെ സ്ഥിതിചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുതി നിലയങ്ങളെ തരംതിരിക്കുന്നത്. ഇവയെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിക്കാം: 'ഓൺ-സ്ട്രീം' (സ്വാഭാവിക ജല സ്രോതസ്സുകളിൽ നേരിട്ട് നിർമ്മിക്കുന്ന സംവിധാനം) ഓഫ്- സ്ട്രീം ഓപ്പൺ-ലൂപ്പ്' (പ്രധാന ജലസ്രോതസ്സുകൾക്ക് പുറത്തും ഇതരജലാശയങ്ങളോട് ബന്ധപ്പെട്ടും നിർമ്മിക്കുന്ന സംവിധാനം.),ഓഫ്-സ്ട്രീം ക്ലോസ്ഡ്-ലൂപ്പ്' (പ്രധാന ജലസ്രോതസ്സുകൾക്ക് പുറത്തും ഇതരജലാശയങ്ങളോട് ബന്ധമില്ലാതെയും നിർമ്മിക്കുന്ന സംവിധാനം.) എന്നിങ്ങനെ. ഒരു പദ്ധതിയിലെ ജലസംഭരണികളും പ്രകൃതിദത്ത ജലധാരകളും തമ്മിലുള്ള വ്യത്യസ്തമായ ബന്ധത്തെയാണ് ഈ ഘടനകൾ സൂചിപ്പിക്കുന്നത്.

നദീതട പമ്പ് ചെയ്യൽ സംഭരണം (ഓൺ സ്്ട്രീം പമ്പ്ഡ് സ്റ്റോറേജ്)
നദീതട പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളിൽ, ജലസംഭരണികൾ രണ്ടും ഒരു നദിയിലോ അരുവിയിലോ തോട്ടിലോ ആണ് സ്ഥിതി ചെയ്യുന്നത്. വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനായി, മുകളിലെ സംഭരണിയിൽ ശേഖരിച്ചിരിക്കുന്ന വെള്ളം ടർബൈനുകളിലൂടെ ഒഴുക്കിവിട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. വൈദ്യുതി ആവശ്യകത കുറവായിരിക്കുമ്പോഴും അധിക വൈദ്യുതിയുള്ളപ്പോഴും വെള്ളം തിരികെ മുകളിലെ സംഭരണിയിലേക്ക് പമ്പ് ചെയ്ത് പുനരുപയോഗത്തിനായി സൂക്ഷിക്കുന്നു.
ഓഫ്-സ്ട്രീം ഓപ്പൺ-ലൂപ്പ് പമ്പ്ഡ് സ്റ്റോറേജ്
ഇത്തരത്തിലുള്ള പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളിൽ, ഒരു ജലസംഭരണി നദിയിലോ അരുവിയിലോ തോട്ടിലോ ആയിരിക്കും സ്ഥിതി ചെയ്യുന്നത്. എന്നാൽ, രണ്ടാമത്തെ ജലസംഭരണി നദിയിലോ വറ്റാത്ത അരുവിയിലോ തോട്ടിലോ ആയിരിക്കില്ല സ്ഥിതി ചെയ്യുന്നത്. വൈദ്യുതി ആവശ്യമുള്ളപ്പോൾ, മുകളിലുള്ള ജലസംഭരണിയിൽ നിന്ന് വെള്ളം ടർബൈനുകളിലൂടെ ഒഴുക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. അധികമായി ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് വെള്ളം തിരികെ മുകളിലെ സംഭരണിയിലേക്ക് പമ്പ് ചെയ്യുന്നു; ഇതുവഴി അടുത്ത പ്രവർത്തന ചക്രത്തിനായി സംവിധാനത്തെ വീണ്ടും സജ്ജമാക്കുന്നു.
ഓഫ് സ്ട്രീം ക്ലോസ്ഡ്-ലൂപ്പ് പമ്പ്ഡ് സ്റ്റോറേജ് (നദീബാഹ്യമായ, അടഞ്ഞ വ്യവസ്ഥയിലുള്ള പമ്പ്ഡ് സ്റ്റോറേജ്)
ഇത്തരത്തിലുള്ള നദീബാഹ്യമായ, അടഞ്ഞ വ്യവസ്ഥയിലുള്ള പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിലെ ജലസംഭരണികളൊന്നും നദിയിലോ, വറ്റാത്ത അരുവിയിലോ, അല്ലെങ്കിൽ സ്ഥിരമായി നീരൊഴുക്കുള്ള തോടുകളിലോ സ്ഥിതി ചെയ്യുന്നില്ല. ഇവ രണ്ടും പ്രകൃതിദത്തമായ, വറ്റാത്ത നീരൊഴുക്കുകളിൽ നിന്ന് അകലെയായാണ് നിലകൊള്ളുന്നത്. വൈദ്യുതി ആവശ്യമുള്ളപ്പോൾ, മുകളിലെ സംഭരണിയിൽ നിന്ന് വെള്ളം ടർബൈനുകളിലൂടെ ഒഴുക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്നു; വൈദ്യുതി ആവശ്യകത കുറവായിരിക്കുമ്പോഴോ അധിക വൈദ്യുതി ലഭ്യമാകുമ്പോഴോ ഈ വെള്ളം തിരികെ മുകളിലെ സംഭരണിയിലേക്ക് പമ്പ് ചെയ്യുന്നു.
പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ മൂന്ന് തരങ്ങൾക്കും, അതത് സ്ഥലങ്ങളിലെ ഭൂമിശാസ്ത്രപരവും സാങ്കേതികവുമായ സാഹചര്യങ്ങൾക്കനുസൃതമായ പങ്കുണ്ട്. എന്നിരുന്നാലും, നദികളിൽ നിന്ന് അകലെയായി സ്ഥിതി ചെയ്യുന്ന 'ഓഫ്-സ്ട്രീം' പദ്ധതികൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം പദ്ധതികൾ വേഗത്തിലുള്ള പദ്ധതി നിർവഹണത്തിനും, ജല ആവാസവ്യവസ്ഥയിലും ചുറ്റുമുള്ള പരിസ്ഥിതിയിലും ഉണ്ടാകുന്ന ആഘാതങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
ഊർജ്ജ സംഭരണ ശേഷി വർദ്ധിപ്പിക്കൽ: ഇന്ത്യയുടെ പമ്പ്ഡ് സ്റ്റോറേജ് മുന്നേറ്റം
വളർന്നുവരുന്ന പുനരുപയോഗ ഊർജ്ജ അടിത്തറയെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യ അതിൻ്റെ പമ്പ്ഡ് സ്റ്റോറേജ് സംഭരണ ശേഷി അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രവർത്തന, നിർമ്മാണ, നിർമ്മാണ പൂർവ്വ ഘട്ടങ്ങളിലൂടെ വികസനം പുരോഗമിക്കുന്നു. ഈ വികസിച്ചുകൊണ്ടിരിക്കുന്ന വിതരണശൃംഖല ഇന്ത്യയുടെ ദീർഘകാല ഊർജ്ജ സംഭരണ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്നു.
* പ്രവർത്തന ശേഷി: 2026 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയിൽ 10 പദ്ധതികളിലായി 7.43 ഗിഗാവാട്ട് (ജി.ഡബ്ല്യു.) ശേഷിയുള്ള പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുതി പദ്ധതികൾ പ്രവർത്തനക്ഷമമാണ്. ഈ പദ്ധതികൾക്ക് 25 മെഗാവാട്ടിന് (എം.ഡബ്ല്യു.) മുകളിൽ സ്ഥാപിത ശേഷിയുണ്ട്.
* നിർമ്മാണ/നടപ്പാക്കൽ ഘട്ടത്തിൽ: രാജ്യത്തുടനീളം 11 പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുതി പദ്ധതികളിലായി 15.87 ജി.ഡബ്ല്യു. ശേഷിയുള്ള പദ്ധതികൾ നിർമ്മാണത്തിലോ നിർവഹണ ഘട്ടത്തിലോ ആണ്.
* പദ്ധതിയുടെ അടുത്ത ഘട്ടം: 8 പദ്ധതികളിലായി 10.40 ജി.ഡബ്ല്യു. ശേഷിക്ക് കേന്ദ്ര വൈദ്യുതി അതോറിറ്റി അംഗീകാരം നൽകുകയോ വിലയിരുത്തൽ നടത്തുകയോ ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ പ്രാദേശികമായി വൈവിധ്യമാർന്ന പമ്പ്ഡ് സ്റ്റോറേജ് സാധ്യതകൾ

ആകെ 345.38 ജി.ഡബ്ല്യു. ശേഷിയുള്ള 320 പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 56.67 ജി.ഡബ്ല്യു. ശേഷിയുള്ള 62 'ഓൺ-സ്ട്രീം' പദ്ധതികളും, 288.71 ജി.ഡബ്ല്യു. ശേഷിയുള്ള 258 'ഓഫ്-സ്ട്രീം' പദ്ധതികളും ഉൾപ്പെടുന്നു. രാജ്യത്തെ അഞ്ച് മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികൾ, പ്രവർത്തനസജ്ജമായവ ഉൾപ്പെടെ വ്യത്യസ്ത വികസന ഘട്ടങ്ങളിലാണുള്ളത്.
പി.എസ്.പി. വികസനത്തിനും സ്ഥല അനുയോജ്യതയ്ക്കും നിരവധി സാങ്കേതികവും പാരിസ്ഥിതികവുമായ വശങ്ങളുടെ വിലയിരുത്തൽ ആവശ്യമാണ്. ഭൂപ്രകൃതി, ഭൂമിശാസ്ത്രം, ജലശാസ്ത്രം, ജലസംഭരണി സവിശേഷതകൾ, അടിത്തറയിലെ സാഹചര്യങ്ങൾ, ഭൂകമ്പ സാധ്യത, പാരിസ്ഥിതിക പരിഗണനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതി വിലയിരുത്തൽ വേളയിൽ നിർമ്മാണ സാമഗ്രികൾ, ഊർജ്ജ സാധ്യത, പ്രസരണ ശൃംഖലയുമായുള്ള ബന്ധം എന്നിവയും പരിശോധിക്കപ്പെടുന്നു. പടിഞ്ഞാറൻ മേഖലയിലാണ് ഏറ്റവും ഉയർന്ന സാധ്യത (129.72 ജി.ഡബ്ല്യു.) കണ്ടെത്തിയിട്ടുള്ളത്. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികളുടെ ഭൂപ്രകൃതി സവിശേഷതകളും അവയുടെ കുത്തനെയുള്ള ചരിവുകളുമാണ് ഇതിന് പ്രധാന കാരണമെന്ന് സി.ഇ.എ. ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്ര 67.36 ജി.ഡബ്ല്യു സംഭാവന ചെയ്യുമ്പോൾ, 33.36 ജി.ഡബ്ല്യു.യുമായി ഗുജറാത്ത് തൊട്ടുപിന്നിലുണ്ട്.
തെക്കൻ മേഖലയിൽ 97.76 ജി.ഡബ്ല്യു. ശേഷിയുണ്ട്; ഇതിൽ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവ മുൻപന്തിയിൽ നിൽക്കുന്നു. കിഴക്കൻ മേഖലയിൽ 53.41 ജി.ഡബ്ല്യു. ശേഷിയുള്ളതിൽ 41.53 ജി.ഡബ്ല്യു. ശേഷിയും ഒഡീഷയിൽ നിന്നുള്ളതാണ്. 50.32 ജി.ഡബ്ല്യു. ശേഷിയുള്ള വടക്കൻ മേഖലയിൽ ഉത്തർപ്രദേശും ഹിമാചൽ പ്രദേശുമാണ് മുന്നിലുള്ളത്. വടക്കുകിഴക്കൻ മേഖലയിൽ നിന്ന് 14.18 ജി.ഡബ്ല്യു. വൈദ്യുതിയാണ് ദേശീയതല ശേഷിയിലേക്ക് സംഭാവന ചെയ്യപ്പെടുന്നത്. മൊത്തത്തിൽ, ഈ പ്രാദേശിക ഊർജ്ജസ്രോതസ്സുകൾ ഇന്ത്യയിൽ പമ്പ്ഡ് സ്റ്റോറേജ് അവസരങ്ങൾക്കുള്ള വ്യാപ്തിയും വ്യാപനവും വ്യക്തമാകുന്നു.
പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ പ്രതീക്ഷിത ശേഷി വർദ്ധന
ഈ വിപുലമായ വിഭവ അടിത്തറ, ദീർഘകാല ഊർജ്ജ സംഭരണ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിന് ശക്തമായ ഒരു അടിസ്ഥാനതലം ഒരുക്കുന്നു. അതിനാൽ, 2035-36 വരെയുള്ള കാലയളവിൽ ഊർജ്ജ സംഭരണ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു കർമ്മപദ്ധതി ദേശീയ വൈദ്യുതി അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. 2035-36-ഓടെ 100.81 ജി.ഡബ്ല്യു. മൊത്തശേഷിയുള്ള പദ്ധതികൾ പ്രവർത്തനസജ്ജമാക്കാൻ ലക്ഷ്യമിടുന്നു. ഇതിൽ ഇതിനകം നിർമ്മാണത്തിലിരിക്കുന്ന പദ്ധതികളും ഉൾപ്പെടുന്നു; ഇവ കൂടി ചേരുമ്പോൾ ആകെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി ശേഷി 105.56 ജി.ഡബ്ല്യു. ആയി ഉയരും. ഈ ആസൂത്രിത വിപുലീകരണത്തിന് ഗ്രിഡിൻ്റെ വഴക്കം ഗണ്യമായി വർദ്ധിപ്പിക്കാനും, പുനരുപയോഗ ഊർജ്ജത്തെ കൂടുതൽ ഫലപ്രദമായി സംയോജിപ്പിക്കാനും സഹായിക്കും. കൂടാതെ, ഇന്ത്യയുടെ ഭാവി വൈദ്യുതി സംവിധാനത്തിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയെ ഒരു പ്രധാന സ്തംഭമായി ഇത് സ്ഥാനപ്പെടുത്തുകയും ചെയ്യുന്നു.
|
വർഷം
|
വർധന (ജി.ഡബ്ല്യു.)
|
സഞ്ചിതശേഷി
(ജി.ഡബ്ല്യു.)
|
|
2024-25 വരെ
|
–
|
4.745
|
|
2025-26
|
2.68
|
7.425
|
|
2026-27
|
2.92
|
10.345
|
|
2027-28
|
1.6
|
11.945
|
|
2028-29
|
6.35
|
18.295
|
|
2029-30
|
13.5
|
31.795
|
|
2030-31
|
21.19
|
52.985
|
|
2031-32
|
8.8
|
61.785
|
|
2032-33
|
14.59
|
76.375
|
|
2033-34
|
11.88
|
88.255
|
|
2034-35
|
5.7
|
93.955
|
|
2035-36
|
11.6
|
105.555
|
|
ആകെ
|
100.81
|
|

|
ആഗോള സ്ഥാപിത ശേഷിയുള്ള പി.എസ്.പി.കൾ
പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുതി ലോകത്തിലെ ഏറ്റവും വ്യാപകമായി വിന്യസിക്കപ്പെട്ട വലിയ തോതിലുള്ള ഊർജ്ജ സംഭരണ രൂപമാണെന്നത്, മറ്റ് സംഭരണ സാങ്കേതികവിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിൻ്റെ സ്ഥാപിത വ്യാപ്തിയും പക്വതയും പ്രതിഫലിപ്പിക്കുന്നു. അന്താരാഷ്ട്ര പുനരുപയോഗ ഊർജ്ജ ഏജൻസി (ഇൻ്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി/ ഐ.ആർ.ഇ.എൻ.എ.)യുടെ കണക്കുകൾ പ്രകാരം, 2025 അവസാനത്തോടെ ആഗോളതലത്തിൽ സ്ഥാപിതമായ പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത (പമ്പ്ഡ് ഹൈഡ്രോ) ശേഷി 159.8 ജി.ഡബ്ല്യു. ആയിരുന്നു. ഇതിൽ ഏകദേശം 66 ജി.ഡബ്ല്യു. ശേഷിയും ചൈനയുടേതാണ്. ജപ്പാനും അമേരിക്കയുമാണ് തൊട്ടുപിന്നിലുള്ളത്; ഇവ യഥാക്രമം 22 ജി.ഡബ്ല്യു, 19 ജി.ഡബ്ല്യു എന്നിങ്ങനെ ശേഷി കൈവരിച്ചിരിക്കുന്നു. 2025 അവസാനത്തോടെ 7.18 ജി.ഡബ്ല്യു. ശേഷിയുമായി ഇന്ത്യ ഈ രംഗത്ത് ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്. 2026 ജൂലൈ ആയപ്പോഴേക്കും രാജ്യത്തിൻ്റെ ശേഷി 7.43 ജി.ഡബ്ല്യു. ആയി വർദ്ധിച്ചു; ആഗോള പമ്പ്ഡ് സ്റ്റോറേജ് മേഖലയിൽ രാജ്യത്തിൻ്റെ വർദ്ധിച്ചു വരുന്ന പങ്ക് ഇതിലൂടെ കൂടുതൽ ശക്തമാകുന്നു.
|
ഗവണ്മെൻ്റ് സംരംഭങ്ങളും നടപടികളും
പി.എസ്.പി.കളുടെ വികസനവും വിന്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി, നയം, നിയന്ത്രണം, ആവശ്യകതാ വശം, വിതരണ വശം എന്നിവയുമായി ബന്ധപ്പെട്ട ഏകോപിതമായ നടപടികളുടെ ഒരു പരമ്പര തന്നെ കേന്ദ്ര ഗവണ്മെൻ്റ് സ്വീകരിച്ചിട്ടുണ്ട്.
* പി.എസ്.പി. വികസനത്തിനായുള്ള പ്രത്യേക മാർഗ്ഗരേഖകൾ:
ഇന്ത്യയിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗ്ഗരേഖകൾ 2023 ഏപ്രിലിൽ കേന്ദ്ര ഊർജ്ജ മന്ത്രാലയം പുറത്തിറക്കി.
വേഗത്തിലുള്ള പി.എസ്.പി. വികസനം സുഗമമാക്കുന്നതിനുള്ള ഒരു നയ ചട്ടക്കൂട് ഈ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.
മാർഗ്ഗനിർദ്ദേശങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
* അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പിന്തുണ:
പി.എസ്.പി. വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്കായി ബജറ്റിൽ പിന്തുണ നൽകുന്നു. റോഡുകൾ, പാലങ്ങൾ, റെയിൽവേ പാർശ്വവരികൾ(സൈഡിംഗ്സ്), റോപ്വേകൾ, ആശയവിനിമയ സൗകര്യങ്ങൾ, പ്രസരണ ലൈനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം നടപടികൾ പദ്ധതിയുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും, പദ്ധതിയുടെ പ്രായോഗികക്ഷമത ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
* മത്സരാധിഷ്ഠിത സംഭരണ ചട്ടക്കൂട്:
താരിഫ്-അധിഷ്ഠിത മത്സര ലേലം (ടി.ബി.സി.ബി.) സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ 2025 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്തു. പി.എസ്.പി.കളിൽ നിന്ന് സംഭരണ ശേഷിയും സംഭരിച്ച ഊർജ്ജവും നേടിയെടുക്കുന്നതിനായി സുതാര്യവും ഏകീകൃതവുമായ ഒരു ചട്ടക്കൂട് ഇവ നൽകുന്നു.
* അന്തർ-സംസ്ഥാന പ്രസരണ സംവിധാന (ഐ.എസ്.ടി.എസ്.) നിരക്കുകളിൽ ഇളവ്:
2028 ജൂൺ 30-നകം നിർമ്മാണത്തിനായി അനുവദിക്കപ്പെടുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക്, ഐ.എസ്.ടി.എസ്. നിരക്കുകളിൽ 100% ഇളവ് ലഭിക്കാൻ അർഹതയുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നത് മുതൽ 25 വർഷത്തേക്കാണ് ഈ ഇളവ് ബാധകമാകുക. ഈ നടപടി പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ സാമ്പത്തിക ലാഭക്ഷമത ശക്തിപ്പെടുത്തുന്നു.
* പദ്ധതികൾക്ക് വേഗത്തിലുള്ള അംഗീകാരം:
പുതുക്കിയ സി.ഇ.എ. മാർഗ്ഗനിർദ്ദേശങ്ങൾ, വിശദ പദ്ധതി രൂപരേഖകൾക്ക് (ഡി.പി.ആർ.) അനുമതി ലഭിക്കുന്നതിനുള്ള സമയപരിധി കുറച്ചു. എല്ലാ പി.എസ്.പി. പദ്ധതികൾക്കും ഈ സമയപരിധി 90 ദിവസത്തിൽ നിന്ന് 50 ദിവസമായി ചുരുക്കി. കൂടാതെ, അന്തർ-സംസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ട അനുമതി നേടണമെന്ന നിബന്ധനയും ഒഴിവാക്കി. ഇത്തരം നടപടികൾ പദ്ധതികളുടെ വികസന പ്രക്രിയ വേഗത്തിലാക്കാൻ പിന്തുണയ്ക്കുന്നു.
* ലഘൂകരിച്ച പാരിസ്ഥിതിക വിലയിരുത്തൽ:
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പി.എസ്.പി.കൾക്കായി വ്യത്യസ്തമായ വിലയിരുത്തൽ വ്യവസ്ഥകൾ അവതരിപ്പിച്ചു. ബാധകമായ വ്യവസ്ഥകൾക്ക് കീഴിൽ യോഗ്യമായ പദ്ധതികൾക്ക് ബി 2 വർഗ്ഗീകരണ(പരിസ്ഥിതിയ്ക്ക് കുറഞ്ഞ ആഘാതം വരുത്തുന്ന പദ്ധതികളുടെ വിഭാഗം)ത്തിൽ നിന്ന് പ്രയോജനം നേടാം. പ്രധാന ജലധാരയ്ക്ക് പുറത്തുള്ള പദ്ധതികൾക്ക്, അടിസ്ഥാന വിവരങ്ങളുടെ ആവശ്യകത കുറവാണെന്നതും ഗുണകരമാണ്. നിയന്ത്രണപരമായ സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ, ഇത്തരം നടപടികൾ പാരിസ്ഥിതിക വിലയിരുത്തൽ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും.
* സർവേയും അന്വേഷണവും സുഗമമാക്കുന്നു:
വനഭൂമി സർവേ വ്യവസ്ഥകൾ വിപുലീകരിക്കുകയും പി.എസ്.പി.കൾക്കുള്ള ഭൂമി തുരന്നുള്ള (ബോർഹോൾ) പര്യവേക്ഷണ പരിധികൾ വർദ്ധിപ്പിക്കുകയും ചെയ്തു, സാങ്കേതികമായി ശക്തമായ വിശദ പദ്ധതി രൂപരേഖകൾ സമയബന്ധിതമായി തയ്യാറാക്കാൻ ഇത് സഹായിച്ചു.
* സംയോജിത ഗ്രിഡ്, പ്രസരണ ആസൂത്രണം:
ദേശീയ വൈദ്യുതി ആസൂത്രണം, ഊർജ്ജ സംഭരണവും പ്രസരണ വികസനവും സംയോജിപ്പിക്കുന്നു. ഈ സമീപനം പുനരുപയോഗ ഊർജ്ജ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നു, തടസ്സങ്ങൾ കുറയ്ക്കുകയും, ഗ്രിഡ് വിശ്വാസ്യത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 2025-26 നും 2035-36 നും ഇടയിൽ 100 ജി.ഡബ്ല്യു. പി.എസ്.പി. ശേഷി സംയോജിപ്പിക്കാൻ ഒരു കർമ്മപദ്ധതി വിഭാവനം ചെയ്യുന്നു.
* ഡിജിറ്റൽ പദ്ധതി അവലോകനം:
കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ ജൽ വിദ്യുത് ഡി.പി.ആർ. പോർട്ടൽ സർവേയും അന്വേഷണ പ്രവർത്തനങ്ങളും തത്സമയം നിരീക്ഷിക്കാൻ അവസരമൊരുക്കുന്നു. പദ്ധതി തയ്യാറാക്കുന്ന വേളയിൽ പങ്കാളികൾക്കിടയിൽ ഏകോപനം സാധ്യമാക്കുന്നു. ഈ ഡിജിറ്റൽ സമീപനം അനുമതികൾ ലഘൂകരിക്കാനും പി.എസ്.പി. വികസനം ത്വരിതപ്പെടുത്താനും സഹായിക്കുന്നു.
* സി.ഇ.എ.യുടെ അനുമതി ആവശ്യമുള്ള മൂലധന ചെലവ് പരിധി പുനഃപരിശോധിക്കൽ:
ജലവൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾക്ക്, സി.ഇ.എ.യുടെ അനുമതി ആവശ്യമുള്ള മൂലധന ചെലവ് പരിധി 3,000 കോടി രൂപയായി 2025 ഓഗസ്റ്റ് ഒന്നിലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഇന്ത്യാ ഗവണ്മെൻ്റ് പുതുക്കി നിശ്ചയിച്ചു. കൂടാതെ, മൂലധനച്ചെലവിൻ്റെ അളവ് എത്രയായാലും, ഓഫ് സ്ട്രീം ക്ലോസ്ഡ് ലൂപ്പ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളെ, കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അനുമതി നേടേണ്ട നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
നയപരമായ വ്യക്തത, സാമ്പത്തിക പിന്തുണ, ലഘൂകരിച്ച അനുമതി നടപടികൾ, മത്സരക്ഷമതയുള്ള സംഭരണം, സംയോജിത ഗ്രിഡ് ആസൂത്രണം എന്നിവ ഉൾപ്പെടുന്ന ഈ നടപടികൾ പി.എസ്.പി.കളുടെ ത്വരിത വികസനത്തിന് അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.
ഊർജ്ജ പരിവർത്തനത്തിലെ അടുത്ത അനിവാര്യത
2030-ഓടെ 500 ജി.ഡബ്ല്യു. ഫോസിൽ ഇതര വൈദ്യുതി ഉത്പാദന ശേഷി കൈവരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം, രാജ്യത്തെ വൈദ്യുതി മേഖലയിൽ ഒരു അടിസ്ഥാനപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. പുനരുപയോഗ ഊർജ്ജം കൂടുതൽ വലിയ പങ്ക് വഹിച്ചു തുടങ്ങുമ്പോൾ, ഊർജ്ജം സംഭരിച്ചുവെക്കാനും ആവശ്യാനുസരണം അത് വിനിയോഗിക്കാനുമുള്ള കഴിവ്, വിശ്വസനീയവും സന്തുലിതവുമായ ഒരു വൈദ്യുത സംവിധാനം നിലനിർത്തുന്നതിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുന്നു. വിപുലമായ ശ്രേണിയിലുള്ള ഊർജ്ജ സംവിധാന ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം, വലിയ തോതിലും ദീർഘകാലത്തേക്കും വൈദ്യുതോർജ്ജം സംഭരിച്ചുവെക്കാൻ കഴിയുന്ന പമ്പ് ചെയ്ത് സംഭരിച്ചുകൊണ്ടുള്ള ജല വൈദ്യുതി (പമ്പ്ഡ് സ്റ്റോറേജ് ഹൈഡ്രോപവർ) ഈ ആവശ്യകത നിറവേറ്റാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ്. ഏറ്റവുമുയർന്ന ആവശ്യകത കൈകാര്യം ചെയ്യുന്നതിലും ഉത്പാദന ഏറ്റക്കുറച്ചിലുണ്ടാകുന്ന പുനരുപയോഗ ഊർജ്ജത്തെ സംയോജിപ്പിക്കുന്നതിലും നിന്ന് ഗ്രിഡ് വഴക്കവും അതിജീവനശേഷിയും ശക്തിപ്പെടുത്തുന്നതുവരെയുള്ള തലത്തിലേക്ക് ഇതിൻ്റെ പങ്ക് വ്യാപിച്ചിരിക്കുന്നു. ശുദ്ധ ഊർജ്ജ ആവാസവ്യവസ്ഥ പരിണമിച്ചുകൊണ്ടിരിക്കെ, ഊർജ്ജ ഉത്പാദന-പ്രസരണ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ഊർജ്ജ സംഭരണ സംവിധാനങ്ങളെ ഫലപ്രദമായി വിന്യസിക്കുന്നത് കൂടുതൽ ശുദ്ധവും വഴക്കമുള്ളതും ഭാവിസജ്ജവുമായ ഒരു വൈദ്യുതി സംവിധാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമാകും.
അവലംബം:
Ministry of Power
· https://www.pib.gov.in/PressReleasePage.aspx?PRID=2286558&lang=1®=3&utm_source
· https://www.pib.gov.in/PressReleasePage.aspx?PRID=2286558&lang=1®=3
· https://www.pib.gov.in/PressReleasePage.aspx?PRID=2293896&lang=2®=48&utm_source
· https://www.pib.gov.in/PressReleasePage.aspx?PRID=2047047&lang=2®=48&utm_source
· https://www.pib.gov.in/PressReleasePage.aspx?PRID=2290015®=48&lang=2
Ministry of New and Renewable Energy
· https://mnre.gov.in/en/physical-progress/
· https://www.pib.gov.in/newsite/erelcontent.aspx?lang=2®=48&relid=293063&utm_source
Central Electricity Authority
National Thermal Power Corporation Limited
- https://ntpc.co.in/media/employee-blog/role-water-batteries-energy-transition-and-green-energy-integration-india?utm_source
International Renewable Energy Agency
Click here for pdf file
***