ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

അന്താരാഷ്ട്ര ലീഗല്‍ മെട്രോളജി കമ്മിറ്റി യോഗത്തിന് ആദ്യമായി ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ; 61-ാമത് യോഗം ഒക്ടോബര്‍ 26 മുതല്‍ 28 വരെ ന്യൂഡല്‍ഹിയില്‍

പോസ്റ്റഡ് ഓണ്‍: 19 OCT 2026 11:26AM by PIB Thiruvananthpuram
അന്താരാഷ്ട്ര ലീഗല്‍ മെട്രോളജി കമ്മിറ്റി (സിഐഎംഎല്‍) യോഗത്തിന് ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കും. 2026 ഒക്ടോബര്‍ 26 മുതല്‍ 28 വരെ ന്യൂഡല്‍ഹിയിലാണ് 61-ാമത്  യോഗം ചേരുന്നത്. അന്താരാഷ്ട്ര ലീഗല്‍ മെട്രോളജി ഓര്‍ഗനൈസേഷനുമായി  സഹകരിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃകാര്യ വകുപ്പാണ് യോഗം സംഘടിപ്പിക്കുന്നത്.

അന്താരാഷ്ട്ര ലീഗല്‍ മെട്രോളജി സംഘടന (ഒഐഎംഎല്‍) അംഗരാജ്യങ്ങള്‍, കറസ്‌പോണ്ടിങ്  അംഗരാജ്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലേറെ അന്താരാഷ്ട്ര പ്രതിനിധികളും ലീഗല്‍ മെട്രോളജി വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും. അന്താരാഷ്ട്ര സഹകരണം, അളവുതൂക്ക മാനദണ്ഡങ്ങളുടെ ഏകീകരണം, സുതാര്യമായ വ്യാപാരം, ഉപഭോക്തൃ സംരക്ഷണം എന്നിവയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലാണ് യോഗത്തിന്റെ ആതിഥേയത്വം.


ഒഐഎംഎല്‍ നയരൂപീകരണ ശില്പശാലയും അന്താരാഷ്ട്ര സെമിനാറും

'ലീഗല്‍ മെട്രോളജിയിലെ പരിണാമങ്ങള്‍' എന്ന വിഷയത്തില്‍ 2026 ഒക്ടോബര്‍ 26-ന് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കും. ലീഗല്‍ മെട്രോളജി സംവിധാനങ്ങളുടെ ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ വിദഗ്ധരുടെ അനുഭവങ്ങളും മികച്ച മാതൃകകളും പങ്കുവെക്കാന്‍  സെമിനാര്‍ വേദിയൊരുക്കും. നിയന്ത്രണ സേവനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം, അളവുതൂക്ക ഉപകരണങ്ങളുടെ അന്താരാഷ്ട്ര ഏകീകരണവും അംഗീകാരവും, ഇ-ലേണിങ് സംവിധാനങ്ങള്‍, ലീഗല്‍ മെട്രോളജി ഭരണനിര്‍വഹണത്തിലെ നൂതന സമീപനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചകളുടെ ഭാഗമാകും.  

സംഘടനയുടെ ഭാവി നയരൂപീകരണത്തെയും മുന്‍ഗണനകളെയും കുറിച്ച് അംഗരാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര വിദഗ്ധര്‍ക്കും ചര്‍ച്ച ചെയ്യാന്‍ വേദിയൊരുക്കി ഒക്ടോബര്‍ 27-ന് 'ഒഐഎംഎല്‍ നയരൂപീകരണ ശില്പശാല' സംഘടിപ്പിക്കും. പുതിയ വെല്ലുവിളികള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, അന്താരാഷ്ട്ര സഹകരണം, ആഗോള ലീഗല്‍ മെട്രോളജി സംവിധാനങ്ങളുടെ മാറുന്ന ആവശ്യകതകള്‍ എന്നിവ ചര്‍ച്ചയാകും.


പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍

മൂന്ന് ദിവസത്തെ പരിപാടിയില്‍ അന്താരാഷ്ട്ര നിര്‍ദേശങ്ങളുടെ രൂപീകരണവും പരിഷ്‌കരണവും, ഒഐഎംഎല്ലിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍, ഒഐഎംഎല്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനം,  ഡിജിറ്റല്‍ പരിവര്‍ത്തനം, ശേഷി വികസനം, അന്താരാഷ്ട്ര സഹകരണം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങള്‍ അന്താരാഷ്ട്ര ലീഗല്‍ മെട്രോളജി കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ച ചെയ്യും.


പങ്കെടുക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ സാങ്കേതിക അറിവുകളും അനുഭവങ്ങളും കൈമാറാനും അളവുതൂക്ക സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്ക് യോഗം കരുത്തേകും.


60-ാമത് അന്താരാഷ്ട്ര ലീഗല്‍ മെട്രോളജി കമ്മിറ്റി യോഗം 2025 ഒക്ടോബര്‍ 13, 15 തീയതികളില്‍ ഫ്രാന്‍സിലെ പാരീസിലാണ് ചേര്‍ന്നത്. 55 അംഗരാജ്യങ്ങളുടെ പ്രതിനിധികളും 12 കറസ്‌പോണ്ടിങ് അംഗങ്ങളും അഞ്ച് അനുബന്ധ സംഘടനകളും പങ്കെടുത്തു. ഓട്ടോമേറ്റഡ് റിഫ്രാക്‌റ്റോമീറ്ററുകള്‍, തൂക്കക്കട്ടികള്‍, ട്രാഫിക് സ്പീഡ് മീറ്ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രസിദ്ധീകരണങ്ങള്‍ക്ക് അംഗീകാരം നല്‍കിയതും ഒഐഎംഎല്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനം, ഡിജിറ്റല്‍വല്‍ക്കരണം, അന്താരാഷ്ട്ര സഹകരണം എന്നിവയിലെ ചര്‍ച്ചകളുമായിരുന്നു യോഗത്തിലെ പ്രധാന നേട്ടങ്ങള്‍.


ആഗോള ലീഗല്‍ മെട്രോളജി രംഗത്ത് ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നു  

ലീഗല്‍ മെട്രോളജി രംഗത്ത് രാജ്യം കൈവരിച്ച പരിഷ്‌കാരങ്ങളും പുരോഗതിയും അന്താരാഷ്ട്ര വേദിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള മികച്ച അവസരമാണ് 61-ാമത് അന്താരാഷ്ട്ര ലീഗല്‍ മെട്രോളജി കമ്മിറ്റി യോഗം ഇന്ത്യക്ക് നല്‍കുന്നത്.  ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കി നിയമവ്യവസ്ഥ ആധുനികവല്‍ക്കരിക്കാനും  നിയമപാലനം ലളിതവല്‍ക്കരിക്കാനും വിശ്വാസ്യതയിലധിഷ്ഠിതമായ നിയന്ത്രണ സംവിധാനം നടപ്പാക്കാനും വ്യാപാര സൗഹൃദ അന്തരീക്ഷം ഉറപ്പാക്കാനും  ലക്ഷ്യമിട്ട് നിരവധി നടപടികളാണ് ഉപഭോക്തൃകാര്യ വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.  


ഫ്രാന്‍സ്, ജര്‍മനി, യുകെ, ജപ്പാന്‍, ചൈന, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ ഒഐഎംഎല്‍ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കറസ്‌പോണ്ടിങ് അംഗങ്ങളുടെയും അനുബന്ധ അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളും പങ്കെടുക്കും.


വൈവിധ്യമാര്‍ന്ന ഈ പങ്കാളിത്തം അനുഭവങ്ങളും മികച്ച മാതൃകകളും പങ്കുവെക്കാനും ലീഗല്‍ മെട്രോളജി രംഗത്തെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും അവസരമൊരുക്കും. വികസിത് ഭാരത് 2047 എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കുന്നതിനൊപ്പം വിശ്വാസ്യതയാര്‍ന്ന അളവുതൂക്ക സംവിധാനങ്ങള്‍, സുതാര്യമായ വ്യാപാരം, സാങ്കേതിക നൂതനാശയങ്ങള്‍, ഉപഭോക്തൃ വിശ്വാസം എന്നിവ സംബന്ധിച്ച ആഗോള ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുന്നതാണ് യോഗവും ഒഐഎംഎല്‍ ശില്‍പ്പശാലയും സെമിനാറും.


വ്യവസായ മേഖലയ്ക്കും ഉപഭോക്താക്കള്‍ക്കും നേട്ടങ്ങള്‍

അന്താരാഷ്ട്ര അളവുതൂക്ക മാനദണ്ഡങ്ങള്‍, ഗുണനിലവാര മാനദണ്ഡ വ്യവസ്ഥകള്‍,  ഒഐഎംഎല്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക്  യോഗം വലിയ നേട്ടമുണ്ടാക്കും. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ വികസിപ്പിക്കാനും ആഗോള വിപണി പ്രവേശനം സുഗമമാക്കാനും  ഇത് സഹായകമാകും.

അളവുതൂക്ക മാനദണ്ഡങ്ങളിലെ അന്താരാഷ്ട്ര ഏകീകരണം വ്യാപാരത്തിലെ സാങ്കേതിക തടസ്സങ്ങള്‍ കുറയ്ക്കാനും പരിശോധനകളിലും സര്‍ട്ടിഫിക്കേഷനുകളിലും ഇരട്ടിപ്പ് ഒഴിവാക്കാനും സഹായിക്കും. വിനിമയങ്ങളിലെ സുതാര്യത ഉറപ്പാക്കാനും കൃത്യമായ അളവുകള്‍ ബോധ്യപ്പെടാനും ഉല്പന്നങ്ങളിലും സേവനങ്ങളിലും വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം  കൃത്യവും വിശ്വസനീയവുമായ അളവുതൂക്ക സംവിധാനങ്ങള്‍ അത്യന്താപേക്ഷിതമാണ്.
നിയന്ത്രണ പരിഷ്‌കാരങ്ങള്‍, ഡിജിറ്റല്‍വല്‍ക്കരണം, വ്യാപാര സൗഹൃദ അന്തരീക്ഷമൊരുക്കല്‍ എന്നിവയിലെ അനുഭവങ്ങള്‍ പങ്കിടാനും ആധുനികവും കാര്യക്ഷമവുമായ ലീഗല്‍ മെട്രോളജി സംവിധാനങ്ങള്‍ക്കായി അന്താരാഷ്ട്ര ചര്‍ച്ചകളില്‍ സംഭാവന നല്‍കാനും പരിപാടി ഇന്ത്യക്ക് അവസരം നല്‍കും.


ലീഗല്‍ മെട്രോളജി രംഗത്തെ അന്താരാഷ്ട്ര സഹകരണം

ലീഗല്‍ മെട്രോളജി നടപടിക്രമങ്ങളുടെ ആഗോള ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിന് 1955-ല്‍ സ്ഥാപിതമായ  അന്താരാഷ്ട്ര  സംഘടനയാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ലീഗല്‍ മെട്രോളജി. വ്യാപാരം, വ്യവസായം, ആരോഗ്യപരിപാലനം, സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങളുടെ അന്താരാഷ്ട്ര നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും അനുബന്ധ രേഖകളും തയ്യാറാക്കുന്നത് ഒഐഎംഎല്‍ ആണ്.


ഒഐഎംഎല്ലിന്റെ സാങ്കേതിക, ഭരണനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രധാന തീരുമാനമെടുക്കല്‍ സമിതിയാണ് അന്താരാഷ്ട്ര ലീഗല്‍ മെട്രോളജി കമ്മിറ്റി.  നയപരമായ കാര്യങ്ങള്‍, സാങ്കേതിക വികസനം, അന്താരാഷ്ട്ര സഹകരണം എന്നിവയിലെ ചര്‍ച്ചകളുടെ ആഗോള വേദിയാണ് ഇതിന്റെ വാര്‍ഷിക യോഗം.


61-ാമത് അന്താരാഷ്ട്ര ലീഗല്‍ മെട്രോളജി കമ്മിറ്റി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത് അന്താരാഷ്ട്ര സഹകരണത്തോടും ഏകീകൃത അളവുതൂക്ക മാനദണ്ഡങ്ങളുടെ വികസനത്തോടും ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധത വ്യക്തമാക്കുന്നു.  
 

***


( റിലീസ് ഐ.ഡി: 2325097) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: Urdu , English , हिन्दी , Bengali , Punjabi , Gujarati , Tamil , Kannada