ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം ഗോത്ര ഭാഷാ പ്രവർത്തനസമിതിയുടെ പ്രഥമയോഗം ചേർന്നു

പോസ്റ്റഡ് ഓണ്‍: 15 OCT 2026 10:44AM by PIB Thiruvananthpuram
ഗോത്ര ഭാഷകൾക്കായുള്ള പ്രവർത്തനസമിതിയുടെ പ്രഥമ യോഗം ഓൺലൈൻ-ഓഫ്‌ലൈൻ (ഹൈബ്രിഡ്) ശിൽപ്പശാലയുടെ രീതിയിൽ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം ഇന്ന് സംഘടിപ്പിച്ചു. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീമതി രഞ്ജന ചോപ്ര യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഭാഷാ സമിതി ചെയർമാൻ പത്മശ്രീ ചാമു കൃഷ്ണ ശാസ്ത്രി, സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ.കെ.ശ്രീനിവാസ റാവു എന്നിവരുൾപ്പെടെ രാജ്യത്തുടനീളമുള്ള പ്രമുഖ ഭാഷാശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, ഗവേഷകർ, സമൂഹ ഭാഷാ പരിശീലകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (സി.ഐ.ഐ.എൽ) ഡൽഹി, ധാർവാഡ്, കാൺപൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി)കൾ, തേജ്പൂർ സർവകലാശാല, മണിപ്പൂർ സർവകലാശാല, അസം സർവകലാശാല, സിക്കിം സർവകലാശാല, ലിവിംഗ് ടങ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻഡേഞ്ചേർഡ് ലാംഗ്വേജസ്, കൗൺസിൽ ഫോർ ഡൈവേഴ്‌സിറ്റി ആൻഡ് ഇന്നൊവേഷൻ (കോഡിൻ/സി.ഒ.ഡി.ഐ.എൻ), ഭാഷാ സമിതി തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിലെ  അംഗങ്ങളെ ഉൾപ്പെടുത്തിയാണ് മന്ത്രാലയം ഈ പ്രവർത്തനസമിതി രൂപവത്കരിച്ചത്. രാജ്യത്തുടനീളമുള്ള ഗോത്ര ഭാഷകളുടെ രേഖാവത്കരണം, സംരക്ഷണം, ഗവേഷണം, പ്രോത്സാഹനം എന്നിവയ്ക്കായുള്ള ശ്രമങ്ങൾക്ക് പ്രവർത്തനസമിതി നേതൃത്വം നൽകും.

ഭാഷാ സംരക്ഷണത്തിലും സമൂഹ പങ്കാളിത്തത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക:

ഗോത്ര സമൂഹങ്ങൾക്കിടയിൽ ക്ഷേമ സംരംഭങ്ങളുടെ വ്യാപനം മെച്ചപ്പെടുത്തുന്നതിലും ഫലപ്രദമായി നടപ്പിലാക്കുന്നതിലും ഭാഷയുടെ പ്രാധാന്യം യോഗത്തിൽ സംസാരിച്ച കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീമതി രഞ്ജന ചോപ്ര എടുത്തുപറഞ്ഞു.

ഭരണകർത്താക്കൾക്കും ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കുമായി ഒരു വിവർത്തന സഹായിയായി ആരംഭിച്ച 'ആദി വാണിക്ക് ', ഭാഷാ ശേഖരങ്ങൾ, പ്രാഥമിക പഠനസഹായികൾ , നിഘണ്ടുക്കൾ, സാമൂഹിക കഥകൾ എന്നിവ സമന്വയിപ്പിക്കുന്ന ഒരു സമഗ്ര ഭാഷാ സംഭരണിയായി പരിണമിക്കാൻ കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ബാല്യ കാലത്തെ  പഠന വിടവുകൾ പരിഹരിക്കുന്നതിൽ മാതൃഭാഷാധിഷ്ഠിത ബഹുഭാഷാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അവർ ഊന്നിപ്പറഞ്ഞു. കൂടാതെ, വിവിധ സ്ഥാപനങ്ങളും പണ്ഡിതന്മാരും ഇതിനകം നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ ഒരു പൊതു പ്ലാറ്റ്ഫോമിൽ ഏകോപിപ്പിക്കണമെന്നും, അതുവഴി ഒരേ കാര്യത്തിനായി വീണ്ടും പരിശ്രമങ്ങൾ നടത്തുന്ന സാഹചര്യം  ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഗോത്രഭാഷാ രേഖാവത്കരണത്തിനുള്ള കർമ്മപദ്ധതി:

 ഗോത്രസമൂഹങ്ങൾക്കിടയിലുള്ള സമ്പന്നമായ ഭാഷാ വൈവിധ്യത്തെക്കുറിച്ചും അവരുടെ ഭാഷകൾ ലിഖിതരൂപത്തിലാക്കി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ സംരംഭത്തിന്റെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ട് ജോയിന്റ് സെക്രട്ടറി എടുത്തുപറഞ്ഞു.
ഗോത്രഭാഷകളുടെ ദേശീയ അടിസ്ഥാനരേഖ, ഗവേഷണവും പഠനസൗകര്യങ്ങളും, ഡിജിറ്റൽ രേഖാവത്കരണ(ഡോക്യുമെന്റേഷൻ)വും ഭാഷാ സാങ്കേതികവിദ്യയും, വാമൊഴി പാരമ്പര്യങ്ങളെയും സാംസ്‌കാരിക വിഭവങ്ങളെയും കുറിച്ചുള്ള സമൂഹ്യാധിഷ്ഠിത രേഖാവത്കരണം, ബഹുഭാഷാ വിദ്യാഭ്യാസവും പഠന സാമഗ്രികളും, കൂടാതെ ഗോത്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർവകലാശാലകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള പങ്കാളിത്തം തുടങ്ങിയവ ഉൾക്കൊള്ളുന്ന, പ്രവർത്തനസമിതിയ്ക്കായുള്ള നിർദ്ദിഷ്ട ചട്ടക്കൂട് അദ്ദേഹം വിശദീകരിച്ചു.


ആദി വാണി: ഗോത്രഭാഷകൾക്കായുള്ള ദേശീയ ശേഖരം കെട്ടിപ്പടുക്കുന്നു:

കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഡൽഹി ഐ.ഐ.ടി വികസിപ്പിച്ചെടുത്ത 'ആദി വാണി'യുടെ പുരോഗതി ഈ യോഗം അവലോകനം ചെയ്തു. ഒമ്പത് ഗോത്രഭാഷകളിൽ വാക്യാനുവാക്യ (ടെക്സ്റ്റ്-ടു-ടെക്സ്റ്റ്) വിവർത്തന സൗകര്യം നൽകുന്ന ഈ പ്ലാറ്റ്ഫോമിൽ, സംസാരഭാഷാ വിവർത്തനം, ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്‌നിഷൻ (ഒ.സി.ആർ), വീഡിയോകൾക്ക് സബ്‌ടൈറ്റിലുകൾ നൽകൽ തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്. ടി.ആർ.ഐ.കൾ തയ്യാറാക്കിയ 300-ലധികം പ്രാഥമിക പഠനസഹായികളിലേക്ക് തിരയാവുന്ന അഭിഗമ്യതയും ഇത് നൽകുന്നു. പത്ത് ഭാഷകളിലായി ഏകദേശം 13.9 ലക്ഷം പാഠഭാഗ വാചകങ്ങളും ഏകദേശം 300 മണിക്കൂർ സ്പീച്ച് ഡാറ്റയും  സംസ്ഥാന ടി.ആർ.ഐ.കൾ സംഭാവന ചെയ്തിട്ടുണ്ട്. 48,000-ത്തിലധികം ആൻഡ്രോയിഡ് ഡൗൺലോഡുകളും ഏകദേശം 6,500 പ്രതിമാസ ഉപയോക്താക്കളും പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാറ്റാസെറ്റുകളുടെ ഭാഷാപരമായ മൂല്യനിർണ്ണയം, അക്ഷരവിന്യാസത്തിന്റെയും എഴുത്തുരീതിയുടെയും ഏകീകരണം, ആസൂത്രിത പരീക്ഷണ പദ്ധതികൾക്ക് വേണ്ടിയുള്ള പ്രത്യേകമേഖലാ നിർദിഷ്ട പദാവലി എന്നിവയിൽ ഐ.ഐ.ടി. ഡൽഹി, പ്രവർത്തന സമിതിയുടെ പിന്തുണ തേടി.

ഇന്ത്യൻ ഭാഷകളുടെ വികസനത്തിനായുള്ള ഏഴ് തൂണുകൾ:
ഭാഷാ സമിതി ചെയർമാൻ പത്മശ്രീ ചാമു കൃഷ്ണ ശാസ്ത്രി, ഏതൊരു ഇന്ത്യൻ ഭാഷയുടെയും വികസനത്തിന് അത്യന്താപേക്ഷിതമായ ഏഴ് തൂണുകളെക്കുറിച്ച് വിശദീകരിച്ചു: മാതൃഭാഷ കൈകാര്യം ചെയ്യുന്നവരിൽ നിലനിൽക്കുന്ന പ്രാവീണ്യം; വിദ്യാഭ്യാസം, ഭരണനിർവ്വഹണം, ആശയവിനിമയം, വിനോദം എന്നീ മേഖലകളിലെ ഭാഷാ ഉപയോഗം; സമകാലിക സാഹിത്യവും വിജ്ഞാനപരമായ ഉള്ളടക്കവും; മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് നിരന്തരമായി പുതിയ പദങ്ങൾ രൂപപ്പെടുത്തൽ; സാങ്കേതികവിദ്യയുടെ സ്വീകരണം; ഓൺലൈനായും ഓഫ്ലൈനായും ലഭ്യമായ പഠന-അധ്യാപന സാമഗ്രികളും സംവിധാനങ്ങളും; കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, പൊതുസമൂഹം എന്നിവയിൽ നിന്നുള്ള പിന്തുണ എന്നിവയാണവ. ഭാഷാ വികസനത്തിനായുള്ള എല്ലാ പരിശ്രമങ്ങളിലും പ്രഭാഷകർ കേന്ദ്രസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയിലെ എല്ലാ മാതൃഭാഷകളും ദേശീയ ഭാഷകളാണെന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട്, ഒരു ഭാഷയെയും ചെറുതായോ വലുതായോ കണക്കാക്കരുതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വൈവിധ്യം സൗന്ദര്യവും ഐക്യം ശക്തിയുമാകുന്ന ഏക ഭാരതം, ശ്രേഷ്ഠ ഭാരതം(ഏക് ഭാരത് ശ്രേഷ്ഠ ഭാരത്) എന്ന ആശയത്തിന്റെ ആത്മാവുൾക്കൊണ്ട്, ഭാഷാപരമായ വൈവിധ്യത്തെ ആഘോഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കൂടാതെ, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർക്കിടയിൽ പരസ്പര അടുപ്പവും ബഹുമാനവും വളർത്താൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭാഷാ സമിതി, കേന്ദ്ര-സംസ്ഥാന ഗോത്രവർഗ്ഗ സർവ്വകലാശാലകൾ, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐ.സി.എസ്.എസ്.ആർ), 38 ഗോത്രവർഗ്ഗ പഠന പദ്ധതികൾക്ക് പിന്തുണ നൽകിയിട്ടുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഐ.കെ.എസ് വിഭാഗം എന്നിവ തമ്മിൽ സഹകരണം വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ശ്രദ്ധാകേന്ദ്രീകൃതമായ പ്രവർത്തനങ്ങൾക്കായി മുൻഗണനാ മേഖലകൾ കണ്ടെത്തണമെന്ന് അദ്ദേഹം പ്രവർത്തനസമിതിയോട് ആവശ്യപ്പെട്ടു.

രേഖപ്പെടുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പദ്ധതി:
സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ. കെ. ശ്രീനിവാസ റാവു, ഗോത്രഭാഷകൾ രേഖപ്പെടുത്തുന്നതിനും അവയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഒരു പദ്ധതി അവതരിപ്പിച്ചു. ഈ നിർദ്ദേശങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
എഴുത്തുകാർ, പണ്ഡിതർ, ഭാഷാപരമായ വിഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള, സംസ്ഥാനം തിരിച്ചും ഭാഷ തിരിച്ചും ക്രമീകരിച്ചിട്ടുള്ള വിവരങ്ങൾ അടങ്ങിയ, തിരയാൻ സൗകര്യമുള്ള ഒരു ദേശീയ ഡാറ്റാബേസ്; പരിശീലനം ലഭിച്ച ഗോത്രവർഗ യുവാക്കളെ ഗവേഷകരായി ഉൾപ്പെടുത്തിക്കൊണ്ടുള്ള ജില്ലാതല സാമൂഹിക വിഭവ സംഘ (കമ്മ്യൂണിറ്റി റിസോഴ്‌സ് ഗ്രൂപ്പ്)ങ്ങൾ; നിലവിലുള്ള ഗോത്രഭാഷാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കൽ; 'ആദി വാണി' പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുന്ന കമ്മ്യൂണിറ്റി ഡിജിറ്റൽ ആർക്കൈവുകൾ; കൂടാതെ, ഓരോ മൂന്നു മാസത്തിലും അവലോകനം ചെയ്യുന്ന, രണ്ടു വർഷം നീണ്ടുനിൽക്കുന്ന ഒരു കർമ്മപദ്ധതി.
'വികസിത ഭാരതം' എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി, ഗോത്രവർഗ സമൂഹങ്ങൾ സ്വന്തം ഭാഷാ വിഭവങ്ങൾ സജീവമായി സൃഷ്ടിക്കുകയും അവയിലേക്ക് സംഭാവന നൽകുകയും വേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സ്ഥാപനപര സഹകരണവും ഭാഷാ സാങ്കേതികവിദ്യയും:
ഭാഷകൾക്ക് മുൻഗണന നൽകുന്നത് ഘട്ടംഘട്ടമായി നടപ്പിലാക്കണമെന്നും, കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിലുള്ള സംഘങ്ങൾ രൂപീകരിക്കണമെന്നും, സ്ഥാപനങ്ങൾക്കും വ്യക്തിഗത ഗവേഷകർക്കും വിവരങ്ങൾ സംഭാവന ചെയ്യാൻ കഴിയുന്ന ഒരു പൊതു ശേഖരം വികസിപ്പിക്കണമെന്നും  മൈസൂരുവിലെ സി.ഐ.ഐ.എൽ ഡയറക്ടർ പ്രൊഫ. ബസവരാജ് കുഡഗോന്തി നിർദ്ദേശിച്ചു. സമൂഹങ്ങൾ, വിദ്യാലയങ്ങൾ, സർവകലാശാലകൾ എന്നിവ തമ്മിലുള്ള ത്രിതല പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ സി.ഐ.ഐ.എൽ മുൻ ഡയറക്ടർ പ്രൊഫ. ശൈലേന്ദ്ര മോഹൻ, എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഗോത്രഭാഷകളുടെയും മാതൃഭാഷകളുടെയും ഒരു അറ്റ്ലസ് തയ്യാറാക്കാൻ നിർദ്ദേശിച്ചു.


വിദ്യാഭ്യാസത്തിൽ ഗോത്രഭാഷകളെ ഉൾച്ചേർക്കൽ:
1.7 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന, 525-ലധികം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾക്ക് (ഇ.എം.ആർ.എസ്) ഈ പ്ലാറ്റ്ഫോം ക്ലാസ് മുറികളിൽ ഉപയോഗിക്കാൻ കഴിയുമെന്ന് 'നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സ്' (എൻ.ഇ.എസ്.ടി.എസ്) പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഈ ദേശീയ വിജ്ഞാന ശേഖരത്തെ കൂടുതൽ സമ്പന്നമാക്കുന്നതിനായി കഥകൾ, കവിതകൾ, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ സംഭാവന ചെയ്യാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയുമെന്നും അവർ വ്യക്തമാക്കി.

യോഗം ഉപസംഹരിച്ചുകൊണ്ട്, തങ്ങൾ പ്രവർത്തിച്ചിട്ടുള്ള ഭാഷകളെക്കുറിച്ചുള്ള വിവരങ്ങളും കൈവശമുള്ള ഭാഷാപരവിഭവങ്ങളും പങ്കുവെക്കാൻ ശ്രീമതി രഞ്ജന ചോപ്ര അംഗങ്ങളോട് അഭ്യർത്ഥിച്ചു. ഐ.ഐ.ടി ഡൽഹിയുമായി ഏകോപിപ്പിച്ചുകൊണ്ട് ഈ വിവരങ്ങളും വിഭവങ്ങളും അതുവഴി പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. അജണ്ടയിലുള്ള കാര്യങ്ങൾ മന്ത്രാലയം എല്ലാവർക്കും കൈമാറുമെന്നും, തുടർപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു രൂപരേഖ തയ്യാറാക്കുമെന്നും അവർ അറിയിച്ചു.സമൂഹങ്ങളുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ഭാഷാ വിഭവങ്ങളുടെ ഉടമസ്ഥാവകാശം ആ സമൂഹങ്ങളുടെ ഉടമസ്ഥതയിൽ തന്നെ തുടരണമെന്ന് അവർ ഊന്നിപ്പറഞ്ഞു.

ഭാഷാപരമായ ഗവേഷണം, സാങ്കേതികവിദ്യ, വിദ്യാഭ്യാസ വിഭവങ്ങൾ, സമൂഹ നേതൃത്വത്തിലുള്ള സംരംഭങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ദേശീയ വേദിയായി 'ആദി വാണി'യെ വിഭാവനം ചെയ്തുകൊണ്ട്, ഗോത്രഭാഷകളുടെ രേഖാവത്കരണം, ഡിജിറ്റൽ സംരക്ഷണം, പ്രോത്സാഹനം എന്നിവയ്ക്കായുള്ള ഏകോപിത ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പായി ഈ യോഗം മാറി.
                                   *****

( റിലീസ് ഐ.ഡി: 2323782) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Tamil , Kannada