ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
ദക്ഷിണ ഇന്ത്യൻ മഹാസമുദ്ര മത്സ്യബന്ധന കരാറില് (SIOFA) ഇന്ത്യ ചേരുന്നതിന് കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരം
പോസ്റ്റഡ് ഓണ്:
14 OCT 2026 5:18PM by PIB Thiruvananthpuram
ആഗോള മത്സ്യബന്ധന ഭരണനിർവഹണത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്ന തന്ത്രപ്രധാനമായ ചുവടുവെപ്പായി ദക്ഷിണ ഇന്ത്യൻ മഹാസമുദ്ര മത്സ്യബന്ധന കരാറില് (SIOFA) ഇന്ത്യ അംഗമാകുന്നതിന് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നൽകി. 2025 ഡിസംബറിൽ കേന്ദ്ര ഗവണ്മെന്റ് പുറത്തിറക്കിയ 'അന്താരാഷ്ട്ര സമുദ്ര മത്സ്യബന്ധന മാർഗനിർദേശങ്ങൾക്ക്' പിന്നാലെയുള്ള ഈ നീക്കം അന്താരാഷ്ട്ര സമുദ്രമേഖലയിലേക്ക് ഇന്ത്യയുടെ മത്സ്യബന്ധന കപ്പലുകളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന് പ്രാദേശിക ചട്ടക്കൂട് നൽകും. തന്ത്രപ്രധാന താല്പര്യങ്ങൾ സംരക്ഷിക്കാനും സാമ്പത്തിക അവസരങ്ങൾ വിപുലീകരിക്കാനും കരാര് ചട്ടക്കൂടിന് കീഴിലെ ഉയർന്ന മൂല്യമുള്ള സമുദ്രവിഭവങ്ങൾ സുസ്ഥിരമായി ശേഖരിക്കുന്നതിന് നിയമാനുസൃത അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനും ഇതിലൂടെ ഇന്ത്യക്ക് സാധിക്കും. കൂടാതെ അന്താരാഷ്ട്ര സമുദ്രമേഖലയിൽ രാജ്യത്തിന്റെ സാന്നിധ്യമുറപ്പാക്കാനും ദേശീയ സാമ്പത്തിക, ശാസ്ത്ര, തന്ത്രപ്രധാന മുൻഗണനകൾക്കനുസൃതമായി ഇന്ത്യയുടെ സമുദ്ര സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും ഇത് വഴിയൊരുക്കും.
ദക്ഷിണ ഇന്ത്യൻ മഹാസമുദ്ര മത്സ്യബന്ധന കരാറില് ചേരുന്നതോടെ ഇന്ത്യൻ പതാക വഹിക്കുന്ന മത്സ്യബന്ധന കപ്പലുകൾക്കും സംരംഭങ്ങൾക്കും കരാറിന്റെ അധികാരപരിധിയിലെ കണവ, ടൂത്ത്ഫിഷ്, അൽഫോൻസിനോ തുടങ്ങിയ ദേശാടന സ്വഭാവമില്ലാത്ത മത്സ്യസമ്പത്ത് നിയമാനുസൃതമായി പിടിക്കാൻ അനുമതി ലഭിക്കും.
കരാറിലെ അംഗത്വം വഴി മറ്റ് അംഗരാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യക്ക് സാധിക്കും. ആഴക്കടൽ വിഭവങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനവും അവയുടെ സുസ്ഥിരമായ ഉപയോഗവും, വിഭവങ്ങളുടെ ലഭ്യത വിലയിരുത്തൽ, അനധികൃതവും നിയന്ത്രണവിധേയമല്ലാത്തതുമായ മത്സ്യബന്ധനം തടയൽ തുടങ്ങിയ കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് വഴിയൊരുക്കും.
കരാറിന് കീഴിൽ അംഗീകരിക്കപ്പെട്ടതും നടപ്പാക്കാനിരിക്കുന്നതുമായ 'ഹൈ സീസ് ബോർഡിംഗ് ആൻഡ് ഇൻസ്പെക്ഷൻ' പദ്ധതിയിലെ സജീവ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ പ്രാദേശിക തന്ത്രപ്രധാന മുൻഗണനകൾ മുന്നോട്ടുകൊണ്ടുപോകാനും ദേശീയ തീരദേശ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താനും അംഗത്വം സഹായിക്കും.
നിലവിൽ ഈ കരാറില് 'സഹകരിക്കുന്ന കരാറിതര കക്ഷി' എന്ന പദവി മാത്രമാണ് ഇന്ത്യയുടേത്. അതിനാല് ശാസ്ത്രീയ സമിതി, കംപ്ലയൻസ് കമ്മിറ്റി തുടങ്ങിയ പ്രധാന സമിതികൾ ഉൾപ്പെടെ സംവിധാനങ്ങളിലെ തീരുമാനങ്ങളെടുക്കുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തം പരിമിതമാണ്. പൂർണ കരാർ കക്ഷിയായി മാറുന്നതോടെ ഈ സമിതികളിൽ പൂർണമായി പങ്കെടുക്കാനും ശാസ്ത്രീയ വിവരങ്ങൾ, ഗവേഷണ പരിപാടികൾ, മത്സ്യസമ്പത്ത് വിലയിരുത്തലുകൾ എന്നിവ നേടാനും ഇന്ത്യയ്ക്ക് സാധിക്കും. ഇത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കും സംരംഭകർക്കും പുതിയ മത്സ്യബന്ധന അവസരങ്ങൾ തുറന്നുനൽകും. കരാര് ബാധകമായ മേഖലയിൽ സുസ്ഥിര മത്സ്യബന്ധന രീതികൾ നടപ്പാക്കുന്നതിലൂടെ സമുദ്രവിഭവങ്ങൾ സംരക്ഷിക്കാനും അവ ദീർഘകാലത്തേക്ക് നിലനിർത്താനും ഇന്ത്യൻ മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ഉപജീവനത്തെ പിന്തുണയ്ക്കാനും ഇന്ത്യയുടെ സജീവ ഇടപെടലുകൾക്ക് സാധിക്കും.
പശ്ചാത്തലം:
ലോക സമുദ്രങ്ങളുടെ ഏകദേശം 65 ശതമാനവും അന്താരാഷ്ട്ര സമുദ്രമേഖലയാണ്. നിലവിൽ ചൈന (21%), തായ്വാൻ (13%), ജപ്പാൻ (11%), ദക്ഷിണ കൊറിയ (11%), സ്പെയിൻ (8%) എന്നീ അഞ്ച് രാജ്യങ്ങൾ/ മേഖലകളാണ് ഇവിടെ ആധിപത്യം പുലർത്തുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ രണ്ട് പ്രധാന പ്രാദേശിക മത്സ്യബന്ധന പരിപാലന സംഘടനകളുണ്ട് - ഇന്ത്യൻ മഹാസമുദ്ര ട്യൂണ കമ്മീഷനും (IOTC) ദക്ഷിണ ഇന്ത്യൻ മഹാസമുദ്ര മത്സ്യബന്ധന കരാറും (SIOFA). ഉയർന്ന ദേശാടന സ്വഭാവമുള്ള ട്യൂണ, ട്യൂണ വിഭാഗത്തിൽപ്പെട്ട മറ്റ് മത്സ്യങ്ങൾ എന്നിവയുടെ മത്സ്യബന്ധനം നിയന്ത്രിക്കുന്ന IOTC-യില് 1996 മുതൽ ഇന്ത്യ കരാർ കക്ഷിയാണ്.
2022 മുതൽ SIOFA-യില് 'സഹകരിക്കുന്ന കരാറിതര കക്ഷി' ആയി ഇന്ത്യ പ്രവർത്തിച്ചുവരുന്നുണ്ട്. പൂർണ അംഗത്വത്തിലൂടെ നിയമാനുസൃത മത്സ്യബന്ധന അവകാശങ്ങളും കരാറിന്റെ അധികാരപരിധിയിലുള്ള അന്താരാഷ്ട്ര സമുദ്രമേഖലയിലെ വിഭവ ലഭ്യതയും നിലവിലെ ആഗോള കപ്പലുകൾക്കൊപ്പം അംഗീകൃത സാന്നിധ്യം ഉറപ്പാക്കാനുള്ള അവസരവും ഇന്ത്യക്ക് ലഭിക്കും. ഈ മേഖലയിലെ മത്സ്യങ്ങൾ, മൊളസ്കുകൾ, ക്രസ്റ്റേഷ്യനുകൾ, മറ്റ് ചലനശേഷിയില്ലാത്ത സമുദ്ര ജീവികൾ എന്നിവയുൾപ്പെടെ മത്സ്യവിഭവങ്ങളെ കരാർ ഉൾക്കൊള്ളുന്നു. എന്നാൽ ഉയർന്ന ദേശാടന സ്വഭാവമുള്ള മത്സ്യങ്ങളെയും (UNCLOS അനുബന്ധം 1), തീരദേശ രാജ്യങ്ങളുടെ മത്സ്യബന്ധന അധികാരപരിധിയിലെ ചലനശേഷിയില്ലാത്ത ജീവികളെയും (UNCLOS അനുച്ഛേദം 77(4)) ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവിൽ ഇന്ത്യൻ മത്സ്യബന്ധന കപ്പലുകൾ രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ 60 മുതൽ 80 നോട്ടിക്കൽ മൈൽ വരെ പരിധിയിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. അതിനാൽ മറ്റ് രാജ്യങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലകളിലേക്കുള്ള പ്രവേശന കരാറുകളിലൂടെ ഉള്പ്പെടെ സാധ്യമായ എല്ലാ അന്താരാഷ്ട്ര സമുദ്രമേഖലകളിലേക്കും ഇന്ത്യ മത്സ്യബന്ധന ശേഷി വികസിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ടതുണ്ട്. രാജ്യത്തിന്റെ പൊതുഖജനാവിലേക്ക് വരുമാനം ഉറപ്പാക്കാനും ഇതുവഴി സാധിക്കും.

***
( റിലീസ് ഐ.ഡി: 2323616)
സന്ദര്ശക കൗണ്ടര് : 7