ധനകാര്യ മന്ത്രാലയം
ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ തന്ത്രപരമായ പുനഃസംഘടന: പതിവു ചോദ്യങ്ങള്
പോസ്റ്റഡ് ഓണ്:
14 OCT 2026 4:51PM by PIB Thiruvananthpuram
ചോദ്യം 1: ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ തന്ത്രപ്രധാന ഓഹരി പങ്കാളി ആരാണ്?
ഉത്തരം: ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ തന്ത്രപ്രധാന ഓഹരി പങ്കാളിയായി കാനഡ ആസ്ഥാനമായ 10955230 കാനഡ ഇന്കോര്പ്പറേഷനെ (മാതൃ കമ്പനി: ഫെയര്ഫാക്സ് ഫിനാന്ഷ്യല് ഹോള്ഡിങ്സ് ലിമിറ്റഡ്) അംഗീകരിച്ചു.
ചോദ്യം 2: ഈ ഇടപാടിന്റെ മൊത്തം മൂല്യം എത്രയാണ്?
ഉത്തരം: ഈ ഇടപാടിന്റെ ആകെ കൈമാറ്റ മൂല്യം 52,878.0806181 കോടി രൂപയാണ് (അന്പത്തിരണ്ടായിരത്തി എണ്ണൂറ്റി എഴുപത്തിയെട്ട് കോടി എട്ട് ലക്ഷത്തി ആറായിരത്തി ഒരുന്നൂറ്റി എണ്പത്തിയൊന്ന് രൂപ).
ചോദ്യം 3: കേന്ദ്ര ഗവണ്മെന്റും ലൈഫ് ഇന്ഷുറന്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും തമ്മില് തുക എങ്ങനെയാണ് വിഭജിക്കുക?
ഉത്തരം: ഐഡിബിഐ ബാങ്കിന്റെ മൊത്തം ഓഹരി പങ്കാളിത്തത്തില് നിന്ന് 60.72% ഓഹരികളാണ് ഈ ഇടപാടിലൂടെ വില്ക്കുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ കൈവശമുള്ള 30.48% ഓഹരികളും എല്ഐസിയുടെ 30.24% ഓഹരികളും ഇതിലുള്പ്പെടുന്നു. ഇതില്നിന്നുള്ള വരുമാനം ഇതേ അനുപാതത്തില് ഇരുകൂട്ടര്ക്കുമായി വിഭജിക്കും.
ചോദ്യം 4: ലേല പ്രക്രിയയില് എത്ര സ്ഥാപനങ്ങളാണ് പങ്കെടുത്തത്?
ഉത്തരം: തുടക്കത്തില് താല്പര്യപത്രം സമര്പ്പിച്ച അഞ്ച് കക്ഷികളില് പ്രാഥമിക വിവര രേഖയില് നിര്ദേശിച്ച യോഗ്യതാ മാനദണ്ഡങ്ങളും അയോഗ്യതാ വ്യവസ്ഥകളും പാലിച്ച് നാല് കക്ഷികള് യോഗ്യത നേടി. ഇതില് രണ്ട് കക്ഷികള് അന്തിമ സാങ്കേതിക-സാമ്പത്തിക ലേല നിര്ദേശങ്ങള് സമര്പ്പിക്കുകയും ഈ ഇടപാടിന് യോഗ്യത നേടിയ ലേല പങ്കാളികളായി മാറുകയും ചെയ്തു.
ചോദ്യം 5: ഐഡിബിഐ ബാങ്കിന്റെ മൂല്യനിര്ണയത്തിന് ഏതെല്ലാം രീതികളാണ് ഉപയോഗിച്ചത്?
ഉത്തരം: മാര്ക്കറ്റ് മള്ട്ടിപ്പിള് രീതി, ആസ്തി മൂല്യനിര്ണയ രീതി എന്നീ രണ്ട് ബദല് രീതികള് ഉപയോഗിച്ചാണ് ബാങ്കിന്റെ ന്യായവില നിര്ണയിച്ചത്.
ചോദ്യം 6: മൂല്യനിര്ണയ പ്രക്രിയ നടത്തിയത് ആരാണ്?
ഉത്തരം: ഇതിനായി നിയോഗിച്ച സ്വതന്ത്രവും പ്രൊഫഷണലുമായ രണ്ട് മൂല്യനിര്ണയ ഏജന്സികളാണ് സ്ഥാപനത്തിന്റെ മൂല്യനിര്ണയം നടത്തിയത്. ലേല നടപടികളിലെ രഹസ്യസ്വഭാവം ഉറപ്പാക്കുന്ന വ്യവസ്ഥകള് നിലനില്ക്കുന്നതിനാല് ഇവരുടെ പേരുകള് വെളിപ്പെടുത്താനാകില്ല.
ചോദ്യം 7: ഐഡിബിഐ ബാങ്കിന്റെ മൂല്യനിര്ണയത്തില് ഓഹരി വിപണിയിലെ വില എന്ത് പങ്കാണ് വഹിച്ചത്?
ഉത്തരം: പരിമിതമായ തോതില് മാത്രം ക്രയവിക്രയം നടക്കുന്ന ഐഡിബിഐ ഓഹരികളുടെ വിപണി വിലയില് വലിയ ചാഞ്ചാട്ടങ്ങള് ഉണ്ടാവുകയും ലേല വിലയേക്കാള് ഉയര്ന്നതും താഴ്ന്നതുമായ നിലകളില് അത് മാറിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു (മൂല്യനിര്ണയ കാലയളവില് 61.01 രൂപ മുതല് 118.38 രൂപ വരെ). ഇത് സ്ഥാപനത്തിന്റെ അടിസ്ഥാന മൂല്യവുമായി പൊരുത്തപ്പെടാത്തതിനാല് ഓഹരി വിപണിയിലെ വില പരിഗണിച്ചില്ല. പകരം, ഈ ന്യൂനത പരിഹരിക്കുന്നതിന് മാര്ക്കറ്റ് മള്ട്ടിപ്പിള് രീതി വഴി ആപേക്ഷിക മൂല്യനിര്ണയം ഉപയോഗിക്കുകയും എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും 2026 മാര്ച്ച് 31ലെ അന്തിമ കണക്കുകള് അടിസ്ഥാനമാക്കി സ്ഥാപനത്തിന്റെ ന്യായമായ വിപണി മൂല്യം നിര്ണയിക്കുകയുമായിരുന്നു.
ചോദ്യം 8: ഭൂമിയും മറ്റ് വസ്തുവകകളും ഉള്പ്പെടെ ഐഡിബിഐ ബാങ്കിന്റെ ആസ്തികള് എങ്ങനെയാണ് മൂല്യനിര്ണയം നടത്തിയത്?
ഉത്തരം: ഐഡിബിഐ ബാങ്കിന്റെ 2026 മാര്ച്ച് 31ലെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകള് പ്രകാരം ഭൂമിയും കെട്ടിടങ്ങളും ഉള്പ്പെടെ സ്ഥാവരജംഗമ ആസ്തികളും ബാധ്യതകളും കണക്കിലെടുക്കുന്ന 'ആസ്തി മൂല്യനിര്ണയ രീതി' ഉപയോഗിച്ചാണ് സ്ഥാപനത്തിന്റെ ന്യായമായ അറ്റ ആസ്തി മൂല്യം കണക്കാക്കിയത്.
ചോദ്യം 9: ഈ ഇടപാടിന് അടിസ്ഥാനമാക്കിയ അടിസ്ഥാന വില എത്രയായിരുന്നു?
ഉത്തരം: രണ്ട് സ്വതന്ത്ര ഏജന്സികള് നിശ്ചയിച്ച മൂല്യനിര്ണയത്തിന്റെ ശരാശരിയായ ഓഹരിയൊന്നിന് 75.99 രൂപയാണ് യോഗ്യത നേടിയ ലേല നിര്ദേശങ്ങള് പരിശോധിക്കുന്നതിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചത്. വിജയിച്ച ലേലത്തുക അടിസ്ഥാന വിലയേക്കാളും രണ്ട് സ്വതന്ത്ര മൂല്യനിര്ണയ ഏജന്സികളുടെയും കണക്കുകൂട്ടലുകളേക്കാളും ഉയര്ന്നതാണെന്ന് കണ്ടെത്തി.
ചോദ്യം 10: അടിസ്ഥാന വില എങ്ങനെയാണ് നിര്ണയിച്ചത്?
ഉത്തരം: മാര്ക്കറ്റ് മള്ട്ടിപ്പിള് രീതിയിലൂടെ കണ്ടെത്തിയ ന്യായമായ വിപണി മൂല്യത്തിന്റെയും ആസ്തി മൂല്യനിര്ണയ രീതിയിലൂടെ കണ്ടെത്തിയ ന്യായമായ അറ്റ ആസ്തി മൂല്യത്തിന്റെയും ശരാശരി കണക്കാക്കിയാണ് അടിസ്ഥാന വില നിര്ണയിച്ചത്.
ചോദ്യം 11: തുടര്ന്നുള്ള നടപടിക്രമങ്ങള് എന്തൊക്കെയാണ്?
ഉത്തരം: താല്പര്യപത്ര ഘട്ടത്തില് നടത്തിയ 'ഫിറ്റ് & പ്രോപ്പര്' പരിശോധനയ്ക്ക് അനുസൃതമായി വിജയിച്ച ലേല പങ്കാളി ഇനി റിസര്വ് ബാങ്കിന് മുന്നില് യോഗ്യതാ രേഖകള് ഹാജരാക്കുകയും നിര്ദിഷ്ട നിയന്ത്രണ വ്യവസ്ഥകള് പാലിക്കുന്നതിന് കര്മരേഖ സമര്പ്പിക്കുകയും വേണം.
ചോദ്യം 12: കേന്ദ്ര ഗവണ്മെന്റിനും എല്ഐസിക്കും കൈവശം അവശേഷിക്കുന്ന ഓഹരി വിഹിതം എത്രയാണ്?
ഉത്തരം: കേന്ദ്ര ഗവണ്മെന്റ് 15% ഓഹരി വിഹിതവും എല്ഐസി 19% ഓഹരി വിഹിതവും നിലനിര്ത്തും. ഇരുകൂട്ടരും ബാങ്കിന്റെ ഡയറക്ടര് ബോര്ഡിലെ പ്രതിനിധികളെ പിന്വലിക്കുകയും പൊതു ഓഹരി ഉടമകളായി മാറുകയും ചെയ്യും.
ചോദ്യം 13: കേന്ദ്ര ഗവണ്മെന്റും എല്ഐസിയും ഐഡിബിഐ ബാങ്കില് ശേഷിക്കുന്ന ഓഹരികള് എങ്ങനെയാണ് വിറ്റഴിക്കുക?
ഉത്തരം: നിലവിലെ നടപടിക്രമങ്ങള്ക്ക് വിധേയമായി പൊതുവിപണി വഴി കേന്ദ്ര ഗവണ്മെന്റിന്റെ ശേഷിക്കുന്ന ന്യൂനപക്ഷ ഓഹരികള് വിറ്റഴിക്കാന് കാബിനറ്റ് കമ്മിറ്റി ഓണ് ഇക്കണോമിക് അഫയേഴ്സ് ബദല് സംവിധാനത്തിന് അധികാരം നല്കിയിട്ടുണ്ട്. നിയന്ത്രണ ഏജന്സികളുടെ നിര്ദേശങ്ങള് പാലിച്ച്, സ്വന്തം ആഭ്യന്തര ചട്ടങ്ങള്ക്ക് അനുസൃതമായി ശേഷിക്കുന്ന ഓഹരികള് കൈകാര്യം ചെയ്യാന് എല്ഐസിക്ക് പൂര്ണ സ്വാതന്ത്ര്യമുണ്ടാകും.
ചോദ്യം 14: ബാങ്കിങ് മേഖലയിലും സമ്പദ്വ്യവസ്ഥയിലും പൊതുവായി ഇത് എന്ത് സ്വാധീനമാണുണ്ടാക്കുക?
ഉത്തരം: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ ബാങ്കിങ് ധനകാര്യ മേഖലകളില് ഇത് ഗുണപരമായ മാറ്റമുണ്ടാക്കും. സ്വകാര്യവല്ക്കരണത്തിന് ശേഷം മുന്കാലങ്ങളിലേതുപോലെ ഗവണ്മെന്റ് സഹായത്തെ ആശ്രയിക്കാതെ തന്നെ സ്വന്തമായി ഫണ്ട് കണ്ടെത്താന് ഐഡിബിഐ ബാങ്കിന് സാധിക്കും. തന്ത്രപ്രധാന ഓഹരി പങ്കാളി സ്വകാര്യ മൂലധനം നിക്ഷേപിക്കുകയും പുതിയ സാങ്കേതികവിദ്യകളും മികച്ച മാനേജ്മെന്റ് രീതികളും കൊണ്ടുവരികയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ബാങ്കിന്റെ വ്യാപാര സാധ്യതകള് വര്ധിപ്പിക്കാനും വായ്പ, നിക്ഷേപം തുടങ്ങിയ മേഖലകളിലെ വളര്ച്ചയില് കൂടുതല് മത്സരക്ഷമത കൈവരിക്കാനും സഹായിക്കും.
ചോദ്യം 15: ആഗോള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുടെ കാലഘട്ടത്തില് ഇന്ത്യയുടെ ബാഹ്യ സാമ്പത്തിക മേഖലയില് ഇത് എന്ത് പ്രതിഫലനമാണുണ്ടാക്കുക?
ഉത്തരം: രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ ധനകാര്യ രംഗത്ത് ഇതുവരെയുണ്ടായ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായിരിക്കും ഇത്. സാമ്പത്തിക പരിഷ്കരണങ്ങള്ക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം രാജ്യത്തെ സമഗ്ര നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനും ഇത് വഴിയൊരുക്കും.
****
( റിലീസ് ഐ.ഡി: 2323588)
സന്ദര്ശക കൗണ്ടര് : 8