റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ടോള്‍ പ്ലാസകളിലെ ശൗചാലയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വൃത്തിയുള്ളതും ശുചിത്വമുള്ളതും ശരിയായ രീതിയില്‍ പരിപാലിക്കപ്പെടുന്നവയുമാണെന്ന് ഉറപ്പാക്കാന്‍ NHAI കര്‍ശന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നു

ഉപയോക്തൃ ഫീസ് പിരിക്കുന്ന ഏജന്‍സികളെ 15 ദിവസത്തേക്കോ അല്ലെങ്കില്‍ നിലവിലുള്ള എല്ലാ പോരായ്മകളും പരിഹരിക്കുന്നത് വരെയോ ടെന്‍ഡര്‍ പ്രകാരമുള്ള നടപടികളില്‍ നിന്ന് NHAI വിലക്കിയേക്കാം

പോസ്റ്റഡ് ഓണ്‍: 12 OCT 2026 4:56PM by PIB Thiruvananthpuram

ദേശീയപാതകളിലെ ശൗചാലയങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും ശുചിത്വവും പരിപാലനവും ഉറപ്പാക്കുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) കര്‍ശനമായ നിരീക്ഷണ-നിര്‍വ്വഹണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ശൗചാലയങ്ങള്‍, ടോള്‍ പിരിവ് ബൂത്തുകള്‍, പരിസരപ്രദേശങ്ങള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ശരിയായ പരിപാലനം ഈ പുതിയ നടപടികള്‍ ഉറപ്പാക്കും. പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനച്ചുമതലയുള്ള ഏജന്‍സികള്‍ നിശ്ചിത സേവന നിലവാരം പാലിക്കുന്നുണ്ടെന്നും, കണ്ടെത്തുന്ന പോരായ്മകള്‍ സമയബന്ധിതമായി പരിഹരിക്കുന്നുണ്ടെന്നും ഉറപ്പാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

ടോള്‍ പ്ലാസകളിലെ ശൗചാലയങ്ങള്‍ക്കും മറ്റ് സൗകര്യങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള സേവന നിലവാരം പാലിക്കാന്‍ ഉപയോക്തൃ ഫീസ് പിരിക്കുന്ന ഏജന്‍സികള്‍ ബാധ്യസ്ഥരാണ്. പുതിയ സംവിധാനപ്രകാരം, ശുചിത്വവും പരിപാലനവും ഉറപ്പാക്കുന്നതിനായി  NHAI ഉദ്യോഗസ്ഥര്‍ ആഴ്ചയിലൊരിക്കലെങ്കിലും ഈ സൗകര്യങ്ങള്‍ പരിശോധിക്കും. പോരായ്മകള്‍ കണ്ടെത്തിയാല്‍, ബന്ധപ്പെട്ട ഏജന്‍സിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും, ആ പോരായ്മകള്‍  നിശ്ചിത കാലയളവിനുള്ളില്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കുകയും വേണം.

സുതാര്യതയും കാര്യക്ഷമമായ നിരീക്ഷണവും ഉറപ്പാക്കുന്നതിനായി, കണ്ടെത്തിയ പോരായ്മകളെക്കുറിച്ചുള്ള അറിയിപ്പുകളും അവയുടെ തീയതി രേഖപ്പെടുത്തിയ ഫോട്ടോകളും NHAI തങ്ങളുടെ 'Data Lake'  പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും. ബന്ധപ്പെട്ട ഏജന്‍സി ഇതിന് മറുപടി നല്‍കുകയും, സ്വീകരിച്ച പരിഹാര നടപടികളുടെ തെളിവായി ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുകയും വേണം. നിശ്ചിത സമയത്തിനുള്ളില്‍ എല്ലാ പോരായ്മകളും പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ NHAI-യുടെ ഉദ്യോഗസ്ഥര്‍ പുരോഗതി കൃത്യമായി നിരീക്ഷിക്കും.

നിബന്ധനകള്‍ പാലിക്കാത്തവര്‍ക്ക് പിഴ ഏര്‍പ്പെടുത്തും

സേവനത്തിലെ പോരായ്മകള്‍ കരാര്‍ വ്യവസ്ഥകളുടെയോ നിശ്ചയിച്ചിട്ടുള്ള സേവന നിലവാരങ്ങളുടെയോ ലംഘനമായി കണ്ടെത്തുന്ന സാഹചര്യത്തില്‍, കരാര്‍ വ്യവസ്ഥകള്‍ക്കും നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി NHAI ബന്ധപ്പെട്ട ഏജന്‍സികള്‍ക്കെതിരെ ഉചിതമായ പിഴ ഏര്‍പ്പെടുത്തും.

ന്യൂനതകള്‍ പരിഹരിക്കുന്നതില്‍ ആവര്‍ത്തിച്ച് വീഴ്ച വരുത്തുന്ന ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള വ്യവസ്ഥയും NHAI ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിഹരിക്കപ്പെടാത്ത ന്യൂനതകളെ സംബന്ധിച്ചുള്ള നോട്ടീസുകളുടെ എണ്ണം, ഒരു ഏജന്‍സി കൈകാര്യം ചെയ്യുന്ന ആകെ ടോള്‍ പ്ലാസകളുടെ എണ്ണത്തിന്റെ 10 ശതമാനമോ അതില്‍ കൂടുതലോ ആയാല്‍, ആ ഏജന്‍സിയെ 'മോശം പ്രകടനം കാഴ്ചവെക്കുന്നവരായി' (non-performer) പ്രഖ്യാപിക്കും. അത്തരമൊരു ഏജന്‍സിക്ക്, 15 ദിവസത്തേക്കോ അല്ലെങ്കില്‍ നിലവിലുള്ള എല്ലാ ന്യൂനതകളും പരിഹരിക്കുന്നത് വരെയോ, ടോള്‍ പ്ലാസകള്‍, ടോള്‍ പ്ലാസ കരാറുകള്‍, സിവില്‍ ജോലികള്‍, NHAI-യുടെ മറ്റേതെങ്കിലും ടെന്‍ഡറുകള്‍ എന്നിവയ്ക്കായുള്ള ലേല നടപടികളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാകില്ല.

പൊതുഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ടോള്‍ പ്ലാസകള്‍ക്കും, NHAI (നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) മുഖേന ഉപയോക്തൃ ഫീസ് പിരിക്കുന്ന ഏജന്‍സികളെ നിയമിച്ചിട്ടുള്ള മറ്റ് ടോള്‍ പ്ലാസകള്‍ക്കും, പുതിയ സംവിധാനം ബാധകമായിരിക്കും. നിലവിലുള്ള നയങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, കരാര്‍ വ്യവസ്ഥകള്‍ എന്നിവയ്ക്ക് പുറമെയാകും ഇത്.

ദേശീയപാതാ ഉപയോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് മുന്‍ഗണന

ടോള്‍ പ്ലാസകളിലെ ശുചിത്വമില്ലാത്ത ശൗചാലയ സൗകര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയപാതാ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി, 2025ല്‍ NHAI 'ക്ലീന്‍ ടോയ്‌ലറ്റ് പിക്ചര്‍ ചലഞ്ച്' എന്ന ജനകീയ സംരംഭം ആരംഭിച്ചു. 'രാജ്മാര്‍ഗ്‌യാത്ര' (Rajmargytara) മൊബൈല്‍ ആപ്പ് മുഖേന, ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ലൊക്കേഷനും സമയവും വ്യക്തമാക്കുന്ന ഫോട്ടോകള്‍ ഉപയോക്താക്കള്‍ക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇതിനുള്ള പ്രതിഫലമായി, വിവരം റിപ്പോര്‍ട്ട് ചെയ്യുന്ന അര്‍ഹരായ ഓരോ വാഹന ഉടമയ്ക്കും ഫാസ്ടാഗ് (FASTag) റീചാര്‍ജ് രൂപത്തില്‍ 1,000 രൂപയുടെ പാരിതോഷികം ലഭിക്കും.

'ക്ലീന്‍ ടോയ്‌ലറ്റ് പിക്ചര്‍ ചലഞ്ച്' മുഖേനയും നിരീക്ഷണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിലൂടെയും, ദേശീയപാതകളിലെ ശൗചാലയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി NHAI ബഹുമുഖ സമീപനം സ്വീകരിക്കുന്നു. പൊതുജന പങ്കാളിത്തം, പതിവ് പരിശോധനകള്‍, ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍, സമയബന്ധിതമായ തിരുത്തല്‍ നടപടികള്‍ എന്നിവ സമന്വയിപ്പിച്ച് സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഈ സൗകര്യങ്ങള്‍ പരിപാലിക്കുന്നതിനുള്ള ഏജന്‍സികളുടെ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്നതിനുമാണ് ഈ സമീപനം.

പോരായ്മകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാരെ പ്രാപ്തരാക്കുന്നതിലൂടെയും സേവന ദാതാക്കളുടെ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിലൂടെയും, വൃത്തിയുള്ളതും മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്നതുമായ ശൗചാലയ സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ദേശീയ പാതാ  ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട യാത്രാനുഭവം ഉറപ്പാക്കാനും NHAI ലക്ഷ്യമിടുന്നു.

****


( റിലീസ് ഐ.ഡി: 2322547) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी