സാംസ്‌കാരിക മന്ത്രാലയം
ബ്രിക്‌സ് നാടകോത്സവം 2026ന് ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ തുടക്കം
കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര മന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ഷെഖാവത് മുഖ്യാതിഥിയായി; സാംസ്‌കാരിക മന്ത്രാലയ സെക്രട്ടറി ശ്രീ. വിവേക് അഗര്‍വാള്‍ പങ്കെടുത്തു
ഒന്‍പത് ബ്രിക്‌സ് അംഗ-പങ്കാളിത്ത രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന നാടക പാരമ്പര്യങ്ങള്‍ ഒത്തുചേരുന്നു
പോസ്റ്റഡ് ഓണ്‍:
12 OCT 2026 4:22PM by PIB Thiruvananthpuram
'പങ്കിട്ട കഥകള്‍, പങ്കിട്ട ഭാവി' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ബ്രിക്‌സ് നാടകോത്സവം 2026ന് ന്യൂഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഇന്ന് തുടക്കമായി. ബ്രിക്‌സ് രാജ്യങ്ങളുടെ വൈവിധ്യമാര്‍ന്ന നാടക പാരമ്പര്യങ്ങളും സമകാലിക പ്രകടന രീതികളും പൊതു സാംസ്‌കാരിക മൂല്യങ്ങളും അടയാളപ്പെടുത്തുന്നതാണ് ത്രിദിന നാടകോത്സവം. 2026ലെ ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയ്ക്ക് കീഴില്‍ ഒക്ടോബര്‍ 14 വരെയാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം മേള സംഘടിപ്പിക്കുന്നത്. ഒന്‍പത് ബ്രിക്‌സ് അംഗ-പങ്കാളിത്ത രാജ്യങ്ങളിലെ നാടക പ്രവര്‍ത്തകരും ഗവേഷകരും വിദ്യാര്‍ത്ഥികളും സാംസ്‌കാരിക പ്രതിനിധികളും മേളയില്‍ ഒത്തുചേരും.

ന്യൂഡല്‍ഹിയില്‍ വിജയകരമായി സമാപിച്ച ബ്രിക്‌സ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയില്‍ നടക്കുന്ന മറ്റൊരു സുപ്രധാന സാംസ്‌കാരിക സംഗമമാണിത്. ഇന്ത്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, റഷ്യ, ഇറാന്‍, വിയറ്റ്‌നാം, ദക്ഷിണാഫ്രിക്ക, കസാഖിസ്ഥാന്‍, എത്യോപ്യ എന്നീ രാജ്യങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. നാടകമെന്ന പൊതു മാധ്യമത്തിലൂടെ കലാവ്യാപാരത്തിനും സാംസ്‌കാരിക കൈമാറ്റത്തിനും മേള വേദിയൊരുക്കുന്നു.

ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര സാംസ്‌കാരിക വിനോദസഞ്ചാര മന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ഷെഖാവത് മുഖ്യാതിഥിയായി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയ സെക്രട്ടറി ശ്രീ. വിവേക് അഗര്‍വാള്‍, വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയും (സാമ്പത്തിക ബന്ധങ്ങള്‍) 2026ലെ ഇന്ത്യയുടെ ബ്രിക്‌സ് ഷെര്‍പ്പയുമായ ശ്രീ. സുധാകര്‍ ദലേല, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ ശ്രീ. ചിത്തരഞ്ജന്‍ ത്രിപാഠി എന്നിവരും പങ്കെടുത്ത രാജ്യങ്ങളിലെ അംബാസഡര്‍മാരും ദൗത്യ മേധാവികളും ചടങ്ങില്‍ സംബന്ധിച്ചു.
അന്താരാഷ്ട്ര സമൂഹം ഒരു സുപ്രധാന ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് നാം ഇവിടെ ഒത്തുചേരുന്നതെന്നും പരസ്പര വിരുദ്ധ താല്പര്യങ്ങളിലൂടെ രാജ്യങ്ങള്‍ക്ക് മുന്നോട്ടുപോകേണ്ടി വരുന്ന കാലത്ത് പരസ്പര ധാരണയുടെയും ക്രിയാത്മക സംവാദങ്ങളുടെയും ഇടങ്ങള്‍ മുന്‍പെങ്ങുമില്ലാത്തവിധം അമൂല്യമായി മാറുന്നുവെന്നും ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു.

നയതന്ത്രം രാജ്യങ്ങളെ ചര്‍ച്ചകള്‍ക്ക് പ്രാപ്തരാക്കുകയും സാമ്പത്തിക സഹകരണം അവരുടെ സമൃദ്ധിക്ക് വഴിയൊരുക്കുകയും ചെയ്യുമ്പോള്‍ സംസ്‌കാരം സമൂഹങ്ങളെ പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അതിരുകള്‍ക്കതീതമായ ബന്ധങ്ങള്‍ അത് സൃഷ്ടിക്കുന്നു. നമ്മുടെ ചരിത്രവും പാരമ്പര്യവും ഭാഷകളും വ്യത്യസ്തമായിരിക്കുമ്പോഴും ഈ ബോധ്യമാണ് അവതരണ കലകള്‍ക്കപ്പുറം ബ്രിക്‌സ് നാടകോത്സവത്തിന് വലിയ പ്രാധാന്യം നല്‍കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഉദ്ഘാടന ദിനത്തില്‍ ശ്രീ. ആസിഫ് അലി രചിച്ച് എന്‍.എസ്.ഡി ഡയറക്ടര്‍ ശ്രീ. ചിത്തരഞ്ജന്‍ ത്രിപാഠി രംഗസജ്ജീകരണവും സംവിധാനവും സംഗീതവും നിര്‍വഹിച്ച 'സമുദ്ര മന്ഥന്‍' എന്ന നാടകം അരങ്ങേറി. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിമഞ്ച് ഓഡിറ്റോറിയത്തിലാണ് നാടകം അവതരിപ്പിച്ചത്.
എന്‍.എസ്.ഡി കാമ്പസിലെ അഭിമഞ്ച്, സമ്മുഖ് ഓഡിറ്റോറിയങ്ങള്‍, കമാനി ഓഡിറ്റോറിയം, എല്‍.ടി.ജി ഓഡിറ്റോറിയം, മേഘദൂത് തിയേറ്റര്‍ തുടങ്ങി ന്യൂഡല്‍ഹിയിലെ വിവിധ വേദികളിലായാണ് നാടകങ്ങള്‍ അരങ്ങേറുന്നത്. രാജ്യാന്തര നാടകാവതരണങ്ങള്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കുന്നതിന് ബുക്ക് മൈ ഷോ വഴി 200 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
പങ്കെടുക്കുന്ന രാജ്യങ്ങളിലെ ദേശീയ നാടക വിദ്യാലയങ്ങളും മുന്‍നിര നാടക സ്ഥാപനങ്ങളും മേളയുടെ ഭാഗമാകുന്നുണ്ട്. റഷ്യയില്‍ നിന്ന് രണ്ട് നാടക സംഘങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യ രണ്ട് നാടകങ്ങള്‍ അവതരിപ്പിക്കും. ഒപ്പം മറ്റ് പങ്കാളിത്ത രാജ്യങ്ങള്‍ അവരുടെ വൈവിധ്യമാര്‍ന്ന ഭാഷകളും സാംസ്‌കാരിക വീക്ഷണങ്ങളും നാടക പാരമ്പര്യങ്ങളും സമകാലിക സര്‍ഗാത്മക ആവിഷ്‌കാരങ്ങളും പ്രതിഫലിപ്പിക്കുന്ന സൃഷ്ടികള്‍ വേദിയിലെത്തിക്കും. ക്ലാസിക്കല്‍, സമകാലിക, പരീക്ഷണാത്മക നാടകങ്ങള്‍ ഉള്‍പ്പെടെ വിവിധ നാടക രൂപങ്ങളുടെ വിശാല നിരയാണ് മേളയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.
ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് ജനകേന്ദ്രീകൃത സമീപനത്തോടെ, 'പ്രതിരോധശേഷിയ്ക്കും നൂതനാശയങ്ങള്‍ക്കും സഹകരണത്തിനും സുസ്ഥിരതയ്ക്കുമായി മുന്നേറാം' എന്ന പ്രമേയത്തിലാണ് 2026ല്‍ ഇന്ത്യ ബ്രിക്‌സ് അധ്യക്ഷപദവി ഏറ്റെടുത്തിരിക്കുന്നത്. ബ്രിക്‌സ് അധ്യക്ഷതയ്ക്ക് കീഴില്‍ സാംസ്‌കാരിക-സര്‍ഗാത്മക മേഖലകളിലെ സഹകരണം, സാംസ്‌കാരിക പൈതൃക സംരക്ഷണം, കാലാവസ്ഥാ പ്രതിരോധത്തിലും സുസ്ഥിര വികസനത്തിലും സംസ്‌കാരത്തിന്റെ പങ്ക് എന്നിവയ്ക്കാണ് ബ്രിക്‌സ് സാംസ്‌കാരിക വിഭാഗം മുന്‍ഗണന നല്‍കുന്നത്. തത്സമയ നാടകാവതരണങ്ങളിലൂടെ കലാപരമായ കൈമാറ്റവും സാംസ്‌കാരിക സംവാദവും ജനങ്ങള്‍ തമ്മിലെ ബന്ധവും പരിപോഷിപ്പിച്ച് ഈ മുന്‍ഗണനകളെ നാടകോത്സവം സമ്പൂര്‍ണതയിലെത്തിക്കുന്നു.
കലാപരമായ ഇടപെടലുകളും തൊഴില്‍പരമായ ആശയവിനിമയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് നാടകാവതരണങ്ങളുടെ തൊട്ടടുത്ത ദിവസങ്ങളില്‍ രാവിലെ സംവിധായകരെയും അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി പ്രത്യേക ശില്പശാലകളും ചര്‍ച്ചാ സമ്മേളനങ്ങളും സംഘടിപ്പിക്കും. കലാപരമായ കാഴ്ചപ്പാട്, പ്രകടന പാരമ്പര്യങ്ങള്‍, അഭിനയ രീതികള്‍, രംഗകല എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഈ സെഷനുകളില്‍ സംവാദങ്ങള്‍, കാണികളുമായി ആശയവിനിമയം, കൂട്ടായ ദീര്‍ഘകാല പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവ ഉള്‍പ്പെടുത്തും. അന്തര്‍സാംസ്‌കാരിക പഠനം, അറിവ് കൈമാറ്റം, ദീര്‍ഘകാല സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈവിധ്യമാര്‍ന്ന കഥകളിലൂടെയും നാടക പാരമ്പര്യങ്ങളിലൂടെയും സവിശേഷ സാംസ്‌കാരിക സ്വത്വങ്ങളെ അടയാളപ്പെടുത്തുന്നതിനൊപ്പം ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ പരസ്പര ധാരണയും സഹകരണവും ശക്തിപ്പെടുത്താനും മേള ലക്ഷ്യമിടുന്നു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയാണ് ബ്രിക്‌സ് നാടകോത്സവം 2026ന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളിലെ നാടക സ്ഥാപനങ്ങളെയും കലാകാരന്മാരെയും ഒരുമിച്ച് അണിനിരത്തി കലാപരമായ കൈമാറ്റം പ്രോത്സാഹിപ്പിക്കാനും അന്താരാഷ്ട്ര സാംസ്‌കാരിക ഇടപെടലുകള്‍ ശക്തിപ്പെടുത്താനുമുള്ള മേളയുടെ ലക്ഷ്യങ്ങളെ എന്‍.എസ്.ഡി പിന്തുണയ്ക്കുന്നു.
ബ്രിക്‌സ് നാടകോത്സവം കേവലം നാടക മികവിന്റെ പ്രദര്‍ശനം മാത്രമല്ല, മറിച്ച് ബ്രിക്‌സ് സഹകരണത്തിന്റെ വിശാല ലക്ഷ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന സാംസ്‌കാരിക സംവാദങ്ങള്‍ക്കും തൊഴില്‍പരമായ ആശയവിനിമയങ്ങള്‍ക്കും ജനങ്ങള്‍ തമ്മിലെ ബന്ധങ്ങള്‍ക്കുമുള്ള വേദി കൂടിയാണ്. നാടകത്തിലൂടെ അതിരുകള്‍ക്കപ്പുറത്തെ കഥകളെയും കലാകാരന്മാരെയും പ്രേക്ഷകരെയും ഒരുമിപ്പിക്കാനും സാംസ്‌കാരിക ധാരണ ശക്തിപ്പെടുത്താനും തുടര്‍ സഹകരണത്തിന് പുതിയ സാധ്യതകള്‍ തുറക്കാനും മേള വഴിയൊരുക്കുന്നു.
******
( റിലീസ് ഐ.ഡി: 2322527)
സന്ദര്‍ശക കൗണ്ടര്‍ : 4