ഉപരാഷ്ട്രപതിയുടെ കാര്യാലയം
നാഷണൽ ഡിഫൻസ് കോളേജിന്റെ 66-ാമത് കോഴ്‌സിനെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അഭിസംബോധന ചെയ്തു
പോസ്റ്റഡ് ഓണ്‍:
12 OCT 2026 12:51PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജിന്റെ (NDC) 66-ാമത് കോഴ്സിൽ പങ്കെടുത്തവരെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് അഭിസംബോധന ചെയ്തു."ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾ, ദേശീയ താൽപ്പര്യങ്ങൾ, ദേശീയ ലക്ഷ്യങ്ങൾ" എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.
ഇന്ത്യൻ സായുധ സേന, സിവിൽ സർവീസ്, പോലീസ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥരും സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 41 ഉദ്യോഗസ്ഥരും അടങ്ങുന്ന 122 പേരെ അഭിസംബോധന ചെയ്തുകൊണ്ട്, സമകാലിക സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ തന്ത്രപരമായ ചിന്ത, സംയോജിത നയരൂപീകരണം, അന്താരാഷ്ട്ര സഹകരണം എന്നിവയുടെ പ്രാധാന്യം ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.
ദേശീയ മൂല്യങ്ങൾ ദേശീയ സ്വത്വത്തിന്റെ അടിസ്ഥാനമാണെന്നും ലോകവുമായുള്ള ഒരു രാജ്യത്തിന്റെ ഇടപെടലുകളെ അവ നയിക്കുന്നുവെന്നും ഊന്നിപ്പറഞ്ഞുകൊണ്ട്,'വസുധൈവ കുടുംബകം'എന്ന ഇന്ത്യയുടെ സാംസ്കാരിക തത്വചിന്തയെ ശ്രീ സി. പി. രാധാകൃഷ്ണൻ ഉദ്ധരിച്ചു. കോവിഡ്-19 മഹാമാരി സമയത്തെ ഇന്ത്യയുടെ 'വാക്സിൻ മൈത്രി' പദ്ധതി, ദുരന്തവേളകളിൽ ആദ്യം പ്രതികരിക്കുന്ന രാജ്യമെന്ന നിലയിലുള്ള പങ്ക്, കാലാവസ്ഥാ സംരക്ഷണത്തിലും ദുരന്ത പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലുമുള്ള അന്താരാഷ്ട്ര സംരംഭങ്ങളിലെ നേതൃപരമായ പങ്ക് എന്നിവ ഈ മൂല്യങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമാധികാരം, ജനാധിപത്യം, മതേതരത്വം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും എന്നീ ഭരണഘടനാപരമായ മൂല്യങ്ങളിൽ നിന്നാണ് ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ രൂപപ്പെടുന്നതെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. അഞ്ച് പ്രധാന മുൻഗണനകൾ അദ്ദേഹം എടുത്തുപറഞ്ഞു: ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുക; ജനാധിപത്യപരവും മതേതരവും ഫെഡറൽ സ്വഭാവമുള്ളതുമായ ഘടന നിലനിർത്തുക; തന്ത്രപരവും രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക; വളർച്ചയ്ക്കും മാനവ വികസനത്തിനും അനുയോജ്യമായ സുസ്ഥിരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുക; അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതയ്ക്കും സംഭാവന നൽകുക എന്നിവയാണവ.
ദേശീയ സുരക്ഷയുടെ പരസ്പരബന്ധിത സ്വഭാവം എടുത്തുപറഞ്ഞുകൊണ്ട്, ഭീകരവാദം, സൈബർ ഭീഷണികൾ, മഹാമാരികൾ, കാലാവസ്ഥാ വ്യതിയാനം, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ കൂടുതൽ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് ശ്രീ രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതും പങ്കിട്ട ആഗോള താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതും പലപ്പോഴും പരസ്പര പൂരകമായ ലക്ഷ്യങ്ങളാണെന്നും, ഇതിന് രാജ്യങ്ങൾ തമ്മിൽ ഏകോപിത പ്രവർത്തനങ്ങളും പരസ്പര വിശ്വാസവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വികസിത ഭാരതം @ 2047' എന്നത് ഇന്ത്യയുടെ സുപ്രധാന ദേശീയ ലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ച ഉപരാഷ്ട്രപതി, ലഭ്യമായ വിഭവങ്ങളും കൃത്യമായ നയങ്ങളും മുൻഗണനകളും സമന്വയിപ്പിച്ച് ദീർഘകാല കാഴ്ചപ്പാടോടെ മുന്നോട്ട് പോകണമെന്ന് ഊന്നിപ്പറഞ്ഞു. കര, വ്യോമ, സമുദ്ര അതിർത്തികളും സൈബർ ഇടങ്ങളും സംരക്ഷിക്കുന്നതിനൊപ്പം സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും അനുയോജ്യമായ സാഹചര്യമൊരുക്കുന്നതുമാണ് സമഗ്രമായ ദേശീയ സുരക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.
"മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ നിബന്ധനകൾ അടിച്ചേൽപ്പിക്കാനോ അല്ല, മറിച്ച് ഒരു രാജ്യവും നമുക്ക് മേൽ അനീതിപരമായ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാകാൻ ലക്ഷ്യമിടുന്നത്," എന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെയും ആത്മാഭിമാനത്തെയും മാനിക്കപ്പെടണമെന്നും, മറ്റ് രാജ്യങ്ങളുടെ അതിർത്തികൾ കയ്യേറുന്നതിൽ നിന്ന് രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
'ഗ്ലോബൽ സൗത്ത്' രാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ശ്രീ സി.പി. രാധാകൃഷ്ണൻ, പരസ്പര ബഹുമാനം, പരമാധികാര സമത്വം, പങ്കാളിത്ത വികസന മുൻഗണനകൾ എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. വെല്ലുവിളികൾക്കപ്പുറത്തേക്ക് ചിന്തിച്ച് സാങ്കേതികവിദ്യ, വ്യാപാരം, കണക്റ്റിവിറ്റി, വിദ്യാഭ്യാസം, നവീകരണം, ശേഷി വർദ്ധനവ് എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു.അഴിമതി 'ഗ്ലോബൽ സൗത്ത്' മേഖലയ്ക്ക് വലിയ വെല്ലുവിളിയായി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അത് തുടച്ചുനീക്കാൻ കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്നും വ്യക്തമാക്കി.
ഭാവിയിലെ തന്ത്രപരമായ നേതാക്കൾ എന്ന നിലയിൽ സ്ഥാപനങ്ങളുടെയും തൊഴിലിന്റെയും അതിരുകൾക്കപ്പുറം കടന്ന് സമഗ്രവും ദീർഘവീക്ഷണത്തോടുകൂടിയതുമായ സമീപനം സ്വീകരിക്കണമെന്ന് കോഴ്സിൽ പങ്കെടുത്തവരോട് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. രാജ്യങ്ങളെ നിർവചിക്കുന്ന മൂല്യങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനും, സംരക്ഷിക്കേണ്ട താൽപ്പര്യങ്ങൾ തിരിച്ചറിയാനും, വ്യക്തമായ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും, അവയ്ക്ക് വിവേകപൂർവ്വം മുൻഗണന നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ദേശീയ ലക്ഷ്യങ്ങളെ കൃത്യമായ നേട്ടങ്ങളാക്കി മാറ്റുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിച്ചെടുക്കാനും അദ്ദേഹം ഓർമ്മിപ്പിച്ചു.
നാഷണൽ ഡിഫൻസ് കോളേജ് കമാൻഡന്റ് എയർ മാർഷൽ മനീഷ് കുമാർ ഗുപ്ത, ഫാക്കൽറ്റി അംഗങ്ങൾ, 66-ാമത് എൻ.ഡി.സി. (NDC) കോഴ്സിലെ പങ്കാളികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
SKY
*****
( റിലീസ് ഐ.ഡി: 2322229)
സന്ദര്‍ശക കൗണ്ടര്‍ : 6