ഝാർഖണ്ഡിലെ ദേവ്ഘർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ (എയിംസ്) രണ്ടാമത് ബിരുദദാന ചടങ്ങിനെ ഇന്ന് അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ബിരുദം നേടിയ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ അഭിനന്ദിച്ചു. ബിരുദദാന ചടങ്ങിനെ സന്താൾ പർഗാന മേഖലയിലെ ജനങ്ങളുടെ ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും ആഘോഷമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഗോത്രവർഗ്ഗ-ഗ്രാമീണ മേഖലകളിലെ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും വർദ്ധിച്ചുവരുന്ന അവസരങ്ങളുടെ പ്രതീകമാണ് എയിംസ് ദേവ്ഘർ എന്ന് കൂട്ടിച്ചേർത്തു.
ഭഗവാൻ ബിർസ മുണ്ട, സിദ്ധോ-കാൻഹു, തിൽക്ക മാഞ്ചി എന്നിവരുടെ മഹത്തായ പാരമ്പര്യം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, തങ്ങളുടെ അറിവ് സ്ഥാപനങ്ങളുടെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാനും ഗ്രാമങ്ങളിലും ഗോത്രവർഗ്ഗ മേഖലകളിലും രാജ്യത്തിൻ്റെ ഏറ്റവും വിദൂര പ്രദേശങ്ങളിലും സേവനം ചെയ്യാനും ബിരുദധാരികളോട് ആഹ്വാനം ചെയ്തു. വൈദ്യശാസ്ത്ര വിജ്ഞാനത്തിൻ്റെ ഏറ്റവും ഉയർന്ന അർത്ഥം സമൂഹ സേവനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഗത്ഭ്യം, സത്യസന്ധത, സഹാനുഭൂതി, ധാർമ്മിക പെരുമാറ്റം എന്നിവ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം യുവ പ്രൊഫഷണലുകളോട് അഭ്യർത്ഥിച്ചു. ഒരു മെഡിക്കൽ ബിരുദം വെറുമൊരു നേട്ടം മാത്രമല്ലെന്നും, അത് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാത്തവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദയയോടെയും സമർപ്പണത്തോടെയും സേവനം ചെയ്യാനുള്ള കടമയാണെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ ആരോഗ്യ പരിപാലന സംവിധാനം ശക്തിപ്പെടുത്തുന്നതിൽ എയിംസ് ദേവ്ഘർ നൽകിയ സംഭാവനകളെ ഉപരാഷ്ട്രപതി പ്രശംസിച്ചു. മലേറിയ നിർമ്മാർജ്ജനം, മന്ത് രോഗ നിരീക്ഷണം, വിളർച്ച, കേൾവി വൈകല്യ പരിചരണം, സ്കൂൾ ആരോഗ്യ പദ്ധതികൾ എന്നിവയുൾപ്പെടുന്ന സ്ഥാപനത്തിൻ്റെ സാമൂഹിക സേവന സംരംഭങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ഒരു മെഡിക്കൽ സ്ഥാപനത്തിൻ്റെ ഉത്തരവാദിത്തം അതിൻ്റെ ക്യാമ്പസിനുള്ളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിലും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലും ഉണ്ടായ വിപുലീകരണത്തെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 2014-ന് മുമ്പുണ്ടായിരുന്ന 387-ൽ നിന്ന് 846 ആയി ഉയർന്നതായി പറഞ്ഞു. സന്തുലിതവും ഉൾക്കൊള്ളുന്നതുമായ വികസനത്തിനുള്ള പ്രതിബദ്ധതയാണ് എയിംസ് ദേവ്ഘർ പോലുള്ള സ്ഥാപനങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിന് ഓരോ സംസ്ഥാനത്തും ജില്ലയിലും ഗ്രാമത്തിലും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങളും ഉയർന്ന വിദ്യാഭ്യാസവും ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബിരുദം നേടിയ 173 വിദ്യാർത്ഥികളിൽ 132 പേരും സ്ത്രീകളാണെന്ന കാര്യത്തിൽ ഉപരാഷ്ട്രപതി സംതൃപ്‌തി പ്രകടിപ്പിച്ചു. ഇത് വനിതാ ശാക്തീകരണത്തിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് രാജ്യം കൈവരിച്ച പുരോഗതിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും, സ്ത്രീകളുടെ കഴിവുകൾ പൂർണ്ണമായി പുറത്തെടുക്കാൻ വിദ്യാഭ്യാസം വഹിക്കുന്ന മാറ്റത്തിൻ്റെ പങ്കിനെയാണ് ഇത് അടിവരയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ സ്ഥാപനം സേവനം നൽകേണ്ട സമൂഹങ്ങളുമായി ബന്ധം നിലനിർത്താനും, വളർന്നുവരുന്ന സാങ്കേതികവിദ്യകളെ ഉത്തരവാദിത്തത്തോടെ സ്വീകരിക്കാനും, നിർമിത ബുദ്ധി, ടെലിമെഡിസിൻ, ഡിജിറ്റൽ ഡയഗ്നോസ്റ്റിക്സ് എന്നിവയിലെ പുരോഗതി നഗരങ്ങളിലെപ്പോലെ തന്നെ വിദൂര പ്രദേശങ്ങളിലെ ജനങ്ങൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബിരുദധാരികളെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. കൂടാതെ, യുവാക്കൾക്കിടയിൽ ലഹരി വേണ്ട എന്ന സന്ദേശം പ്രചരിപ്പിക്കാൻ അവരോട് ആഹ്വാനം ചെയ്ത അദ്ദേഹം അനുകമ്പയോടെയുള്ള രോഗീ പരിചരണത്തിൽ നിർണായക പങ്ക് വഹിക്കുന്ന നഴ്സിംഗ് പ്രൊഫഷണലുകളെ അഭിനന്ദിച്ചു.
ഝാർഖണ്ഡിനും മറ്റ് കിഴക്കൻ മേഖലകൾക്കും മികച്ച ക്ലിനിക്കൽ സേവനങ്ങൾ, ശാസ്ത്രീയ ഗവേഷണങ്ങൾ, അനുകമ്പയോടെയുള്ള പരിചരണം എന്നിവ നൽകുന്ന പ്രമുഖ കേന്ദ്രമായി ഈ സ്ഥാപനം തുടർന്നും വളരുമെന്ന് ഉപരാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. പ്രഗത്ഭ്യം, അനുകമ്പ, സ്വഭാവഗുണം എന്നിവ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ വഴികാട്ടിയാക്കാനും വികസിത ഇന്ത്യയുടെ നിർമിതിക്കായി അർത്ഥവത്തായ സംഭാവനകൾ നൽകാനും ബിരുദധാരികളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്.
ഝാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗംഗ്വാർ, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്‍റാവു ജാദവ്, ഝാർഖണ്ഡ് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. ഇർഫാൻ അൻസാരി, ലോക്സഭാ അംഗം ഡോ. നിഷികാന്ത് ദുബെ, രാജ്യസഭാ അംഗം പ്രദീപ് കുമാർ വർമ്മ, ദേവ്ഘർ എം.എൽ.എ സുരേഷ് പാസ്വാൻ, എയിംസ് ദേവ്ഘർ പ്രസിഡൻ്റ് പ്രൊഫസർ എം.വി. പത്മ ശ്രീവാസ്തവ, എയിംസ് ദേവ്ഘർ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫസർ നിതിൻ എം. ഗാംഗെ എന്നിവർക്കൊപ്പം മറ്റ് പ്രമുഖ വ്യക്തികൾ, അധ്യാപകർ, ബിരുദം നേടിയ വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരും ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.