പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ വനിതാ-ശിശു വികസന വകുപ്പുതല ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി


ജനപങ്കാളിത്തത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, അങ്കണവാടികളെ സമൂഹപങ്കാളിത്തത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ആഹ്വാനംചെയ്തു

സമീപത്തെ അങ്കണവാടികൾ ദത്തെടുത്ത് സാമൂഹ്യ സ്വാധീന പഠനങ്ങൾ നടത്താൻ സർവകലാശാലകൾക്കു പ്രധാനമന്ത്രിയുടെ നിർദേശം

സ്ത്രീസുരക്ഷയുടെ കാര്യത്തിൽ, വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനങ്ങളിലൂടെ പ്രതിരോധ നടപടികൾക്കു മുൻഗണന നൽകണമെന്നു പ്രധാനമന്ത്രി

കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, സമഗ്ര വികസനം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 09 OCT 2026 9:41PM by PIB Thiruvananthpuram

വനിതാ-ശിശു വികസനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ദ്വിദിന ദേശീയ വകുപ്പുതല ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. സുഷമ സ്വരാജ് ഭവനിലായിരുന്നു പരിപാടി.

പ്രധാനമന്ത്രി വിഭാവനം ചെയ്ത വകുപ്പുതല ഉച്ചകോടികളുടെ പരമ്പരയുടെ ഭാഗമായാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്. പോഷകാഹാരം, ശൈശവകാല പരിചരണം, ശിശുസംരക്ഷണം, സ്ത്രീസുരക്ഷയും ശാക്തീകരണവും, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിച്ച് സേവനവിതരണം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിനായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉച്ചകോടിയിൽ പങ്കെടുത്തു.

സമ്മേളനത്തിൽ നടന്ന വിശദമായ ചർച്ചകളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തോടെയുള്ള തീരുമാനമെടുക്കലിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ചെയ്തു. ഈ മാതൃക ജില്ലാതലത്തിലും നഗരസഭ -മുനിസിപ്പൽ കോർപ്പറേഷൻ തലങ്ങളിലും സമാനമായ ചിന്താശിബിരങ്ങൾ സംഘടിപ്പിച്ച്, കൂടുതൽ വിപുലീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. അങ്കണവാടി പ്രവർത്തകർക്ക് അവരുടെ അനുഭവങ്ങളും നൂതന ആശയങ്ങളും പ്രായോഗിക പരിഹാരങ്ങളും പരസ്പരം പങ്കുവയ്ക്കാൻ പ്രത്യേക ചിന്താശിബിരങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അങ്കണവാടികൾ ഒറ്റപ്പെട്ട സ്ഥാപനങ്ങളായി പ്രവർത്തിക്കാതെ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന കേന്ദ്രങ്ങളായി മാറണമെന്ന് പറഞ്ഞു. അങ്കണവാടികൾക്ക് സമീപം താമസിക്കുന്ന കുടുംബങ്ങളെ പ്രത്യേക അവസരങ്ങളിൽ കുട്ടികൾക്കായി പോഷകസമൃദ്ധമായ ഭക്ഷണം, കളിപ്പാട്ടങ്ങൾ, പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ മറ്റ് വസ്തുക്കൾ എന്നിവ സംഭാവന ചെയ്യാൻ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

അങ്കണവാടികളുമായി സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടുതൽ അടുത്ത് സഹകരിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനംചെയ്തു. സമീപത്തുള്ള അങ്കണവാടികൾ സർവകലാശാലകൾക്ക് ദത്തെടുക്കുകയും അവയുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി സാമൂഹ്യ സ്വാധീന പഠനങ്ങൾ നടത്തുകയും ചെയ്യാം. ഇതിലൂടെ വിദ്യാർഥികൾക്ക് സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനൊപ്പം സേവനവിതരണം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിലപ്പെട്ട വിവരങ്ങളും കണ്ടെത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.  മെഡിക്കൽ വിദ്യാർഥികൾ, എൻഎസ്എസ്, എൻസിസി വോളന്റിയർമാർ എന്നിവരെയും അങ്കണവാടികളുമായും സാമൂഹ്യസംരംഭങ്ങളുമായും ബന്ധിപ്പിക്കാമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, സമഗ്ര വികസനം എന്നിവയ്ക്കും കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത പ്രധാനമന്ത്രി, സ്ത്രീസുരക്ഷ, അന്തസ്സ്, ശാക്തീകരണം എന്നിവയെക്കുറിച്ച് കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ ബോധവൽക്കരണ പഠനമൊഡ്യൂളുകൾ വികസിപ്പിക്കണമെന്ന് നിർദേശിച്ചു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്, പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുകാട്ടി.

ശുചിത്വം, ആരോഗ്യം, പോഷകാഹാരം എന്നിവ തമ്മിലുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തെ വനിതാ-ശിശു വികസന വകുപ്പുകൾ ‘സ്വച്ഛതാ അഭിയാന്റെ’ പ്രവർത്തനങ്ങളിൽ സജീവമായ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആഹ്വാനംചെയ്തു. നല്ല ആരോഗ്യവും പോഷകാഹാരവും ശുചിത്വത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സന്ദേശം ജനങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കുന്നതിൽ അങ്കണവാടികൾക്കും അവയ്ക്ക് ചുറ്റുമുള്ള സമൂഹങ്ങൾക്കും നിർണായക പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീശാക്തീകരണത്തിനായി ‘വോക്കൽ ഫോർ ലോക്കൽ’, ‘ഒരു ജില്ല ഒരുൽപ്പന്നം’ (ODOP) തുടങ്ങിയ ദേശീയ  യജ്ഞങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക ഉൽപ്പന്നങ്ങളുടെ വളർച്ച, ഉപജീവനമാർഗങ്ങൾ ശക്തിപ്പെടുത്തൽ, സാമ്പത്തിക ശാക്തീകരണം എന്നിവയിൽ വനിതാ കൂട്ടായ്മകൾക്കും സാമൂഹിക സ്ഥാപനങ്ങൾക്കും പ്രധാന പങ്കാളികളാകാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ-ശിശു വികസന മന്ത്രാലയത്തിനും സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾക്കും സമൂഹത്തിലെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ വിഭാഗങ്ങളിലൊന്നിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  ഇന്ന് അങ്കണവാടികളിൽ പരിചരണവും പോഷണവും ലഭിക്കുന്ന കുട്ടികളാണ് നാളെയുടെ യുവാക്കളും പൗരന്മാരുമായി വളർന്ന് വികസിത ഇന്ത്യ കെട്ടിപ്പടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

 

-SK-


( റിലീസ് ഐ.ഡി: 2321637) സന്ദര്‍ശക കൗണ്ടര്‍ : 8