പ്രധാനമന്ത്രിയുടെ ഓഫീസ്
48-ാമത് ലോക നൈപുണ്യ മത്സരത്തിലെ ടീം ഇന്ത്യ പ്രതിനിധികളുമായി പ്രധാനമന്ത്രി സംവദിച്ചു
നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ പ്രാധാന്യം എടുത്തുപറയവേ, അവ ഐഐടികളേയും, ഐഐഎമ്മുകളേയും അപേക്ഷിച്ച് കുറഞ്ഞവയല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യ വികസിക്കുമ്പോൾ, യുവാക്കൾ നിരന്തരം പുതിയ കഴിവുകൾ ആർജ്ജിക്കുകയും നിലവിലുള്ള ശേഷി മെച്ചപ്പെടുത്തുകയും വേണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
നൈപുണ്യമുള്ള മാനവവിഭവശേഷിയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് ഏകോപിതമായ ശ്രമങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
പുതിയ ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ, സാങ്കേതിക സംവിധാനങ്ങൾ, തൊഴിൽ രീതികൾ എന്നിവയുമായി പൊരുത്തപ്പെട്ടതിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കാളികൾ പങ്കുവെച്ചു.
പോസ്റ്റഡ് ഓണ്‍:
09 OCT 2026 4:45PM by PIB Thiruvananthpuram
ഷാങ്ഹായിയിൽ നടക്കാനിരിക്കുന്ന ലോക നൈപുണ്യ മത്സരത്തിനുള്ള 'ടീം ഇന്ത്യ' പ്രതിനിധികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7, ലോക് കല്യാൺ മാർഗിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
ഈ കൂടിക്കാഴ്ചയിൽ, മത്സരവേളയിലുണ്ടായ അനുഭവങ്ങൾ മത്സരാർത്ഥികൾ പങ്കുവെച്ചു. ആഗോള വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ അവർ അഭിമാനം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര മത്സരത്തിനിടെ പുതിയ ഉപകരണങ്ങൾ, സോഫ്റ്റ്‌വെയർ, സാങ്കേതിക സംവിധാനങ്ങൾ, തൊഴിൽ രീതികൾ എന്നിവയുമായി പൊരുത്തപ്പെട്ടതിനെക്കുറിച്ച് അവർ ചർച്ച ചെയ്തു. യുവാക്കളെ സഹായിക്കുന്നതിനായി നൈപുണ്യ വികസന രംഗത്ത് ഗവൺമെന്റ് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അവർ സംസാരിച്ചു.
ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതിന് പ്രധാനമന്ത്രി മത്സരാർത്ഥികളെ അഭിനന്ദിച്ചു. നൈപുണ്യ വികസനത്തിന്റെ അംബാസഡർമാരാകാൻ അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു. അക്കാദമിക് ബിരുദങ്ങൾ പോലെ തന്നെ പ്രായോഗിക നൈപുണ്യവും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യേക നൈപുണ്യങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, സാങ്കേതികവിദ്യ അതിവേഗം വികസിക്കുന്ന സാഹചര്യത്തിൽ യുവാക്കൾ നിരന്തരം പുതിയ കഴിവുകൾ ആർജ്ജിക്കുകയും നിലവിലുള്ള ശേഷി മെച്ചപ്പെടുത്തുകയും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിപണിയുടെ ആവശ്യകതകൾക്കനുസൃതമായി കഴിവുകൾ വികസിപ്പിക്കാനും, തങ്ങളുടെ അനുഭവങ്ങളിലൂടെയും നിർദ്ദേശങ്ങളിലൂടെയും ഇന്ത്യയുടെ നൈപുണ്യ പരിശീലന സംവിധാനം മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകാനും അദ്ദേഹം പങ്കാളികളോട് ആവശ്യപ്പെട്ടു. നൈപുണ്യമുള്ള മാനവവിഭവശേഷിയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് യുവാക്കൾ, ഗവൺമെന്റ്, പരിശീലന സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിതമായ ശ്രമങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
നൈപുണ്യ വികസനത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചതിന് പിന്നിലെ ലക്ഷ്യം വ്യക്തമാക്കിയ പ്രധാനമന്ത്രി, നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ പ്രാധാന്യം ഐഐടികളേയും ഐഐഎമ്മുകളേയും അപേക്ഷിച്ച് ഒട്ടും കുറവല്ലെന്ന് പറഞ്ഞു. ഇന്ത്യയുടെ നൈപുണ്യ പരിശീലന സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനായി തങ്ങളുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും ഗവൺമെന്റുമായി പങ്കുവെക്കാൻ അദ്ദേഹം മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
വിവിധ തൊഴിൽപരവും സാങ്കേതികവുമായ കഴിവുകളിൽ മികവ് പ്രകടിപ്പിക്കുന്നതിനായി പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള യുവ പ്രൊഫഷണലുകളെ ഒന്നിപ്പിക്കുന്ന, ലോകത്തിലെ പ്രമുഖ അന്താരാഷ്ട്ര നൈപുണ്യ മത്സരമാണ് 'വേൾഡ് സ്‌കിൽസ്'. 48-ാമത് ലോക നൈപുണ്യ മത്സരമായ 'വേൾഡ് സ്‌കിൽസ് ഷാങ്ഹായ് 2026', 2026 സെപ്റ്റംബർ 22 മുതൽ 27 വരെ ഷാങ്ഹായിയിലെ നാഷണൽ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്നു. 63 വ്യത്യസ്ത നൈപുണ്യ മേഖലകളിലായി 70 മത്സരാർത്ഥികൾ പങ്കെടുത്ത, ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘമാണ് ഈ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചത്. 6 വെള്ളി മെഡലുകളും 20 'മെഡൽസ് ഫോർ എക്‌സലൻസും' (Medals for Excellence) നേടിയ ഇന്ത്യ, മത്സരത്തിൽ പത്താം സ്ഥാനം കരസ്ഥമാക്കി.
നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും വിദ്യാഭ്യാസ സഹമന്ത്രിയുമായ ശ്രീ ജയന്ത് ചൗധരിയും ഇന്ത്യാ ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
***
SK
( റിലീസ് ഐ.ഡി: 2321543)
സന്ദര്‍ശക കൗണ്ടര്‍ : 13