ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം നൽകാവുന്ന മരുന്നുകളുടെ പരസ്യങ്ങൾ സംബന്ധിച്ച് ചില്ലറ, മൊത്തവ്യാപാരികൾക്ക് കർശന നിയന്ത്രണങ്ങൾ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പോസ്റ്റഡ് ഓണ്‍: 09 OCT 2026 11:10AM by PIB Thiruvananthpuram
ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം നൽകാവുന്ന മരുന്നുകളുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ  നിയന്ത്രണം  ശക്തിപ്പെടുത്തുന്നതിനായി 1945-ലെ  ഡ്രഗ്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശിച്ചു.  ഷെഡ്യൂൾ H, ഷെഡ്യൂൾ H1, ഷെഡ്യൂൾ X എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പരസ്യത്തിന് കേന്ദ്ര സർക്കാരിൻ്റെ മുൻകൂർ അനുമതി  വേണമെന്ന നിലവിലെ നിബന്ധന, മരുന്നുകളുടെ വിൽപ്പനയ്ക്കും വിതരണത്തിനും ലൈസൻസ് കൈവശമുള്ള സ്ഥാപനങ്ങൾക്കും കൂടി  ബാധകമാക്കാനാണ് നിർദിഷ്ട ഭേദഗതി ലക്ഷ്യമിടുന്നത്.
 
ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി (DTAB) കൂടിയാലോചന നടത്തിയതിനെത്തുടർന്ന്, 2026 സെപ്റ്റംബർ 28-ലെ ജി.എസ്.ആർ. 861(ഇ) (G.S.R. 861(E)) നമ്പർ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഭേദഗതിയുടെ കരട് വിജ്ഞാപനം ചെയ്തു.
 
നിലവിലെ നിയന്ത്രണ ചട്ടക്കൂട് പ്രകാരം,  ഷെഡ്യൂൾ H, ഷെഡ്യൂൾ H1, ഷെഡ്യൂൾ X എന്നിവയിൽ ഉൾപ്പെടുന്ന മരുന്നുകൾ കേന്ദ്ര സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ പരസ്യം ചെയ്യുന്നതിൽ നിന്ന് ഔഷധ നിർമ്മാതാക്കളെ വിലക്കിയിട്ടുണ്ട്. എന്നാൽ, ഈ മരുന്നുകളുടെ ചില്ലറ, മൊത്തവിൽപ്പനയിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളെ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വ്യക്തമായി ഉൾപ്പെടുത്തിയിരുന്നില്ല.
 
ഈ നിയന്ത്രണപരമായ വിടവ് പരിഹരിക്കുന്നതിനായി, 1945-ലെ ഡ്രഗ്സ് ചട്ടങ്ങളിലെ ചട്ടം 65-ൽ ഉപചട്ടം (22) ഉൾപ്പെടുത്താൻ മന്ത്രാലയം നിർദ്ദേശിച്ചു. ഇത് ചില്ലറ, മൊത്തവ്യാപാര മരുന്ന് ലൈസൻസ് കൈവശമുള്ളവർ ഉൾപ്പെടെ, മരുന്നുകൾ വിൽക്കുന്നതിനോ, സംഭരിക്കുന്നതിനോ, പ്രദർശിപ്പിക്കുന്നതിനോ, വിൽപ്പനയ്ക്കായി വാഗ്ദാനം ചെയ്യുന്നതിനോ, വിതരണം ചെയ്യുന്നതിനോ ലൈസൻസുള്ളവർക്ക് മരുന്നുകളുടെ പരസ്യം സംബന്ധിച്ച നിയന്ത്രണങ്ങൾ ബാധകമാകും.
 
നിർദിഷ്ട വ്യവസ്ഥ പ്രകാരം, ഷെഡ്യൂൾ H, ഷെഡ്യൂൾ H1, ഷെഡ്യൂൾ X എന്നിവയിൽ വ്യക്തമാക്കിയിട്ടുള്ള മരുന്നുകളുടെ പരസ്യം കേന്ദ്ര സർക്കാരിൻ്റെ മുൻകൂർ അനുമതിയോടെയല്ലാതെ നൽകാൻ പാടില്ല.
 
മരുന്ന് വിതരണ ശൃംഖലയിലുടനീളം നിയന്ത്രണ മേൽനോട്ടം ശക്തിപ്പെടുത്തുക, കുറിപ്പടി പ്രകാരം മാത്രം നൽകേണ്ട മരുന്നുകളുടെ അനധികൃത പ്രചാരണം നിരുത്സാഹപ്പെടുത്തുക, അനുചിതമായ സ്വയംചികിത്സയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുക എന്നിവയാണ് നിർദ്ദിഷ്ട  ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.
 
ചില ആൻ്റിബയോട്ടിക്കുകൾ, സൈക്കോട്രോപിക് മരുന്നുകൾ, കുറിപ്പടി പ്രകാരം മാത്രം  നൽകേണ്ട മറ്റ് മരുന്നുകൾ എന്നിവയുൾപ്പെടെ, ഉചിതമായ വൈദ്യസഹായ മേൽനോട്ടം ആവശ്യമുള്ള മരുന്നുകളുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
മരുന്നുകളുടെ വിൽപ്പനയ്ക്കും വിതരണത്തിനും ലൈസൻസ് കൈവശമുള്ളവർ നൽകുന്ന പരസ്യങ്ങൾ നിയന്ത്രിക്കുന്നതിന് ഉചിതമായ വ്യവസ്ഥകൾ ഏർപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത പരിഗണിച്ച, 2026 ഫെബ്രുവരി 16-ന് ചേർന്ന ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിൻ്റെ  93-ാമത് യോഗത്തിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
 
കരട് ചട്ടങ്ങൾ ഉൾക്കൊള്ളുന്ന ഗസറ്റിൻ്റെ പകർപ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ബന്ധപ്പെട്ട പങ്കാളികളോടും പൊതുജനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചിത കാലയളവിനുള്ളിൽ ലഭിക്കുന്ന സമർപ്പണങ്ങൾ ഭേദഗതി അന്തിമമാക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ പരിഗണിക്കും.
 
ഔദ്യോഗിക ഗസറ്റ്  ലിങ്ക്: https://egazette.gov.in/WriteReadData/2026/276941.pdf
 
SKY
 
 
****

( റിലീസ് ഐ.ഡി: 2321347) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Telugu