രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-അർജൻ്റീന സംയുക്ത സൈനിക പർവ്വതാരോഹണ പര്യവേഷണ സംഘത്തെ കരസേനാ മേധാവി ന്യൂഡൽഹിയിൽ ഔദ്യോഗികമായി സ്വീകരിച്ചു

പോസ്റ്റഡ് ഓണ്‍: 06 OCT 2026 5:33PM by PIB Thiruvananthpuram
2026 സെപ്റ്റംബർ 17-ന് അബി ഗാമിൻ കൊടുമുടിയും (7,355 മീറ്റർ) സെപ്റ്റംബർ 21-ന് കാമെറ്റ് കൊടുമുടിയും (7,756 മീറ്റർ) വിജയകരമായി കീഴടക്കിയതിനെത്തുടർന്ന്, സംയുക്ത ഇന്ത്യ-അർജൻ്റീന സൈനിക പർവ്വതാരോഹണ പര്യവേഷണ സംഘത്തെ കരസേനാ മേധാവി (COAS) ജനറൽ ധീരജ് സേത്ത് ഇന്ന് ന്യൂഡൽഹിയിൽ ഔദ്യോഗികമായി സ്വീകരിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കാമെറ്റ് കൊടുമുടി, കാഞ്ചൻജംഗയ്ക്കും നന്ദാദേവിക്കും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയാണ്.
 
ഇന്ത്യൻ സൈന്യത്തിലെ 25 പേരും അർജൻ്റീനിയൻ സൈന്യത്തിലെ 10 പേരും ഉൾപ്പെടെ ലെഫ്റ്റനൻ്റ്  കേണൽ ചിരാഗ് ചാറ്റർജിയുടെ നേതൃത്വത്തിലുള്ള 35 അംഗ പര്യവേഷണ സംഘത്തെ 2026 ഓഗസ്റ്റ് 21-ന് ന്യൂഡൽഹിയിലെ മനേക്ഷാ സെൻ്ററിൽ നിന്നാണ് യാത്രയാക്കിയത്. വെല്ലുവിളി നിറഞ്ഞ ഹിമാലയൻ സാഹചര്യങ്ങളിൽ മുന്നേറിയ പർവ്വതാരോഹകർ, അതികഠിനമായ തണുപ്പ്, ശക്തമായ കാറ്റ്, മഞ്ഞുമൂടിയ പ്രദേശങ്ങൾ, ചെങ്കുത്തായ പാറക്കെട്ടുകൾ, ഹിമപിളർപ്പുകൾ തുടങ്ങി ഉയർന്ന ഭൂപ്രദേശങ്ങളിലെ നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് ഇരു കൊടുമുടികളും കീഴടക്കിയത്. ഇവരുടെ ശാരീരിക ക്ഷമത, സാങ്കേതിക വൈദഗ്ധ്യം, മാനസികമായ കരുത്ത്, മികച്ച ഏകോപനം എന്നിവയെയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.
 
2025 ജനുവരിയിൽ അർജൻ്റീനയിലെ മെൻഡോസയിലുള്ള അക്കോൺകാഗ്വ കൊടുമുടിയിലേക്കും (6,962 മീറ്റർ), 2025 ഓഗസ്റ്റിൽ ലഡാക്കിലെ സുരു താഴ്‌വരയിലുള്ള കുൻ കൊടുമുടിയിലേക്കും (7,077 മീറ്റർ) നടത്തിയ രണ്ട് പര്യവേഷണങ്ങൾക്ക് ശേഷം ഇരു സൈന്യങ്ങളും സംയുക്തമായി നടത്തുന്ന മൂന്നാമത്തെ പർവ്വതാരോഹണ ദൗത്യമാണിത്.
 
തുടർച്ചയായ ഈ പര്യവേഷണങ്ങൾ ഇന്ത്യൻ-അർജൻ്റീന സൈന്യങ്ങൾ തമ്മിലുള്ള തൊഴിൽപരമായ സഹകരണം, പരസ്പര പ്രവർത്തനക്ഷമത, സൗഹൃദം, പരസ്പര വിശ്വാസം എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം, ഉയർന്ന ഭൂപ്രദേശങ്ങളിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള വിലയേറിയ അനുഭവസമ്പത്ത് പകർന്നുനൽകുകയും ചെയ്തു.
 
 
 
****

( റിലീസ് ഐ.ഡി: 2319827) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी