ഓസ്‌ട്രേലിയ, ഫിജി, തുവാലു എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന UNFCCC-യുടെ പ്രീ-കോപ്പ് 31 യോഗങ്ങളിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിക്കുന്നു.
ഫിജിയിൽ നടന്ന നേതാക്കളുടെ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ലോകം കോപ്പ് 31-ലേക്ക് മുന്നേറുന്ന വേളയിൽ കാലാവസ്ഥാ വ്യതിയാനത്തോടുള്ള പൊരുത്തപ്പെടൽ, ലഘൂകരണം, നടപ്പാക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവയ്ക്ക് തുല്യ പരിഗണന നൽകണമെന്ന് കേന്ദ്രമന്ത്രി ഇന്ന് ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളിലുടനീളം അർത്ഥവത്തായതും സുസ്ഥിരവുമായ കാലാവസ്ഥാ നടപടികൾക്കായി തുല്യത, പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്തങ്ങൾ, അതത് ശേഷികൾ (CBDR-RC) എന്നീ തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് ‘എല്ലാവർക്കും ഒരേ രീതിയിലുള്ള’ സമീപനം പ്രായോഗികമല്ലെന്ന് ശ്രീ യാദവ് വ്യക്തമാക്കി. അതത് പ്രദേശങ്ങളിൽ ഉയർന്നുവരുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിന് പ്രാദേശിക പഠനങ്ങളും വിലയിരുത്തലുകളും സുപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പരിഹാരങ്ങളിലൂടെ, ആവശ്യമായ ലഘൂകരണ-പൊരുത്തപ്പെടൽ നടപടികളും അവയ്ക്കായി ആനുപാതികമായ വിഭവങ്ങളും നിർണയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശാലമായ തീരപ്രദേശങ്ങളും ദ്വീപുകളുമുള്ള ഇന്ത്യയ്ക്ക് പസഫിക് ദ്വീപ് രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO), നാഷണൽ സെൻ്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെൻ്റ് (NCSCM), നാഷണൽ സെൻ്റർ ഫോർ കോസ്റ്റൽ റിസർച്ച് (NCCR) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലൂടെയും ഏജൻസികളിലൂടെയും സമുദ്രശാസ്ത്ര മേഖലയിൽ ഇന്ത്യ വിപുലമായ വിജ്ഞാന അടിത്തറയും വൈദഗ്ധ്യവും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
തീരപ്രദേശങ്ങളുടെ ദുർബലത വിലയിരുത്തൽ, തീരരേഖയിലെ വ്യതിയാനങ്ങളുടെ മാപ്പിംഗ്, മറൈൻ സ്പേഷ്യൽ പ്ലാനുകൾ തയ്യാറാക്കൽ, തീരപ്രദേശങ്ങൾക്കായുള്ള സംയോജിത മാനേജ്‌മെൻ്റ് പ്ലാനുകൾ വികസിപ്പിക്കൽ, സമുദ്ര സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തൽ എന്നിവയിൽ ഇന്ത്യ വിജ്ഞാനവും വൈദഗ്ധ്യവും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ശ്രീ യാദവ് ചൂണ്ടിക്കാട്ടി. കൂടാതെ, തീരദേശ നിരീക്ഷണം, വെള്ളപ്പൊക്ക സാധ്യത വിലയിരുത്തൽ, ചുഴലിക്കാറ്റും അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങളും സംബന്ധിച്ച മുന്നറിയിപ്പ്, കാലാവസ്ഥാ അപകടസാധ്യത വിലയിരുത്തൽ എന്നിവയ്ക്കായി ഇന്ത്യ ബഹിരാകാശ ആവാസവ്യവസ്ഥയും ഭൗമനിരീക്ഷണ ശേഷികളും ബഹിരാകാശ അധിഷ്ഠിത ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അറിവും വൈദഗ്ധ്യവും പസഫിക് പങ്കാളികളുമായി പങ്കുവെക്കാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു.
പസഫിക് മേഖലയിലെ പങ്കാളി രാജ്യങ്ങൾക്കൊപ്പം ഇന്ത്യ എപ്പോഴും ഉറച്ചുനിന്നിട്ടുണ്ടെന്നും ആരോഗ്യം, ക്ഷേമം, പുനരുപയോഗ ഊർജ്ജം, പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ, വിവരസാങ്കേതികവിദ്യ, കൃഷി, ശേഷി വികസനം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ അവരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. തുവാലുവിലേക്കുള്ള തൻ്റെ സന്ദർശനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, അന്താരാഷ്ട്ര സഹകരണത്തിന്—പ്രത്യേകിച്ച് നടപ്പാക്കാനുള്ള മാർഗ്ഗങ്ങൾ ലഭ്യമാക്കുന്നതിന്—പ്രായോഗികമായി പ്രതിരോധശേഷി ശക്തിപ്പെടുത്താൻ എങ്ങനെ കഴിയുമെന്നതിൻ്റെ ശക്തമായ ഉദാഹരണമാണ് ‘തുവാലു കോസ്റ്റൽ അഡാപ്റ്റേഷൻ പ്രോജക്റ്റ്' എന്ന് ശ്രീ യാദവ് പറഞ്ഞു. ഉയർന്നുവരുന്ന കാലാവസ്ഥാ വെല്ലുവിളികൾക്ക് പ്രാദേശിക പരിഹാരങ്ങൾ കണ്ടെത്തേണ്ടതിൻ്റെ പ്രാധാന്യം ഈ അനുഭവം വീണ്ടും അടിവരയിടുന്നതായി മന്ത്രി ആവർത്തിച്ചു.

വാർഷിക യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് നടക്കുന്ന പ്രാഥമിക തയ്യാറെടുപ്പ് യോഗമാണ് പ്രീ-കോപ്പ് (Pre-COP); ഈ വർഷത്തെ വാർഷിക സമ്മേളനം നവംബറിൽ തുർക്കിയിലെ അൻ്റാലിയയിലാണ് നടക്കുന്നത്.