ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി ദേശീയ സംസ്കൃത സർവകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 06 OCT 2026 4:25PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ഖുത്ബ് ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി ദേശീയ സംസ്കൃത  സർവകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങിനെ  ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് അഭിസംബോധന ചെയ്തു.ബിരുദം നേടിയ വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും സർവകലാശാലാ സമൂഹത്തെയും ചടങ്ങിൽ അദ്ദേഹം അഭിനന്ദിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകിയ ഉപരാഷ്ട്രപതി, മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് സ്വർണ്ണമെഡലുകളും വിതരണം ചെയ്തു.

സംസ്‌കൃത വിദ്യാപീഠത്തിൽ നിന്ന് കേന്ദ്ര സർവകലാശാലയിലേക്കുള്ള സ്ഥാപനത്തിന്റെ വളർച്ചയെ ചൂണ്ടിക്കാട്ടിയ ശ്രീ സി.പി. രാധാകൃഷ്ണൻ, മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിയുടെ വീക്ഷണം സാക്ഷാത്കരിച്ച് സംസ്‌കൃത പഠനരംഗത്തെ അന്താരാഷ്ട്ര മികവിന്റെ കേന്ദ്രമായി മാറാനുള്ള സമയമാണിതെന്ന് ഓർമ്മിപ്പിച്ചു. ലാൽ ബഹാദൂർ ശാസ്ത്രിക്ക് ആദരമർപ്പിച്ച അദ്ദേഹം,"ജയ് ജവാൻ, ജയ് കിസാൻ" എന്ന ആഹ്വാനം വെറുമൊരു മുദ്രാവാക്യം മാത്രമായിരുന്നില്ലെന്നും അതിർത്തി രക്ഷിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

ഭാരതീയ ജ്ഞാനപാരമ്പര്യത്തിന്റെ വിവിധ മേഖലകളിൽ ഗവേഷണം നടത്തുന്നതിനും NAAC-ന്റെ  ഏറ്റവും ഉയർന്ന ഗ്രേഡായ A++ കരസ്ഥമാക്കിയതിനും  ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി ദേശീയ സംസ്‌കൃത സർവകലാശാലയെ ഉപരാഷ്ട്രപതി പ്രശംസിച്ചു.ഓരോ ഇന്ത്യൻ ഭാഷയും രാജ്യത്തെ സമ്പന്നമാക്കിയിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ വിവിധ ഭാഷകളാകുന്ന  മുത്തുകളെ ഒരൊറ്റ മനോഹര മാലയായി കോർത്തിണക്കുന്ന 'സ്വർണ്ണനൂൽ' ആണ് സംസ്കൃതമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 'സുഭാഷിതങ്ങൾ' വഴി ക്യാമ്പസ്സിൽ സംസ്കൃതത്തെ സജീവമായി നിലനിർത്താനുള്ള ശ്രമങ്ങളേയും, 44 വർഷമായി തുടരുന്ന 'വിദ്യാപീഠ പഞ്ചാംഗം' പ്രസിദ്ധീകരണ പാരമ്പര്യത്തേയും, പ്രാകൃതം-വാസ്തുശാസ്ത്രം തുടങ്ങിയ ക്ലാസിക്കൽ വിഷയങ്ങളുടെ അധ്യാപനത്തേയും  അദ്ദേഹം പ്രശംസിച്ചു.

ഇന്ത്യയുടെ വികസനം അത് പ്രതിനിധാനം ചെയ്യുന്ന നാഗരിക പാരമ്പര്യത്തിൽ അധിഷ്ഠിതമായിരിക്കണമെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നിരവധി പദ്ധതികൾ സംസ്‌കൃതത്തിന്റെ പുനരുജ്ജീവനത്തിനും ഭാരതീയ ജ്ഞാനപാരമ്പര്യത്തിന്റെ പ്രചാരണത്തിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020, 'അഷ്ടദശി പദ്ധതി' എന്നിവയെക്കുറിച്ച് പരാമർശിക്കവേ, അപൂർവമായ സംസ്‌കൃത ഗ്രന്ഥങ്ങൾ അപ്രത്യക്ഷമാകാൻ അനുവദിക്കരുതെന്നും അവ സംരക്ഷിക്കപ്പെടുകയും പഠിക്കുകയും വരുംതലമുറകൾക്ക് ലഭ്യമാക്കുകയും വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യയുടെ കൈയെഴുത്തുപ്രതി പാരമ്പര്യത്തെക്കുറിച്ച് കൂടുതൽ ഗവേഷണ-പഠന പ്രവർത്തനങ്ങൾ നടത്തണമെന്ന് ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, പ്രസിദ്ധീകരിക്കാത്ത സംസ്കൃത കൈയെഴുത്തുപ്രതികൾ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനും അവയുടെ ആധികാരികമായ എഡിറ്റിംഗിനും പ്രസിദ്ധീകരണത്തിനുമായി സർവകലാശാലയിലെ അധ്യാപകരോടും വിദ്യാർത്ഥികളോടും അഭ്യർത്ഥിച്ചു. 'ജ്ഞാൻ ഭാരതം മിഷനെ'ക്കുറിച്ച് പരാമർശിക്കവേ,കൈയെഴുത്തുപ്രതികളുടെ സംരക്ഷണത്തിനും രേഖപ്പെടുത്തലിനുമായി 500 കോടി രൂപയുടെ അടിസ്ഥാന ഫണ്ട് വകയിരുത്തിയിട്ടുള്ള ഈ സംരംഭം, ഇന്ത്യയുടെ വിപുലമായ കൈയെഴുത്തുപ്രതിപാരമ്പര്യത്തെ ഇന്ത്യയിലെ ജനങ്ങളിലേക്കും ലോകമെമ്പാടുമുള്ളവരിലേക്കും എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബിരുദം നേടിയ വിദ്യാർഥികളെ അഭിസംബോധന ചെയ്ത ശ്രീ സി.പി. രാധാകൃഷ്ണൻ, ജീവിതകാലം മുഴുവൻ പഠനം തുടരണമെന്നും ആചാര്യന്മാരും മാതാപിതാക്കളും പകർന്നുനൽകിയ മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും ഉപദേശിച്ചു. നിർമ്മിത ബുദ്ധിയുടെ  ഈ യുഗത്തിൽ, സംസ്‌കൃതത്തിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താൻ അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.

ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന്  വിട്ടുനിൽക്കാനും, പകരം അച്ചടക്കം, കായികാധ്വാനം, നല്ല സൗഹൃദങ്ങൾ, അർത്ഥവത്തായ പ്രവർത്തനങ്ങൾ എന്നിവ തിരഞ്ഞെടുക്കാനും ഉപരാഷ്ട്രപതി യുവാക്കളോട് അഭ്യർത്ഥിച്ചു.സമൂഹ മാധ്യമങ്ങളെ  വിവേകത്തോടെയും മിതത്തോടെയും  ഉപയോഗിക്കണമെന്നും, വായന, പഠനം, നൈപുണ്യ വികസനം, ആത്മാർത്ഥമായ ബന്ധങ്ങൾ കെട്ടിപ്പടുക്കൽ എന്നിവയ്ക്കായി സമയം ചെലവഴിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു.

ചടങ്ങിൽ 'ആമ്നായ കല്പതരു', 'വിദ്യാമിത്രം', 'ശോധ പ്രഭ' (ജൂലൈ-സെപ്റ്റംബർ 2026 പതിപ്പ്) എന്നീ മൂന്ന് പ്രസിദ്ധീകരണങ്ങൾ ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു.

കേന്ദ്ര വിദ്യാഭ്യാസ-വടക്കുകിഴക്കൻ മേഖലാവികസന  സഹമന്ത്രി ശ്രീ സുകാന്ത മജുംദാർ, ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി ദേശീയ സംസ്കൃത് സർവകലാശാല  വൈസ് ചാൻസലർ പ്രൊഫ. മുരളി മനോഹർ പഥക് എന്നിവർക്ക് പുറമെ പ്രമുഖ പണ്ഡിതർ, ആചാര്യന്മാർ, ഉദ്യോഗസ്ഥർ, അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സംസ്കൃത ഭാഷാസ്നേഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 
*****

( റിലീസ് ഐ.ഡി: 2319768) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: Urdu , English , हिन्दी , Gujarati , Tamil