രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി എയിംസ് ബിലാസ്പൂരിന്റെ ആദ്യ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.

കുറഞ്ഞ ചെലവിലും എല്ലാവർക്കും പ്രാപ്യവും സാമ്പത്തിക ലാഭമുള്ളതുമായ ആരോഗ്യപരിപാലന മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നത് എയിംസ് പോലുള്ള പ്രമുഖ സ്ഥാപനങ്ങൾക്ക് മികച്ച അവസരമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു

പോസ്റ്റഡ് ഓണ്‍: 06 OCT 2026 3:27PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഇന്ന് (2026 ഒക്ടോബർ 6) ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ നടന്ന എയിംസ് (AIIMS) ബിലാസ്പൂരിന്റെ ആദ്യ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.
 
 മാനവ സേവനമായിരിക്കണം വൈദ്യശാസ്ത്ര രംഗത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ചടങ്ങിൽ  രാഷ്ട്രപതി പറഞ്ഞു. ഒരു ഡോക്ടറെ കാണാനെത്തുന്ന രോഗി, തന്റെ  രോഗവുമായി ബന്ധപ്പെട്ട ഭയവും അനിശ്ചിതത്വവും മാത്രമല്ല, പ്രതീക്ഷയുമായാണ് വരുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രോഗികളെ  ചികിത്സിക്കുന്ന ഡോക്ടറുടെ അറിവിനും നൈപുണ്യത്തിനും പുറമേ, സഹാനുഭൂതിയും കരുണാർദ്രമായ പെരുമാറ്റവുമാണ് രോഗികൾക്ക്   ധൈര്യം പകരുന്നതെന്നും  രാഷ്ട്രപതി പറഞ്ഞു. തൊഴിലിൽ മികവ് പുലർത്താൻ ശ്രമിക്കുമ്പോൾ തന്നെ സഹാനുഭൂതിയും സംവേദനക്ഷമതയും കൈമുതലാക്കാൻ  ഡോക്ടർമാരോട് രാഷ്‌ട്രപതി ആഹ്വാനം ചെയ്തു.
 
കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് എയിംസിന്റെ പ്രധാന സവിശേഷതയെന്ന് ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു.  ജനങ്ങളെ സംബന്ധിച്ചിടത്തോളം, രാജ്യത്തെ ഏറ്റവും കഴിവുറ്റ ഡോക്ടർമാരുടെ ചികിത്സയെയാണ് എയിംസ് പ്രതിനിധാനം ചെയ്യുന്നത്. ഈ വിശ്വാസത്തിന്റെ പ്രയോജനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും, കൂടുതൽ മിടുക്കരായ വിദ്യാർഥികൾക്ക് മികച്ച മെഡിക്കൽ വിദ്യാഭ്യാസം നേടി രാജ്യത്തെ സേവിക്കാൻ അവസരം നൽകുന്നതിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി എയിംസുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് രാഷ്‌ട്രപതി  കൂട്ടിച്ചേർത്തു.
 
ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം എയിംസ് ബിലാസ്പൂരിന് ഒരു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഹിമാചൽ പ്രദേശിലെ വിദൂര പ്രദേശങ്ങളിൽ വസിക്കുന്ന ജനങ്ങൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ യഥാസമയം എത്തിക്കുക എന്നത് ബഹുമുഖമായ ഒരു വെല്ലുവിളിയാണ്. അത്യാധുനിക ത്രിതീയ ആരോഗ്യ പരിചരണം(tertiary healthcare)  ലഭിക്കുന്നതിനുള്ള  പ്രമുഖ കേന്ദ്രമായി എയിംസ് ബിലാസ്പൂർ ഉയർന്നുവരണമെന്ന് രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു. ടെലിമെഡിസിൻ, വിദൂര പ്രദേശങ്ങൾക്കായുള്ള വിദഗ്ദ്ധ പരിശോധനകൾ, മെഡിക്കൽ ഉദ്യോഗസ്ഥരുടെ പരിശീലനം, അത്യാധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലൂടെ മലയോര മേഖലകളിലെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത രാഷ്‌ട്രപതി  ചൂണ്ടിക്കാണിച്ചു.
 
ഗുരുതരമായ രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവ്  സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക ഭാരമാണ് വരുത്തിവെക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ നേരിടുന്ന ഈ പ്രയാസം ലഘൂകരിക്കുന്നതിനായി, 'ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന'യ്ക്ക് കീഴിൽ കേന്ദ്ര സർക്കാർ ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്.
 
പൗരന്മാർക്ക് കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഉയർന്നുവരുന്ന വില രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഗുരുതരമായ വെല്ലുവിളിയുയർത്തുന്നു. കുറഞ്ഞ ചെലവിലും എല്ലാവർക്കും പ്രാപ്യവുമായ വിദഗ്ധ ആരോഗ്യപരിപാലന രീതികൾ  വികസിപ്പിക്കുന്നത് എയിംസ് പോലുള്ള പ്രമുഖ സ്ഥാപനങ്ങൾക്ക്   ഒരു വെല്ലുവിളിയും അതേസമയം ഒരു മികച്ച അവസരവുമാണ്. ഇത്തരം ശ്രമങ്ങളിലൂടെ നമ്മുടെ പൗരന്മാർ ആരോഗ്യവാന്മാരായിരിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കായി  പൂർണ്ണ ശേഷിയോടെ സംഭാവന നൽകാൻ അവർക്ക് സാധിക്കുകയും ചെയ്യും.
 
രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ക്ലിക്ക് ചെയ്യുക
 
 
 
 
 
 
 
 
***

( റിലീസ് ഐ.ഡി: 2319706) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati