പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്യാപ്റ്റൻ സ്മിത് മച്ഛാറുമായി നടത്തിയ സംഭാഷണത്തിന്റെ മലയാളം പരിഭാഷ
പോസ്റ്റഡ് ഓണ്‍:
02 OCT 2026 3:24PM by PIB Thiruvananthpuram
പ്രധാനമന്ത്രി – സ്മിത്, നമസ്കാരം.
ക്യാപ്റ്റൻ സ്മിത് – ജയ് ഹിന്ദ്, സർ. നമസ്കാരം, സർ.
പ്രധാനമന്ത്രി – ഇപ്പോൾ സുഖമായിരിക്കുന്നോ, ആരോഗ്യം എങ്ങനെയുണ്ട്?
ക്യാപ്റ്റൻ സ്മിത് – സർ, എല്ലാം ശരിയാണ് സർ, എല്ലാം നന്നായിരിക്കുന്നു.
പ്രധാനമന്ത്രി – നോക്കൂ, രാജ്യം മുഴുവൻ താങ്കൾക്കായി പ്രാർത്ഥിക്കുകയാണ്. എല്ലാ വശത്തുനിന്നും മഹാമൃത്യുഞ്ജയ മന്ത്രങ്ങൾ മുഴങ്ങുന്നുണ്ട്.
ക്യാപ്റ്റൻ സ്മിത് – അതെ, സർ.
പ്രധാനമന്ത്രി – താങ്കളുടെ ധൈര്യവും ക്ഷമയും മനസ്സാന്നിധ്യവും - നിമിഷങ്ങൾക്കകം താങ്കൾ എത്രയധികം തീരുമാനങ്ങളാണ് എടുത്തത്...
ക്യാപ്റ്റൻ സ്മിത് – അതെ, സർ.
പ്രധാനമന്ത്രി – എത്രയോ മനുഷ്യരുടെ ജീവനുകളാണ് താങ്കൾ രക്ഷിച്ചത്. നമ്മൾ ഇന്ത്യക്കാർ ജീവനെടുക്കുന്നവരല്ല, ജീവൻ രക്ഷിക്കുന്നവരാണ് എന്ന് ഇന്ന് രാജ്യം മുഴുവൻ അഭിമാനത്തോടെ പറയും.
ക്യാപ്റ്റൻ സ്മിത് – തീർച്ചയായും, സർ.
പ്രധാനമന്ത്രി – താങ്കളുടെ ശരീരത്തിൽ അത്രയും വലിയ പരിക്കുണ്ടായിരുന്നിട്ടും, മരണത്തോട് പൊരുതുന്ന അവസ്ഥയിലായിരുന്നിട്ടും സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കാതെ എല്ലാ യാത്രാക്കാരുടെയും ജീവനാണ് താങ്കൾ കാത്തുസൂക്ഷിച്ചത്. അതിനെല്ലാമുപരി, 140 കോടി ജനങ്ങളുടെ അഭിമാനമാണ് താങ്കൾ ഉയർത്തിപ്പിടിച്ചത്.
ക്യാപ്റ്റൻ സ്മിത് – നന്ദി, സർ.
പ്രധാനമന്ത്രി – അതുകൊണ്ടാണ് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് എനിക്ക് വലിയ അഭിമാനം തോന്നുന്നത്.
ക്യാപ്റ്റൻ സ്മിത് – സർ, ഞാൻ... ക്ഷമിക്കണം.
പ്രധാനമന്ത്രി – ഇന്നലെ എനിക്ക് ഭൂപേന്ദ്ര ഭായിയോടും ഗീതാ ബഹനോടും സോണാൽ ബഹനോടും സംസാരിക്കാൻ അവസരം ലഭിച്ചു. ജാവയോടും ബോബിയോടും സംസാരിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഞാൻ ഗീതാ ബഹനോട് പറഞ്ഞു, അവരുടെ പേര് 'ഗീത' എന്നാണെങ്കിലും കൃഷ്ണന്റെ ഭഗവദ്ഗീതയുടെ തത്വം അവർ ജീവിതത്തിൽ പൂർണ്ണമായും ഉൾക്കൊണ്ടിട്ടുണ്ട് എന്ന്. ആ ഗീതോപദേശങ്ങളിലൂടെ തന്നെയാണ് അവർ സ്മിത്തിന്റെ ജീവിതത്തെയും വാർത്തെടുത്തത്.
ക്യാപ്റ്റൻ സ്മിത് – തീർച്ചയായും, സർ.
പ്രധാനമന്ത്രി – സ്മിത്, ഇനി താങ്കളിൽ നിന്ന് കാര്യങ്ങൾ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ക്യാപ്റ്റൻ സ്മിത് – സർ, എന്നെ സംബന്ധിച്ചിടത്തോളം... ഞാൻ സാറിനോടും പറയുന്നുണ്ടായിരുന്നു... സർ ആണ് എന്റെ ഏറ്റവും വലിയ മാതൃക. സർ എന്നെ ഇതുപോലെ വിളിച്ച് പ്രോത്സാഹിപ്പിക്കുന്നത് എനിക്ക് വലിയ വലിയ അഭിമാനം നൽകുന്നു. ആ നിമിഷത്തിൽ, സർ, അതെ, ഞാൻ എന്റെ ജീവന് വേണ്ടിയാണ് പോരാടിക്കൊണ്ടിരുന്നത്. എന്നാൽ ഞാൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ... കാരണം ഞാൻ വീണുപോയിരുന്നു, എനിക്ക് നിരവധി പരിക്കുകളുണ്ടായിരുന്നു, ഞാൻ താഴെ കുടുങ്ങിക്കിടക്കുകയായിരുന്നു. ആ സമയത്ത് ഞാൻ എന്നോട് തന്നെ പറഞ്ഞു, ഞാൻ എഴുന്നേറ്റില്ലെങ്കിൽ... സർ, ഞാൻ കഴിഞ്ഞ 17 വർഷമായി എഫ്‌സെഡിൽ (FZ) വിമാനം പറത്തുന്നു. കഴിഞ്ഞ 11 വർഷമായി ക്യാപ്റ്റനാണ്. വിമാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ണടച്ച് പോലും എനിക്ക് മനസ്സിലാക്കാൻ കഴിയും. ഞാൻ കിടക്കുമ്പോൾ വിമാനം താഴേക്ക് പതിക്കുകയാണെന്ന് എനിക്ക് അനുഭവപ്പെട്ടു. സ്മിത്തിന് ഇതിന് കഴിഞ്ഞാൽ അതൊരു അവസാന ശ്രമമായിരിക്കുമെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു - വാതിൽ തൊട്ടടുത്തുണ്ടായിരുന്നു. ആ സമയത്തും എനിക്ക് പരിക്കേൽക്കുന്നുണ്ടായിരുന്നു, എങ്കിലും ഞാൻ അത് തുറന്നു, സർ. അതിനുശേഷം എല്ലാവരും പുറത്തുവന്നു, ഓരോരുത്തർക്കും അവരുടേതായ പങ്കുമുണ്ടായിരുന്നു. അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ പറയുന്നത്, എന്റെ സ്വന്തം ജീവനുവേണ്ടിയാണ് ഞാൻ പ്രവർത്തിച്ചതെങ്കിലും, അതേസമയത്ത് അവരെയെല്ലാം മരിക്കാൻ അനുവദിക്കരുതെന്നും എനിക്കറിയാമായിരുന്നു. അതിനുശേഷം, ഇവിടെയുള്ള സൗദിയിലെ ആളുകൾ - എനിക്ക് ഇതിലും മികച്ച പരിചരണമോ വൈദ്യസഹായമോ ലഭിക്കുമായിരുന്നില്ല. സർ, ഞാൻ... ഞാൻ പൂർണ്ണമായും ശുഭാപ്തി വിശ്വാസത്തിലാണ് . വേദന തോന്നുമ്പോഴെല്ലാം ഒരു കാര്യം മാത്രമേ എന്റെ മനസ്സിലേക്ക് വരാറുള്ളൂ - ഞാൻ ഹനുമാൻ ചാലിസ ജപിക്കും. ആ സമയത്തും ഞാൻ ഹനുമാൻ ചാലിസ മാത്രമാണ് ജപിച്ചുകൊണ്ടിരുന്നത്. എന്നെ രക്ഷിച്ചത് ദൈവമാണെന്ന് എനിക്കറിയാം. ഇപ്പോൾ, സർ, താങ്കളുടെ ഫോൺ കോൾ വന്നിരിക്കുന്നു - എനിക്ക് അളവറ്റ അഭിമാനം തോന്നുന്നു. ഇതുവരെ എനിക്കങ്ങനെ തോന്നിയിരുന്നില്ല, ഇപ്പോൾ തോന്നുന്നുണ്ട്, സർ. ക്ഷമിക്കണം സർ, താങ്കളുടെ മുന്നിൽ ഞാൻ കരഞ്ഞുപോവുകയാണ്.
പ്രധാനമന്ത്രി – സ്മിത്, താങ്കൾക്ക് എന്റെ മുന്നിൽ വികാരഭരിതനാകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എവിടെയാകും സാധിക്കുക ?
ക്യാപ്റ്റൻ സ്മിത് – സർ, താങ്കളോട് സംസാരിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല, ഒട്ടും പ്രതീക്ഷിച്ചതല്ല.
പ്രധാനമന്ത്രി – സഹോദരാ, താങ്കൾ അത്ര വലിയൊരു മഹത്തായ കാര്യമാണ് ചെയ്തിരിക്കുന്നത്, ഇന്ന് ഓരോ നാട്ടുകാരനും - ലോകമെമ്പാടുമുള്ള ആളുകൾ പോലും - താങ്കളെ കാണാനും സംസാരിക്കാനും കൊതിക്കുകയാണ്. ഹനുമാൻ ചാലിസയെക്കുറിച്ച് താങ്കൾ എന്നോട് പറഞ്ഞ ഈ കാര്യം - അതിന് ഞാൻ ഗീതാ ബഹനെ വന്ദിക്കുന്നു, അവർ താങ്കൾക്ക് ഇത്തരം മഹത്തായ മൂല്യങ്ങൾ നൽകിയതിന് ഭൂപേന്ദ്ര ഭായിയെയും ഞാൻ വന്ദിക്കുന്നു. സ്മിത്, ഞാൻ ഒരു കാര്യം പറയട്ടെ, ഇന്നലെ ഞാൻ സോണാൽ ബഹനോട് സംസാരിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി - അവർ അത്രയും ശാന്തതയോടെയാണ് സംസാരിച്ചത്.
ക്യാപ്റ്റൻ സ്മിത് – അതെ, സർ.
പ്രധാനമന്ത്രി – അവർ വളരെ ധൈര്യത്തോടെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. സത്യത്തിൽ, ഇങ്ങനെയൊരു സാഹചര്യത്തിൽ സോണാൽ ബഹന് ഇത്രയും ശാന്തതയോടെ സംസാരിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയതേയില്ല. അതുകൊണ്ട് ഒരു കുടുംബമെന്ന നിലയിൽ, നിങ്ങൾ രാജ്യത്തിനാകെ വലിയ പ്രശസ്തിയാണ് കൊണ്ടുവന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.
ക്യാപ്റ്റൻ സ്മിത് – സർ, എല്ലാ ദിവസവും രാവിലെ ഞാൻ പ്രാർത്ഥിക്കുമ്പോൾ, എന്റെ രണ്ടു വയസ്സുള്ള മകൻ എന്റെ മടിയിൽ വന്നിരിക്കാറുണ്ട്, ഞാൻ അവന് ഹനുമാൻ ചാലിസ ചൊല്ലിക്കൊടുക്കും. എന്നെ പഠിപ്പിച്ചത് എന്താണോ അത് ഞാൻ അവനോട് പറയുന്നു, കാരണം ഇന്ന് നമ്മൾ രാജ്യത്തിന് പുറത്താണ് ജീവിക്കുന്നതെങ്കിലും നമ്മുടെ സംസ്കാരത്തിൽ നിന്ന് നമ്മൾ ഒരിക്കലും അകന്നുപോകരുത്.
പ്രധാനമന്ത്രി – അത് തികച്ചും ശരിയാണ്.
ക്യാപ്റ്റൻ സ്മിത് – ഇപ്പോൾ ഇവിടെ, നമ്മൾ രാജ്യത്തിന് പുറത്താണെന്ന് എനിക്ക് തോന്നുന്നതേയില്ല. ഇവിടുത്തെ ആളുകൾ അത്രയും സ്നേഹത്തോടും ശ്രദ്ധയോടുമാണ് നമ്മളെ പരിചരിക്കുന്നത്.
പ്രധാനമന്ത്രി – താങ്കൾക്ക് ഒരുപക്ഷേ ഇത് അറിയുന്നുണ്ടാകില്ല, എന്നാൽ സവർകുണ്ട്ലയിലും വധ്വാനിലും ജനങ്ങൾ വികാരനിർഭരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിലുടനീളം സത്യവുമാണ്. ഇന്നലെ എല്ലാ ക്ഷേത്രങ്ങളിലും പ്രാർത്ഥനകളും പൂജകളും ആരതികളും നടന്നു. രാജ്യത്തുടനീളമുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ ആരതി ഉഴിഞ്ഞു. എല്ലാവരും താങ്കളുടെ ദീർഘായുസ്സിനും നല്ല ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുകയാണ്. അതുകൊണ്ടുതന്നെ താങ്കൾ ഉടൻ സുഖം പ്രാപിക്കും. താങ്കളെ സ്വാഗതം ചെയ്യാൻ ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ താങ്കൾ അനുഭവിക്കുന്ന ശാരീരിക വേദന എത്രത്തോളമെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും. താങ്കൾ ഒരു ധീരനായ മനുഷ്യനാണ്, അതുകൊണ്ട് വേഗത്തിൽ സുഖം പ്രാപിക്കാൻ പരിക്കുകളെ താങ്ങാൻ താങ്കൾ തന്നെ മനസ്സിനെ പ്രാപ്തമാക്കിയിരിക്കാം.
ക്യാപ്റ്റൻ സ്മിത് – അല്ല, സർ. ഞാൻ ഇതിനെ ഒരു പരിക്കായി കാണുന്നില്ല, കാരണം ഒരു പരിക്കായി കരുതിയാൽ എന്റെ സുഖം പ്രാപിക്കൽ കൂടുതൽ ബുദ്ധിമുട്ടാകും. പടിപടിയായി സാവധാനം സംഭവിക്കുന്ന, സമയമെടുക്കുന്ന ഒരു യാത്രയായാണ് ഞാൻ ഇതിനെ കാണുന്നത്. എന്നാൽ ഞാൻ പൂർണ്ണമായും സുഖം പ്രാപിച്ച് വീണ്ടും ആരോഗ്യം വീണ്ടെടുക്കുമെന്ന് എനിക്ക് അങ്ങേയറ്റത്തെ ആത്മവിശ്വാസമുണ്ട്.
പ്രധാനമന്ത്രി – താങ്കളെ ഇത്രയും നന്നായി പരിചരിച്ചതിന് സൗദി ഗവൺമെന്റിനോടും യു.എ.ഇ ഗവൺമെന്റിനോടും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. സ്മിത്, താങ്കൾക്ക് എപ്പോൾ ആവശ്യമെന്ന് തോന്നിയാലും ഞാൻ ഒരു ഫോൺ കോളിനപ്പുറമുണ്ട്.
ക്യാപ്റ്റൻ സ്മിത് – നന്ദി, സർ.
പ്രധാനമന്ത്രി – എന്നാൽ ഞാൻ പറയട്ടെ, താങ്കൾ ചെയ്തത് ശരിക്കും അസാധാരണമായ ഒരു കാര്യമാണ്. ഇന്നലെ സമൂഹ മാധ്യമത്തിൽ ആളുകൾ പ്രകടിപ്പിച്ച വികാരങ്ങൾ ഞാൻ കാണുകയായിരുന്നു. കാര്യങ്ങൾ ഇങ്ങനെയല്ല നടന്നിരുന്നതെങ്കിൽ ഇന്ത്യയ്ക്ക് എന്താണ് സംഭവിക്കുകയെന്നോ, ഇന്ത്യയിലെ എല്ലാ പൈലറ്റുമാർക്കും എന്ത് സംഭവിക്കുമെന്നോ, ഇന്ത്യൻ പൈലറ്റുമാരെ ലോകം എങ്ങനെ കാണുമെന്നോ ആർക്കും അറിയില്ലെന്നാണ് ആളുകൾ പറഞ്ഞത്. അതെല്ലാം താങ്കൾ രക്ഷിച്ചെടുത്തു. ശരിക്കും പ്രശംസനീയമായ ഒരു കാര്യമാണ് താങ്കൾ ചെയ്തിരിക്കുന്നത്.
ക്യാപ്റ്റൻ സ്മിത് – അതെ, സർ.
പ്രധാനമന്ത്രി – നമ്മൾ നേരിൽ കാണുമ്പോൾ, ബാക്കി കാര്യങ്ങളെല്ലാം എനിക്ക് വിശദമായി കേൾക്കണം. കാരണം മൊബൈൽ ഫോണിലൂടെ അത്തരം കാര്യങ്ങൾ താങ്കളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ക്യാപ്റ്റൻ സ്മിത് – ശരി, സർ.
പ്രധാനമന്ത്രി – താങ്കൾ പൂർണ്ണമായും സുഖം പ്രാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. രാജ്യം മുഴുവൻ താങ്കളോടൊപ്പം ഉണ്ട്.
ക്യാപ്റ്റൻ സ്മിത് – നന്ദി, സർ.
പ്രധാനമന്ത്രി – താങ്കളെ കൂടുതൽ ക്ഷീണിതനാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ എല്ലാവിധ ആശംസകളും താങ്കൾക്കൊപ്പമുണ്ട്. ഇന്ന് ഗാന്ധി ജയന്തിയാണ്. അഹിംസ എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് താങ്കൾ സ്വന്തം പ്രവർത്തികളിലൂടെ കാണിച്ചുതന്നിരിക്കുന്നു.
ക്യാപ്റ്റൻ സ്മിത് – നന്ദി, സർ.
പ്രധാനമന്ത്രി – ശരി എന്നാൽ, ജയ് ശ്രീ കൃഷ്ണ. ജയ് ശ്രീ കൃഷ്ണ, മകനേ. നമുക്ക് കുറച്ച് ഗുജറാത്തിയും സംസാരിക്കാം.
ക്യാപ്റ്റൻ സ്മിത് – ജയ് ശ്രീ കൃഷ്ണ, സർ.
പ്രധാനമന്ത്രി – ബോബിയും ജീവയും ഗുജറാത്തി സംസാരിക്കാറുണ്ടോ ഇല്ലയോ?
ക്യാപ്റ്റൻ സ്മിത് – രണ്ടുപേരും സംസാരിക്കും, സർ. രണ്ടുപേരും ഗുജറാത്തി സംസാരിക്കും.
പ്രധാനമന്ത്രി – നല്ല ഒഴുക്കോടെ ഗുജറാത്തി സംസാരിക്കുമല്ലേ?
ക്യാപ്റ്റൻ സ്മിത് – രണ്ടുപേരും ആദ്യം ഗുജറാത്തിയാണ് പഠിച്ചത്, അതിനുശേഷമാണ് ഇംഗ്ലീഷ് പഠിച്ചത്.
പ്രധാനമന്ത്രി – ആണോ? കുട്ടികളെ കണ്ടിരുന്നോ? മക്കളെ കണ്ടോ? അവരെ കാണാൻ ഡോക്ടർമാർ അനുവദിച്ചോ?
ക്യാപ്റ്റൻ സ്മിത് – എന്റെ മൂത്ത മകൾ എന്നെ കാണാൻ വന്നിരുന്നു, എന്നാൽ ഇതൊക്കെ കണ്ടപ്പോൾ അവൾ പേടിച്ചുപോയി.
പ്രധാനമന്ത്രി – മനസ്സിലായി... മനസ്സിലായി...
ക്യാപ്റ്റൻ സ്മിത് – അവൾക്ക് അൽപ്പം സുഖമില്ലായിരുന്നു , മാത്രവുമല്ല അവൾ എന്നോട് വളരെ അടുപ്പകാരിയുമാണ്. എന്റെ ചെറിയ മകന് രണ്ട് വയസ്സ് മാത്രമേയുള്ളൂ, അതുകൊണ്ട് അവനെ വരാൻ അവർ അനുവദിച്ചില്ല.
പ്രധാനമന്ത്രി – അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇപ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും സോണാൽ ബഹൻ വളരെ ധൈര്യശാലിയാണ്.
ക്യാപ്റ്റൻ സ്മിത് – അതെ, സർ.
പ്രധാനമന്ത്രി – ഇന്നലെ അത്രയും ശാന്തതയോടെയാണ് അവർ എന്നോട് സംസാരിച്ചത്. എന്റെ അനുഭവത്തിൽ ഇത്തരം സാഹചര്യങ്ങളിൽ ആളുകൾക്ക് സംസാരിക്കാൻ പോലും കഴിയാറില്ല. ഒരു പരാതിയുടെ ചെറിയൊരു സൂചന പോലും അവിടെയുണ്ടായിരുന്നില്ല. ഇന്നലെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഞാൻ ഭൂപേന്ദ്ര ഭായിയോടും ഗീതാ ബഹനോടും സംസാരിച്ചിരുന്നു. അപ്പോഴും ഒരു പരാതിയും ഉണ്ടായിരുന്നില്ല. ദൈവം ഏറ്റവും നല്ലത് വരുത്തുമെന്നാണ് അവർ പറഞ്ഞത്.
ക്യാപ്റ്റൻ സ്മിത് – അതെ, സർ.
പ്രധാനമന്ത്രി – ശരി എന്നാൽ, ജയ് ശ്രീ കൃഷ്ണ. വേഗത്തിൽ സുഖം പ്രാപിക്കൂ, അതിനുശേഷം നമുക്ക് കാണാം.
ക്യാപ്റ്റൻ സ്മിത് – അതെ, സർ.
പ്രധാനമന്ത്രി – ദൈവം അനുഗ്രഹിക്കട്ടെ!
ക്യാപ്റ്റൻ സ്മിത് – ജയ് ഹിന്ദ്.
പ്രധാനമന്ത്രി – ജയ് ഹിന്ദ്.
നിരാകരണം : പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങൾ ഗുജറാത്തിയിലാണ്, അവ ഉദ്ദേശിച്ച അർത്ഥം വ്യക്തമാക്കുന്നതിനായി ഇവിടെ പരിഭാഷപ്പെടുത്തി നൽകിയിരിക്കുന്നു.
***
SK
( റിലീസ് ഐ.ഡി: 2319047)
സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada