പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്യാപ്റ്റൻ സ്മിത് മച്ഛാറുമായി സംവദിച്ചു
യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ ക്യാപ്റ്റൻ പ്രകടിപ്പിച്ച ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
“ഇന്ത്യക്കാർ ജീവൻ അപഹരിക്കുന്നവരല്ല, ജീവൻ രക്ഷിക്കുന്നവരാണെന്ന് ഇന്ന് രാജ്യത്തിന് അഭിമാനത്തോടെ പറയാൻ കഴിയും”: പ്രധാനമന്ത്രി
“ഇന്ന് ഗാന്ധിജയന്തിയാണ്; അഹിംസയുടെ യഥാർത്ഥ സത്ത എന്താണെന്ന് അതു ജീവിതത്തിൽ പ്രാവർത്തികമാക്കി നിങ്ങൾ തെളിയിച്ചു”: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
02 OCT 2026 4:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോളിലൂടെ ക്യാപ്റ്റൻ സ്മിത് മച്ഛാറുമായി സംവദിച്ചു. ക്യാപ്റ്റന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചാണ് പ്രധാനമന്ത്രി സംഭാഷണം ആരംഭിച്ചത്. ക്യാപ്റ്റന്റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി രാജ്യം മുഴുവൻ പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം ഉറപ്പുനൽകി. നിരവധി ജീവൻ രക്ഷിക്കുന്നതിനായി, ഒരു നിമിഷത്തിന്റെ അംശത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ പൈലറ്റ് പ്രകടിപ്പിച്ച ധൈര്യം, ക്ഷമ, സമയോചിതമായ വിവേകം എന്നിവയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജീവനും മരണത്തിനുമിടയിൽ പോരാടുന്നതിനിടയിലും, ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്വന്തം ജീവനേക്കാൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് 140 കോടി ഇന്ത്യക്കാരുടെയും അഭിമാനം ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യക്കാർ ജീവൻ അപഹരിക്കുന്നവരല്ല, ജീവൻ രക്ഷിക്കുന്നവരാണെന്ന് ഇന്ന് രാജ്യത്തിന് അഭിമാനത്തോടെ പറയാൻ കഴിയും” - ശ്രീ മോദി പറഞ്ഞു.
ഭൂപേന്ദ്ര ഭായ്, ഗീതാ ബെഹൻ, സോണൽ ബെഹൻ എന്നിവരുൾപ്പെടെ പൈലറ്റിന്റെ കുടുംബാംഗങ്ങളുമായി നടത്തിയ സംഭാഷണം പ്രധാനമന്ത്രി സ്നേഹപൂർവം ഓർത്തെടുത്തു. മകനിൽ ആഴത്തിലുള്ള സാംസ്കാരിക മൂല്യങ്ങൾ വളർത്തിയതിന് ഗീതാ ബെഹനെ അദ്ദേഹം അഭിനന്ദിച്ചു. ഭഗവദ്ഗീതയുടെ സന്ദേശങ്ങൾ അവർ പൂർണമായി ഉൾക്കൊണ്ട് ജീവിതത്തിൽ പ്രാവർത്തികമാക്കിയതായി പ്രധാനമന്ത്രി നിരീക്ഷിച്ചു.
ഏറ്റവും വലിയ മാതൃകയായി ക്യാപ്റ്റനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, 17 വർഷത്തെ പറക്കൽ പരിചയമാണ് വിമാനം തകർന്നുവീഴുകയാണെന്ന് തിരിച്ചറിയാൻ സഹായിച്ചതെന്ന് ക്യാപ്റ്റൻ സ്മിത് വിവരിച്ചതു ശ്രദ്ധാപൂർവം ശ്രവിച്ചു. കുടുങ്ങിക്കിടക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടും യാത്രക്കാരെ മരിക്കാൻ അനുവദിക്കരുതെന്ന ഉറച്ച തീരുമാനത്തോടെ വാതിൽ തുറക്കാൻ അവസാനമായി നടത്തിയ ശ്രമത്തിന്റെ ഭയാനകമായ നിമിഷവും പൈലറ്റ് വിവരിച്ചു. അതിജീവനത്തിനായുള്ള പോരാട്ടത്തിനിടെ ഹനുമാൻ ചാലിസ ചൊല്ലി ആത്മീയ ശക്തി നേടിയ ക്യാപ്റ്റന്റെ അനുഭവത്തെയും പ്രധാനമന്ത്രി ആഴത്തിൽ അഭിനന്ദിച്ചു. ഇത്രയും വലിയ പോരാട്ടത്തിലൂടെ കടന്നുപോയ ശേഷം ക്യാപ്റ്റൻ വികാരാധീനനായത് തികച്ചും സ്വാഭാവികമായ പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ ധീരമായ പ്രവർത്തനങ്ങൾ നിങ്ങളുമായി സംസാരിക്കാൻ ലോകമെമ്പാടുമുള്ള ജനങ്ങളെ ഉത്സുകരാക്കിയിരിക്കുന്നു. നിങ്ങളുടെ കുടുംബം രാജ്യത്തെ യഥാർത്ഥത്തിൽ അഭിമാനപൂരിതമാക്കി” - ശ്രീ മോദി പറഞ്ഞു.
രാജ്യമെമ്പാടും ഉയർന്നുവന്ന വൈകാരികമായ ഐക്യദാർഢ്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പൈലറ്റിന്റെ ആയുരാരോഗ്യത്തിനായി സാവർകുണ്ഡ്ല മുതൽ വാധ്വൻ വരെ പ്രത്യേക പ്രാർത്ഥനകളും ആരതികളും നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സുഖപ്രാപ്തിയെ ക്ഷമയോടെ മുന്നോട്ട് പോകേണ്ട യാത്രയായി കാണാനുള്ള ക്യാപ്റ്റന്റെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യൻ സംസ്കാരവുമായി ബന്ധം നിലനിർത്തുന്നതിനായി രണ്ടുവയസ്സുകാരനായ മകനോടൊപ്പം ദിവസവും ഹനുമാൻ ചാലിസ ചൊല്ലുന്നുവെന്ന് ക്യാപ്റ്റൻ പറഞ്ഞതും പ്രധാനമന്ത്രി അഭിനന്ദിച്ചു. മികച്ച ചികിത്സ നൽകുന്നതിൽ സഹായിച്ച സൗദി അറേബ്യ, യുഎഇ സർക്കാരുകളോട് അദ്ദേഹം ഹൃദയംഗമമായ നന്ദി അറിയിച്ചു. പ്രാദേശിക ജനങ്ങളിൽ നിന്ന് ലഭിച്ച അപാരമായ സ്നേഹത്തെക്കുറിച്ചുള്ള ക്യാപ്റ്റന്റെ വാക്കുകളും അദ്ദേഹം പരാമർശിച്ചു. ക്യാപ്റ്റന്റെ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള ഇന്ത്യൻ പൈലറ്റുമാരുടെ അഭിമാനവും സ്ഥാനവും സംരക്ഷിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന് ഗാന്ധിജയന്തിയാണ്; അഹിംസയുടെ യഥാർത്ഥ സത്ത എന്താണെന്ന് അതു ജീവിതത്തിൽ പ്രാവർത്തികമാക്കി താങ്കൾ തെളിയിച്ചു” - ശ്രീ മോദി നിരീക്ഷിച്ചു.
പ്രധാനമന്ത്രി സ്നേഹപൂർവം ഗുജറാത്തിയിൽ സംസാരിക്കുകയും ക്യാപ്റ്റന്റെ കൊച്ചുകുട്ടികളായ ബോബിയുടെയും ജീവയുടെയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. അടുത്തിടെ നടത്തിയ സംഭാഷണങ്ങളിൽ ഒരു പരാതിയുടെ കണികപോലുമില്ലാതെ അസാധാരണമായ ആത്മസംയമനവും വിശ്വാസവും പുലർത്തിയ പൈലറ്റിന്റെ മാതാപിതാക്കളെയും ഭാര്യ സോണൽബെഹനെയും അദ്ദേഹം ആഴത്തിൽ അഭിനന്ദിച്ചു. താൻ ഒരു ഫോൺ കോൾ മാത്രം അകലെയാണെന്ന് ഉറപ്പുനൽകിയ പ്രധാനമന്ത്രി, നേരിൽ കാണുമ്പോൾ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കേൾക്കാമെന്നും വാഗ്ദാനം ചെയ്തു. പൂർണവും വേഗത്തിലുള്ളതുമായ സുഖപ്രാപ്തി ആശംസിച്ച അദ്ദേഹം രാജ്യം മുഴുവൻ ക്യാപ്റ്റനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി. “എത്രയും വേഗം സുഖം പ്രാപിക്കൂ, നമുക്ക് കണ്ടുമുട്ടാം; ദൈവം അനുഗ്രഹിക്കട്ടെ, ജയ് ഹിന്ദ്” - ശ്രീ മോദി പറഞ്ഞു.
-SK-
( റിലീസ് ഐ.ഡി: 2318271)
സന്ദര്‍ശക കൗണ്ടര്‍ : 10