റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ദിവ്യാംഗരുടെ വാഹനങ്ങള്‍ക്കുള്ള ഫാസ്ടാഗ് ഇളവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ച് കേന്ദ്ര ഗവണ്‍മെന്റ്

പോസ്റ്റഡ് ഓണ്‍: 01 OCT 2026 4:57PM by PIB Thiruvananthpuram
പൗരന്മാര്‍ക്ക് സുഗമമായ ജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദിവ്യാംഗരുടെ വാഹനങ്ങള്‍ക്ക് ടോള്‍ ഇളവ് നല്‍കുന്ന ഫാസ്ടാഗ് അനുവദിക്കുന്നതും പുതുക്കുന്നതും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് പരിഷ്‌കരിച്ചു. പ്രക്രിയ കൂടുതല്‍ ലളിതമാക്കാനും ആവര്‍ത്തിച്ചുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കി രാജ്യവ്യാപകമായി ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ ചട്ടക്കൂട് ലക്ഷ്യമിടുന്നു. പരിഷ്‌കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ 2026 ഒക്ടോബര്‍ 2 ന് പ്രാബല്യത്തില്‍ വരും.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച വാഹനങ്ങള്‍ക്കും 'ദിവ്യാംഗ'  ഉടമസ്ഥാവകാശത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കുമാണ് ഇളവ് ലഭിക്കുക. സാധുവായ ഭിന്നശേഷി സാക്ഷ്യപത്രം, യുണീക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി (യുഡിഐഡി) കാര്‍ഡ് അല്ലെങ്കില്‍ ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക രേഖകളിലെ ഭിന്നശേഷി ശതമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവോടുകൂടിയ ഫാസ്ടാഗുകള്‍ അനുവദിക്കുക.

മുന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഭിന്നശേഷിക്കാരുടെ ഫാസ്ടാഗുകള്‍ ഓരോ വര്‍ഷവും പുതുക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ പുതിയ വ്യവസ്ഥകള്‍ പ്രകാരം ഭിന്നശേഷി ശതമാനം അടിസ്ഥാനമാക്കിയായിരിക്കും ഫാസ്ടാഗിന്റെ സാധുതാ കാലാവധി നിശ്ചയിക്കുക. 70 മുതല്‍ 100 ശതമാനം വരെ ഭിന്നശേഷിയുള്ള വ്യക്തികളുടെ വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന ഫാസ്ടാഗിന് 5 വര്‍ഷത്തെ സാധുതയുണ്ടാകും. 40 മുതല്‍ 70 ശതമാനത്തില്‍ താഴെ വരെ ഭിന്നശേഷിയുള്ളവര്‍ക്ക് 3 വര്‍ഷം സാധുതയുള്ള ഫാസ്ടാഗ് ലഭിക്കും.

ഈ കാലാവധിക്ക് ശേഷവും അര്‍ഹത തുടരുന്ന സാഹചര്യത്തില്‍ 2008-ലെ ദേശീയപാത ഫീസ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഫാസ്ടാഗ് പുതുക്കി നല്‍കും.

ടോള്‍ ഇളവുകള്‍ നിര്‍ദിഷ്ട നിയമങ്ങള്‍ക്കും അര്‍ഹതാ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം ദേശീയപാതകളിലെ ടോള്‍ സംവിധാനം അര്‍ഹരായ ഭിന്നശേഷി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് പരിഷ്‌കരിച്ച വ്യവസ്ഥകളുടെ ലക്ഷ്യം.
 

***

 

( റിലീസ് ഐ.ഡി: 2317865) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali