വിനോദസഞ്ചാര മന്ത്രാലയം
വിനോദസഞ്ചാര മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ഇറ്റലിയും തമ്മിൽ ധാരണ
പോസ്റ്റഡ് ഓണ്‍:
29 SEP 2026 6:23PM by PIB Thiruvananthpuram
വിനോദസഞ്ചാര മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യയും ഇറ്റലിയും തമ്മിൽ ധാരണയായി. ഇന്ത്യയുടെ വിനോദസഞ്ചാര മന്ത്രാലയ സെക്രട്ടറി ശ്രീ ഭുവനേഷ് കുമാറിന്റെയും ഇറ്റാലിയൻ വിനോദസഞ്ചാര മന്ത്രാലയം സെക്രട്ടറി ജനറൽ ശ്രീമതി ഇമ്മാനുവേല ട്രിപ്പിയുടെയും സഹ അധ്യക്ഷതയില്‍ 2026 സെപ്റ്റംബർ 29-ന് ചേര്‍ന്ന രണ്ടാമത് സംയുക്ത കർമ്മസമിതി യോഗത്തിലാണ് ധാരണയായത്.

വിനോദസഞ്ചാര മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, റോമിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് എന്നിവയുടെ പ്രതിനിധികളാണ് ഇന്ത്യൻ സംഘത്തിൽ പങ്കെടുത്തത്. ഇറ്റാലിയൻ വിനോദസഞ്ചാര മന്ത്രാലയം, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ന്യൂഡൽഹിയിലെ ഇറ്റാലിയൻ എംബസി, ഇറ്റാലിയൻ നാഷണൽ ടൂറിസം ബോർഡ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ ഇറ്റാലിയൻ സംഘത്തിലുണ്ടായിരുന്നു.
വിനോദസഞ്ചാര വിവരങ്ങളുടെ കൈമാറ്റം, അധികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണം, സിനിമ ടൂറിസം, ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കൽ, നൈപുണ്യ വികസനവും ശേഷി വർദ്ധനയും, ബി-ടു-ബി ഇടപെടലുകൾ വിപുലീകരിക്കല്‍ തുടങ്ങി ഇരുരാജ്യങ്ങളും തമ്മിലെ വിനോദസഞ്ചാര സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
യോഗത്തിന്റെ പ്രധാന തീരുമാനമെന്ന നിലയിൽ സഹകരണ മേഖലകളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട പങ്കാളികൾ തമ്മിലെ നിരന്തര സമ്പർക്കം സുഗമമാക്കുന്നതിനും പ്രത്യേക സാങ്കേതിക സമിതികൾ രൂപീകരിക്കാനും പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്താനും ഇരുപക്ഷവും തീരുമാനിച്ചു.
ഇരുരാജ്യങ്ങളും തമ്മിലെ സാംസ്കാരിക-വിനോദസഞ്ചാര വിനിമയം കൂടുതൽ ദൃഢമാക്കുകയെന്ന ലക്ഷ്യത്തോടെ നിർദിഷ്ട 'ഇന്ത്യ-ഇറ്റലി സാംസ്കാരിക-വിനോദസഞ്ചാര വർഷം 2027'-ന്റെ പശ്ചാത്തലത്തിലെ സഹകരണ സാദ്ധ്യതകളും ഇരുവിഭാഗവും ചർച്ച ചെയ്തു.

വിനോദസഞ്ചാര മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇരുരാജ്യങ്ങളിലെയും സ്ഥാപനപരവും വ്യവസായപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ഇന്ത്യയുടെയും ഇറ്റലിയുടെയും പ്രതിബദ്ധത അടിവരയിടുന്നതായിരുന്നു രണ്ടാമത് സംയുക്ത കർമ്മസമിതി യോഗം.
***
( റിലീസ് ഐ.ഡി: 2316730)
സന്ദര്‍ശക കൗണ്ടര്‍ : 4