PIB Backgrounder
ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ
ഇന്ത്യയുടെ സമുദ്ര പരമാധികാരം ശക്തിപ്പെടുത്തുന്നു
പോസ്റ്റഡ് ഓണ്‍:
27 SEP 2026 11:35AM by PIB Thiruvananthpuram
|
ഇന്ത്യ ഗണ്യമായ തോതിൽ സമുദ്രവ്യാപാരത്തെയാണ് ആശ്രയിക്കുന്നത്. ചരക്ക്, ഊർജ്ജ വിതരണങ്ങളിൽ ഭൂരിഭാഗവും സമുദ്രമാർഗ്ഗങ്ങളിലൂടെയാണ് കൊണ്ടുപോകുന്നത്. ഇന്ത്യൻ പതാക ഉള്ളതോ, ഇന്ത്യൻ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതോ, അവ നിയന്ത്രിക്കുന്നതോ ആയ കപ്പലുകളുടെയും, ഇന്ത്യയിലേക്ക് വരുന്നതോ ഇന്ത്യയിൽ നിന്ന് യാത്ര തിരിക്കുന്നതോ ആയ ചരക്കുകപ്പലുകളുടെയും ഹൾ & മെഷിനറി അപായസാധ്യതകൾക്ക് ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ പദ്ധതി വഴി (BMIP) സമുദ്ര സുരക്ഷ ഇൻഷുറൻസ് നൽകുന്നു. ₹13,906.50 കോടി (1.5 ബില്യൺ യു.എസ്. ഡോളർ) പരിരക്ഷയോടെ 2026 മെയ് മാസത്തിലാണ് പദ്ധതി ആരംഭിച്ചത്. ഇത് ഹൾ, കാർഗോ, പ്രൊട്ടക്ഷൻ ആൻഡ് ഇൻഡെംനിറ്റി (P&I), യുദ്ധ സാധ്യതകൾ എന്നിവയ്ക്ക് ആഭ്യന്തര ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. BMIP വിദേശ ഇൻഷുറർമാരെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ആഗോള പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ താങ്ങാനാവുന്നതും സുഗമവുമായ പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. അംഗങ്ങളുടെ ബാധ്യതകളുടെ അടിസ്ഥാനത്തിൽ അപായസാധ്യതകൾ ഒരുമിച്ച് ഇൻഷ്വർ ചെയ്തുകൊണ്ട് ആഭ്യന്തര ഇൻഷുറർമാരാണ് പോളിസികൾ നൽകുന്നത്. 100 ദശലക്ഷം യു.എസ്. ഡോളർ വരെയുള്ള ക്ലെയിമുകൾ റിസർവുകൾ വഴി തീർപ്പാക്കുമ്പോൾ, വലിയ ക്ലെയിമുകൾക്ക് സോവെറിൻ ഗ്യാരന്റികൾ ഉപയോഗിക്കുന്നു. BMIP പദ്ധതി ആരംഭിച്ചത് മുതൽ കപ്പലുകൾക്കായി യുദ്ധ അപകടങ്ങൾ, P&I പോളിസികൾ നൽകുകയും പ്രീമിയം കുറയ്ക്കുകയും ഇന്ത്യയുടെ സമുദ്ര പരമാധികാരം ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
|
സംഗ്രഹം :
ലോകത്തിലെ പ്രമുഖ വ്യാപാര രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയുടെ വ്യാപാരത്തിൽ ഭൂരിഭാഗവും സമുദ്രമാർഗ്ഗങ്ങളിലൂടെയാണ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടൽ ഒരു ഗതാഗത മാർഗ്ഗം മാത്രമല്ല; അത് വാണിജ്യ പ്രവർത്തനങ്ങളുടെ നട്ടെല്ല് കൂടിയാണ്. ഇത് ഊർജ്ജ സുരക്ഷയെ പിന്തുണയ്ക്കുകയും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ
സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. അസംസ്കൃത എണ്ണ ഇറക്കുമതി മുതൽ ചരക്ക് കയറ്റുമതി വരെ, സമുദ്രവുമായുള്ള ബന്ധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ മിക്കവാറും എല്ലാ മേഖലകൾക്കും അടിത്തറയേകുന്നു. തീരദേശ കപ്പൽ ഗതാഗതവും ഉൾനാടൻ ജലപാതകളും ഈ ജീവരേഖയെ കൂടുതൽ ശക്തിപ്പെടുത്തുകയും വ്യാപാരത്തിൽ പ്രതിരോധശേഷിയും കാര്യക്ഷമതയും ഉറപ്പാക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ സമുദ്രവ്യാപാരം വിപുലമാണെങ്കിലും, പ്രധാന നാവിക ഇൻഷുറൻസ് സേവനങ്ങൾക്ക് ഇപ്പോഴും വിദേശ സേവനദാതാക്കളെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. വിദേശത്തേക്കുള്ള മറ്റ് ഉയർന്ന നാവിക ഇൻഷുറൻസ് പേയ്‌മെന്റുകൾക്ക് പുറമെ, പ്രൊട്ടക്ഷൻ ആൻഡ് ഇൻഡെംനിറ്റി (P&I) പ്രീമിയ ഇനത്തിൽ മാത്രം പ്രതിവർഷം 45–60 ദശലക്ഷം യു.എസ്. ഡോളർ പുറത്തേക്ക് ഒഴുകുന്നതിന് ഇത് കാരണമാകുന്നു.
ആഭ്യന്തര നാവിക ഇൻഷുറൻസ് ശേഷിയിലെ ഈ തന്ത്രപ്രധാനമായ വിടവിന് ഒരു സുപ്രധാന പരിഹാരമായാണ് ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ (BMIP) രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2026 ഏപ്രിൽ 18-ന് അംഗീകാരം ലഭിക്കുകയും 2026 മെയ് 12-ന് ഔദ്യോഗികമായി ആരംഭിക്കുകയും ചെയ്ത BMIP, ₹13,906.50 കോടി(1.5 ബില്യൺ യു.എസ്. ഡോളർ) മൂല്യമുള്ള ഇന്ത്യയിലെ പ്രഥമ ആഭ്യന്തര നാവിക ഇൻഷുറൻസ് സഞ്ചയമാണ്. ഇത് ₹12,980 കോടിയുടെ (1.4 ബില്യൺ യു.എസ്. ഡോളർ) സോവെറിൻ പിന്തുണ ഉറപ്പുനൽകുന്നു. ആദ്യമായി, ഇന്ത്യൻ കമ്പനികൾ ഉയർന്ന മൂല്യമുള്ള കപ്പലുകൾക്കായി സ്വതന്ത്രമായി ഇൻഷുർ ചെയ്യുന്നു. ഉയർന്ന അപായസാധ്യതയുള്ള പ്രദേശങ്ങളിലെ ഹൾ & മെഷിനറി, കാർഗോ എന്നിവയ്ക്ക് യുദ്ധവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന അപകടസാധ്യതകൾ, പ്രൊട്ടക്ഷൻ ആൻഡ് ഇൻഡെംനിറ്റി എന്നിവ ഈ പരിരക്ഷയിൽ ഉൾപ്പെടുന്നു.
ഇന്ത്യയുടെ സമുദ്ര മേഖല: കടലുകളുടെ ഒരു രാഷ്ട്രം
ഇന്ത്യയിൽ 12 പ്രധാന തുറമുഖങ്ങളും 217 ചെറു തുറമുഖങ്ങളും പ്രവർത്തനസജ്ജമാണ്. ഇവ രാജ്യത്തുടനീളം വിവിധ തരം ചരക്കുകൾ കൈകാര്യം ചെയ്യുന്നു. ഇന്ത്യയിലെ പ്രധാന, ചെറു തുറമുഖങ്ങൾ 2025–26 കാലയളവിൽ 1,668 ദശലക്ഷം മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്തു. സാമ്പത്തിക വളർച്ചയ്ക്കും വ്യാപാര വിപുലീകരണത്തിനുമൊപ്പം ഉയരുന്ന ഒരു കണക്കാണിത്.
- ഇന്ത്യയുടെ തീരപ്രദേശം ഏകദേശം 11,098 കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. സ്വാഭാവിക തുറമുഖങ്ങളും സമാന കേന്ദ്രങ്ങളുമുള്ള ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ തീരപ്രദേശങ്ങളിൽ ഒന്നാണ് ഇന്ത്യയുടേത് .
- പ്രത്യേക സാമ്പത്തിക മേഖല 2.4 ദശലക്ഷം ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു, ഇത് സമുദ്രവിഭവങ്ങളിലും മൽസ്യബന്ധന പ്രവർത്തനങ്ങളിലും പരമാധികാര അവകാശങ്ങൾ നൽകുന്നു.
- ചെലവുകുറഞ്ഞ ചരക്ക് നീക്കത്തിനായി നദികളും കനാലുകളും കായലുകളും അടങ്ങുന്ന 14,500 കിലോമീറ്ററിലധികം ഉൾനാടൻ ജലപാതകളുമുണ്ട്.കടലിനോട് ചേർന്നുനിൽക്കുന്ന
- തീരദേശ സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്. ഇത് സമുദ്രവ്യാപാരത്തിന്റെ പ്രയോജനം ജനങ്ങൾക്കും വ്യവസായങ്ങൾക്കും ലഭ്യമാക്കുന്നു.
- മത്സ്യത്തൊഴിലാളികൾ, തുറമുഖ ജീവനക്കാർ, നാവികർ, കപ്പൽ നിർമ്മാതാക്കൾ എന്നിവരുൾപ്പെടെ 30 ദശലക്ഷത്തിലധികം പേരുടെ ഉപജീവനത്തെ സമുദ്രമേഖല പിന്തുണയ്ക്കുന്നു.
ഇന്ത്യക്ക് BMI സഞ്ചയത്തിന്റെ ആവശ്യകതയെന്ത്?
ഇന്ത്യൻ പതാകവാഹക കപ്പൽവ്യൂഹം 2026 പകുതിയോടെ 1,609 കപ്പലുകളായും 14.33 ദശലക്ഷം GT ആയും ഉയർന്നു. 2015 മുതൽ ടണ്ണേജിൽ ഏകദേശം 36% വർദ്ധന ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ വ്യാപാര മൂല്യത്തിന്റെ 95% വും വ്യാപാര വ്യാപ്തിയുടെ 70% വും സമുദ്രമാർഗ്ഗങ്ങളിലൂടെയാണ് നടക്കുന്നത് .

- നാവിക ഇൻഷുറൻസ്: അദൃശ്യമായ ജീവരേഖ
ആഗോള വ്യാപാരത്തിന് നാവിക ഇൻഷുറൻസ് നിർബന്ധമാണ്. ഹൾ & മെഷിനറി ഇൻഷുറൻസ് പോളിസി കപ്പലുകളെ സംരക്ഷിക്കുന്നു, കാർഗോ ഇൻഷുറൻസ് ചരക്കുകളെ സുരക്ഷിതമാക്കുന്നു, പ്രൊട്ടക്ഷൻ ആൻഡ് ഇൻഡെംനിറ്റി (P&I)യിലൂടെ സമുദ്ര മലിനീകരണം അല്ലെങ്കിൽ ജീവനക്കാരുടെ പരിക്കുകൾ പോലുള്ള ബാധ്യതകൾക്ക് പരിരക്ഷ ചെയ്യുന്നു. വാർ റിസ്ക് ഇൻഷുറൻസ് പോളിസി കടൽക്കൊള്ളയിൽ നിന്നും സംഘർഷങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. ഇവയെല്ലാം ചേർന്ന് ഇന്ത്യയുടെ ഷിപ്പിംഗ് സമ്പദ്‌വ്യവസ്ഥയുടെ നിയമപരവും വാണിജ്യപരവുമായ ഒരു ആവശ്യകതയാക്കി ഇൻഷുറൻസിനെ മാറ്റുന്നു.
- വിദേശ P&I ക്ലബ്ബുകളെ അമിതമായി ആശ്രയിക്കൽ:
|
ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് പ്രൊട്ടക്ഷൻ ആൻഡ് ഇൻഡെംനിറ്റി ക്ലബ്ബുകളിൽ പതിമൂന്ന് പ്രധാന ക്ലബ്ബുകൾ അടങ്ങിയിരിക്കുന്നു. അവ ഒരുമിച്ച്, ചരക്ക് നഷ്ടം, മലിനീകരണം, കൂട്ടിയിടി അപകടം, ജീവനക്കാർക്കുണ്ടാകുന്ന പരിക്കുകൾ തുടങ്ങിയ അപായസാധ്യതകൾക്കെതിരെ ലോകത്തിലെ വലിയ കപ്പലുകളുടെ ഏകദേശം 90% ഇൻഷുർ ചെയ്യുന്നു.
|
ഇൻഷുറൻസ് പരിരക്ഷാ ശൃംഖലയ്ക്കായി ഇന്ത്യ വിദേശ ഇൻഷുറർമാരെയാണ് ആശ്രയിക്കുന്നത്. ഇന്ത്യൻ കപ്പലുടമകൾ പൂർണ്ണമായും പാശ്ചാത്യ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 13 അന്താരാഷ്ട്ര P&I ക്ലബ്ബുകളെയാണ് ആശ്രയിക്കുന്നത്. ഈ ആശ്രയത്വം ഇൻഷുറൻസ് പരിരക്ഷ പെട്ടെന്ന് പിൻവലിക്കുന്നതിനോ അല്ലെങ്കിൽ രാഷ്ട്രീയമായി സ്വാധീനിക്കപ്പെട്ട തീരുമാനങ്ങൾക്കോ മുന്നിൽ ഇന്ത്യയെ ദുർബലമാക്കുന്നു. ഇത് സ്വന്തമായ ഒരു ബദലിന്റെ പ്രാധാന്യം അടിവരയിടുന്നു.
- ഭൗമരാഷ്ട്രീയ അസ്ഥിരതയും വ്യാപാര തടസ്സവും
ചെങ്കടലിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിന് സമീപമുള്ള പിരിമുറുക്കങ്ങളും പ്രധാന പാതകളെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ വലിയൊരു പങ്ക് സമുദ്രമാർഗ്ഗത്തിലൂടെയായതിനാൽ, ഇന്ത്യയുടെ ഊർജ്ജ സുരക്ഷ സുഗമമായ ഇൻഷുറൻസ് പരിരക്ഷയെക്കൂടി ആശ്രയിച്ചിരിക്കുന്നു. ഈ കാലയളവിൽ, വിദേശ ഇൻഷുറർമാർ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുകയോ പരിരക്ഷ നൽകുന്നത് നിർത്തുകയോ ചെയ്തു. ഇത് കപ്പലുടമകൾക്ക് ചെലവ് കുത്തനെ കൂട്ടുകയും, ഒരു ആഭ്യന്തര സുരക്ഷാ വലയത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുകയും ചെയ്തു.
- ആഭ്യന്തര നൈപുണ്യത്തിന്റെ അഭാവം:
മുമ്പ്, സമുദ്രപരിരക്ഷയെ കുറിച്ചുള്ള മൂല്യനിർണയത്തിലും ക്ലെയിo തീർപ്പാക്കലിലും ഇന്ത്യയ്ക്ക് സ്ഥാപനപരമായ നൈപുണ്യം ഇല്ലായിരുന്നു. BMIP ഈ വൈദഗ്ധ്യം പ്രാദേശികമായി നിർമ്മിച്ചെടുക്കുന്നു, ഇത് ലോകോത്തര ആഭ്യന്തര ഇൻഷുറൻസ് മേഖലയ്ക്ക് അടിത്തറയിടുകയും ലണ്ടൻ അല്ലെങ്കിൽ സ്വിറ്റ്‌സർലൻഡ് പോലുള്ള വിദേശ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ (BMIP) കപ്പലുകൾക്കും ചരക്കുകൾക്കും താങ്ങാനാവുന്നതും പരമാധികാരമുള്ളതുമായ സുരക്ഷ ഉറപ്പാക്കുന്നു.ഇത് ആഗോള അപായസാധ്യതകൾക്കെതിരെയുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
BMI സഞ്ചയം : രൂപകൽപ്പന, ഘടന, പരിരക്ഷ
വ്യാപാര പാതകളിൽ കപ്പലുകളെയും ചരക്കുകളെയും സംരക്ഷിക്കുന്നതിന് ഈ പദ്ധതി നാവിക ഇൻഷുറൻസ് നൽകുന്നു. വലിയ സമുദ്ര അപായസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനായി ഇൻഷുറർമാരുടെ കൂട്ടായ പങ്കാളിത്തത്തിലൂടെയും ഘടനാപരമായ ഭരണത്തിലൂടെയുമാണ് ഇത് പ്രവർത്തിക്കുന്നത്.
- സോവെറിൻ ഗ്യാരന്റി: ₹12,980 കോടിയുടെ (1.4 ബില്യൺ യു.എസ്. ഡോളർ) ഗവൺമെന്റ് പിന്തുണയുള്ള സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു. ഈ ഗ്യാരന്റി ദുരന്തങ്ങളിലൂടെ വൻ നഷ്ടം ഉണ്ടാകുമ്പോൾ പോലും ബാധ്യതകൾ നിറവേറ്റുന്നു.
- അണ്ടർറൈറ്റിംഗ് ശേഷി: പൂളിന് ₹13,906.5 കോടി, അതായത് 1.5 ബില്യൺ യു.എസ്. ഡോളർ മൂല്യമുള്ള അപായസാധ്യതകൾ ഇൻഷുർ ചെയ്യാൻ കഴിയും.സോവെറിൻ ഗ്യാരന്റിയുടെ പിൻബലത്തോടെ, വലിയ സമുദ്ര നഷ്ടങ്ങൾക്ക് പരിരക്ഷ നൽകാനുള്ള ഇതിന്റെ ശേഷി വർദ്ധിപ്പിക്കുന്നു.
- അപകട പരിരക്ഷ : ഹൾ & മെഷിനറി, കാർഗോ, പ്രൊട്ടക്ഷൻ & ഇൻഡെംനിറ്റി (P&I), വാർ റിസ്ക് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
- കപ്പലുകളുടെ യോഗ്യത: ഇന്ത്യൻ പതാക വഹിക്കുന്നതോ , ഇന്ത്യൻ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതോ, അവ പരിപാലിക്കുന്നതോ അല്ലെങ്കിൽ നിയന്ത്രിക്കുന്നതോ ആയ കപ്പലുകൾ, അല്ലെങ്കിൽ ഇന്ത്യയിലേക്ക് വരുന്നതോ ഇന്ത്യയിൽ നിന്ന് യാത്ര ആരംഭിക്കുന്നതോ ആയ ചരക്കുകപ്പലുകൾ എന്നിവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ട്.
- കാലാവധി: ഇതിന് 10 വർഷത്തെ കാലാവധിയുണ്ട്, ഇത് 15 വർഷം വരെ നീട്ടാവുന്നതാണ്.
- സംയുക്ത പോളിസി വിതരണം: പൂളിലെ അംഗങ്ങളായ ആഭ്യന്തര ഇൻഷുറർമാർ അവരുടെ സംയോജിത അണ്ടർറൈറ്റിംഗ് ശേഷി ഉപയോഗിച്ച് പോളിസികൾ നൽകും. ഈ പോളിസികൾക്ക് കീഴിലുള്ള അപായസാധ്യതകൾ, ഓരോരുത്തരും വാഗ്ദാനം ചെയ്ത ശേഷിക്ക് ആനുപാതികമായി എല്ലാ പൂൾ അംഗങ്ങളും കൂട്ടായി റീ ഇൻഷുറൻസ് ചെയ്യും.
- ക്ലെയിം പരിപാലനം : 100 ദശലക്ഷം യു.എസ്. ഡോളർ വരെയുള്ള ക്ലെയിമുകൾ സഞ്ചിത റിസർവുകളിൽ നിന്നും റീഇൻഷുറൻസ് വീണ്ടെടുക്കലുകളിൽ നിന്നും നിർവ്വഹിക്കുന്നു. വലിയ ക്ലെയിമുകൾക്ക്, പൂൾ റിസർവുകൾ പൂർണ്ണമായും തീർന്നതിനുശേഷം മാത്രമേ സോവെറിൻ ഗ്യാരന്റി സജീവമാകൂ.
- ഭരണനിർവ്വഹണം : ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പൂൾ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയും ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഇത് പ്രകടന റിപ്പോർട്ടുകൾ സമർപ്പിക്കുകയും പൂളിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
- നിയന്ത്രണം : ഒരു ഭരണ സമിതി പൂൾ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു, ഇത് നിർവഹണവും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നു.
- അണ്ടർറൈറ്റിംഗ് അച്ചടക്കം: അണ്ടർറൈറ്റിംഗ് കമ്മിറ്റി കൃത്യവും സ്ഥിരതയുള്ളതുമായ രീതിയിൽ അപകടസാധ്യതയുടെ മൂല്യനിർണ്ണയം ഉറപ്പാക്കുന്നു. ഇത് ദീർഘകാല സാമ്പത്തിക സുസ്ഥിരതയെ പിന്തുണയ്ക്കുന്നു.
പരിരക്ഷ തരങ്ങളും പരിധിയും:
ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ (BMIP) രൂപകൽപ്പന ചെയ്തിരിക്കുന്നത് സമുദ്രമേഖലയിലെ എല്ലാത്തരം അപകടസാധ്യതകൾക്കും സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനാണ്. അപായസാധ്യതകൾ എന്തൊക്കെയായാലും, ഇന്ത്യൻ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കപ്പലോ ചരക്ക് യാനമോ തദ്ദേശീയ ഇൻഷുറൻസ് പരിരക്ഷയില്ലാതെ പോകില്ലെന്ന് ഇത് ഉറപ്പാക്കുന്നു.
- ഹൾ & മെഷിനറി യുദ്ധ സുരക്ഷ : കപ്പലിന്റെ പ്രധാന ഭാഗമായ ഹൾ ഘടന, കപ്പലിന്റെ സഞ്ചാരത്തിന് കരുത്തേകുന്ന പ്രൊപ്പൽഷൻ യന്ത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ഇത് ഇൻഷുറൻസ് സംരക്ഷണം നൽകുന്നു. ഇന്ത്യയുടെ വ്യാപാര കപ്പൽവ്യൂഹത്തിന്റെ മൂല്യം സുരക്ഷിതമായും തദ്ദേശീയമായും ഇൻഷുർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
- ചരക്കുകൾക്കുള്ള പരിരക്ഷ : അന്താരാഷ്ട്ര സമുദ്രപാതകളിലൂടെ കൊണ്ടുപോകുന്ന ചരക്കുകൾക്ക് ഉണ്ടാകുന്ന നഷ്ടം/ കേടുപാടുകൾക്ക് ഇത് സംരക്ഷണം നൽകുന്നു. ഉയർന്ന അപകടസാധ്യതയുള്ളതോ സംഘർഷബാധിതമായതോ ആയ സമുദ്രപാതകളിൽ പോലും ഇന്ത്യൻ കയറ്റുമതി/ ഇറക്കുമതിക്കാർക്ക് ഇതിന്റെ ആനുകൂല്യം നേടുന്നു.
- പ്രൊട്ടക്ഷൻ ആൻഡ് ഇൻഡെംനിറ്റി സുരക്ഷ : പരിസ്ഥിതി മലിനീകരണം, എണ്ണച്ചോർച്ച വൃത്തിയാക്കൽ , അവശിഷ്ടങ്ങൾ മാറ്റൽ, ജീവനക്കാരുടെ പരിക്കുകൾ, ചരക്കുകളുടെ കേടുപാടുകൾ എന്നിവയുൾപ്പെടെയുള്ള മൂന്നാം കക്ഷി ബാധ്യതകൾ ഇത് പരിഹരിക്കുന്നു. മുൻപ് വിദേശ ക്ലബ്ബുകൾ വഴി മാത്രം ലഭ്യമായിരുന്ന ഇൻഷുറൻസ് പരിരക്ഷ ഇനി ഇന്ത്യൻ കപ്പലുടമകൾക്ക് തദ്ദേശീയമായി ലഭ്യമാകും.
- യുദ്ധ സാധ്യതകൾക്കെതിരെ പരിരക്ഷ : ആയുധ സംഘർഷങ്ങൾ, കടൽക്കൊള്ള, ഭീകരവാദം, കപ്പൽ പിടിച്ചെടുക്കൽ എന്നിവ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഇത് ഇൻഷുറൻസ് നൽകുന്നു. ചെങ്കടൽ, ഹോർമുസ് കടലിടുക്ക് തുടങ്ങിയ തന്ത്രപ്രധാനമായ പാതകളും മറ്റ് ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളും കടന്നുപോകുന്ന ഇന്ത്യൻ വ്യാപാരകപ്പലുകൾക്ക് ഈ സംരക്ഷണം അത്യാവശ്യമാണ്.
ഫലവും പ്രത്യാഘാതവും:
2026 മേയിൽ ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ ആരംഭിച്ചത് ഇന്ത്യയുടെ നാവിക ഇൻഷുറൻസ് മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. പ്രവർത്തനം ആരംഭിച്ചതുമുതൽ, ഇന്ത്യൻ സമുദ്ര പങ്കാളികൾക്ക് യുദ്ധ അപകടസാധ്യതകൾക്കെതിരെ തടസ്സമില്ലാത്ത ഇൻഷുറൻസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷo ഏറ്റവും മൂർധന്യമായിരുന്ന സമയത്തെ അപേക്ഷിച്ച് ഈ ഇൻഷുറൻസ് പ്രീമിയങ്ങൾ ഏകദേശം 35-40% കുറഞ്ഞു. 2026 സെപ്റ്റംബർ 7 വരെ, പൂൾ 3000 കാർഗോ വാർ, 92 ഹൾ വാർ-റിസ്ക്, 3 പ്രൊട്ടക്ഷൻ ആൻഡ് ഇൻഡെംനിറ്റി ഇൻഷുറൻസ് പോളിസികൾ നൽകിയിട്ടുണ്ട്.
ഒരു ശക്തമായ തുടക്കം: പദ്ധതിയുടെ നേട്ടങ്ങൾ
- ഇന്ത്യയിലെ ആദ്യത്തെ പി & ഐ (P&I) പോളിസി: 2026 ജൂലൈ 30-ന്, BMIP-ക്ക് കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രൊട്ടക്ഷൻ ആൻഡ് ഇൻഡെംനിറ്റി ഇൻഷുറൻസ് പോളിസി ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് നൽകി. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് നൽകിയ ഇത്, മൂന്നാം കക്ഷി ബാധ്യതകൾക്കെതിരെ സാമ്പത്തിക സംരക്ഷണം നൽകുന്നു.
- ആദ്യത്തെ ഹൾ & മെഷിനറി യുദ്ധ -അപകടപോളിസി: 2026 മേയ് 12-ന്, സംഘർഷ മേഖലകളിലൂടെ സഞ്ചരിക്കുന്ന ഒരു കപ്പലിനാണ് പൂളിന്റെ പ്രഥമ പോളിസി നൽകിയത്. ന്യൂ ഇന്ത്യ അഷ്വറൻസ് ഈ ഹൾ & മെഷിനറി വാർ പോളിസി മെസ്സേഴ്സ് ഹോഗർ ഓഫ്‌ഷോർ ആൻഡ് മറൈൻ പ്രൈവറ്റ് ലിമിറ്റഡിന് നൽകി. ലളിതമായി പറഞ്ഞാൽ, ഒരു ഇന്ത്യൻ കപ്പൽ ഇപ്പോൾ യുദ്ധസാധ്യതകൾക്കെതിരെയുള്ള തദ്ദേശീയ സംരക്ഷണത്തോടെ കടലിലൂടെ സഞ്ചരിക്കുന്നു.
- ഇന്ത്യയിലേക്ക് വരുന്ന ചരക്കുകൾക്കുള്ള പരിരക്ഷ : വേദാന്ത സ്റ്റെർലൈറ്റ് കോപ്പർ ലിമിറ്റഡിന് ഒരു കാർഗോ വാർ പോളിസി നൽകി. ഇന്ത്യയിലേക്ക് കേബിൾ വയറുകൾ ഇറക്കുമതി ചെയ്യുന്നതിനെ ഇത് സംരക്ഷിക്കുന്നു. ഇന്ത്യയിലെ വൻകിട വ്യാവസായിക ഇറക്കുമതിക്കാർക്ക് പരിരക്ഷ ഒരുക്കാൻ പൂളിന് കഴിയുമെന്ന് ഇത് കാണിക്കുന്നു. ഇന്ത്യൻ വ്യവസായത്തിന് ആവശ്യമായ വിതരണ ശൃംഖലകളെ ഇതുവഴി സുരക്ഷിതമായി ഇൻഷുർ ചെയ്യുന്നു.
- ഷിപ്പിംഗ് കമ്പനികൾക്ക് ഉപരിയായി : പഞ്ചസാര നിർമ്മാതാക്കളായ ബൽറാംപൂർ ചീനി മിൽസ് ലിമിറ്റഡിനും ഒരു പോളിസി നൽകി. പൂൾ കപ്പലുടമകൾക്ക് മാത്രമുള്ളതല്ലെന്ന് ഇത് തെളിയിക്കുന്നു. കടൽമാർഗ്ഗം ചരക്കുകൾ നീക്കുന്ന ഫാമുകൾക്കും ഫാക്ടറികൾക്കും വ്യാപാരികൾക്കും പോളിസി സ്വന്തമാക്കാം. അതിനാൽ, ഈ സഞ്ചയം വിപുലമായ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കായി പ്രവർത്തിക്കുന്നു.
- ഭരണവും സംവിധാനങ്ങളും : പദ്ധതി ആരംഭിച്ചതുമുതൽ ഭരണസമിതിയും അണ്ടർറൈറ്റിംഗ് കമ്മിറ്റിയും രൂപീകരിച്ചു. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (GIC Re) പൂൾ മാനേജർ/അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. മൂല്യനിർണയം , ക്ലെയിമുകൾ, റെഗുലേറ്ററി പാലനം എന്നിവയ്ക്കുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പൂൾ പൂർണ്ണ വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു.

ഭാവിയിലേക്കുള്ള പാത:
ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ ഇന്ത്യയുടെ സമുദ്ര സാമ്പത്തിക സ്വയംപര്യാപ്തതയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ബന്ധപ്പെട്ട പങ്കാളികൾക്ക് വിശ്വസനീയമായ പ്രവർത്തനങ്ങളും മത്സരക്ഷമമായ മൂല്യവും കൃത്യമായ ക്ലെയിം നടപടികളും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ചുമതല. മാനവവിഭവശേഷി, നിയമപരമായ ചട്ടക്കൂടുകൾ, പുനർ ഇൻഷുറൻസ് പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിലാണ് മറ്റു ലക്ഷ്യങ്ങൾ കേന്ദ്രീകരിക്കുന്നത്. സോവറിൻ പിന്തുണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം ഈ ശ്രമങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
ദീർഘകാലാടിസ്ഥാനത്തിൽ, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നാവിക ഇൻഷുറൻസിന്റെ പ്രാദേശിക സഞ്ചയമായി ഈ പൂൾ ഉയർന്നുവരും. സാമ്പത്തിക സേവനങ്ങളുടെ ദാതാവ് എന്ന നിലയിലും സമുദ്ര അപകടസാധ്യത മാനദണ്ഡങ്ങളുടെ രൂപകർത്താവ് എന്ന നിലയിലും ഇന്ത്യ അംഗീകാരം നേടുന്നു. കപ്പൽ നിർമ്മാണം വർദ്ധിക്കുകയും തുറമുഖങ്ങൾ ബൃഹത്തായ അളവിലുള്ള ചരക്കുകൾ കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ ഇന്ത്യയുടെ സമുദ്ര അഭിലാഷങ്ങൾക്കൊപ്പം ഈ ഇൻഷുറൻസ് സഞ്ചയവും വളരും. ഇതിന്റെ ശേഷിയും പരിരക്ഷയും ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളുടെ ദൃഢ സ്തംഭമായി നിലകൊള്ളുന്നു.
അവലംബം:
തുറമുഖ, കപ്പൽ ഗതാഗത, ജലപാത മന്ത്രാലയം
Click here for hindi PDF file.
***
( റിലീസ് ഐ.ഡി: 2316712)
സന്ദര്‍ശക കൗണ്ടര്‍ : 7