രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രഥമ പ്രതികരണശക്തിയായും മുൻഗണനയുള്ള സുരക്ഷാ പങ്കാളിയായും ഇന്ത്യ നിലകൊള്ളുന്നു: ശ്രീ രാജ്‌നാഥ് സിംഗ്
പോസ്റ്റഡ് ഓണ്‍:
29 SEP 2026 3:47PM by PIB Thiruvananthpuram
"ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ പ്രഥമ പ്രതികരണശക്തി, മുൻഗണനയുള്ള സുരക്ഷാ പങ്കാളി, വിശ്വാസ്യതയുടെയും സ്ഥിരതയുടെയും പ്രതീകം എന്നീ നിലകളിൽ ഇന്ത്യ നിലകൊള്ളുന്നു. മേഖലയിലെ നമ്മുടെ തന്ത്രപരമായ സ്ഥാനത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും വളർച്ചയ്ക്ക് ലോകം മുഴുവൻ സാക്ഷ്യം വഹിക്കുകയാണ്. ഇന്ന്, തിരക്ക്, വഞ്ചനാപരമായ നീക്കങ്ങൾ, സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ നമ്മുടെ സമുദ്രമേഖലയെ മുൻപെങ്ങുമില്ലാത്തവിധം സങ്കീർണ്ണമാക്കിയിരിക്കുന്നു. അതിനാൽ, നമ്മുടെ നിരീക്ഷണ, പ്രതികരണ സംവിധാനങ്ങളെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തേണ്ടതുണ്ട്," 2026 സെപ്റ്റംബർ 29-ന് ന്യൂഡൽഹിയിലെ നൗസേന ഭവനിൽ നടന്ന ഇന്ത്യൻ നാവികസേന കമാൻഡർമാരുടെ ദ്വൈവാർഷിക സമ്മേളനത്തിന്റെ രണ്ടാം പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ദക്ഷിണ ചൈനാ കടൽ, മെഡിറ്ററേനിയൻ, അറ്റ്ലാന്റിക് സമുദ്രം എന്നിവടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ഇത് നമ്മുടെ നാവിക സേനയുടെ ശേഷി തെളിയിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. തന്ത്രപരമായ കരുത്തും മേഖലയിലെ ശക്തി പ്രകടനവും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ നാവികസേനയുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ നാവികസേനയുടെ നവീകരണത്തിനായുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത എടുത്തുകാണിച്ചുകൊണ്ട് ശ്രീ രാജ്‌നാഥ് സിംഗ് ഇങ്ങനെ പ്രസ്താവിച്ചു: "'വികസിത് ഭാരത് 2047' എന്ന കാഴ്ചപ്പാടിനായി ഒരു തന്ത്രപരമായ അടിത്തറയായി ഇന്ത്യൻ നാവികസേന പ്രവർത്തിക്കുന്നു. സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിനപ്പറം, നമ്മുടെ നാവികസേന സാമ്പത്തിക സംരക്ഷണം, മേഖലയിലെ സ്ഥിരത, കരുത്ത് എന്നിവയെ ശക്തിപ്പെടുത്തുന്നു." നാവികസേനയെ ഭാവിയ്ക്ക് അനുയോജ്യവും പോരാട്ടസജ്ജവും ആഗോളതലത്തിൽ ആദരിക്കപ്പെടുന്നതുമായ ഒരു സേനയായി മാറ്റിക്കൊണ്ട് നിലവിലെ ആക്കം തടസ്സമില്ലാതെ നിലനിർത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യയിലെ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ നാവികസേന വഹിച്ച പങ്കിനെ പ്രശംസിച്ച ശ്രീ രാജ്‌നാഥ് സിംഗ്, 'ഓപ്പറേഷൻ ഊർജ്ജ സുരക്ഷ'യ്ക്ക് കീഴിൽ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ പതാക വഹിച്ച ചരക്ക് കപ്പലുകളുടെ — പ്രത്യേകിച്ച് എൽപിജി ടാങ്കറുകളുടെ — സുരക്ഷിതമായ യാത്ര ഉറപ്പാക്കിയത് മികച്ചൊരു നേട്ടമാണെന്ന് എടുത്തുപറഞ്ഞു. ഇന്ത്യ ഉപയോഗിക്കുന്ന അസംസ്‌കൃത എണ്ണയുടെ 85-90 ശതമാനവും പ്രകൃതിവാതകത്തിന്റെ 50 ശതമാനത്തോളവും സമുദ്രപാതകൾ വഴിയാണ് ഇറക്കുമതി ചെയ്യുന്നത്; അതിനാൽ കടൽപ്പാതകളുടെ സുരക്ഷ രാജ്യത്തിന്റെ സാമ്പത്തികരംഗവുമായും ഊർജ്ജ വിതരണവുമായും പ്രതിരോധ തയ്യാറെടുപ്പുകളുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നാവികസേനയുടെ പരിശ്രമങ്ങളെ പ്രകീർത്തിച്ചുകൊണ്ട് രാജ്യരക്ഷ മന്ത്രി ഇങ്ങനെ ഊന്നിപ്പറഞ്ഞു: "ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ നിർമ്മാണ ആവാസവ്യവസ്ഥ ഇപ്പോൾ ആഗോള മാനദണ്ഡങ്ങൾ കൈവരിക്കുന്നുണ്ട്. അടുത്തിടെ കമ്മീഷൻ ചെയ്ത യുദ്ധക്കപ്പലുകളിൽ 75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളുണ്ട്. വരും നാളുകളിൽ, നമ്മുടെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, സൗഹൃദ വിദേശ രാജ്യങ്ങളിലേക്ക് യുദ്ധക്കപ്പലുകൾ കയറ്റുമതി ചെയ്യുകയും വേണം."
നിലവിലുള്ള സംവിധാനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഇന്ത്യയുടെ സമുദ്ര നിരീക്ഷണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രീ രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. സമുദ്രഗതാഗതത്തിന്റെ വർദ്ധിച്ചുവരുന്ന വ്യാപ്തിക്കും സങ്കീർണ്ണതയ്ക്കും കൂടുതൽ മെച്ചപ്പെട്ട വിശകലന ശേഷി ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
18 യുദ്ധക്കപ്പലുകൾ ഉൾപ്പെടുത്താനോ കമ്മീഷൻ ചെയ്യാനോ പദ്ധതിയിട്ടിരിക്കുന്ന 2026, നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശേഷി വർദ്ധനയ്ക്ക് സാക്ഷ്യം വഹിക്കുന്ന ചരിത്രപരമായ വർഷമാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചു. "ഈ മുന്നേറ്റങ്ങൾ ഇന്ത്യയുടെ തദ്ദേശീയ നാവിക കപ്പൽനിർമ്മാണ ആവാസവ്യവസ്ഥയുടെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നു, ഒപ്പം കൂടുതൽ ശേഷി വികസനം അനിവാര്യമായി തുടരുന്നു," എന്ന് അദ്ദേഹം പറഞ്ഞു.
"എല്ലാ റാങ്കുകളും, എല്ലാ ചുമതലകളും" എന്ന സമീപനത്തിന് കീഴിൽ വനിതാശാക്തീകരണം, റിക്രൂട്ട്‌മെന്റ്, നവീകരണം എന്നിവയ്ക്കായി നാവികസേന നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച രാജ്യരക്ഷമന്ത്രി, മുൻനിര യുദ്ധക്കപ്പലുകളിലും വിമാനങ്ങളിലും വനിതാ ഓഫീസർമാരെ വിന്യസിച്ച കാര്യം എടുത്തുപറഞ്ഞു. നാവികസാഗർ പരിക്രമ സമുദ്രയാത്ര ഉൾപ്പെടെയുള്ള നാവിക പര്യവേക്ഷണങ്ങളിൽ വനിതകളുടെ പങ്കാളിത്തത്തെയും അദ്ദേഹം പ്രകീർത്തിച്ചു
സംയുക്ത നാവിക സേനയ്ക്ക് കീഴിലുള്ള കംബൈൻഡ് ടാസ്‌ക് ഫോഴ്‌സ്-154-ന്റെ ചുമതല ഏറ്റെടുത്തതിന് ഇന്ത്യൻ നാവികസേനയെ ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. സഹകരണ അധിഷ്ഠിത പ്രാദേശിക സുരക്ഷയ്ക്കുള്ള പ്രധാന സംഭാവനയായി അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. CTF-154-ന്റെ ഇന്ത്യയുടെ നേതൃത്വകാലയളവിൽ കൊച്ചിയിൽ ആവിഷ്കരിച്ച 'ഓപ്പറേഷൻ സതേൺ റെഡിനസ്' സംബന്ധിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ഇതിൽ 27 രാജ്യങ്ങളിൽ നിന്നായി 276 ഉദ്യോഗസ്ഥരും 76 ഫെസിലിറ്റേറ്റർമാരും നിർദിഷ്ട വിഷയ വിദഗ്ദ്ധരും 4 അന്താരാഷ്ട്ര സംഘടനകളും പങ്കെടുത്തു.
ലോകായാൻ-26 ദൗത്യത്തിനായി ഐഎൻഎസ് സുദർശിനിയെ വിന്യസിച്ചതിനെ മന്ത്രി അഭിനന്ദിച്ചു. ഇത് അറ്റ്ലാന്റിക്, മെഡിറ്ററേനിയൻ മേഖലകളിലെ ഇന്ത്യൻ പ്രവാസികളുമായുള്ള ബന്ധവും ഇന്ത്യയുടെ സമുദ്ര നയതന്ത്രവും ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ സമുദ്ര പൈതൃകം പ്രദർശിപ്പിക്കുകയും ചെയ്തു.
ഉയർന്ന പോരാട്ടക്ഷമത നിലനിർത്തുന്നതിനും ഉയർന്നുവരുന്ന വെല്ലുവിളികൾക്കിടയിലും മേഖലയിലുടനീളമുള്ള പ്രതിജ്ഞാബദ്ധതകൾ നിറവേറ്റുന്നതിനും ഇന്ത്യൻ നാവികസേനയെ ശ്രീ രാജ്‌നാഥ് സിംഗ് പ്രശംസിച്ചു. ഇന്ത്യയുടെ സമുദ്രശക്തി കടലിൽ ദേശീയ പതാക പ്രദർശിപ്പിക്കാൻ മാത്രമല്ല, ത്രിവർണ്ണ പതാക കാണുന്നിടത്തെല്ലാം സുരക്ഷയും വിശ്വാസവും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്മെന്റിന്റെ പിന്തുണ ഇന്ത്യൻ നാവികസേനയ്ക്ക് ഉണ്ടാകുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: "കടലുകൾ സുരക്ഷിതമാണെങ്കിൽ ഇന്ത്യ സുരക്ഷിതമായിരിക്കും; ഇന്ത്യ സുരക്ഷിതമാണെങ്കിൽ, വികസിത ഭാരതം എന്ന ലക്ഷ്യം കൂടുതൽ ശക്തമാകും."
സമ്മേളനത്തിൽ സംയുക്ത സൈനിക മേധാവി (സിഡിഎസ്), കരസേനാ മേധാവി എന്നിവരുമായും ശ്രീ രാജ്‌നാഥ് സിംഗ് ആശയവിനിമയം നടത്തി. 2026 സെപ്റ്റംബർ 29 മുതൽ 2026 ഒക്ടോബർ 01 വരെ നടക്കുന്ന മൂന്ന് ദിവസത്തെ ഉന്നതതല സമ്മേളനം, പ്രവർത്തനാസൂത്രണ ക്ഷമത, സമുദ്ര സുരക്ഷ, ഭാവി ശേഷി വികസനം എന്നിവ അവലോകനം ചെയ്യുന്നതിനായി ഇന്ത്യൻ നാവികസേനയുടെ ഉന്നത നേതൃത്വത്തെ ഒരുമിച്ച് കൊണ്ടുവരുന്നു.
***
( റിലീസ് ഐ.ഡി: 2316648)
സന്ദര്‍ശക കൗണ്ടര്‍ : 6