റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ഒരു കോടിയെന്ന നാഴികക്കല്ല് പിന്നിട്ട് ഫാസ്ടാഗ് വാര്‍ഷിക പാസ്

പോസ്റ്റഡ് ഓണ്‍: 28 SEP 2026 5:27PM by PIB Thiruvananthpuram
ദേശീയപാത ഉപയോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടി 'ഫാസ്ടാഗ് വാര്‍ഷിക പാസ്'  ഒരു കോടി എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 2025 ഓഗസ്റ്റ് 15-ന് പുറത്തിറക്കിയ സംരംഭമാണ് ചരിത്ര നേട്ടം കൈവരിച്ചത്. ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും തടസരഹിതവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കുന്ന വാര്‍ഷിക പാസിന് സ്വകാര്യ വാഹന ഉടമകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ജനപ്രീതി വ്യക്തമാക്കുന്നതാണ് ഈ നേട്ടം.  

ദേശീയപാതകളിലെയും എക്‌സ്പ്രസ് വേകളിലെയും ഏകദേശം 1,150 ടോള്‍ പ്ലാസകളില്‍  വാര്‍ഷിക പാസ് ഉപയോഗിക്കാം.  ഒരു വര്‍ഷ കാലാവധിയിലോ അല്ലെങ്കില്‍ പരമാവധി 200 തവണ ടോള്‍ പ്ലാസ കടക്കുന്നതിനോ  3,075 രൂപ ഒറ്റത്തവണ ഫീസായി നല്‍കുന്നതിലൂടെ ഇടയ്ക്കിടെ ഫാസ്ടാഗ് റീചാര്‍ജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം. സാധുവായ ഫാസ്ടാഗുള്ള എല്ലാ വാണിജ്യേതര  വാഹനങ്ങള്‍ക്കും ഈ പാസ് ഉപയോഗിക്കാം. 'രാജ്മാര്‍ഗ് യാത്ര' ആപ്പ് വഴി ഒറ്റത്തവണ ഫീസ് അടച്ചുകഴിഞ്ഞാല്‍ വാഹനവുമായി ബന്ധിപ്പിച്ചിരിക്കുന്ന നിലവിലെ ഫാസ്ടാഗില്‍  വാര്‍ഷിക പാസ് പ്രവര്‍ത്തനക്ഷമമാവും.

ഫാസ്ടാഗ് വാര്‍ഷിക പാസിന് ലഭിക്കുന്ന ഉയര്‍ന്ന സ്വീകാര്യത രാജ്യത്തുടനീളം ദേശീയപാതകളില്‍ തടസ്സമില്ലാത്തതും ലാഭകരവുമായ യാത്ര പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ പദ്ധതിയുടെ ഫലപ്രാപ്തി വ്യക്തമാക്കുന്നു.
 
***

( റിലീസ് ഐ.ഡി: 2316183) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी