രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

'കാസിന്ദ്-2026' സംയുക്ത സൈനികാഭ്യാസത്തിനായി ഇന്ത്യൻ സായുധസേനാ സംഘം കസാഖിസ്ഥാനിലേക്ക് തിരിച്ചു

പോസ്റ്റഡ് ഓണ്‍: 28 SEP 2026 12:29PM by PIB Thiruvananthpuram

ഇന്ത്യ-കസാഖിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ 'കാസിന്ദി'ന്റെ  ഒൻപതാം പതിപ്പിൽ പങ്കെടുക്കുന്നതിന് 60 അംഗ ഇന്ത്യൻ സായുധസേനാ സംഘം ഇന്ന് കസാഖിസ്ഥാനിലെ ഒസ്കെമെനിലേക്ക് തിരിച്ചു. 2026 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 11 വരെയാണ് സംയുക്ത അഭ്യാസം. ഗർവാൾ റൈഫിൾസ് ബറ്റാലിയനിലെ  സൈനികരാണ് ഇന്ത്യൻ സംഘത്തിൽ ഭൂരിഭാഗവും; കൂടാതെ മറ്റ് വിഭാഗങ്ങളിലെ സൈനികരും വ്യോമസേനാ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. സമാനമായ അംഗബലത്തോടെ കസാഖിസ്ഥാൻ കരസേനാ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കസാഖിസ്ഥാനെ പ്രതിനിധീകരിച്ച് അഭ്യാസത്തിൽ പങ്കെടുക്കുന്നത്.

 

ഐക്യരാഷ്ട്രസഭയുടെ  ഉത്തരവിന് അനുസൃതമായി പരമ്പരാഗതമല്ലാത്ത യുദ്ധസാഹചര്യങ്ങളിൽ സംയുക്ത ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള ഇരുരാജ്യങ്ങളുടെയും ശേഷി വർധിപ്പിക്കുകയും പരസ്പര പ്രവർത്തനക്ഷമത  ശക്തിപ്പെടുത്തുകയുമാണ് അഭ്യാസത്തിന്റെ ലക്ഷ്യം.

 

അർദ്ധനഗര പ്രദേശങ്ങളിലെയും പർവതമേഖലകളിലെയും  സംയുക്ത ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് 'കാസിന്ദ്-2026' മുൻഗണന നൽകുന്നത്. സംയുക്ത ആസൂത്രണവും നിർവഹണവും, വ്യോമ സഞ്ചാര ശേഷി, ഡ്രോണുകളുടെയും  ഡ്രോൺ പ്രതിരോധ സംവിധാനങ്ങളുടെയും  സംയോജിത ഉപയോഗം എന്നിവ ഇതിൽ പ്രധാനമാണ്. ഭീകരാക്രമണങ്ങളെ സംയുക്തമായി ചെറുക്കൽ, മിന്നലാക്രമണങ്ങൾ, തിരച്ചിൽ-നശീകരണ ദൗത്യങ്ങൾ, പ്രദേശം വളഞ്ഞ് നടത്തുന്ന സുരക്ഷാ പരിശോധനകള്‍,  ഹെലിപാഡുകളുടെയും ലാൻഡിങ് പ്രദേശങ്ങളുടെയും  സുരക്ഷ ഉറപ്പാക്കൽ,  ഹെലികോപ്റ്റർ വഴിയുള്ള പ്രത്യേക കമാൻഡോ നീക്കങ്ങൾ എന്നിവയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ ഒരുമിച്ച് പരിശീലനം നടത്തും.

 

ഏകോപിത ആസൂത്രണത്തിനും പ്രവർത്തനങ്ങൾക്കുമായി  സംയുക്ത കമാൻഡ് പോസ്റ്റും ഇന്റലിജൻസ്-നിരീക്ഷണ കേന്ദ്രവും അഭ്യാസത്തിന്റെ ഭാഗമായി സ്ഥാപിക്കും. കൃത്രിമമായി സൃഷ്ടിക്കുന്ന ഭീകര ഭീഷണികൾക്കെതിരെ പരിശീലിച്ച തന്ത്രങ്ങളും നടപടിക്രമങ്ങളും പ്രായോഗികമായി നടപ്പാക്കുന്ന സമഗ്ര 'സാധൂകരണ അഭ്യാസത്തോടെ'യാണ്  സംയുക്ത പരിശീലന പരിപാടി പൂർത്തിയാവുക.  

 

ഇരുരാജ്യങ്ങളുടെയും പരസ്പര പ്രവർത്തന പരിചയം പ്രയോജനപ്പെടുത്താനും സൈനിക തലത്തിലെ സൗഹൃദവും പരസ്പര വിശ്വാസവും സുദൃഢമാക്കാനും കാസിന്ദ്-2026 അവസരമൊരുക്കും. ഇന്ത്യയും കസാഖിസ്ഥാനും തമ്മിലെ സൈനിക സഹകരണം കൂടുതൽ ആഴത്തിലാക്കാനും പ്രാദേശിക സമാധാനം, സ്ഥിരത, കൂട്ടായ സുരക്ഷ എന്നിവയോട് ഇരുരാജ്യങ്ങളും പുലര്‍ത്തുന്ന പ്രതിബദ്ധത ശക്തിപ്പെടുത്താനും  ഈ അഭ്യാസം വഴിയൊരുക്കും.

 

*****


( റിലീസ് ഐ.ഡി: 2316053) സന്ദര്‍ശക കൗണ്ടര്‍ : 2
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil