PIB Backgrounder
azadi ka amrit mahotsav

ലോക വിനോദസഞ്ചാര ദിനം 2026

ഇന്ത്യയുടെ വിനോദസഞ്ചാര വളർച്ചയും ഡിജിറ്റൽ പരിവർത്തനവും

പോസ്റ്റഡ് ഓണ്‍: 26 SEP 2026 2:34PM by PIB Thiruvananthpuram

"വിനോദസഞ്ചാരത്തെ പുനരാവിഷ്കരിക്കാന്‍ ഡിജിറ്റൽ അജണ്ടയും നിര്‍മിതബുദ്ധിയും" എന്ന പ്രമേയത്തിൽ സെപ്റ്റംബർ 27-ന് ആചരിക്കുന്ന 2026-ലെ ലോക വിനോദസഞ്ചാര ദിനം ടൂറിസത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ പങ്കിനെ എടുത്തുകാട്ടുന്നു.  ഇന്ത്യയിൽ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലിനും ഉപജീവനത്തിനും സുപ്രധാന സംഭാവന നൽകുന്ന ഒന്നായി ഈ മേഖല ഉയർന്നുവരികയാണ്; 2023-24-ൽ മൊത്ത ആഭ്യന്തര ഉല്പാദനത്തിലേക്ക്  5.22% സംഭാവന നല്‍കുകയും 8.46 കോടി തൊഴിലുകളെ പിന്തുണയ്ക്കുകയും ചെയ്തു. ആഭ്യന്തര വിനോദസഞ്ചാരികളുടെ സന്ദർശനം 2025-ൽ 428.55 കോടിയിലെത്തി; അതേസമയം വിദേശ വിനോദസഞ്ചാരികളുടെ സന്ദർശനം 2.53 കോടിയായും വിനോദസഞ്ചാരത്തിൽ നിന്നുള്ള വിദേശനാണ്യ വരുമാനം  2,76,831 കോടി രൂപയായും വർധിച്ചു. ഇ-വിസ, ഇൻക്രെഡിബിൾ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോം, നിധി പ്ലസ് എന്നിവയിലൂടെ ഇന്ത്യ  ഡിജിറ്റൽ ടൂറിസം ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നു; ഒപ്പം കൂടുതൽ വ്യക്തിഗതവും തടസരഹിതവുമായ യാത്രാനുഭവങ്ങൾ സാധ്യമാക്കാൻ എ.ഐ. സാങ്കേതികവിദ്യ സഹായിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ നൂതനാശയങ്ങൾക്കൊപ്പം സ്വദേശി ദർശൻ 2.0, പ്രസാദ്, ക്രൂയിസ് ടൂറിസം, വിനോദസഞ്ചാര നൈപുണ്യ വികസനം തുടങ്ങിയ സംരംഭങ്ങൾ ടൂറിസം കേന്ദ്രങ്ങളെ വിപുലീകരിക്കുകയും സന്ദർശകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുകയും ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടുതൽ പരസ്പര ബന്ധിതവും സമഗ്രവും സുസ്ഥിരവുമായ  വിനോദസഞ്ചാര മേഖല കെട്ടിപ്പടുക്കാന്‍ രാജ്യം നടത്തുന്ന ശ്രമങ്ങളെ  2026-ലെ ഇന്ത്യയുടെ ലോക വിനോദസഞ്ചാര ദിനാചരണം അടയാളപ്പെടുത്തുന്നു.  

 

വിനോദസഞ്ചാരം: സമൂഹങ്ങളെയും സംസ്കാരത്തെയും സുസ്ഥിര വികസനത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു

ജനങ്ങളെയും സ്ഥലങ്ങളെയും സംസ്കാരങ്ങളെയും വിനോദസഞ്ചാരം കൂടുതൽ അടുപ്പിക്കുന്നു. ഇത് സമൂഹങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ഉപജീവനമാർഗങ്ങള്‍ക്ക് പിന്തുണയേകുകയും സാമ്പത്തിക വികസനത്തിന് കാര്യമായ സംഭാവന നൽകുകയും ചെയ്യുന്നു. ആഗോളതലത്തിൽ 2024-ൽ യാത്രാ-വിനോദസഞ്ചാര മേഖല ആഗോള ജി.ഡി.പിയുടെ 10% അഥവാ 10.9 ട്രില്യൺ യു.എസ്. ഡോളർ സംഭാവന നല്‍കുകയും 35.7 കോടി തൊഴിലുകൾക്ക് പിന്തുണയേകുകയും  അന്താരാഷ്ട്ര സന്ദർശകരുടെ ചെലവുകളിലൂടെ 1.9 ട്രില്യൺ യു.എസ് ഡോളർ നേടുകയും ചെയ്തു.

 

ടൂറിസം മേഖല വളരുന്നതിനനുസരിച്ച് ജനങ്ങള്‍ യാത്ര ചെയ്യുന്നതിലെയും  വിനോദസഞ്ചാര കേന്ദ്രങ്ങൾ അനുഭവവേദ്യമാക്കുന്നതിലെയും രീതികൾ മാറിക്കൊണ്ടിരിക്കുകയാണ്. ഈ പരിവർത്തനത്തിൻ്റെ സുപ്രധാന  ഘടകമായി സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുന്നു. വിനോദസഞ്ചാരത്തെ രൂപപ്പെടുത്തുന്ന അടുത്ത പ്രധാന ശക്തിയായി നിര്‍മിതബുദ്ധി ഉയർന്നുവരികയാണ്. തീരുമാനമെടുക്കൽ പ്രക്രിയ മെച്ചപ്പെടുത്തുന്നത് മുതൽ നൈപുണ്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും സന്ദർശകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിലും വരെ വിനോദസഞ്ചാരത്തെ കൂടുതൽ മികച്ചതും സമഗ്രവും സുസ്ഥിരവുമാക്കാൻ എ.ഐ. സഹായിക്കുന്നു.  

 

 

"വിനോദസഞ്ചാരത്തെ പുനരാവിഷ്കരിക്കാന്‍ ഡിജിറ്റൽ അജണ്ടയും നിര്‍മിതബുദ്ധിയും"  എന്ന പ്രമേയത്തിൽ സെപ്റ്റംബർ 27-ന് എൽ സാൽവദോറിൽ ആചരിക്കുന്ന 2026-ലെ ലോക വിനോദസഞ്ചാര ദിനത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഈ പശ്ചാത്തലം സുപ്രധാന ശ്രദ്ധാകേന്ദ്രമാകും. വിനോദസഞ്ചാര കേന്ദ്രങ്ങൾ അനുഭവവേദ്യമാക്കുന്നതിലെയും അവ കൈകാര്യം ചെയ്യുന്നതിലെയും രീതി മെച്ചപ്പെടുത്തുന്നതിനൊപ്പം വിനോദസഞ്ചാരത്തിൻ്റെ ഭാവി മാറ്റിമറിക്കാൻ ഡിജിറ്റൽ നൂതനാശയങ്ങൾക്കും നിര്‍മിതബുദ്ധിയ്ക്കും എങ്ങനെ സാധിക്കുമെന്ന് ഈ പ്രമേയം എടുത്തുപറയുന്നു.

 

രാജ്യത്തിൻ്റെ വൈവിധ്യമാർന്ന വിനോദസഞ്ചാരത്തെയും സംസ്കാരത്തെയും അനുഭവങ്ങളെയും രാജ്യവ്യാപകമായി പ്രദർശിപ്പിച്ച് ഇന്ത്യ ലോക വിനോദസഞ്ചാര ദിനം ആചരിക്കും. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ  ദേശീയതല ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര വിനോദസഞ്ചാര  മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ശെഖാവത്ത് പുതിയ സുപ്രധാന സംരംഭങ്ങളുടെ  പരമ്പര പുറത്തിറക്കും. ഇന്ത്യയുടെ വിനോദസഞ്ചാര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും സുസ്ഥിരവും സമഗ്രവുമായ വിനോദസഞ്ചാര വികസനത്തിന് അവസരങ്ങൾ വർധിപ്പിക്കാനും ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നു. വിനോദസഞ്ചാര സേവനങ്ങളെ കൂടുതൽ എളുപ്പത്തില്‍ കണ്ടെത്താവുന്നതും പ്രാപ്യവും വിശ്വസനീയവുമാക്കാൻ ലക്ഷ്യമിടുന്ന  സ്വതന്ത്ര ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ  സംരംഭം 'നാഷണൽ ഡിജിറ്റൽ ടൂറിസം സ്റ്റാക്ക്',  വിനോദസഞ്ചാരത്തിന് സജ്ജമായ അധികമാരും അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും  വിനോദസഞ്ചാരികളുടെ വരവ് കൂടുതൽ സന്തുലിതമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ദേഖോ അപ്നാ ദേശ് 2.0' പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

ഇൻക്രെഡിബിൾ ഇന്ത്യ ചട്ടക്കൂടിന് കീഴിൽ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യത, ഡിജിറ്റൽ പ്രചാരണം, അനുഭവവേദ്യവും സുസ്ഥിരവുമായ വിനോദസഞ്ചാരം, കൂടുതൽ ജനപങ്കാളിത്തം എന്നിവയെ പിന്തുണയ്ക്കുന്നതിന് പ്രമുഖ വ്യവസായ സംഘടനകളുമായി ധാരണാപത്രങ്ങള്‍ ഒപ്പുവെച്ച് തന്ത്രപ്രധാന പങ്കാളിത്തങ്ങളിലും മന്ത്രാലയം ഏർപ്പെടും.

 

ഈ കാഴ്ചപ്പാട് പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിച്ച് ഭക്ഷണവിഭവങ്ങൾ, കൈത്തറി, കരകൗശല വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കുന്ന കരകൗശല സ്റ്റാളുകൾ, സാംസ്കാരിക പരിപാടികൾ, ശില്പശാലകൾ, ടൂറിസം ചലച്ചിത്ര പ്രദർശനങ്ങൾ, സംഗീത കച്ചേരികൾ എന്നിവയുടെ വലിയൊരു നിര തന്നെ തെലങ്കാന ഒരുക്കും.  ട്രാവൽ ഏജൻ്റുമാർ, ടൂർ ഓപ്പറേറ്റർമാർ, ഗുണനിലവാരമനുസരിച്ച് തരംതിരിച്ച ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, സ്വതന്ത്ര ഹോട്ടലുകൾ, യാത്രാ വ്യവസായത്തിലെ മറ്റ് അംഗീകൃത മേഖലകൾ എന്നിവയുടെ സംഭാവനകളെ തെലങ്കാന സംസ്ഥാന ടൂറിസം പുരസ്കാരത്തിലൂടെ ആദരിക്കും.  

 

ലോക വിനോദസഞ്ചാര ദിനത്തെ അടയാളപ്പെടുത്തി ഡൽഹി ഗവൺമെൻ്റ്  സെപ്റ്റംബർ 26-27 തീയതികളിൽ യമുനാ  തീരത്തെ  സരായ് കാലെ ഖാനിലെ ബാംബൂ പാർക്കായ ബാൻസേരയിൽ  "രംഗ് • രസ് • രൂഹ്" എന്ന പേരിൽ രണ്ടുദിവസത്തെ ആഘോഷം സംഘടിപ്പിക്കും; കല, സംസ്കാരം, ഭക്ഷണം, വിനോദം, അനുഭവങ്ങൾ എന്നിവ സമന്വയിക്കുന്ന വേദിയിൽ നിസാമി ബ്രദേഴ്സിൻ്റെ പ്രത്യേക ഖവ്വാലി സായാഹ്നവും അരങ്ങേറും.  

 

ലോക വിനോദസഞ്ചാര ദിനം: വിനോദസഞ്ചാരത്തെ സുസ്ഥിര വികസനവുമായി ബന്ധിപ്പിക്കുന്നു

ഐക്യരാഷ്ട്രസഭയുടെ കീഴിലെ ലോക വിനോദസഞ്ചാര സംഘടനയുടെ  (UNWTO)  കീഴിലെ സംരംഭമാണ് ലോക വിനോദസഞ്ചാര ദിനം. 1970-ൽ ലോക വിനോദസഞ്ചാര സംഘടനയുടെ  നിയമാവലികൾ അംഗീകരിച്ചതിൻ്റെ അനുസ്മരണമാണിത്.  1980-ൽ ആദ്യമായി ആചരിച്ച ഈ ദിനം സാമൂഹ്യ-സാമ്പത്തിക വികസനത്തിന് വിനോദസഞ്ചാരം നൽകുന്ന സംഭാവനകളെയും സുസ്ഥിര വികസന ലക്ഷ്യങ്ങൾ  കൈവരിക്കുന്നതിൽ അതിൻ്റെ പങ്കിനെയും അടയാളപ്പെടുത്തുന്നു. 

 

ഇന്ത്യയിലെ വിനോദസഞ്ചാരം: യാത്രകളിൽ നിന്ന് സാമ്പത്തിക അവസരങ്ങളിലേക്ക്

ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര എന്നതിനുമപ്പുറത്താണ് വിനോദസഞ്ചാരം.  വ്യാപാരസംരംഭങ്ങള്‍ക്കും ഉപജീവനമാർഗങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരങ്ങളുമായും പൈതൃകവുമായും സമൂഹങ്ങളുമായും ഇത് ജനങ്ങളെ ബന്ധിപ്പിക്കുന്നു. സാമ്പത്തിക പ്രവർത്തനങ്ങൾ, തൊഴിൽ, വിദേശനാണ്യ വരുമാനം എന്നിവയ്ക്കും ഇത് സംഭാവന നൽകുന്നു; അതുവഴി ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ വിനോദസഞ്ചാര മേഖലയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

 

 

സമീപ വർഷങ്ങളിൽ ഈ മേഖല ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ടൂറിസം സാറ്റലൈറ്റ് അക്കൗണ്ട് (ടി.എസ്.എ.) വഴിയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വിനോദസഞ്ചാര മേഖലയുടെ സംഭാവന കണക്കാക്കുന്നത്. വിനോദസഞ്ചാര മേഖലയുടെ പ്രത്യക്ഷവും പരോക്ഷവുമായ സാമ്പത്തിക സംഭാവനകൾ അളക്കുന്നതിന് ഉപയോഗിക്കുന്ന ഔദ്യോഗിക അക്കൗണ്ടിങ് ചട്ടക്കൂടാണിത്.  വിനോദസഞ്ചാര മന്ത്രാലയത്തിൻ്റെ  ഏറ്റവും പുതിയ ടി.എസ്.എ. കണക്കുകൾ പ്രകാരം രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിലേക്ക് (ജിഡിപി) ഈ മേഖല 5.22% സംഭാവന നല്‍കുന്നു. ഈ മേഖലയിലെ തൊഴിലവസരങ്ങൾ 2019-20-ലെ 6.94 കോടിയിൽ നിന്ന് 2023-24-ൽ 8.46 കോടിയായി വർധിച്ചു;  ഉപജീവനമാർഗമെന്ന നിലയില്‍ ടൂറിസം മേഖലയുടെ  വളർന്നുവരുന്ന പങ്കിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.  

 

യാത്രകൾ വർധിച്ചുവരുന്നു

വിനോദസഞ്ചാരികളുടെ സഞ്ചാരത്തിലും ഇന്ത്യ ശക്തമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആഭ്യന്തര വിനോദസഞ്ചാരികളുടെ സന്ദർശനം 2021-ലെ 67.7 കോടിയിൽ നിന്ന് 2025-ൽ 428.55 കോടിയായി ഉയർന്നു. ഇതേ കാലയളവിൽ വിദേശ വിനോദസഞ്ചാരികളുടെ സന്ദർശനം 0.1 കോടിയിൽ നിന്ന് 2.53 കോടിയായി വർധിച്ചു.

 

വിദേശനാണ്യ വരുമാനത്തിലേക്കുള്ള ഈ മേഖലയുടെ സംഭാവനയും വളർന്നിട്ടുണ്ട്. വിനോദസഞ്ചാര  വിദേശനാണ്യ വരുമാനം 2021-ലെ  63,978 കോടി രൂപയിൽ നിന്ന് 2025-ൽ  2,76,831 കോടി രൂപയായി ഉയർന്നു.

 

 

വിനോദസഞ്ചാര അനുഭവങ്ങളുടെ പുനർനിർവചനം

ഭൗതിക യാത്രകളിൽ നിന്ന് ഡിജിറ്റൽ അനുഭവങ്ങളിലേക്ക്

നാം യാത്ര ചെയ്യുന്ന രീതി മാറിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത്  യാത്ര നയിക്കാൻ ഒരു ഭൂപടവും ഗൈഡ് പുസ്തകവും മാത്രം മതിയായിരുന്നു. ഇന്ന് ഒരു ലക്ഷ്യസ്ഥാനം കണ്ടെത്താനും ആസൂത്രണം ചെയ്യാനും യാത്ര അനുഭവവേദ്യമാക്കാനും  സ്മാർട്ട്‌ഫോൺ നമ്മെ സഹായിക്കുന്നു. ഭാവിയില്‍ ആവശ്യമായ യാത്രയെക്കുറിച്ച് സഞ്ചാരികൾ ലളിതമായി വിവരിച്ചാൽ മാത്രം മതിയാകും, ബാക്കി ആസൂത്രണം ചെയ്യാൻ നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകള്‍ക്ക് കഴിഞ്ഞേക്കും.

 

സഞ്ചാരികളുടെ പ്രതീക്ഷകൾ മാറുന്നതിനനുസരിച്ച് വിനോദസഞ്ചാരവും മാറേണ്ടതുണ്ട്. സൗകര്യപ്രദവും വ്യക്തിഗതവും തടസരഹിതവുമായ ഡിജിറ്റൽ അനുഭവങ്ങൾ യാത്രയുടെ സുപ്രധാന ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. യാത്ര കൂടുതൽ എളുപ്പമാക്കിയും ഡിജിറ്റൽ വിനോദസഞ്ചാര വേദികള്‍  ശക്തിപ്പെടുത്തിയും സഞ്ചാരികൾ രാജ്യത്തെ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുന്ന രീതി  മാറ്റിമറിക്കാൻ സാങ്കേതികവിദ്യ, നിര്‍മിതബുദ്ധി എന്നിവ പ്രയോജനപ്പെടുത്തിയുമാണ്  ഇന്ത്യ ഇതിനോട് പ്രതികരിക്കുന്നത്.   

 

ഇ-വിസ: യാത്ര കൂടുതൽ എളുപ്പമാക്കുന്നു

43 രാജ്യങ്ങളിലെ പൗരന്മാർക്കായി ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനോടെ 2014-ൽ ആരംഭിച്ച ഇ-വിസ സംവിധാനത്തിലൂടെ അന്താരാഷ്ട്ര യാത്രകൾ ഇന്ത്യ ക്രമാനുഗതമായി ലളിതമാക്കിയിട്ടുണ്ട്. ഈ സൗകര്യം പിന്നീട് ഗണ്യമായി വിപുലീകരിക്കുകയും ഇപ്പോൾ 172 രാജ്യങ്ങളിലെ പൗരന്മാർക്ക് ലഭ്യമാക്കുകയും ചെയ്തു.  37 വിമാനത്താവളങ്ങളും 38 തുറമുഖങ്ങളും 13 കര അതിർത്തി തുറമുഖങ്ങളും ഉൾപ്പെടെ 88 അന്താരാഷ്ട്ര പ്രവേശന കവാടങ്ങളിലൂടെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.   ആകെ വിസകളുടെ ഏകദേശം 78 ശതമാനവും ഇലക്ട്രോണിക് വിസകളായാണ് ഇന്ത്യ ഇപ്പോൾ നൽകുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. കൂടാതെ ഇ-വിസ അപേക്ഷകളിൽ ഏകദേശം 95 ശതമാനവും 72 മണിക്കൂറിനകം തീർപ്പാക്കുന്നു; ഇത് അന്താരാഷ്ട്ര സന്ദർശകർക്ക് ഇന്ത്യയിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദവും പ്രാപ്യവുമാക്കുന്നു.

 


 

ഇൻക്രെഡിബിൾ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോം: ലക്ഷ്യസ്ഥാനങ്ങള്‍ ഡിജിറ്റൽ ലോകത്തേക്ക്  

നവീകരിച്ച ഇൻക്രെഡിബിൾ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഡിജിറ്റൽ വിനോദസഞ്ചാരത്തെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്ത്യയുടെ സംസ്കാരം, പൈതൃകം, സാഹസികത, ഭക്ഷണവൈവിധ്യം, ആരോഗ്യവും സ്വാസ്ഥ്യവും, കലയും കരകൗശലവും, ഗ്രാമീണ ആകർഷണങ്ങൾ എന്നിവയിലുടനീളം ഇത് വെർച്വൽ അനുഭവങ്ങൾ  നൽകുന്നു. ഈ പ്ലാറ്റ്‌ഫോമിലെ എ.ഐ. അധിഷ്ഠിത സംവിധാനം തത്സമയ കാലാവസ്ഥാ വിവരങ്ങൾ, നഗര പര്യവേക്ഷണം, അവശ്യ യാത്രാ സേവനങ്ങൾ തുടങ്ങിയ സവിശേഷതകളിലൂടെ സന്ദർശകാനുഭവങ്ങളെ കൂടുതൽ വ്യക്തിഗതമാക്കുന്നു.

 

വിമാനങ്ങള്‍, ഹോട്ടലുകൾ, ടാക്സികൾ, ബസുകൾ എന്നിവ ബുക്ക് ചെയ്യാനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലെ സ്മാരകങ്ങളിലേക്ക് ടിക്കറ്റുകൾ ലഭ്യമാക്കാനും ഈ സംവിധാനം സഞ്ചാരികളെ ഓൺലൈൻ ട്രാവൽ ഏജൻ്റുമാരുമായും  മറ്റ് ടൂറിസം പങ്കാളികളുമായും ബന്ധിപ്പിക്കുന്നു. നിധി  പ്ലാറ്റ്‌ഫോമുമായി  സംയോജിപ്പിച്ചതിലൂടെ രജിസ്റ്റർ ചെയ്ത ടൂർ ഓപ്പറേറ്റർമാരെയും ട്രാവൽ ഏജൻ്റുമാരെയും കുറിച്ചുള്ള വിവരങ്ങൾ ഈ പ്ലാറ്റ് ഫോമില്‍ ലഭ്യമാവുകയും  യാത്രാനുഭവത്തിൻ്റെ വിവിധ ഘടകങ്ങളെ ഒരൊറ്റ വേദിയില്‍ ഒരുമിച്ച് കൊണ്ടുവരികയും ചെയ്യുന്നു.

 

നിധി പ്ലസ്: ഡിജിറ്റൽ വിനോദസഞ്ചാര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കൽ

വിനോദസഞ്ചാര സേവനങ്ങൾ ലഭ്യമാക്കുന്നതിലെയും അവ കൈകാര്യം ചെയ്യുന്നതിലെയും രീതിയെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മാറ്റിമറിക്കുന്നു. നാഷണൽ ഇന്റഗ്രേറ്റഡ് ഡാറ്റാബേസ് ഓഫ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി അഥവാ നിധി പ്ലസ്, വിനോദസഞ്ചാര സേവന ദാതാക്കളുടെ രജിസ്ട്രേഷൻ, അംഗീകാരം, തരംതിരിക്കൽ എന്നിവയ്ക്കായി  ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം നൽകുന്നു.

 

വ്യാപാര സൗഹൃദ അന്തരീക്ഷം  മെച്ചപ്പെടുത്തുന്നതിനൊപ്പം സമ്പൂർണ ഓൺലൈൻ നടപടിക്രമങ്ങള്‍, സംയോജിത പണമിടപാടുകള്‍, സുതാര്യമായ അനുമതികൾ എന്നിവ ഇത് സാധ്യമാക്കുന്നു. 2026 സെപ്റ്റംബർ 23 വരെയുള്ള കണക്കനുസരിച്ച് 63,740 താമസ സൗകര്യ യൂണിറ്റുകൾ, 54 കൺവെൻഷൻ സെൻ്ററുകൾ, 215 ഭക്ഷ്യ വ്യാപാര സേവനദാതാക്കള്‍, 1,450 ഓൺലൈൻ ട്രാവൽ അഗ്രിഗേറ്ററുകൾ, 15,531 ടൂറിസം സേവന ദാതാക്കൾ എന്നിവ നിധി പ്ലസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ പരസ്പര ബന്ധിത ഡിജിറ്റൽ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ഈ സംവിധാനം സഹായിക്കുന്നു.

 

 

ഗൂഗിൾ ഇന്ത്യ പങ്കാളിത്തം: വിനോദസഞ്ചാരത്തിലെ  എ.ഐ. സങ്കേതങ്ങളുടെ വികസനം  

പങ്കാളിത്തങ്ങളിലൂടെയും ഇന്ത്യയുടെ ഡിജിറ്റൽ വിനോദസഞ്ചാരം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നിര്‍മിതബുദ്ധി, വിവരാധിഷ്ഠിത ഉൾക്കാഴ്ചകൾ, ശേഷി വർധന എന്നിവയിലൂടെ രാജ്യത്തെ വിനോദസഞ്ചാരത്തിൻ്റെ ഡിജിറ്റൽ പ്രചാരണം ശക്തിപ്പെടുത്തുന്നതിന് 2026 ജൂണിൽ വിനോദസഞ്ചാര മന്ത്രാലയം ഗൂഗിൾ ഇന്ത്യയുമായി  ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ആഗോള യാത്രാ പ്രവണതകൾ, സഞ്ചാരികളുടെ സ്വഭാവരീതികൾ, ഡിജിറ്റൽ ഇടപഴകൽ രീതികൾ എന്നിവ സംബന്ധിച്ച ഉൾക്കാഴ്ചകൾ പ്രയോജനപ്പെടുത്തി വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിനോദസഞ്ചാര പ്രചാരണത്തെ ഈ സഹകരണം പിന്തുണയ്ക്കും. കൂടാതെ ഡിജിറ്റൽ മാർക്കറ്റിങ്, പ്രചാരണ പരിപാടികളുടെ കാര്യക്ഷമത വർധിപ്പിക്കൽ, ഉള്ളടക്ക നിർമാണം, എ.ഐ. ഉൾപ്പെടെ പുതിയ സാങ്കേതികവിദ്യകൾ എന്നിവയിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് നല്‍കുന്ന പരിശീലനവും ഇതിൽ ഉൾപ്പെടുന്നു.

 

നൂതനാശയങ്ങൾ വൻകിട നഗരങ്ങൾക്കപ്പുറം 

വിനോദസഞ്ചാര സംരംഭകർക്ക് സാങ്കേതികവിദ്യ പുതിയ അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. 2023 ഏപ്രിൽ 17 വരെയുള്ള കണക്കനുസരിച്ച് യാത്രാ-വിനോദസഞ്ചാര മേഖലയിൽ 262 ജില്ലകളിലായി 1,497 ഡി.പി.ഐ.ഐ.ടി.  അംഗീകൃത സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്നു; ഇവ ഏകദേശം 13,919 പേര്‍ക്ക് തൊഴിൽ നൽകുകയും ചെയ്തു. ഇവയിൽ 58 ശതമാനവും രണ്ടാംനിര, മൂന്നാംനിര നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം.

 

യാത്രാ സാങ്കേതികവിദ്യ, ഓൺലൈൻ ബുക്കിങ്, ഹോംസ്റ്റേകൾ, ഗ്രാമീണ-അനുഭവവേദ്യ വിനോദസഞ്ചാരം, സ്മാർട്ട് ഗതാഗതം, എ.ഐ. അധിഷ്ഠിത യാത്രാ ആസൂത്രണം എന്നിവയിലുടനീളം ഈ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു. ഡിജിറ്റലായി ബന്ധിപ്പിച്ച ഹൈവേ സൗകര്യങ്ങളുടെ ശൃംഖല സൃഷ്ടിച്ച ഹൈവേ ഡിലൈറ്റ്; ഹോംസ്റ്റേകളിലൂടെയും സമൂഹാധിഷ്ഠിത അനുഭവങ്ങളിലൂടെയും ഗ്രാമീണ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന വില്ലോടെയ്ൽ; ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും 70-ലധികം ബുക്കിംഗ് ഓഫീസുകളുടെ ശൃംഖലയിലൂടെയും 2.8 ദശലക്ഷത്തിലധികം പ്രതിരോധ ഉദ്യോഗസ്ഥർക്കും വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും സാങ്കേതികവിദ്യാധിഷ്ഠിത യാത്രാ സേവനങ്ങൾ നൽകുന്ന ഉഡ്‌ചലോ എന്നിവ ശ്രദ്ധേയ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

 

ബഹുഭാഷാ ടൂറിസ്റ്റ് ഹെൽപ്പ്‌ലൈൻ: മുഴുവൻ സമയ പിന്തുണ

ആഭ്യന്തര-അന്തർദേശീയ സന്ദർശകരെ സഹായിക്കുന്നതിന് വിനോദസഞ്ചാര മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന  ബഹുഭാഷാ ടോൾ ഫ്രീ ടൂറിസ്റ്റ് ഹെൽപ്പ്‌ലൈൻ നൽകുന്നുണ്ട്. 1800111363 എന്ന നമ്പറിലും 1363 എന്ന ഷോട്ട് കോഡിലും  ലഭ്യമാകുന്ന ഈ സേവനം അറബിക്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, ചൈനീസ്, പോർച്ചുഗീസ്, റഷ്യൻ, സ്പാനിഷ് എന്നിവയുൾപ്പെടെ 12 അന്താരാഷ്ട്ര ഭാഷകളിൽ യാത്രാ വിവരങ്ങൾ നൽകുന്നു. അടിയന്തര സാഹചര്യങ്ങളിൽ വിനോദസഞ്ചാരികളെ സഹായിക്കുകയും ആവശ്യമായ സമയത്ത്  ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുകയും ചെയ്യുന്നു.

 

ഇന്ത്യയുടെ വൈവിധ്യമാർന്ന വിനോദസഞ്ചാര ഭൂമിക

വൈവിധ്യത്തിലാണ് ഇന്ത്യയുടെ വിനോദസഞ്ചാരത്തിൻ്റെ കരുത്ത് നിലകൊള്ളുന്നത്. തീർത്ഥാടനവും പൈതൃകവും മുതൽ ആരോഗ്യ-സ്വാസ്ഥ്യം, വന്യജീവികൾ, ഗ്രാമീണ അനുഭവങ്ങൾ, വാണിജ്യ  സംഗമങ്ങൾ  എന്നിവ വരെ, ഓരോ മേഖലയും യാത്ര ചെയ്യാൻ സവിശേഷമായ ഒരു കാരണം നല്‍കുന്നു.  ഈ വൈവിധ്യം രാജ്യത്തിൻ്റെ നാനാഭാഗങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും തദ്ദേശീയ സമൂഹങ്ങൾക്കും ടൂറിസം വാണിജ്യ സംഗമങ്ങൾക്കും നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നു.

 

ആത്മീയ-തീർത്ഥാടന വിനോദസഞ്ചാരം

ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതങ്ങളുമായി ബന്ധപ്പെട്ട ലോകത്തെ സുപ്രധാന തീർത്ഥാടന-ആത്മീയ കേന്ദ്രങ്ങളിൽ ചിലത് ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. അയോധ്യ, കാശി, ബോധ്ഗയ, അമൃത്‍സര്‍, തിരുപ്പതി, പുരി തുടങ്ങിയ കേന്ദ്രങ്ങൾ ഇന്ത്യയിലെയും വിദേശത്തെയും  തീർത്ഥാടകരെയും സന്ദർശകരെയും ആകർഷിക്കുന്നു. പ്രസാദ്, സ്വദേശി ദർശൻ തുടങ്ങിയ ഗവൺമെൻ്റ് സംരംഭങ്ങൾ മതപരമായ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും സന്ദർശക സൗകര്യങ്ങളും വികസിപ്പിക്കാന്‍ പിന്തുണ നൽകുന്നു.  

 

 

ബുദ്ധ സർക്യൂട്ടുകളും സാംസ്കാരിക ബന്ധങ്ങളും

ഇന്ത്യയുടെ ബുദ്ധമത പൈതൃകം ഏഷ്യയിലുടനീളമുള്ള സമൂഹങ്ങളുമായും സഞ്ചാരികളുമായും രാജ്യത്തെ ബന്ധിപ്പിക്കുന്നു. ബിഹാറിലെ ബോധ്ഗയ, ഉത്തർപ്രദേശിലെ സാരനാഥ്, കുശിനഗർ എന്നിവയ്ക്കൊപ്പം ഗൗതമബുദ്ധൻ്റെ ജീവിതവുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളും ഇന്ത്യയുടെ ബുദ്ധമത വിനോദസഞ്ചാര ഭൂമികയുടെ സുപ്രധാന ഭാഗമാണ്. വിപുലമായ ബുദ്ധമത ലോകവുമായി രാജ്യത്തിൻ്റെ ചരിത്രപരവും നാഗരികവുമായ ആഴമേറിയ ബന്ധങ്ങളെയും ഈ ലക്ഷ്യസ്ഥാനങ്ങൾ എടുത്തുകാണിക്കുന്നു.

 


 

പൈതൃക-സാംസ്കാരിക വിനോദസഞ്ചാരം

കോട്ടകൾ, കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, ചരിത്ര നഗരങ്ങൾ എന്നിവയിൽ ഇന്ത്യയുടെ പൈതൃകം പ്രതിഫലിക്കുന്നു. ഇതിൻ്റെ സാംസ്കാരിക ആകർഷണം കേവലം സ്മാരകങ്ങൾക്കുമപ്പുറം വ്യാപിച്ചുകിടക്കുന്നു. ശാസ്ത്രീയ നൃത്തവും സംഗീതവും, ഉത്സവങ്ങൾ, കരകൗശല വസ്തുക്കൾ, പ്രാദേശിക ഭക്ഷണവിഭവങ്ങൾ എന്നിവയിലൂടെ തലമുറകളായി ഇന്നും സജീവമായി നിലനിൽക്കുന്ന പാരമ്പര്യങ്ങൾ അടുത്തറിയാൻ സന്ദർശകർക്ക് അവസരമൊരുക്കുന്നു.

 

 

ആരോഗ്യ-സ്വാസ്ഥ്യം, യോഗ, മെഡിക്കൽ ടൂറിസം

യോഗ, ആയുർവേദം, മറ്റ് പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾ എന്നിവയിലെ  ഇന്ത്യയുടെ ദീർഘകാല പാരമ്പര്യം ആരോഗ്യക്ഷേമ വിനോദസഞ്ചാരത്തില്‍ രാജ്യത്തിന് സവിശേഷ  സ്ഥാനം നൽകുന്നു. ഈ പാരമ്പര്യങ്ങൾക്ക് ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും വൈദ്യസഹായ സേവനങ്ങളും കരുത്തേകുന്നു. ഇവ ഒത്തുചേർന്ന് ആരോഗ്യ-സ്വാസ്ഥ്യം, പ്രതിരോധ പരിചരണം, വൈദ്യചികിത്സ എന്നിവ ആഗ്രഹിക്കുന്ന സന്ദർശകർക്ക് വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുന്നു.

 

ഇക്കോ ടൂറിസവും വന്യജീവി വിനോദസഞ്ചാരവും

വന്യജീവി സഫാരികൾ, പക്ഷിനിരീക്ഷണം എന്നിവ മുതൽ ട്രെക്കിങും പ്രകൃതിപാതകളും  വരെ വൈവിധ്യമാർന്ന അനുഭവങ്ങളാണ് ഇന്ത്യയുടെ വ്യത്യസ്തമായ ഭൂപ്രകൃതി സമ്മാനിക്കുന്നത്. ദേശീയോദ്യാനങ്ങൾ, കടുവാ സങ്കേതങ്ങൾ, തണ്ണീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, വനങ്ങൾ, ഹിമാലയൻ ഭൂപ്രദേശങ്ങൾ എന്നിവ പ്രകൃതി സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രകൃതിയെ തൊട്ടറിയാന്‍  അവസരങ്ങളും നൽകുന്നു. ഈ ലക്ഷ്യസ്ഥാനങ്ങൾക്ക് ചുറ്റുമുള്ള സമൂഹങ്ങൾക്ക് ഉപജീവന അവസരങ്ങൾ സൃഷ്ടിക്കാന്‍ ഉത്തരവാദിത്ത വിനോദസഞ്ചാരത്തിന് സാധിക്കുന്നു.  


 

 

ഗ്രാമീണ, ഹോംസ്റ്റേ, സമൂഹാധിഷ്ഠിത വിനോദസഞ്ചാരം

ടൂറിസം സഞ്ചാരികളെ കൂടുതലായി പരമ്പരാഗത വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഹോംസ്റ്റേകൾ, ഗ്രാമീണാനുഭവങ്ങൾ, പ്രാദേശിക ഭക്ഷണവിഭവങ്ങൾ, കരകൗശല വസ്തുക്കൾ, കൃഷി, ജനകീയ പ്രവർത്തനങ്ങൾ എന്നിവ തദ്ദേശീയ ജീവിതവുമായി കൂടുതൽ അടുത്ത ബന്ധം വാഗ്ദാനം ചെയ്യുന്നു. ഗ്രാമീണ കുടുംബങ്ങൾക്കും കരകൗശല വിദഗ്ധർക്കും പ്രാദേശിക സംരംഭങ്ങൾക്കും അധിക വരുമാന അവസരങ്ങൾ സൃഷ്ടിക്കാനും ഇവയ്ക്ക് സാധിക്കും. ഗ്രാമീണ, ഗോത്രവർഗ മേഖലകളിലെ ഹോംസ്റ്റേകളെ പിന്തുണയ്ക്കുന്നതിന് പ്രത്യേക സംരംഭങ്ങളും വിനോദസഞ്ചാര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

 

 

തീരദേശ, ക്രൂയിസ്, അനുഭവവേദ്യ വിനോദസഞ്ചാരം

ഇന്ത്യയുടെ തീരദേശങ്ങളും ഉൾനാടൻ ജലപാതകളും വിനോദസഞ്ചാരത്തിന് പുതുവഴികൾ തുറക്കുകയാണ്. സമുദ്ര ക്രൂയിസ് യാത്രാ ഗതാഗതം 2014-15-ലെ 1.08 ലക്ഷത്തിൽ നിന്ന് 2025-26-ൽ 4.62 ലക്ഷമായി ഉയർന്നു; 328% വളർച്ചയാണ് ഇതിൽ രേഖപ്പെടുത്തിയത്. വിശാഖപട്ടണം, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലുകൾ നവീകരിക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്. പുതുച്ചേരി കൂടി ഉൾപ്പെടുത്തി കിഴക്കൻ തീര ക്രൂയിസ് സർക്യൂട്ട് വിപുലീകരിക്കുകയും ചെയ്തു.

 

സാങ്കേതികവിദ്യ ക്രൂയിസ് അനുഭവത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു. ക്യു.ആർ അധിഷ്ഠിത ഇമിഗ്രേഷൻ ക്ലിയറൻസ് സംവിധാനം ഓരോ യാത്രക്കാരൻ്റെയും ഇമിഗ്രേഷൻ ക്ലിയറൻസ് സമയം ഏകദേശം 30 സെക്കൻഡായി കുറച്ചിട്ടുണ്ട്. ഡിജിറ്റലാക്കിയ കസ്റ്റംസ് നടപടിക്രമങ്ങളും ഇ-ഗ്രൂപ്പ് വിസിറ്റ് വിസകളും അന്താരാഷ്ട്ര ക്രൂയിസ് സംഘങ്ങൾക്ക് സുഗമമായ പ്രവേശനം സാധ്യമാക്കാൻ സഹായിക്കുന്നു.

 

ലൈറ്റ് ഹൗസ് ടൂറിസം

സുരക്ഷിതവും കാര്യക്ഷമവുമായ സമുദ്ര സഞ്ചാരം ഉറപ്പാക്കുന്ന മറൈൻ എയ്ഡ്സ് ടു നാവിഗേഷൻ  സംവിധാനങ്ങളായി ലൈറ്റ് ഹൗസുകൾ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഇന്ന് സവിശേഷ വിനോദസഞ്ചാര കേന്ദ്രങ്ങളായും അവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2021-ലെ മറൈൻ എയ്ഡ്സ് ടു നാവിഗേഷൻ നിയമത്തിലെ സെക്ഷൻ 23 പ്രകാരം ഇന്ത്യയുടെ സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം വിദ്യാഭ്യാസ, സാംസ്കാരിക, വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ലൈറ്റ് ഹൗസുകൾ പ്രയോജനപ്പെടുത്തുന്നത് ഗവൺമെൻ്റ്  പ്രോത്സാഹിപ്പിക്കുന്നു.  

 

ചെന്നൈ, മഹാബലിപുരം, ആലപ്പുഴ, കണ്ണൂർ, മുട്ടം, ദ്വാരക, ഗോപ്‌നാഥ് എന്നിവിടങ്ങളിലെ ലൈറ്റ് ഹൗസ് മ്യൂസിയങ്ങൾ ലൈറ്റ് ഹൗസ് സാങ്കേതികവിദ്യയുടെ പരിണാമവും ഇന്ത്യയുടെ സമുദ്ര ചരിത്രവും പ്രദർശിപ്പിക്കുന്നു. രാജ്യത്തുടനീളം 75 ലൈറ്റ് ഹൗസുകളിൽ വിനോദസഞ്ചാര സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്; ഇത് അവയുടെ ചരിത്രപരവും വാസ്തുവിദ്യാപരവുമായ പ്രാധാന്യം സംരക്ഷിക്കുന്നതിനൊപ്പം അവ സന്ദർശകർക്ക് തുറന്നുകൊടുക്കാനും സഹായിക്കുന്നു.

 

മൈസ് ടൂറിസം: ഇന്ത്യയുടെ വാണിജ്യ സംഗമ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കൽ

വാണിജ്യമേഖലയുമായി ബന്ധപ്പെട്ട മീറ്റിംഗുകൾ, ഇൻസെൻ്റീവുകൾ, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയാണ് മൈസ്  എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.  മൈസ് ടൂറിസം ഇന്ത്യയുടെ വിനോദസഞ്ചാര തന്ത്രത്തിൻ്റെ  സുപ്രധാന ഭാഗമാണ്. ഈ മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിന് മൈസ് വ്യവസായവുമായി ബന്ധപ്പെട്ട ദേശീയ തന്ത്രത്തിനും മാർഗരേഖയ്ക്കും വിനോദസഞ്ചാര മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. ഡൽഹിയിലെ ഭാരത് മണ്ഡപം, യശോഭൂമി, മുംബൈയിലെ ജിയോ വേൾഡ് സെൻ്റർ തുടങ്ങിയ പ്രധാന വേദികളിലൂടെ രാജ്യത്തെ മൈസ് അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ ശക്തിപ്പെടുത്തുന്നു.  പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ഉൾപ്പെടെ കുറഞ്ഞത് 10 ഇന്ത്യൻ നഗരങ്ങളെയെങ്കിലും ആഗോള മൈസ് ലക്ഷ്യസ്ഥാനങ്ങളായി വികസിപ്പിക്കാനുള്ള സാധ്യതയും ഗവൺമെൻ്റ്  തിരിച്ചറിഞ്ഞിട്ടുണ്ട്.

 

ആഗോള മൈസ് വ്യവസായം 2030-ഓടെ 870 ബില്യൺ യു.എസ്. ഡോളറിൽ നിന്ന് 1.4 ട്രില്യൺ യു.എസ്. ഡോളറിലധികമായി വളരുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ആഗോള വിപണിയിൽ 5% വിഹിതമുള്ള ഇന്ത്യ വികസിച്ചുകൊണ്ടിരിക്കുന്ന ഈ വിപണി പ്രയോജനപ്പെടുത്താൻ അനുയോജ്യമായ നിലയിലാണ്.   

 

ബ്രിക്സ്: വിനോദസഞ്ചാര സഹകരണം ശക്തിപ്പെടുത്തുന്നു

2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവി വിനോദസഞ്ചാര സഹകരണത്തെ അന്താരാഷ്ട്ര അജണ്ടയിൽ മുൻനിരയിലെത്തിച്ചു. 2026 ഓഗസ്റ്റിൽ ജയ്പൂരിൽ  ചേര്‍ന്ന ബ്രിക്സ് വിനോദസഞ്ചാര മന്ത്രിമാരുടെ യോഗം 'ജയ്പൂർ പ്രഖ്യാപനം'  അംഗീകരിച്ചുകൊണ്ടാണ് സമാപിച്ചത്. ഈ പ്രഖ്യാപനം പ്രധാനമായും നാല് മുൻഗണനാ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: നിര്‍മിതബുദ്ധിയും വിനോദസഞ്ചാരവും, സുസ്ഥിരവും ഉത്തരവാദിത്തപൂര്‍ണവുമായ വിനോദസഞ്ചാരം, ടൂറിസം നൈപുണ്യ വികസനവും ശേഷി വർധനയും, തടസരഹിത യാത്രാ സൗകര്യങ്ങളോടുകൂടിയ ടൂറിസം കൈമാറ്റങ്ങൾ എന്നിവയാണവ. കൂടാതെ വിനോദസഞ്ചാര ആസൂത്രണം, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനം, സന്ദർശക സേവനങ്ങൾ, ബഹുഭാഷാ ആശയവിനിമയം, യാത്രാ സൗകര്യങ്ങൾ ഒരുക്കൽ എന്നിവയിലെ സഹകരണത്തെയും ഇത് പിന്തുണയ്ക്കുന്നു.

 

G20: ഇന്ത്യയുടെ വിനോദസഞ്ചാര ചരിത്രത്തെ രാജ്യത്തുടനീളമെത്തിക്കുന്നു

ഇന്ത്യയുടെ G20 അധ്യക്ഷപദവി പരമ്പരാഗത മെട്രോപൊളിറ്റൻ നഗരങ്ങൾക്കപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു. 60 നഗരങ്ങളിലായി 200-ലധികം യോഗങ്ങളാണ് സംഘടിപ്പിച്ചത്; G20 പരിപാടികൾക്കായി അഭൂതപൂർവമായ  ഭൂമിശാസ്ത്ര സാന്നിധ്യമാണ് ഇത് സൃഷ്ടിച്ചത്.

 

ഇന്ത്യയുടെ പൈതൃകം, പ്രാദേശിക കരകൗശലങ്ങൾ, പ്രാദേശിക ഭക്ഷണവിഭവങ്ങൾ, സാംസ്കാരിക അനുഭവങ്ങൾ എന്നിവയെ ഈ യോഗങ്ങൾ ആഗോള സമൂഹത്തിന് മുന്നിൽ ഒന്നിപ്പിച്ചു. വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലുടനീളം വലിയ അന്താരാഷ്ട്ര പരിപാടികൾ സംഘടിപ്പിക്കാനുള്ള രാജ്യത്തിൻ്റെ ശേഷിയും അവ തെളിയിച്ചു.

 

അടിസ്ഥാന സൗകര്യങ്ങളിലൂന്നിയ വിനോദസഞ്ചാര കേന്ദ്ര വികസനം

ആകർഷണ കേന്ദ്രങ്ങളെ ഒന്നൊന്നായി വികസിപ്പിക്കുന്നതിന് പകരം സംയോജിത വിനോദസഞ്ചാര കേന്ദ്ര ആവാസവ്യവസ്ഥകൾ സൃഷ്ടിക്കുന്നതിലാണ് ഇന്ത്യയുടെ ടൂറിസം വികസനം കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വദേശി ദർശൻ 2.0-ന് കീഴിൽ, സുസ്ഥിരവും ഉത്തരവാദിത്തപൂര്‍ണവുമായ വിനോദസഞ്ചാരം, യാത്രാനുഭവങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂന്നി വിനോദസഞ്ചാര കേന്ദ്ര-സഞ്ചാരി കേന്ദ്രീകൃത സമീപനമാണ് ടൂറിസം മന്ത്രാലയം പിന്തുടരുന്നത്.

 

ഗതാഗത സംവിധാനങ്ങള്‍ ഈ സമീപനത്തിൻ്റെ സുപ്രധാന ഭാഗമായി തുടരുന്നു. പദ്ധതി ആരംഭിച്ചതുമുതൽ 95 വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ആകെ 687 ആർ.സി.എസ്. ഉഡാൻ റൂട്ടുകൾ പ്രവർത്തനക്ഷമമാക്കി. 2026-27 മുതൽ 2035-36 വരെ കാലയളവിലെ പരിഷ്കരിച്ച ഉഡാൻ പദ്ധതിക്ക്  28,840 കോടി രൂപയുടെ അംഗീകൃത വിഹിതമുണ്ട്. 100 വിമാനത്താവളങ്ങളുടെയും 200 അത്യാധുനിക ഹെലിപാഡുകളുടെയും വികസനം ഇതിലുൾപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് - പ്രത്യേകിച്ച് യാത്രാസൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലേക്ക് - പ്രാദേശിക അവസാനതല പ്രവേശനക്ഷമത മെച്ചപ്പെടുത്താനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.

 

ഈ ശ്രമങ്ങൾ ഒരുമിച്ച് ഇന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തെ കൂടുതൽ വിപുലമാക്കുന്നു. കൂടുതൽ കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനും പുതിയ അനുഭവങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ വിവിധ സമൂഹങ്ങളിലേക്ക് വിനോദസഞ്ചാരത്തെ കൂടുതൽ അടുപ്പിക്കാനും അവയ്ക്ക് സാധിക്കുന്നു.

 

വിനോദസഞ്ചാരം വർധിപ്പിക്കുന്ന ഗവൺമെൻ്റ് സംരംഭങ്ങൾ

സ്വദേശി ദർശൻ പദ്ധതി

രാജ്യത്തുടനീളം നിർദിഷ്ട പ്രമേയങ്ങള്‍ ആധാരമാക്കി വിനോദസഞ്ചാര സർക്യൂട്ടുകൾ വികസിപ്പിക്കുന്നതിന് 2014-15-ലാണ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം സ്വദേശി ദർശൻ പദ്ധതി ആരംഭിച്ചത്.  പദ്ധതിക്ക് കീഴിൽ 15 പ്രമേയാധിഷ്ഠിത വിനോദസഞ്ചാര സർക്യൂട്ടുകളിലായി  5,295.24 കോടി രൂപയിലധികം നിക്ഷേപമുള്ള 76 പദ്ധതികൾക്ക് മന്ത്രാലയം അനുമതി നൽകി. ഇതിൽ 75 പദ്ധതികളുടെയും ഭൗതിക നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ബുദ്ധ, തീരദേശ, മരുഭൂമി, ഇക്കോ, ഹിമാലയൻ, നോർത്ത് ഈസ്റ്റ്, രാമായണ, ഗ്രാമീണ, ആത്മീയ, ഗോത്രവർഗ സർക്യൂട്ടുകളിലും മറ്റ് പ്രമേയാധിഷ്ഠിത സർക്യൂട്ടുകളിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാന്‍ സംരംഭം സഹായകമായി. 

 

ഇതിൻ്റെ തുടർച്ചയായി സുസ്ഥിരവും അനുഭവവേദ്യവുമായ വിനോദസഞ്ചാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വദേശി ദർശൻ 2.0 ഒരു കേന്ദ്രീകൃത സമീപനം  സ്വീകരിക്കുന്നു. മെച്ചപ്പെട്ട ആസൂത്രണം, അടിസ്ഥാന സൗകര്യങ്ങൾ, സന്ദർശക അനുഭവം എന്നിവയിലൂടെ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന്  2,207.08 കോടി രൂപയുടെ 53 പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്.

 

ചലഞ്ച് അധിഷ്ഠിത വിനോദസഞ്ചാര കേന്ദ്ര വികസനം  

സ്വദേശി ദർശൻ 2.0-ൻ്റെ  ഉപപദ്ധതിയാണ് ചലഞ്ച് അധിഷ്ഠിത വിനോദസഞ്ചാര കേന്ദ്ര വികസന സംരംഭം. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനം ഏറ്റെടുക്കുക, സന്ദർശകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുക, സുസ്ഥിരവും ഉത്തരവാദിത്തപൂര്‍ണവുമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നിവയിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

ആത്മീയ, ഇക്കോ-ടൂറിസം വിഭാഗങ്ങൾ ഉൾപ്പെടുത്തി  ടൂറിസം സാധ്യതകളേറിയ കേന്ദ്രങ്ങൾക്കായി  687.99 കോടി രൂപയുടെ 37 പദ്ധതികൾക്ക് ഇതുവരെ അനുമതി നൽകിയിട്ടുണ്ട്.

 

പ്രസാദ് പദ്ധതി

തിരഞ്ഞെടുത്ത തീർത്ഥാടന, പൈതൃക കേന്ദ്രങ്ങളിലെ വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 2014-2015-ൽ തീർത്ഥാടന പുനരുജ്ജീവന-ആത്മീയ, പൈതൃക വർധന യജ്ഞം അഥവാ പ്രസാദ് (പില്‍ഗ്രിമേജ്  റിജുവനേഷന്‍ ആന്‍ഡ് സ്പിരിച്വല്‍, ഹെറിറ്റേജ്, ഓഗ്മെൻ്റേഷന്‍ ഡ്രൈവ്) ആരംഭിച്ചു. ഈ കേന്ദ്രങ്ങളുടെ സംയോജിത വികസനത്തിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പദ്ധതി സാമ്പത്തിക സഹായം നൽകുന്നു; സന്ദർശക സൗകര്യങ്ങൾ, പ്രവേശനക്ഷമത, ശുചിത്വം, സുരക്ഷ, പ്രാദേശിക ഉപജീവനമാർഗങ്ങൾ എന്നിവയിലാണ് പ്രധാന ഇടപെടലുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്.

 

പദ്ധതി ആരംഭിച്ചതുമുതൽ 1,726.18 കോടി രൂപയുടെ 54 പദ്ധതികൾക്കാണ് വിനോദസഞ്ചാര മന്ത്രാലയം അനുമതി നൽകിയത്.  തീർത്ഥാടന കേന്ദ്രങ്ങളിലെ സന്ദർശക അനുഭവം, സുസ്ഥിരത, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിന് ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻ്ററുകൾ, സൗണ്ട് ആൻഡ് ലൈറ്റ് ഷോകൾ, പാർക്കിങ് സൗകര്യങ്ങൾ, ഘാട്ടുകൾ, ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ, സൗരോര്‍ജ പാനലുകൾ, സിസിടിവി സംവിധാനങ്ങൾ തുടങ്ങിയ ഇടപെടലുകളെ  പദ്ധതി പിന്തുണക്കുന്നു.  

 

സംസ്ഥാനങ്ങൾക്ക് പ്രത്യേക മൂലധന നിക്ഷേപ സഹായം  

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഗോള നിലവാരത്തിലേക്ക് വികസിപ്പിക്കാന്‍  പദ്ധതി പിന്തുണയ്ക്കുന്നു. മെച്ചപ്പെട്ട ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ, യാത്രാ സൗകര്യങ്ങള്‍, സന്ദർശക സൗകര്യങ്ങൾ എന്നിവയിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശിക സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാനും  പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിക്ക് കീഴിൽ 23 സംസ്ഥാനങ്ങളിലായി 40 സംരംഭങ്ങള്‍ക്ക് അംഗീകാരം നൽകിയിട്ടുണ്ട്. 100% കേന്ദ്ര ധനസഹായത്തോടെ, 2024-25 സാമ്പത്തിക വർഷത്തിൽ  പദ്ധതിക്ക്  3,295.76 കോടി രൂപ ലഭിച്ചു.

 

2025-26 സാമ്പത്തിക വർഷം  2024-25 കാലയളവിലെ  പദ്ധതിയുടെ പാര്‍ട്ട് III അനുസരിച്ച്  ഫണ്ട് പ്രയോജനപ്പെടുത്താത്ത അർഹരായ സംസ്ഥാനങ്ങൾക്ക് പാര്‍ട്ട് II  പ്രകാരം ടൂറിസം പദ്ധതികൾക്കായി  250 കോടി രൂപ വരെ ലഭ്യമാക്കാൻ ഭേദഗതി ചെയ്ത മാർഗനിർദേശങ്ങൾ അനുവദിക്കുന്നു. ഈ വ്യവസ്ഥകൾ പ്രകാരം നാഗാലാൻഡ്, മിസോറാം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് ടൂറിസം പദ്ധതികൾക്കായി  250 കോടി രൂപ വീതം അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

വിനോദസഞ്ചാരത്തിന് പിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യരിൽ നിക്ഷേപം

സന്ദർശകരെ സേവിക്കുന്ന ജനങ്ങളുടെ നൈപുണ്യങ്ങളിൽ നിക്ഷേപം നടത്തിയാണ് ഇന്ത്യയുടെ വിനോദസഞ്ചാര മേഖല ശക്തിപ്പെടുന്നത്. കപ്പാസിറ്റി ബിൽഡിംഗ് ഫോർ സർവീസ് പ്രൊവൈഡേഴ്സ് (സിബിഎസ്പി) സംരംഭത്തിന് കീഴിൽ നൈപുണ്യ വികസനം, നൈപുണ്യ വർധന,  പുനർ-നൈപുണ്യ വികസനം  എന്നിവയ്ക്കായി വിനോദസഞ്ചാര മന്ത്രാലയം ഹ്രസ്വകാല പരിശീലനം നൽകുന്നു. തദ്ദേശീയ സമൂഹങ്ങൾ, ഗോത്രവർഗ മേഖലകൾ, പിന്നാക്ക പശ്ചാത്തലങ്ങളിലെ  യുവജനങ്ങള്‍ എന്നിവരെ ഇത് ഉൾക്കൊള്ളുന്നു. 'ഹുനർ സേ റോസ്ഗാർ തക്'  പദ്ധതിയും ഇതിന് കീഴിലാണ് നടപ്പാക്കുന്നത്.

 

 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇന്ത്യൻ കുലിനറി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുൾപ്പെടെ ഗവൺമെൻ്റ്  സ്ഥാപനങ്ങളിലൂടെയും എംപാനൽ ചെയ്ത സ്വകാര്യ സ്ഥാപനങ്ങൾ വഴിയുമാണ് പരിശീലനം നൽകുന്നത്. 2025-ൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നടത്തിയ വിലയിരുത്തലിൽ 2020-21 മുതൽ 2024-25 വരെ  സാമ്പത്തിക വർഷങ്ങൾക്കിടയിൽ  1.68 ലക്ഷത്തിലധികം പേര്‍ക്ക് ഈ സംരംഭത്തിൻ്റെ  ഭാഗമായി പരിശീലനം നൽകുകയും 36,000-ത്തിലധികം പേര്‍ക്ക് തൊഴിൽ ലഭ്യമാക്കുകയും ചെയ്തതായി കണ്ടെത്തി.

 

2024-ൽ ആരംഭിച്ച 'പര്യടൻ മിത്ര / പര്യടൻ ദീദി' സംരംഭം തദ്ദേശീയ സേവന ദാതാക്കൾക്ക് ആതിഥേയത്വം, ശുചിത്വം, സുരക്ഷ, സുസ്ഥിരത എന്നിവയിൽ പരിശീലനം നൽകുന്നു. ഏകദേശം 4,382 പേർക്കാണ് ഇതിനകം പരിശീലനം നൽകിയത്.  ടാക്സി, ഓട്ടോ ഡ്രൈവർമാർ, ഗതാഗത ജീവനക്കാർ, ഹോട്ടൽ, റെസ്റ്റോറൻ്റ്  തൊഴിലാളികൾ, ഹോംസ്റ്റേ ഉടമകൾ, ഗൈഡുകൾ, പോലീസ് ഉദ്യോഗസ്ഥർ, തെരുവ് കച്ചവടക്കാർ, കടയുടമകൾ, വിദ്യാർത്ഥികൾ എന്നിവർക്കാണ് പരിശീലനം. സ്ത്രീകളെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

വ്യവസായ ആവശ്യങ്ങൾക്കനുസരിച്ച് മന്ത്രാലയം സി.ബി.എസ്.പി. സിലബസ് പരിഷ്കരിക്കുകയും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 21 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റുമായും എട്ട് പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകളുമായും പങ്കാളിത്തം ഉറപ്പാക്കിയാണ്  പ്രൊഫഷണൽ പരിശീലനം കൂടുതൽ ശക്തിപ്പെടുത്തുന്നത്.  

 

അടുത്ത ലക്ഷ്യസ്ഥാനം ‘ഡിജിറ്റല്‍’

വിനോദസഞ്ചാരത്തിൻ്റെ ഭാവി സാങ്കേതികവിദ്യയാൽ മാത്രമല്ല രൂപപ്പെടുക; മറിച്ച് യാത്രകൾ കൂടുതൽ വ്യക്തിഗതമാക്കാനും കേന്ദ്രങ്ങൾ കൂടുതൽ സുസ്ഥിരമാക്കാനും വാണിജ്യ  സംഗമങ്ങൾ കൂടുതൽ മത്സരശേഷിയുള്ളതാക്കാനും വിനോദസഞ്ചാരം കൂടുതൽ സമഗ്രമാക്കാനും സാങ്കേതികവിദ്യ എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. സാങ്കേതികവിദ്യയും വിവരശേഖരണവും നിര്‍മിതബുദ്ധിയും  വിനോദസഞ്ചാര അനുഭവത്തിൻ്റെ അവിഭാജ്യ ഘടകമായി മാറുന്ന  പശ്ചാത്തലത്തെയാണ് 2026-ലെ ലോക വിനോദസഞ്ചാര ദിന പ്രമേയം പ്രതിഫലിപ്പിക്കുന്നത്.

 

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, എ.ഐ. അധിഷ്ഠിത സേവനങ്ങൾ, വിനോദസഞ്ചാര കേന്ദ്ര വികസനം, യാത്രാ സൗകര്യങ്ങള്‍, നൈപുണ്യ വികസന ശ്രമങ്ങൾ എന്നിവ കൂടുതൽ തടസരഹിതവും പരസ്പര ബന്ധിതവുമായ  വിനോദസഞ്ചാര ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കുന്നു. ഈ വിനോദസഞ്ചാര ഘടനയെ ശക്തിപ്പെടുത്തുന്നത് ഇന്ത്യ തുടരുമ്പോൾ, അടുത്ത ലക്ഷ്യസ്ഥാനം ഡിജിറ്റൽ മാത്രമല്ല, എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും മനുഷ്യകേന്ദ്രീകൃതവും ലോകോത്തരവുമാണ്.

 

അവലംബം

കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം

 

https://www.pib.gov.in/PressReleasePage.aspx?PRID=2238965&reg=3&lang=1

https://www.pib.gov.in/newsite/archiveContent.aspx?lang=2&reg=48&relid=290678&

https://sansad.in/getFile/annex/271/AU1415_IsY7tu.pdf?source=pqars

https://nidhi.tourism.gov.in/home/

https://sansad.in/getFile/annex/271/AU630_f8JTnR.pdf?source=pqars

https://www.pib.gov.in/PressReleasePage.aspx?PRID=2292601&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2171731&reg=48&lang=2

https://sansad.in/getFile/lsapps/loksabhaquestions/annex/188/AU3612_CschGg.pdf?source=lsapps

https://www.pib.gov.in/PressReleaseDetail.aspx?PRID=2299072&reg=1&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2113287&reg=3&lang=2

https://www.incredibleindia.gov.in/en/festivals-and-events/telangana/world-tourism-day

https://www.pib.gov.in/PressReleasePage.aspx?PRID=2297248&reg=48&lang=2

https://sansad.in/getFile/lsapps/loksabhaquestions/annex/188/AU3233_R4EsOl.pdf?source=lsapps

https://www.pib.gov.in/PressReleasePage.aspx?PRID=2302067&reg=3&lang=1

Embassy of India

https://www.eoidjibouti.gov.in/page/tourist-helpline-by-india/

Ministry of Home Affairs

https://www.pib.gov.in/PressReleasePage.aspx?PRID=2297227&reg=48&lang=2

Ministry of Civil Aviation

https://www.pib.gov.in/PressReleasePage.aspx?PRID=2245099&lang=1&reg=1&utm
https://sansad.in/getFile/loksabhaquestions/annex/185/AS76_zHwlre.pdf?source=pqals&utm

https://www.pib.gov.in/newsite/erelcontent.aspx?lang=2&reg=48&relid=295100&utm

Delhi Development Authority

https://x.com/official_dda/status/2101267875516363224

World Bank

https://www.worldbank.org/ext/en/topic/tourism

UN Tourism

https://www.untourism.int/world-tourism-day-2026

https://pre-webunwto.s3.eu-west-1.amazonaws.com/s3fs-public/2026-07/WTD2026_Concept%20Note_EN.pdf?VersionId=pTOzM9q85HxXgEa8r8K1EC3EzEU0g4SB

PIB Backgrounder

https://www.pib.gov.in/PressReleasePage.aspx?PRID=2171731&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2292601&reg=48&lang=2

Click here to see pdf

*****


( റിലീസ് ഐ.ഡി: 2315716) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil