രാജ്യരക്ഷാ മന്ത്രാലയം
എഡിഎംഎം-പ്ലസ് സംയുക്ത സമുദ്ര സുരക്ഷാ സഹകരണ അഭ്യാസത്തിൽ പങ്കെടുത്ത് ഇന്ത്യൻ നാവികസേനാ കപ്പലുകളായ ഐ.എൻ.എസ്. സഹ്യാദ്രിയും ഐ.എൻ.എസ്. കുലിഷും
പോസ്റ്റഡ് ഓണ്‍:
27 SEP 2026 5:52PM by PIB Thiruvananthpuram
ഫിലിപ്പീൻസിലെ സുബിക് ബേയിൽ നടന്ന 23-ാമത് എ.ഡി.എം.എം.-പ്ലസ് സമുദ്ര സുരക്ഷാ വിദഗ്ധ കർമസമിതിയുടെ സംയുക്ത സഹകരണ അഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക മുൻനിര സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐ.എൻ.എസ്. സഹ്യാദ്രിയും മിസൈൽ കോർവെറ്റ് ഐ.എൻ.എസ്. കുലിഷും ദൗത്യം വിജയകരമായി പൂർത്തിയാക്കി. 2026 സെപ്റ്റംബർ 25-ന് സമാപന ചടങ്ങോടെയാണ് അഭ്യാസങ്ങൾ പൂര്‍ത്തിയായത്.
ഫിലിപ്പീൻസ് നാവികസേന ആതിഥേയത്വം വഹിക്കുകയും ജപ്പാൻ സഹ-അധ്യക്ഷത വഹിക്കുകയും ചെയ്ത സംയുക്ത അഭ്യാസം സെപ്റ്റംബർ 21-ന് നേവൽ ഓപ്പറേറ്റിങ് ബേസ് സുബിക്കിലെ ഉദ്ഘാടന ചടങ്ങോടെയാണ് ആരംഭിച്ചത്. തുടർന്ന് തുറമുഖ ഘട്ടത്തില്‍ സമാധാനവും സുരക്ഷയും, ആസിയാൻ നാവികസേനാ മേധാവികളുടെ യോഗവും സമുദ്ര സമ്പർക്ക മാർഗനിർദേശങ്ങളും, മുതിർന്ന എന്‍ലിസ്റ്റഡ് ഉദ്യോഗസ്ഥരുടെ നേതൃത്വപാടവം, സമുദ്ര പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ ചർച്ചകളും അനുഭവങ്ങൾ പങ്കിടലും നടന്നു. കൂടാതെ കായിക മത്സരങ്ങൾ, ഇൻ്റര്‍നാഷണല്‍ ഡേ ആഘോഷങ്ങള്‍, സാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറി.
സെപ്റ്റംബർ 22-ന് ദൗത്യ ഏകോപന ചർച്ചകളിലും ടേബിൾടോപ്പ് പരിശീലനത്തിലും ഇന്ത്യൻ നാവികസേനാംഗങ്ങൾ പങ്കെടുത്തു. തുടർന്ന് കടലിലെ അഭ്യാസങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രീ-സെയിൽ യോഗവും ചേര്‍ന്നു. സംയുക്ത അഭ്യാസത്തിൻ്റെ ഭാഗമായി സാംബാലെസിലെ ഷെപ്പേർഡ്സ് ഓഫ് ദ ഹിൽ സെൻ്ററിൽ നാവികസേനാംഗങ്ങൾ പങ്കെടുത്ത സാമൂഹ്യ സമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു.
തുടർന്ന് കടലിലെ അഭ്യാസ ഘട്ടത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും, ഹൈഡ്രോഗ്രാഫിക് സർവേ, പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയും സുരക്ഷിതമായി മാറ്റൽ, ഹെലികോപ്റ്റർ ഡെക്ക് ലാൻഡിങ് പരിശീലനം, മണൽത്തിട്ടകളിലും പവിഴപ്പുറ്റുകളിലും ഉറച്ചുപോയ കപ്പലുകൾക്ക് സഹായം നൽകൽ തുടങ്ങിയ സംയുക്ത ദൗത്യങ്ങള്‍ സംഘടിപ്പിച്ചു. സമുദ്രത്തിൽ വിവിധ രാജ്യങ്ങളുടെ സേനകൾ തമ്മിലെ പ്രവർത്തന ഏകോപനവും പരസ്പര പ്രവർത്തനക്ഷമതയും വർധിപ്പിക്കാൻ ഈ സംയുക്ത അഭ്യാസങ്ങൾ സഹായകമായി.
സമുദ്ര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിൽ വിദഗ്ധതല ഇടപെടലുകളുടെയും പ്രായോഗിക ബഹുമുഖ പങ്കാളിത്തങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു സംയുക്ത അഭ്യാസത്തിൻ്റെ വിജയകരമായ നടത്തിപ്പ്. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിനും 'മഹാസാഗർ' കാഴ്ചപ്പാടിനും അനുസൃതമായി പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിലെ പ്രതിബദ്ധത അടിവരയിടുന്നതായിരുന്നു നാവികസേനയുടെ പങ്കാളിത്തം.




*********
( റിലീസ് ഐ.ഡി: 2315659)
സന്ദര്‍ശക കൗണ്ടര്‍ : 4