ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ജലപരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 9-ാമത് ഇന്ത്യ അന്താരാഷ്ട്ര ജലവാരം സമാപിച്ചു

പോസ്റ്റഡ് ഓണ്‍: 25 SEP 2026 7:54PM by PIB Thiruvananthpuram

കേന്ദ്ര ജൽശക്തി മന്ത്രി ശ്രീ സി. ആർ. പാട്ടീലിൻ്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തോടെ 9-ാമത് ഇന്ത്യ അന്താരാഷ്ട്ര ജലവാരം (IIWW) 2026 സെപ്റ്റംബർ 25-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സമാപിച്ചു. “കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ജല പരിപാലനം” എന്ന പ്രമേയത്തിൽ സെപ്റ്റംബർ 22 മുതൽ 25 വരെ സംഘടിപ്പിച്ച ഈ പരിപാടി, ജലസുരക്ഷയ്ക്കായുള്ള പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനായി നയരൂപകർത്താക്കൾ, വിദഗ്ദ്ധർ, വികസന പങ്കാളികൾ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ, യുവ പ്രൊഫഷണലുകൾ എന്നിവരെ ഒരുമിച്ചുകൊണ്ടുവന്നു.



ജലസംരക്ഷണത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കൽ, ശാസ്ത്ര-സാങ്കേതികവിദ്യകളെ താഴെത്തട്ടിൽ എത്തിക്കൽ, അന്താരാഷ്ട്ര-സ്ഥാപന സഹകരണം ശക്തിപ്പെടുത്തൽ എന്നീ മൂന്ന് പ്രധാന കാര്യങ്ങൾ ചടങ്ങിൽ സംസാരിച്ച ശ്രീ സി. ആർ. പാട്ടീൽ മുന്നോട്ടുവെച്ചു. 2019-ൽ ആരംഭിച്ച ജൽ ജീവൻ മിഷൻ (JJM) വീടുകളിൽ പൈപ്പ് വഴിയുള്ള കുടിവെള്ള ലഭ്യത മെച്ചപ്പെടുത്തിയതായും, ഇത് ഗ്രാമീണ മേഖലകളിലെ  സ്ത്രീകളുടെ അദ്ധ്വാനം ലഘൂകരിക്കുന്നതിനൊപ്പം ജനങ്ങളുടെ ആരോഗ്യം, അന്തസ്സ്, ജീവിതനിലവാരം എന്നിവ ഉയർത്തിയതായും അദ്ദേഹം പറഞ്ഞു. ജനപങ്കാളിത്തം, ജലസ്രോതസ്സുകളുടെ സുസ്ഥിരത, അനുയോജ്യമായ സാങ്കേതികവിദ്യ എന്നിവയുടെ പിന്തുണയോടെ "പര്യാപ്തവും കൃത്യമായി ലഭിക്കുന്നതും സുരക്ഷിതവും സുസ്ഥിരവുമായ കുടിവെള്ള സേവനങ്ങൾ" ഉറപ്പാക്കുന്നതിലായിരിക്കണം ജൽ ജീവൻ മിഷൻ്റെ അടുത്ത ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.



സുരക്ഷിതമായ കുടിവെള്ളം, ശുചിത്വം, വൃത്തിയുള്ള ചുറ്റുപാടുകൾ, കാര്യക്ഷമമായ മലിനജല പരിപാലനം എന്നിവ ഉൾപ്പെടുന്നതാണ് ജലസുരക്ഷയെന്ന് ജൽശക്തി സഹമന്ത്രി ശ്രീ വി. സോമണ്ണ വ്യക്തമാക്കി. ഗ്രേ വാട്ടർ, മലിനജലം, ഖരമാലിന്യം എന്നിവയുടെ സുരക്ഷിതമായ സംസ്കരണം ഉൾപ്പെടെ കുടിവെള്ളത്തിൻ്റെയും ശുചിത്വത്തിൻ്റെയും കാര്യത്തിൽ ഒരു സംയോജിത സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ അന്താരാഷ്ട്ര ജലവാരത്തിലെ ചർച്ചകളുടെ ഫലങ്ങൾ സുസ്ഥിരവും ജനകേന്ദ്രീകൃതവുമായ ജലസേവനങ്ങൾക്കായുള്ള പ്രായോഗിക പ്രവർത്തനങ്ങളായും വികസിത ഭാരതം  @2047 എന്ന ദർശനത്തിലേക്കുള്ള മുന്നേറ്റമായും മാറണമെന്ന് അദ്ദേഹം പറഞ്ഞു.

 



ജലസേചന സൗകര്യങ്ങളുടെ ആധുനികവൽക്കരണം, അണക്കെട്ടുകളുടെ പുനരുദ്ധാരണം, ഭൂഗർഭജല റീചാർജ്ജിംഗ്, നദികളുടെ പുനരുജ്ജീവനം, പ്രളയ നിയന്ത്രണം, മെച്ചപ്പെട്ട ജലശാസ്ത്ര പ്രവചനങ്ങൾ എന്നിവയുൾപ്പെടെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ജലപരിപാലനത്തിനായുള്ള നടപടികൾ ജൽശക്തി  സഹമന്ത്രി ശ്രീ രാജ് ഭൂഷൺ ചൗധരി ചൂണ്ടിക്കാട്ടി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിൻ്റെയും ജലസ്രോതസ്സുകൾ കാര്യക്ഷമമായി വിനിയോഗിക്കേണ്ടതിൻ്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

 



 

"ജലപ്രതിരോധശേഷിയിൽ നിന്നാണ് കാലാവസ്ഥാ പ്രതിരോധശേഷി ആരംഭിക്കുന്നത്" എന്ന് കുടിവെള്ള, ശുചിത്വ വകുപ്പ് സെക്രട്ടറി ശ്രീ അശോക് കെ. കെ. മീണ പറഞ്ഞു. ജലസംരക്ഷണം, പുനരുപയോഗം, ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം എന്നിവയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹം, ഇന്ത്യ അന്താരാഷ്ട്ര ജലവാരത്തിൽ ചർച്ച ചെയ്ത അറിവുകളും പരിഹാരങ്ങളും ഫലവത്താക്കി മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി.

 



രണ്ട് പങ്കാളി രാജ്യങ്ങളുടെയും 14 പങ്കാളി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പങ്കാളിത്തത്തോടെ നടന്ന ഈ പരിപാടിയിൽ 7,224 പ്രതിനിധികളും 227 പ്രദർശകരും പങ്കെടുത്തു. കൂടാതെ 119 പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്തു. പങ്കാളിത്തത്തോടെയുള്ള ജലഭരണം, സംസ്കരിച്ച മലിനജലത്തിൻ്റെ സുരക്ഷിതമായ പുനരുപയോഗം, ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കൽ, ജനകീയ പങ്കാളിത്തത്തോടെയുള്ള ഭൂഗർഭജല റീചാർജ്ജിംഗ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, വിവിധ അപകടസാധ്യതകൾ സംബന്ധിച്ച മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിനുള്ള നദീതടാധിഷ്ഠിത സമീപനങ്ങൾ എന്നിവയ്ക്കായി ഏഴ് വിഷയാധിഷ്ഠിത മേഖലകളിൽ നിന്നുള്ള ശുപാർശകൾ മുന്നോട്ടുവെച്ചു.

 



 

ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വില്ലേജ് വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ, സുജലം ശക്തി ഗ്രൂപ്പുകൾ എന്നിവർക്കായി ശ്രീ സി. ആർ. പാട്ടീൽ പുറത്തിറക്കിയ എട്ട് ജൽ ജീവൻ മിഷൻ ശേഷിവികസന മൊഡ്യൂളുകൾ ചടങ്ങിൻ്റെ  പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. സ്ഥാപനപരമായ ഉത്തരവാദിത്തങ്ങൾ, ജലസ്രോതസ്സുകളുടെ സുസ്ഥിരത, ജല ഗുണനിലവാരം, പ്രവർത്തനവും പരിപാലനവും, സാങ്കേതികവിദ്യ, ജനകീയ പങ്കാളിത്തം, കാലാവസ്ഥാ പ്രതിരോധശേഷി എന്നിവയാണ് ഈ മൊഡ്യൂളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.



നദീതീരങ്ങളിലെ മാക്രോപ്ലാസ്റ്റിക് നിരീക്ഷണത്തിനായുള്ള പ്രോട്ടോക്കോൾ, ജലസേചനവുമായി ബന്ധപ്പെട്ട  പ്രസിദ്ധീകരണങ്ങൾ, ജലസേചന പദ്ധതികൾ, ജലാശയങ്ങൾ, നീരുറവകൾ എന്നിവയെക്കുറിച്ചുള്ള സെൻസസ് റിപ്പോർട്ടുകൾ എന്നിവയുടെ പ്രകാശനവും കേന്ദ്ര ജല കമ്മീഷൻ്റെ  'ഇറിഗേഷൻ അറ്റ്‌ലസ്' ഇ-ലോഞ്ചും സമാപന സമ്മേളനത്തിൽ നടന്നു.

 



 

കുടിവെള്ള, ശുചിത്വ വകുപ്പും (DDWS) എസ്പിഎം-നിവാസും (SPM-NIWAS) ചേർന്ന് സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര WASH സമ്മേളനത്തിൽ 57 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുകയും, 22 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഇന്ത്യ-ആഫ്രിക്ക വട്ടമേശ ചർച്ച നടക്കുകയും ചെയ്തു. ജലസ്രോതസ്സുകളുടെ സുസ്ഥിരത, ജലഗുണനിലവാരം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സുസ്ഥിര ശുചിത്വം, ജനപങ്കാളിത്തം എന്നിവയായിരുന്നു ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.



നേരത്തെ നടന്ന ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, ചെലവ് കുറഞ്ഞ ജലസാങ്കേതികവിദ്യകൾ, ഗ്രാമീണ ജലവിതരണ ഭരണം എന്നിവയെക്കുറിച്ചുള്ള വിവിധ സെഷനുകളിൽ സുജലം ഭാരത്, ജലഗുണനിലവാര നിരീക്ഷണം, കാലാവസ്ഥാ പ്രതിരോധ ആസൂത്രണം, ഗ്രാമപഞ്ചായത്തുകളുടെ ശാക്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകി.

 



സുസ്ഥിര ജലസേവനങ്ങളും കാലാവസ്ഥാ പ്രതിരോധശേഷിയും കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സഹകരണവും നൂതനാശയങ്ങളും ജനപങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള പങ്കിട്ട  പ്രതിജ്ഞയോടെയാണ് സമ്മേളനം സമാപിച്ചത്.

****


( റിലീസ് ഐ.ഡി: 2315205) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Gujarati