PIB Backgrounder
azadi ka amrit mahotsav

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ)

'ഒരു നൈപുണ്യം മറ്റൊരു പാത തുറക്കുമ്പോൾ'

പോസ്റ്റഡ് ഓണ്‍: 24 SEP 2026 12:11PM by PIB Thiruvananthpuram

ഒരു കുടുംബത്തിന്റെ ഭാവി പ്രധാനമായും കാർഷിക വിളവെടുപ്പിനെ ആശ്രയിച്ചിരിക്കുന്ന ഗ്രാമങ്ങളിൽ, ഒരു തൊഴിൽ നൈപുണ്യം നേടുന്നത് പലപ്പോഴും വരുമാനത്തിനുള്ള ബദൽ മാർഗ്ഗങ്ങൾ തുറന്നുനൽകുന്നു. ഗ്രാമീണരായ പല യുവാക്കളെ സംബന്ധിച്ചിടത്തോളം, പഠിക്കാനും ജോലി ചെയ്യാനും വരുമാനത്തിനുള്ള പുതിയ മാർഗ്ഗങ്ങൾ കെട്ടിപ്പടുക്കാനുമുള്ള അവസരത്തോടെയാണ് ആ പാത ആരംഭിക്കുന്നത്. അവിടെയാണ് 'ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന' (ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ നൈപുണ്യ വികസന പദ്ധതി /ഡി.ഡി.യു-ജി.കെ.വൈ) കടന്നുവരുന്നത്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യ(ഡി.എ.വൈ-എൻ.ആർ.എൽ.എം)ത്തിന്  കീഴിൽ 2014 സെപ്റ്റംബർ 25-ന് ആരംഭിച്ച ഡി.ഡി.യു-ജി.കെ.വൈ, പാർശ്വവൽക്കരിക്കപ്പെട്ടതും ദുർബല വിഭാഗത്തിൽപ്പെട്ടതുമായ ഗ്രാമീണ കുടുംബങ്ങളിൽ നിന്നുള്ള യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങളെ ലക്ഷ്യമിട്ടുള്ള, തൊഴിൽ ലഭ്യതയുമായി ബന്ധിപ്പിച്ച നൈപുണ്യ പരിശീലനം ഇത് നൽകുന്നു. 15 മുതൽ 35 വരെ പ്രായമുള്ള യുവാക്കളെ ലക്ഷ്യമിടുന്ന ഈ പദ്ധതി, നൈപുണ്യ പരിശീലനത്തെ തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കുന്നു.

തൊഴിൽമേഖലയിലെ മാറ്റങ്ങൾക്കനുസൃതമായി ഈ പദ്ധതിയിലും മാറ്റങ്ങൾ വരുന്നുണ്ട്. പുതുക്കിയ ഡി.ഡി.യു-ജി.കെ.വൈ 2.0 ചട്ടക്കൂട് വ്യവസായ-അധിഷ്ഠിത പരിശീലനം, സുസ്ഥിരമായ തൊഴിൽ, തൊഴിൽ ലഭ്യാനന്തര പിന്തുണ, നൈപുണ്യ വികസനം , പുനർ-നൈപുണ്യ പരിശീലനം  എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നു. പരിശീലനം, വിലയിരുത്തൽ, സാക്ഷ്യപ്പെടുത്തൽ, അവലോകനം, തൊഴിൽ ലഭ്യതാ നിരീക്ഷണം  എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ ഡിജിറ്റൽ സംവിധാനം ഇപ്പോൾ നിലവിലുണ്ട്. കൂടാതെ, പങ്കാളിത്തങ്ങൾ, തൊഴിൽമേളകൾ, കലാലയങ്ങളിൽ നിന്ന് നേരിട്ടുള്ള നിയമനം(ക്യാമ്പസ് പ്ലെയ്സ്മെന്റ്), വ്യവസായ മേഖലയുമായുള്ള കൂടിയാലോചനകൾ എന്നിവയിലൂടെ തൊഴിലുടമകളുമായുള്ള ഇടപെടലും ഇത് ശക്തിപ്പെടുത്തുന്നു.

ലക്ഷ്യം വ്യക്തമാണ്: പരിശീലനം തൊഴിലിലേക്ക് നയിക്കണം, ഒപ്പം ആ തൊഴിൽ നിലനിൽക്കാനുള്ള സാധ്യതയും മെച്ചപ്പെട്ടതായിരിക്കണം. 2026 ജൂൺ വരെയുള്ള കണക്കനുസരിച്ച്,ഡി.ഡി.യു-ജി.കെ.വൈ  പദ്ധതിക്ക് കീഴിൽ 18.45 ലക്ഷം ഗ്രാമീണ യുവാക്കൾക്ക് പരിശീലനം നൽകുകയും, 12.35 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

ഈ കണക്കുകൾക്ക് പിന്നിൽ, പഠനം തൊഴിലിനും ഉപജീവനത്തിനുമുള്ള വഴികൾ തുറന്നുകൊടുത്തപ്പോൾ അവരുടെ ജീവിതം തന്നെ മാറിമറിഞ്ഞ വ്യക്തികളുടെ കഥകളുണ്ട്.

സ്വപ്നം സജീവമായി നിലനിർത്തുന്നു

പത്തംഗങ്ങളുള്ള കുടുംബം പുലർത്താനായി തന്റെ അമ്മ അക്ഷീണം പ്രയത്‌നിക്കുന്നതിന് നാഗാലാൻഡിൽ നിന്നുള്ള വിമെതാനോ സാക്രി വർഷങ്ങളോളം സാക്ഷിയായിട്ടുണ്ട്. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസം നേടാൻ വിമെതാനോ ആഗ്രഹിച്ചെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടുകൾ ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് തടസ്സമായി.



ഡി.ഡി.യു-ജി.കെ.വൈയെക്കുറിച്ച് അവൾ അറിഞ്ഞതോടെ എല്ലാം മാറിമറിഞ്ഞു. തന്റെ സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ കൂട്ടാക്കാതെ അവൾ ഡി.ഡി.യു-ജി.കെ.വൈയുടെ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി പരിശീലന പരിപാടിയിൽ ചേർന്നു.
മാസങ്ങൾക്ക് ശേഷം, ബംഗളൂരുവിലെ 'ദി ഡെന്നിൽ ഫുഡ് ആൻഡ് ബിവറേജ് സർവീസ് വിഭാഗത്തിൽ വിമെതാനോ തന്റെ ആദ്യ ജോലിയിൽ പ്രവേശിച്ചു. അതൊരു തൊഴിൽ എന്നതിലുപരി, അവൾക്കും അവളുടെ കുടുംബത്തിനും ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കൂടിയായിരുന്നു.

തന്റെ യാത്രയെക്കുറിച്ച് ഓർക്കുമ്പോൾ വിമെതാനോ പറയുന്നു: ''ഇന്ത്യയിലുടനീളമുള്ള നിരവധി തൊഴിൽരഹിതരായ യുവാക്കളെ സഹായിച്ച ഡി.ഡി.യു-ജി.കെ.വൈ പദ്ധതി നടപ്പിലാക്കിയതിന്, കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തോടും നാഗാലാൻഡ് സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യ(എൻ.എസ്.ആർ.എൽ.എം) ത്തോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. ഈ അവസരം എനിക്കൊരു അനുഗ്രഹമായിരുന്നു; എന്നെപ്പോലെ തന്നെ മറ്റ് നിരവധി യുവാക്കൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.''

വിമെതാനോയെ സംബന്ധിച്ചിടത്തോളം, മുടങ്ങിപ്പോയ വിദ്യാഭ്യാസത്തെ ഒരു തൊഴിൽ ജീവിതത്തിലേക്കുള്ള കുതിച്ചുചാട്ടത്തിനുള്ള വേദിയാക്കി മാറ്റാൻ ഡി.ഡി.യു-ജി.കെ.വൈക്ക് കഴിഞ്ഞു. ചന്ദൻ ഷായെ സംബന്ധിച്ചിടത്തോളം, ആ അവസരം ഒടുവിൽ അദ്ദേഹത്തെ സ്വന്തം വീട്ടിൽ നിന്ന് വളരെ അകലെയുള്ള ഒരിടത്തേക്ക് എത്തിച്ചു.

പലവിധ ചെറു ജോലികളിൽ നിന്ന് വിദേശത്തെ ഉദ്യോഗത്തിലേക്ക്

 


അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ പ്രയാസമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു ചന്ദൻ ഷായുടെ കുടുംബത്തിന്. ബിഹാറിലെ സിവാൻ ജില്ലയിലുള്ള ടെറ്റാഹ്ലി ഗ്രാമത്തിൽ താമസിച്ചിരുന്ന അദ്ദേഹത്തിന്, തന്റെ വിദ്യാഭ്യാസം തുടരാനാകുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഹൈസ്‌കൂൾ പഠനത്തിന് ശേഷം, കൃഷിപ്പണിയിൽ പിതാവിനെ സഹായിക്കാനായി അവൻ പഠനം നിർത്തി. തനിക്ക് ചുറ്റും തൊഴിലവസരങ്ങൾ കുറവായതിനാൽ, ഉപജീവനത്തിനായി ചന്ദൻ പലവിധ ചെറു ജോലികൾ ചെയ്തു. എന്നിരുന്നാലും, മാന്യമായൊരു ജീവിതം നയിക്കാൻ ആ ജോലികളിൽ നിന്നുള്ള വരുമാനം ഒട്ടും തികയുമായിരുന്നില്ല.

'ജെൻഡ ജീവിക' സ്വയംസഹായ സംഘത്തിലെ അംഗമായിരുന്ന അമ്മയിലൂടെ ഒരു പുതിയ സാധ്യത അവന് മുന്നിൽ തെളിഞ്ഞു. ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയെക്കുറിച്ച് അന്വേഷിച്ചറിയാൻ അവർ അവനെ പ്രോത്സാഹിപ്പിച്ചു. തുടർന്ന് കൗൺസിലിങ്ങിന് വിധേയനായ ചന്ദൻ, അസിസ്റ്റന്റ് ഇലക്ട്രീഷ്യനായി പരിശീലനം നേടാൻ തീരുമാനിച്ചു.

തൊഴിൽ ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പിന് ആവശ്യമായ നൈപുണ്യങ്ങൾ ആ പരിശീലനം അവന് നൽകി. പഠനപദ്ധതി പൂർത്തിയാക്കിയ ശേഷം, ബഡ്ഡിയിലെ ഒരു ഡിസ്റ്റിലറിയിൽ പ്രതിമാസം 10,500 രൂപ വരുമാനം ലഭ്യമാവുന്ന ഹെൽപ്പറായി അവന് തന്റെ ആദ്യ ജോലി ലഭിച്ചു.
 ഈ പ്രാരംഭകാല അനുഭവസമ്പത്ത് അവന്റെ തുടർപ്രൊഫഷണൽ വളർച്ചയ്ക്ക് ഒരു അടിത്തറയേകി. ഈ നൈപുണ്യങ്ങളും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തിക്കൊണ്ട്, പിന്നീട് ചന്ദൻ വിദേശത്ത് അവസരം തേടുകയും ദുബായിലേക്ക് മാറുകയും ചെയ്തു. അവിടെ 'അൽ ഷഫ ജനറൽ കോൺട്രാക്റ്റിങ്'  എന്ന സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായി ചന്ദൻ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

അപ്പോഴേക്കും അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 35,000 രൂപയായി വർദ്ധിച്ചിരുന്നു. ഇതിന്റെ പ്രയോജനം അദ്ദേഹത്തിന്റെ തൊഴിൽ ജീവിതത്തിനപ്പുറം കടന്ന്, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത വർദ്ധിപ്പിക്കുന്നതിലേക്ക് വ്യാപിച്ചു. കുടുംബത്തെ സഹായിക്കാനും സഹോദരങ്ങളുടെ സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാഭ്യാസത്തിനായി സാമ്പത്തികമായി പിന്തുണയ്ക്കാനും അദ്ദേഹത്തിന് സാധിച്ചു. ഈ മുന്നേറ്റം അദ്ദേഹത്തെ ഗ്രാമത്തിലെ യുവാക്കൾക്ക് ഒരു പ്രചോദന ഉറവിടമാക്കി മാറ്റുകയും ചെയ്തു.

പ്രഥമ തൊഴിലവസരത്തിന് എങ്ങിനെയാണ് സുസ്ഥിരമായ ഉപജീവനമാർഗ്ഗ പുരോഗതിയ്ക്ക് അടിത്തറയായി മാറാൻ സാധിക്കുന്നതെന്ന് ചന്ദന്റെ ജീവിതകഥ വ്യക്തമാക്കുന്നു. ആ ആദ്യ ചുവടുവെപ്പിനാവശ്യമായ നൈപുണ്യങ്ങൾ ഡി.ഡി.യു-ജി.കെ.വൈ അദ്ദേഹത്തിന് നൽകിയപ്പോൾ, അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും അനുഭവസമ്പത്തും കൂടുതൽ അവസരങ്ങൾ തേടാൻ അദ്ദേഹത്തെ സഹായിച്ചു. ഇവ രണ്ടും ചേർന്ന് തനിക്കും തന്റെ കുടുംബത്തിനും കൂടുതൽ സുരക്ഷിതമായൊരു ഭാവി കെട്ടിപ്പടുക്കാൻ അദ്ദേഹത്തെ സഹായിച്ചു.

എങ്കിലും, ഡി.ഡി.യു-ജി.കെ.വൈ വഴിയുള്ള എല്ലാ യാത്രകളും വീടു വിട്ടുള്ളതാകണമെന്നില്ല. രൂപാലി ഹസ്ദയെ സംബന്ധിച്ചിടത്തോളം, ആ അവസരം ഒടുവിൽ അവളെ തിരികെയെത്തിച്ചു.

ഒരു തൊഴിലിനെ സംരംഭമാക്കി മാറ്റുന്നു

 


സാമ്പത്തിക ബുദ്ധിമുട്ടുകൾ അസമിലെ ചറായിദിയോ സ്വദേശിയായ രൂപാലി ഹസ്ദയെ ഒമ്പതാം ക്ലാസിന് ശേഷം പഠനം ഉപേക്ഷിക്കാൻ നിർബന്ധിതയാക്കി. കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആ കുടുംബത്തിൽ അവളുടെ പിതാവ് മാത്രമായിരുന്നു വരുമാനമാർഗ്ഗം. ഒരു സ്വയംസഹായ സംഘത്തിലെ സജീവ അംഗമായ അവളുടെ അമ്മ, അവളുടെ സ്വപ്‌നങ്ങൾക്ക് തുടർപിന്തുണയേകി. ഒരു 'ജീവിക സഖി'  വഴിയാണ് രൂപാലി ഡി.ഡി.യു-ജി.കെ.വൈയെക്കുറിച്ച് അറിയുന്നതും, 2022 ഡിസംബറിൽ 'തയ്യൽ യന്ത്ര പ്രവർത്തക പരിശീലന'ത്തിൽ ചേരുന്നതും.

പരിശീലനം പൂർത്തിയാക്കിയ ശേഷം, തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള കെ.പി.ആർ. വസ്ത്ര മില്ലിൽ അവർക്ക് ജോലി ലഭിച്ചു. അഞ്ച് മാസത്തോളം അപരിചിതമായ ഒരു നഗരത്തിൽ ജോലി ചെയ്ത അവർ, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. എങ്കിലും, അവളുടെ ചിന്തകൾ സ്വന്തം നാടിനോട് ചേർന്നുതന്നെ നിന്നു. ജോലിയിൽനിന്നു സമ്പാദിച്ച പണവുമായി ഹാതിബന്ധയിലേക്ക് മടങ്ങിയെത്തിയ അവൾ, ഒരു തയ്യൽ-കട്ടിങ് കേന്ദ്രത്തിൽ 50,000 രൂപ നിക്ഷേപിച്ചു. തനിക്കൊരു ഉപജീവനമാർഗ്ഗമായി തുടങ്ങിയ ആ സംരംഭം, താമസിയാതെ മറ്റൊരാൾക്കും തൊഴിലവസരമൊരുക്കി. അവർ ആ കേന്ദ്രത്തിൽ ഒരു യുവതിയെ ജോലിക്ക് നിയോഗിക്കുകയും സ്വന്തം സമൂഹത്തിനുള്ളിൽ ഒരു സംരംഭം കെട്ടിപ്പടുക്കാൻ തുടങ്ങുകയും ചെയ്തു. പ്രതിവർഷം ഏകദേശം 1.10 ലക്ഷം രൂപ വരുമാനമുള്ള രൂപാലിയുടെ ഈ ജീവിതയാത്ര, നൈപുണ്യ വികസനത്തിന്റെ മറ്റൊരു വശം കൂടി വെളിപ്പെടുത്തുന്നു. ഒരു ജോലിയാണ് അവർക്കൊരു തുടക്കം നൽകിയതെങ്കിലും, ആ അനുഭവപരിചയത്തെ തന്റേതായൊരു സംരംഭമാക്കി മാറ്റാനാണ് അവർ തീരുമാനിച്ചത്.

രൂപാലി തന്റെ ഉപജീവനമാർഗ്ഗം വീടിനടുത്തായിത്തന്നെ കെട്ടിപ്പടുക്കാൻ തീരുമാനിച്ചു. എന്നാൽ ഹിരാലാൽ തിരഞ്ഞെടുത്തത് മറ്റൊരു വഴിയാണ്. തന്റെ മുന്നിലുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ട് തന്നെ ഒരു തൊഴിൽജീവിതം കെട്ടിപ്പടുക്കാൻ പ്രാപ്തനാക്കുന്ന ഒരു പാത.

അദ്ദേഹത്തിന്റെതായ ഒരു തൊഴിൽജീവിതം

തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി എത്രത്തോളം മുന്നോട്ട് പോകുമെന്നത് ഓരോ വിളവെടുപ്പും തീരുമാനിക്കുന്നത് കണ്ടാണ് ഝാർഖണ്ഡിലെ ഹിരാലാൽ പണ്ഡിറ്റ് വളർന്നത്. പ്രതിമാസം ഏകദേശം 5,000 രൂപ വരുമാനം ലഭിച്ചിരുന്ന പിതാവിന്റെ കാലാനുസൃതമായ കൃഷിയെയായിരുന്നു നാലംഗങ്ങളുള്ള ആ കുടുംബം ആശ്രയിച്ചിരുന്നത്.



പത്താം തരം പൂർത്തിയാക്കിയ ശേഷം, തനിക്ക് സാധ്യമായ വിധത്തിലെല്ലാം അയാൾ പിതാവിനെ സഹായിക്കാൻ തുടങ്ങി. ഭിന്നശേഷിക്കാരനായ ആ യുവാവിന് ജോലി കണ്ടെത്തുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല; എങ്കിലും, തന്റെ പരിതഃസ്ഥിതി തന്റെ ഭാവി തീരുമാനിക്കട്ടെയെന്ന് സമ്മതിച്ചുകൊടുക്കാൻ ഹിരാലാൽ തയ്യാറായില്ല.

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സംഭാവന നൽകുന്നതിനൊപ്പം സ്വന്തമായൊരു തൊഴിൽ ജീവിതം കെട്ടിപ്പടുക്കാനും അദ്ദേഹം ആഗ്രഹിച്ചു. വിവിധ സാധ്യതകൾ പരിശോധിക്കുന്നതിനിടയിലാണ് ഹിരാലാൽ ഡി.ഡി.യു-ജി.കെ.വൈയെക്കുറിച്ച് അറിയുന്നത്. പദ്ധതിയുടെ സൗജന്യ പരിശീലനവും തൊഴിൽ ലഭ്യതയ്ക്കുള്ള പിന്തുണയും അദ്ദേഹത്തിന് പുതിയ നൈപുണ്യങ്ങൾ നേടുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും അവസരമൊരുക്കി. ഝാർഖണ്ഡിലെ ദുംകയിലുള്ള ഒരു പരിശീലന കേന്ദ്രത്തിൽ വിവിധോദ്ദേശ്യ ആരോഗ്യസംരക്ഷണ (ഹെൽത്ത്കെയർ മൾട്ടിപർപ്പസ്) പരിശീലനത്തിൽ അദ്ദേഹം ചേർന്നു.

ഈ പരിശീലനം ഹിരാലാലിന്റെ ജീവിതയാത്രയിലെ സുപ്രധാനമായ ഒരു വഴിത്തിരിവായി മാറി. അന്തസ്സോടെയും തുല്യതയോടെയും പരിഗണിക്കപ്പെട്ട, സമഗ്രവും പിന്തുണയേകുന്നതുമായ ഒരു പഠനസാഹചര്യത്തിൽ അദ്ദേഹം പുതിയ നൈപുണ്യങ്ങൾ ആർജ്ജിച്ചു. പഠനപദ്ധതി പൂർത്തിയാക്കിയ ശേഷം, നാസിക്കിലെ എസ്.എം.ബി.ടി ആശുപത്രിയിൽ 'ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്' ആയി അദ്ദേഹത്തിന് ജോലി ലഭിച്ചു. സ്വന്തമായി വരുമാനം നേടുന്നതിനും ഒപ്പം കുടുംബത്തിന്റെ ക്ഷേമത്തിനായി സംഭാവന നൽകുന്നതിനും ഈ അവസരം അദ്ദേഹത്തെ സഹായിച്ചു. അതിനേക്കാൾ പ്രധാനമായി, ഈ അനുഭവം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, തനിക്ക് എന്തൊക്കെ നേടാനാകുമെന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് വിപുലമാക്കുകയും ചെയ്തു.


തങ്ങളുടെ പരിതഃസ്ഥിതികൾക്കപ്പുറത്തേക്ക് വീക്ഷിക്കാനും ലഭ്യമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ഹിരലാൽ ഇന്ന് മറ്റ് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഈ പ്രയാണം ആരംഭിച്ചത് ആദ്യ ചുവടുവെയ്പ്പ് നടത്താനുള്ള ധൈര്യത്തോടെയാണ്. ആ ആദ്യ ചുവടുവെപ്പിനെ ഒരു തൊഴിൽമേഖലയിലേക്കും കൂടുതൽ സുരക്ഷിതമായൊരു ഭാവിയിലേക്കുമുള്ള പാതയാക്കി മാറ്റാൻ ഡി.ഡി.യു-ജി.കെ.വൈ അദ്ദേഹത്തെ സഹായിച്ചു.


ഒരു നൈപുണ്യം ഉപജീവനമാർഗ്ഗമാകുമ്പോൾ

ഒരു ഗ്രാമീണ കുടുംബം നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കാൻ ഒരു നൈപുണ്യം കൊണ്ട് സാധിക്കില്ലെങ്കിലും, മികച്ച സാധ്യതകളിലേക്കുള്ള വാതിലുകൾ തുറന്നുതരാൻ ഇതിനാവും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിദ്യാഭ്യാസം മുടങ്ങിയ വിമെതാനോയെ സംബന്ധിച്ചിടത്തോളം, അത് തൊഴിൽ കണ്ടെത്തുന്നതിനുള്ള ഒരു മാർഗ്ഗമേകി. ചന്ദന് അത് അദ്ദേഹത്തെ ഒടുവിൽ ദുബായിലെത്തിച്ച ഒരു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കമായിരുന്നു. രൂപാലി തന്റെ നൈപുണ്യങ്ങളും പ്രവൃത്തിപരിചയവും സ്വന്തം നാട്ടിലേക്ക് തിരികെ കൊണ്ടുവന്ന്, അവിടെ സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുത്തു, അതേസമയം ഹിരലാൽ ജോലി കണ്ടെത്താനും തന്റെ കുടുംബത്തെ പുലർത്താനുമുള്ള ഒരു അവസരം കണ്ടെത്തി.

അവരുടെ ജീവിതയാത്രകൾ വ്യത്യസ്ത ദിശകളിലായിരുന്നെങ്കിലും, അവയ്ക്കിടയിൽ പൊതുവായൊരു ബന്ധമുണ്ടായിരുന്നു: നൈപുണ്യങ്ങൾ ആർജ്ജിക്കാനും അവ പ്രാവർത്തികമാക്കാനും അതുവഴി ഉപജീവനമാർഗ്ഗം കെട്ടിപ്പടുക്കാനുമുള്ള അവസരം. പരിശീലനത്തിൽ നിന്ന് തൊഴിലിലേക്കും, തൊഴിലിൽ നിന്ന് കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ഉപജീവനമാർഗ്ഗങ്ങളിലേക്കും മാറാൻ ഗ്രാമീണ യുവജനതയെ സഹായിച്ചുകൊണ്ട്, ആ ആദ്യ ചുവടുവെപ്പ് സാധ്യമാക്കാനാണ് ഡി.ഡി.യു-ജി.കെ.വൈ  ലക്ഷ്യമിടുന്നത്.

അവലംബം:

Click here to see pdf

                                                ****


( റിലീസ് ഐ.ഡി: 2315131) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati