റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
അതിവേഗ ദേശീയപാത ഇടനാഴികളുടെ വികസനത്തില്‍ സാങ്കേതിക സംയോജനവും സുസ്ഥിരതയും ശക്തിപ്പെടുത്താന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയപാത അതോറിറ്റി
പോസ്റ്റഡ് ഓണ്‍:
24 SEP 2026 4:27PM by PIB Thiruvananthpuram
ലോകോത്തര നിലവാരത്തില്‍ ദേശീയപാത ശൃംഖല വികസിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായി എക്‌സ്പ്രസ് വേകള്‍ അല്ലാത്തതും പ്രവേശന നിയന്ത്രിതവുമായ അതിവേഗ ദേശീയപാതകളുടെ ആസൂത്രണത്തിനും രൂപകല്പനയ്ക്കും ദേശീയപാത അതോറിറ്റി സമഗ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അതിവേഗ ദേശീയപാതകള്‍ കൂടുതല്‍ മികച്ച രീതിയില്‍ ആസൂത്രണം ചെയ്ത് രൂപകല്പന ചെയ്യാനും കൂടുതല്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും ഭാവി ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അവ സജ്ജമാക്കാനുമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലക്ഷ്യമിടുന്നത്. നിര്‍മാണം ആരംഭിക്കാനിരിക്കുന്ന നാലുവരി, ആറുവരി ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് പ്രവേശന നിയന്ത്രിത അതിവേഗ ദേശീയപാതകള്‍ക്കെല്ലാം ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.
ഭാവി ഗതാഗതത്തിന് ഡാറ്റാധിഷ്ഠിത ആസൂത്രണം
സമഗ്ര ഗതാഗത വിലയിരുത്തലിനും ഭാവി ആവശ്യങ്ങളുടെ ആസൂത്രണത്തിനുമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. നിലവിലെ ഗതാഗതം, തിരിച്ചുവിടുന്ന വാഹനങ്ങള്‍, സാമ്പത്തിക-വാണിജ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന ചരക്കുനീക്ക വളര്‍ച്ച എന്നിവ കണക്കിലെടുത്തായിരിക്കും ഭാവി ഗതാഗത അനുമാനങ്ങള്‍ തയ്യാറാക്കുക. ഗതാഗത കണക്കുകൂട്ടലുകള്‍ കൂടുതല്‍ കൃത്യമാക്കുന്നതിന് ടോള്‍ വിവരങ്ങളും മറ്റ് വിശ്വസനീയ സ്രോതസ്സുകളും പ്രയോജനപ്പെടുത്തും.
സാങ്കേതികവിദ്യാധിഷ്ഠിത നിര്‍മാണം
ഗുണനിലവാരവും കൃത്യതയും നിരീക്ഷണവും മെച്ചപ്പെടുത്തുന്നതിന് അതിവേഗ ദേശീയപാതകളുടെ നിര്‍മാണ വേളയില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കും. കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി റോഡിന് അടിത്തറയൊരുക്കുന്നതിനും പ്രതല നിര്‍മാണത്തിനും 'ഓട്ടോമേറ്റഡ് ആന്‍ഡ് ഇന്റലിജന്റ് മെഷീന്‍എയ്ഡഡ് കണ്‍സ്ട്രക്ഷന്‍' സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യവസ്ഥയുണ്ട്. ഇത്തരം നടപടികള്‍ ദേശീയപാതാ വികസനത്തില്‍ മികച്ച ഗുണനിലവാരവും സ്ഥിരതയും നിരീക്ഷണവും ഉറപ്പാക്കാന്‍ സഹായിക്കും. കൂടാതെ കേന്ദ്ര ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിനനുസൃതമായി അതിവേഗ ഇടനാഴികളില്‍ 'മള്‍ട്ടി ലെയ്ന്‍ ഫ്രീ ഫ്‌ലോ' ടോളിങ് സംവിധാനം നടപ്പാക്കാനുള്ള വ്യവസ്ഥകളും പദ്ധതികളില്‍ ഉള്‍പ്പെടുത്തും.
പരിസര സൗന്ദര്യവല്‍ക്കരണവും ഹരിത നടപടികളും ആസൂത്രണ ഘട്ടം മുതല്‍
പദ്ധതി ആസൂത്രണത്തിന്റെ അവിഭാജ്യ ഘടകമായി പരിസര സൗന്ദര്യവല്‍ക്കരണവും വൃക്ഷത്തൈ നടീലും ഉള്‍പ്പെടുത്തും. പ്രാദേശിക കാലാവസ്ഥ, ഭൂപ്രകൃതി, പാരിസ്ഥിതിക സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഇന്റര്‍ചേഞ്ചുകളില്‍ വളവുകള്‍ക്കിടയിലെ തുറസ്സായ സ്ഥലങ്ങള്‍, മേല്‍പ്പാലങ്ങളുടെ അടിഭാഗം, റോഡിന്റെ മധ്യഭാഗം തുടങ്ങിയ അനുയോജ്യമായ സ്ഥലങ്ങളില്‍ സൗന്ദര്യവല്‍ക്കരണവും തൈനടലും ആസൂത്രണം ചെയ്യും. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗവും ചെടികളുടെ സുഗമമായ പരിപാലനവും ഉറപ്പാക്കാന്‍ ദേശീയപാതയുടെ മീഡിയനുകളില്‍ തുള്ളിനന സംവിധാനം ഏര്‍പ്പെടുത്തും.
മികച്ച ഡ്രെയിനേജും ജല പരിപാലനവും
വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്ന നിര്‍ണായക പ്രക്രിയയുടെ ഭാഗമായി സമഗ്ര ഡ്രെയിനേജ് ആസൂത്രണം ഉള്‍പ്പെടുത്തും. മഴവെള്ളം എങ്ങോട്ട് ഒഴുക്കിവിടണം, ദേശീയപാതയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള വെള്ളം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യണം എന്നിവ ഈ ആസൂത്രണത്തിലൂടെ മുന്‍കൂട്ടി കണ്ടെത്തും. വളവുകള്‍ക്കിടയിലെ തുറസ്സായ സ്ഥലങ്ങളിലും അനുയോജ്യമായ മറ്റ് സ്ഥലങ്ങളിലും പ്രത്യേകിച്ച് മഴവെള്ളം ഒഴുകിപ്പോകാന്‍ സ്വാഭാവിക മാര്‍ഗങ്ങളില്ലാത്ത ഇടങ്ങളില്‍ മഴവെള്ള സംഭരണ സംവിധാനങ്ങളൊരുക്കും.
അടിപ്പാതകള്‍, മേല്‍പ്പാലങ്ങള്‍, താഴ്ത്തി നിര്‍മിച്ച മീഡിയനുകള്‍, മറ്റ് ഘടനകള്‍ എന്നിവയ്ക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് തടയാനും ദേശീയപാതാ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഡ്രെയിനേജ് പ്ലാനുകളില്‍ വെള്ളം ഒഴുക്കിവിടേണ്ട കേന്ദ്രങ്ങള്‍ കൃത്യമായി വ്യക്തമാക്കുകയും അതിവേഗ ദേശീയപാതകളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള മഴവെള്ളം കൈകാര്യം ചെയ്യുന്നതിന് ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യും.
രാജ്യത്തുടനീളം കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവും ഭാവി സജ്ജവുമായ അതിവേഗ ദേശീയപാതാ ഇടനാഴികള്‍ വികസിപ്പിക്കുന്നതിന് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഗണ്യമായ സംഭാവന നല്‍കും.
***
( റിലീസ് ഐ.ഡി: 2314593)
സന്ദര്‍ശക കൗണ്ടര്‍ : 8