നൈപുണ്യ വികസന, സംരംഭക മന്ത്രാലയം
azadi ka amrit mahotsav

വേൾഡ്‌സ്കിൽസ് ഷാങ്ഹായ് 2026-ൽ ഇന്ത്യയുടെ എക്കാലത്തെയും വലിയ നൈപുണ്യ പ്രതിനിധിസംഘം ആഗോള വേദിയിലെത്തിയതോടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമായി

പോസ്റ്റഡ് ഓണ്‍: 23 SEP 2026 4:45PM by PIB Thiruvananthpuram

വേൾഡ്‌സ്കിൽസ് ഷാങ്ഹായ് 2026-ൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമായി. 63 നൈപുണ്യ വിഭാഗങ്ങളിലായി 70 യുവ മത്സരാർത്ഥികൾ ഉൾപ്പെടുന്ന ടീം ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘമാണ് മത്സരത്തിനായി കളത്തിലിറങ്ങിയത്. നാല് ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്നലെ വൈകുന്നേരം ഉദ്ഘാടന ചടങ്ങ് നടന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘങ്ങൾക്കൊപ്പം ടീം ഇന്ത്യയും പരേഡ് ഓഫ് നേഷൻസിൽ പങ്കെടുത്തു.

ഷാങ്ഹായ് വേൾഡ് എക്‌സ്‌പോ കൾച്ചറൽ സെൻ്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ 65-ലധികം രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള ഏകദേശം 1,400 മത്സരാർത്ഥികൾ പങ്കെടുത്തു. ദേശീയ പതാകയേന്തി, ടീം ഇന്ത്യയുടെ നിറങ്ങളിലുള്ള വേഷമണിഞ്ഞ് ഇന്ത്യൻ പ്രതിനിധിസംഘം കരഘോഷങ്ങൾക്കിടയിലൂടെ മാർച്ച്  ചെയ്ത് വേദിയിലെത്തി. ഇതോടെ 48-ാമത് വേൾഡ്‌സ്കിൽസ് മത്സരത്തിന് ഔദ്യോഗികമായി തുടക്കമായി.

48-ാമത് വേൾഡ്‌സ്കിൽസ് മത്സരം ഷാങ്ഹായിൽ ഔദ്യോഗികമായി ആരംഭിച്ചു. മത്സരത്തോടനുബന്ധിച്ച് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് അയച്ച ആശംസാ സന്ദേശം ഉദ്ഘാടന ചടങ്ങിൽ വായിച്ചു. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് ചടങ്ങിൽ പങ്കെടുക്കുകയും മത്സരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരുന്ന ആഗോള നൈപുണ്യ മത്സരത്തിനാണ് ഇതോടെ തുടക്കമായത്.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി സംഘത്തിൽ വേൾഡ്സ്കിൽസ് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയും നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിലെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവുമായ ശ്രീമതി മനീഷ സെൻശർമ്മ, ഡി.ജി.ടി. ഡയറക്ടർ ജനറലും നാഷണൽ സ്കിൽ ഓർഗനൈസേഷൻ (NSO) സി.ഇ.ഒ.യുമായ  ശ്രീ ദിലീപ് കുമാർ എന്നിവരും ഉൾപ്പെടുന്നു. ആഗോള മത്സരം ആരംഭിച്ച വേളയിൽ മത്സരാർത്ഥികൾക്കും വിദഗ്ദ്ധർക്കും മെൻ്റർമാർക്കും ഒപ്പം ചേർന്ന് ടീം ഇന്ത്യക്ക് അവർ പിന്തുണ നൽകി.

 

ഡി.ജി.ടി. ഡയറക്ടർ ജനറലും നാഷണൽ സ്കിൽ ഓർഗനൈസേഷൻ (NSO) സി.ഇ.ഒ.യുമായ ശ്രീ ദിലീപ് കുമാർ പറഞ്ഞു: "മാസങ്ങൾ നീണ്ട തീവ്രമായ സാങ്കേതിക പരിശീലനത്തിനും ആവർത്തിച്ചുള്ള സിമുലേഷനുകൾക്കും വിദഗ്ദ്ധരുടെയും വ്യാവസായ പങ്കാളികളുടെയും സൂക്ഷ്മമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും ശേഷമാണ് മത്സരാർത്ഥികൾ ഷാങ്ഹായിൽ എത്തിയിരിക്കുന്നത്. 70 മത്സരാർത്ഥികളിൽ 14 പേർ വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ (ഐ.ടി.ഐ.കളിൽ) നിന്നുള്ളവരാണെന്ന വിവരം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്. മത്സരത്തിൻ്റെ  നാല് ദിവസങ്ങളിലും കൃത്യത, ആത്മസംയമനം, സ്ഥിരതയാർന്ന പ്രകടനം എന്നിവയിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മുഴുവൻ പ്രതിനിധി സംഘവും ടീം ഇന്ത്യക്ക് പിന്നിൽ ഉറച്ചുനിൽക്കുന്നു."

വേൾഡ്‌സ്കിൽസ് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയും  എം.എസ്.ഡി.ഇ.യുടെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവുമായ ശ്രീമതി മനീഷ സെൻശർമ്മ പറഞ്ഞു: “ഉദ്ഘാടന ചടങ്ങിൽ ടീം ഇന്ത്യ മാർച്ച് ചെയ്യുന്നത് കാണാനായത് അതിയായ അഭിമാനം പകരുന്ന നിമിഷമായിരുന്നു. 70 മത്സരാർത്ഥികളിൽ ഓരോരുത്തരും നൈപുണ്യവും ആത്മവിശ്വാസവുമുള്ള ഇന്ത്യയുടെ പ്രതീക്ഷകളെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ന് മത്സരങ്ങൾ ആരംഭിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും മികച്ചവരുമായി തങ്ങളുടെ കഴിവുകൾ താരതമ്യം ചെയ്യാനും, ആഗോളതലത്തിലെ സഹമത്സരാർത്ഥികളിൽ നിന്ന് പഠിക്കാനും ഇന്ത്യയുടെ നൈപുണ്യ വികസന മേഖലയിൽ വളർന്നുവരുന്ന പ്രതിഭയുടെ മികവ് പ്രകടിപ്പിക്കാനും അവർക്ക് അവസരം ലഭിക്കുന്നു.”

ഈ വർഷത്തെ ടീം ഇന്ത്യയുടെ പങ്കാളിത്തം  വ്യാപ്തിയിലും പരിധിയിലും ഗണ്യമായ വിപുലീകരണത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഡെൻ്റൽ പ്രോസ്തെറ്റിക്സ്, ഡിജിറ്റൽ ഇൻ്ററാക്ടീവ് മീഡിയ ഡിസൈൻ, ഇൻ്റലിജൻ്റ് സെക്യൂരിറ്റി ടെക്നോളജി, ലാൻഡ്സ്കേപ്പ് ഗാർഡനിംഗ്, ഒപ്റ്റോ ഇലക്ട്രോണിക് ടെക്നോളജി, റീട്ടെയിൽ സെയിൽസ്, ആളില്ലാ വിമാന സംവിധാനങ്ങൾ, ഇൻഡസ്ട്രിയൽ മെക്കാനിക്സ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ഹെവി വെഹിക്കിൾ ടെക്നോളജി, എയർക്രാഫ്റ്റ് മെയിൻ്റനൻസ് എന്നിങ്ങനെ 11 പുതിയ നൈപുണ്യ വിഭാഗങ്ങളിൽ ഇന്ത്യ ആദ്യമായി മത്സരിക്കും.

മാർച്ച്-പാസ്റ്റിലെ സംഘത്തിൻ്റെ സാന്നിധ്യം ഇന്ത്യയുടെ നൈപുണ്യ വികസന മേഖലയിലെ  വൈവിധ്യത്തെയും കരുത്തിനെയും പ്രതിഫലിപ്പിച്ചു. സംസ്ഥാന ഗവണ്മെൻ്റുകൾ, സെക്ടർ സ്കിൽ കൗൺസിലുകൾ, പരിശീലന സ്ഥാപനങ്ങൾ, വ്യാവസായ പങ്കാളികൾ, വിദഗ്ദ്ധർ, മെൻ്റർമാർ എന്നിവരുടെ പിന്തുണയോടെ കർശനമായ തിരഞ്ഞെടുപ്പ് നടപടികളിലൂടെയും മാസങ്ങൾ നീണ്ട പ്രത്യേക പരിശീലനത്തിലൂടെയും തീവ്രമായ പരിശീലനമുറകളിലൂടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള തയ്യാറെടുപ്പുകളിലൂടെയുമാണ് മത്സരാർത്ഥികൾ മുന്നേറിയത്.

വേൾഡ്‌സ്കിൽസ് ഇൻ്റർനാഷണൽ രണ്ട് വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന വേൾഡ്‌സ്കിൽസ് മത്സരം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യ മികവ് എന്നിവയ്ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വേദിയാണ്. ആഗോള നിലവാരങ്ങളുമായി തങ്ങളുടെ കഴിവുകൾ താരതമ്യം ചെയ്യാനും സാങ്കേതിക വൈദഗ്ദ്ധ്യം, കൃത്യത, സർഗ്ഗാത്മകത, കരകൗശല വൈദഗ്ദ്ധ്യം, നൂതനാശയങ്ങൾ എന്നിവ പ്രകടിപ്പിക്കാനും ഇത് യുവ പ്രൊഫഷണലുകൾക്ക് അവസരം നൽകുന്നു.

നൈപുണ്യ മത്സരങ്ങൾ ഇന്ന് രാവിലെ 9 മണിക്ക് ഷാങ്ഹായിലെ നാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ ആരംഭിച്ചു. സെപ്റ്റംബർ 26 വരെ മത്സരങ്ങൾ തുടരും. തുടർന്ന് സെപ്റ്റംബർ 27-ന് സമാപന ചടങ്ങ് നടക്കും. വേൾഡ്‌സ്കിൽസ് ഷാങ്ഹായ് 2026-ൽ വേൾഡ്‌സ്കിൽസ് എക്‌സ്‌പോയും വേൾഡ്‌സ്കിൽസ് കോൺഫറൻസും ഉൾപ്പെടുന്നു; ഇത് നൈപുണ്യങ്ങളെ അടുത്തറിയുന്നതിനും സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെയും തൊഴിൽശക്തി വികസനത്തിൻ്റെയും ഭാവിയെക്കുറിച്ച് ആശയങ്ങൾ കൈമാറുന്നതിനുമായി യുവജനങ്ങളെയും നയരൂപീകരണ വിദഗ്ദ്ധരെയും അധ്യാപകരെയും വ്യാവസായ നേതാക്കളെയും ഒരുമിച്ചുകൊണ്ടുവരുന്നു.

മത്സരങ്ങൾക്ക് തുടക്കമായതോടെ, വേൾഡ്‌സ്കിൽസ് ലിയോൺ 2024-ൽ ഇന്ത്യ നേടിയ നാല് വെങ്കല മെഡലുകളുടെയും 12 മെഡലിയൻസ് ഫോർ എക്സലൻസിൻ്റെയും നേട്ടത്തിൻ്റെ  അടിസ്ഥാനത്തിൽ മുന്നേറാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. ഷാങ്ഹായിലെ ഈ മത്സരത്തിൽ ഇന്ത്യയിലെ യുവ പ്രൊഫഷണലുകൾക്ക് ലോകത്തിലെ ഏറ്റവും മികച്ചവരുമായി തങ്ങളുടെ കഴിവുകൾ പരീക്ഷിക്കാനും രാജ്യത്തെ നൈപുണ്യ പ്രതിഭയുടെ മികവും അച്ചടക്കവും ഭാവിയിലെ അവസരങ്ങൾക്കായി സജ്ജമായ കഴിവുകളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും അവസരം ലഭിക്കുന്നു.

****


( റിലീസ് ഐ.ഡി: 2314147) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Telugu