PIB Backgrounder
azadi ka amrit mahotsav

ശുചിത്വം ഒരു ജനകീയ പ്രസ്ഥാനമായി മാറിയപ്പോള്‍

കൂട്ടായ പ്രവര്‍ത്തനവും പെരുമാറ്റ രീതികളിലെ മാറ്റവും ഗ്രാമീണ ശുചിത്വത്തെ പരിവര്‍ത്തനം ചെയ്യുന്നു

പോസ്റ്റഡ് ഓണ്‍: 20 SEP 2026 12:04PM by PIB Thiruvananthpuram

ദശാബ്ദങ്ങളായി, ഗ്രാമീണ ശുചിത്വമെന്നത് വിട്ടുമാറാത്ത ഒരു വികസന പ്രശ്‌നമായി നിലനില്‍ക്കുന്നു. 2014ല്‍ സ്വച്ഛ് ഭാരത് മിഷന്‍ (ശുചിത്വ ഭാരത ദൗത്യം /എസ്.ബി.എം) ആരംഭിച്ചപ്പോള്‍ ശുചിത്വ സൗകര്യങ്ങളുടെ ലഭ്യത 39 ശതമാനമായിരുന്നു. 2019ഓടെ ഗ്രാമീണ ഇന്ത്യ നൂറു ശതമാനം ശുചിത്വ സൗകര്യ ലഭ്യത കൈവരിച്ചു. 2014നും 2019നും ഇടയില്‍ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 10.28 കോടിയിലധികം ശൗചാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. അനന്തരമായി 2019ല്‍ ഗ്രാമീണ ഇന്ത്യ വെളിയിട മലമൂത്രവിസര്‍ജ്ജന വിമുക്ത മേഖല(ഒ.ഡി.എഫ്)യായി പ്രഖ്യാപിക്കപ്പെട്ടു. ഈ നേട്ടം ഇന്ത്യയിലെ ശുചിത്വ മേഖലയുടെ സ്വഭാവത്തെ തന്നെ മാറ്റി മറിച്ചു.

വീടുകളിലെ ശുചിമുറി സൗകര്യം ഉറപ്പാക്കുന്നതില്‍ ഊന്നിയുള്ള കാഴ്ചപ്പാടില്‍ നിന്നും മാറി, ശുചിത്വ പ്രവര്‍ത്തനരീതികളുടെ സുസ്ഥിരതയും ഗ്രാമീണതലത്തിലുള്ള മാലിന്യ സംസ്‌കരണവുമെന്ന വിപുലമായ വിഷയതലത്തിലേക്ക് പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് പിന്നീട് സ്വച്ഛ് ഭാരത് മിഷന്‍- ഗ്രാമീണ്‍ രണ്ടാം ഘട്ടത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമായി. വെളിയിട മലമൂത്രവിസര്‍ജ്ജന വിമുക്ത (ഒ.ഡി.എഫ്) പദവി നിലനിര്‍ത്തുന്നതിലും ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലുമാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 


ഈ ശ്രദ്ധ കേന്ദ്രീകരണത്തിന്റെ ഫലം ഇപ്പോള്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ദൃശ്യമാണ്. ഒരു 'ഒ.ഡി.എഫ് പ്ലസ്' ഗ്രാമം വെളിയിട മലമൂത്രവിസര്‍ജ്ജന വിമുക്ത പദവി (ഒ.ഡി.എഫ് സ്റ്റാറ്റസ്) നിലനിര്‍ത്തുകയെന്നത് മാത്രമല്ല, കാഴ്ചയിലെ ശുചിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഖര-ദ്രവ മാലിന്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു.
 


ഒ.ഡി.എഫ് പ്ലസ് വില്ലേജ് എന്ന പദവി നിലനിര്‍ത്തുന്നതിനൊപ്പം, ഈ ഗ്രാമങ്ങളെ മൂന്ന് പുരോഗമന ഘട്ടങ്ങളായി തരം തിരിച്ചിരിക്കുന്നു: വികസനമുന്നേറ്റം ലക്ഷ്യമിടുന്ന അഭിലാഷ (ആസ്പയറിങ്) ഗ്രാമം, വികസനപരമായി ഉയര്‍ന്നുവരുന്ന (റൈസിങ്)ഗ്രാമം, മാതൃകാ(മോഡല്‍) ഗ്രാമം എന്നിവയാണവ.

ആസ്പയറിങ് ഗ്രാമങ്ങള്‍ ഖരമാലിന്യമോ ദ്രവമാലിന്യമോ കൈകാര്യം ചെയ്യുന്നു.
റൈസിങ് ഗ്രാമങ്ങള്‍ ഖരമാലിന്യവും ദ്രവമാലിന്യവും ഒരുമിച്ച് കൈകാര്യം ചെയ്യുന്നു. മാതൃകാ ഗ്രാമങ്ങളാവട്ടെ, ഇരു മാലിന്യധാരകളും കൈകാര്യം ചെയ്യുന്നതിനൊപ്പം, ദൃശ്യപരമായ ശുചിത്വം പ്രകടിപ്പിക്കുകയും ഒ.ഡി.എഫ് പ്ലസ് സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.

2026 സെപ്റ്റംബര്‍ 17ലെ കണക്കനുസരിച്ച്, ഇന്ത്യയില്‍ 5.69 ലക്ഷം ഗ്രാമങ്ങള്‍ ഒ.ഡി.എഫ് പ്ലസ് ഗ്രാമങ്ങളെന്ന പദവി നേടിയിട്ടുണ്ട്; ഇതില്‍ 5.25 ലക്ഷം ഗ്രാമങ്ങള്‍ ഒ.ഡി.എഫ് പ്ലസ് മാതൃകാ ഗ്രാമങ്ങള്‍ എന്ന പദവിയും കൈവരിച്ചു. ഇത് കൂടാതെ, 5.38 ലക്ഷം ഗ്രാമങ്ങളില്‍ ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങളും 5.65 ലക്ഷം ഗ്രാമങ്ങളില്‍ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ 582 ജില്ലകളിലായി 1,314 ഗോബര്‍ ധന്‍ ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗാര്‍ഹിക തലത്തില്‍ 12.22 കോടി വ്യക്തിഗത ശൗചാലയങ്ങളും 98,273 ബയോഗ്യാസ് പ്ലാന്റുകളും നിര്‍മ്മിച്ചിട്ടുണ്ട്.

 

ഗോബര്‍ ധന്‍ (ഗാല്‍വനൈസിങ് ഓര്‍ഗാനിക് ബയോ അഗ്രോ റിസോഴ്‌സസസ് ധന്‍)


സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ (എസ്.ബി.എം.ജി)  രണ്ടാം ഘട്ടത്തിന് കീഴിലുള്ള ഒരു മുന്‍നിര ഏകോപിത പദ്ധതിയാണിത്. കന്നുകാലി ചാണകം, കാര്‍ഷിക വിള അവശിഷ്ടങ്ങള്‍, ജൈവമാലിന്യം എന്നിവയെ ബയോഗ്യാസ്, സമ്മര്‍ദ്ദിത ജൈവവാതകം (കംപ്രസ്ഡ് ബയോഗ്യാസ്), ജൈവവളം/ജൈവസ്ലറി എന്നിവയാക്കി മാറ്റുന്ന പദ്ധതിയാണിത്.


ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് ശീലങ്ങള്‍ പടുത്തുയര്‍ത്തുന്നതിലേക്ക്

ഈ ദേശീയതല കണക്കുകള്‍ വ്യക്തിഗതവും സാമൂഹികവുമായ തലങ്ങളിലെ വലിയ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു; കാരണം, ശാശ്വതമായ പരിവര്‍ത്തനം ആരംഭിക്കുന്നത് ദൈനംദിന പെരുമാറ്റങ്ങളിലൂടെയാണ്. കുടുംബങ്ങള്‍  ഉപയോഗിക്കാനും അവ പരിപാലിക്കാനും നിലനിര്‍ത്താനും തയ്യാറാകുമ്പോഴാണ് ശൗചാലയങ്ങള്‍ യഥാര്‍ത്ഥത്തില്‍ അര്‍ത്ഥവത്താകുന്നത്. അതുപോലെതന്നെ, കാര്യക്ഷമമായ മാലിന്യ സംസ്‌കരണം ആരംഭിക്കുന്നത് ഓരോ വീട്ടിലുമുള്ള തീരുമാനങ്ങളിലൂടെയും പ്രവര്‍ത്തന നടപടികളിലൂടെയുമാണ്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട്, 'വെളിയിട മലമൂത്രവിസര്‍ജ്ജന വിമുക്തത (ഒ.ഡി.എഫ് ) എന്ന നേട്ടം നിലനിര്‍ത്തുന്നതില്‍ 'സ്വഭാവ മാറ്റത്തിനായുള്ള ആശയവിനിമയ'(ബി.സി.സി )ത്തിന് എസ്.ബി.എം.ജി  മുഖ്യസ്ഥാനം നല്‍കുന്നു.
സുരക്ഷിതമായ രീതിയില്‍ ശൗചാലയം ഉപയോഗിക്കുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനും, അനുയോജ്യമായ ശുചിത്വ സാങ്കേതികവിദ്യകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും, കമ്പോസ്റ്റ് കുഴികളോ ബയോഗ്യാസ് പ്ലാന്റുകളോ ഉപയോഗിച്ച് നനഞ്ഞ മാലിന്യം കൈകാര്യം ചെയ്യുന്നതിനും കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കൈ കഴുകല്‍, സുരക്ഷിതമായ രീതിയില്‍ വെള്ളം സൂക്ഷിക്കല്‍, ശുചിത്വ സൗകര്യങ്ങള്‍ പരിപാലിക്കല്‍, പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും തുപ്പുന്നതും ഒഴിവാക്കല്‍ തുടങ്ങിയ ദൈനംദിന ശുചിത്വ ശീലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അങ്ങനെ ശുചിത്വം എന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനപ്പുറം വ്യാപിച്ചുകിടക്കുന്നു. വീടുകളില്‍ സ്വീകരിക്കുന്നതും സമൂഹങ്ങളിലൂടെ ശക്തിപ്പെടുത്തുന്നതും കൂട്ടായ പെരുമാറ്റത്തിലൂടെ നിലനിര്‍ത്തുന്നതുമായ ദൈനംദിന ശീലങ്ങളുടെ ഒരു സമാഹാരമായി അത് മാറുന്നു.


സ്ത്രീകള്‍ മാറ്റത്തിന്റെ വക്താക്കളായപ്പോള്‍

ഈ പരിവര്‍ത്തനത്തില്‍ സ്ത്രീകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ശുചിത്വം സ്ത്രീകളുടെ സ്വകാര്യത, സുരക്ഷ, അന്തസ്സ്, ആരോഗ്യം എന്നിവയെ നേരിട്ട് ബാധിക്കുന്നു. അവര്‍ ഇടപെടലുകളുടെ ഗുണഭോക്താക്കള്‍ മാത്രമല്ല, മറിച്ച് വികസനപ്രക്രിയയിലെ സജീവ പങ്കാളികളും സാമൂഹിക മാറ്റത്തിന്റെ വക്താക്കളുമാണ്. ശുചിത്വത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ (സ്വച്ഛ്ഗ്രാഹികള്‍) എന്ന നിലയില്‍ സ്ത്രീകള്‍ക്ക് എസ്.ബി.എം.ജി മാര്‍ഗ്ഗരേഖകള്‍ പ്രത്യേക മുന്‍ഗണന നല്‍കുന്നു. പെരുമാറ്റ വ്യതിയാന ആശയവിനിമയത്തിന്റെ പ്രധാന വേദികളായും അവര്‍ ഡി.എ.വൈഎന്‍.ആര്‍.എല്‍.എം സ്വയംസഹായ സംഘങ്ങളെ (എസ്.എച്ച്.ജി ) അംഗീകരിക്കുന്നു. വീടുകളുമായും സമൂഹവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 'സ്വച്ഛ്ഗ്രാഹികള്‍' , വീടുകളില്‍ നേരിട്ടെത്തി ജനസമ്പര്‍ക്കവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുകയും ശുചിത്വ നിലവാരം പരിശോധിക്കുകയും ചെയ്യുന്നതിനൊപ്പം, ശൗചാലയങ്ങളുടെ ഉപയോഗം ശീലമാക്കാനും അത് തുടരാനും കുടുംബങ്ങളെ പിന്തുണക്കുന്നു. സാമൂഹികാധിഷ്ഠിതമായ  ഈ ഇടപെടലുകളിലൂടെ, ശുചിത്വവുമായി ബന്ധപ്പെട്ട നടപടികളെ സുസ്ഥിരമായ ദൈനംദിന ശീലങ്ങളാക്കി മാറ്റാന്‍ അവര്‍ സഹായിക്കുന്നു.


ചിത്രം 2: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന സ്വയം സഹായ സംഘങ്ങളിലെ (എസ്.എച്ച്.ജി ) സ്ത്രീകള്‍
 


 

ചിത്രം 1: പൊതു ശുചിത്വം പ്രോത്സാഹിപ്പിക്കുന്ന  സ്വച്ഛ്ഗ്രാഹികള്‍

 

ശുചിത്വത്തെക്കുറിച്ചുള്ള അവബോധത്തെ സുസ്ഥിരമായ സാമൂഹിക പ്രവര്‍ത്തനങ്ങളാക്കി മാറ്റുന്നതില്‍ വനിതാ കൂട്ടായ്മകള്‍ സഹായിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഹൗറയില്‍, ഗംഗാതീരത്തുള്ള 18 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പരിപാടിക്ക് സ്വയം സഹായ സംഘങ്ങള്‍ പിന്തുണ നല്‍കുകയും, 18 ദിവസത്തിനുള്ളില്‍ 9.32 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും ചെയ്തു. എസ്.എച്ച്.ജി. ഫെഡറേഷന്‍ വഴി സ്ഥിരമായ ഒരു പ്ലാസ്റ്റിക് ശേഖരണ ശൃംഖലയും ഈ സംരംഭം രൂപീകരിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ജനപ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സമൂഹാംഗങ്ങള്‍, കമ്പോളത്തിലെ കച്ചവടക്കാര്‍ എന്നിവരെ ഇത് ഒന്നിപ്പിച്ചു.

ശുചിത്വ തൊഴിലാളികള്‍, സംരംഭകര്‍, പ്രാദേശിക സേവനദാതാക്കള്‍ എന്നീ നിലകളിലും സ്ത്രീകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍, സ്വയംസഹായ സംഘങ്ങളിലെ (എസ്.എച്ച്്.ജി ) ഒരു ഡസനോളം സ്ത്രീകള്‍ ഒരു വിഭവ വീണ്ടെടുക്കല്‍ കേന്ദ്രം(റിസോഴ്‌സ് റിക്കവറി സെന്റര്‍) കൈകാര്യം ചെയ്തു വരുന്നുണ്ട്. വീടുകളില്‍ നിന്നുള്ള മാലിന്യം ശേഖരിച്ച്, അവയെ ജൈവ അജൈവ മാലിന്യങ്ങളാക്കി വേര്‍തിരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
ജൈവ മാലിന്യം, വെര്‍മി കമ്പോസ്റ്റ് (മണ്ണിര വളം) ആക്കി മാറ്റുമ്പോള്‍, അജൈവ മാലിന്യം വില്‍പ്പനയ്ക്കായി അയക്കുന്നു; ഇതിലൂടെ സ്ത്രീകള്‍ക്ക് വേതനവും അധിക വരുമാനവും ലഭിക്കുന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍, 'സ്വച്ഛ് ഭാരത് മിഷന്‍ഗ്രാമീണ്‍' പദ്ധതിയുമായുള്ള ധാരണാപത്രത്തിന്റെ പിന്തുണയോടെ, ഒരു ക്ലസ്റ്റര്‍ തല ഫെഡറേഷന്‍  മാലിന്യ തരംതിരിക്കല്‍ കേന്ദ്രം (മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി) പ്രവര്‍ത്തിപ്പിക്കുന്നു; ഇവിടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വാങ്ങലും വില്‍പ്പനയും ഈ സംവിധാനത്തിലൂടെ നടക്കുന്നു.
ശുചിത്വരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ബോധവല്‍ക്കരണത്തിലും ജനങ്ങളെ അണിനിരത്തുന്നതിലും മാത്രം ഒതുങ്ങിനില്‍ക്കാതെ, പദ്ധതി നിര്‍വഹണം, മാലിന്യ സംസ്‌കരണം, ഉപജീവനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കല്‍, പ്രാദേശിക തല തീരുമാനമെടുക്കല്‍ എന്നിവയിലേക്കും വ്യാപിച്ചിരിക്കുന്നു.

സ്‌കൂളുകളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന മാറ്റം

ശുചിത്വത്തെക്കുറിച്ചുള്ള അവബോധം ദൈനംദിന ജീവിതശൈലിയാക്കി മാറ്റുന്നതില്‍ സ്ത്രീകളുടെ കൂട്ടായ്മകള്‍ക്ക് പുറമെ സ്‌കൂളുകളും സുപ്രധാന പങ്കുവഹിക്കുന്നു. വ്യക്തി ശുചിത്വം, പൊതു ശുചിത്വം, മാലിന്യ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ സഹായിക്കുന്ന ചിട്ടയായ ഒരു അന്തരീക്ഷം സ്‌കൂളുകള്‍ ഒരുക്കുന്നു; ഒപ്പം, കുട്ടികളിലൂടെ അവരുടെ കുടുംബങ്ങളിലും സമൂഹത്തിലും ഇത്തരം രീതികള്‍ സ്വാധീനിക്കാനും സഹായിക്കുന്നു. എസ്.ബി.എം.ജി രണ്ടാം ഘട്ടം ശുചിത്വ ഫലങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള പ്രധാന സ്ഥാപനങ്ങളായി സ്‌കൂളുകളെ വ്യക്തമായി അംഗീകരിക്കുന്നു.  പ്രവര്‍ത്തനക്ഷമമായ ശുചിത്വ  സൗകര്യങ്ങളും ജൈവമാലിന്യവും ദ്രവമാലിന്യവും കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഇതിലുണ്ട്. ഝാര്‍ഖണ്ഡിലെ ചന്ദിലിലുള്ള ഒരു സ്‌കൂള്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുകയും, അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നുമുള്ള ഗാര്‍ഹിക പുനരുപയോഗയുക്ത മലിനജലം കൈകാര്യം ചെയ്യുന്നതിനായി ഒരു സോക്ക് പിറ്റ് നിര്‍മ്മിക്കുകയും ചെയ്തു.
വ്യക്തിശുചിത്വം, കൗമാരപ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി പതിവായി ആശയവിനിമയം നടത്താറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പെരുമാറ്റ വ്യതിയാനത്തിന്റെ ഇരുദിശകളിലുമുള്ള  നീക്കത്തിന് വഴിയൊരുക്കുന്നു. സ്‌കൂളില്‍ ശുചിത്വ ശീലങ്ങള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന കുട്ടികള്‍ അവ വീട്ടിലും പിന്തുടരുന്നു; അതേസമയം, കുടുംബങ്ങള്‍ ശുചിത്വത്തിന്റെയും ഉത്തരവാദിത്തത്തോടെയുള്ള മാലിന്യ സംസ്‌കരണത്തിന്റെയും വിശാലമായ സംസ്‌കാരത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു.

ശുചിത്വത്തിനായുള്ള, യുവാക്കളുടെ നേതൃത്വത്തിലുള്ള വിപുലമായൊരു മുന്നേറ്റത്തിലേക്ക് കുട്ടികളുടെ പങ്കും വികസിച്ചുകൊണ്ടിരിക്കുകയാണ്. സുസ്ഥിരമായ പെരുമാറ്റ മാറ്റത്തിന്റെ കേന്ദ്രസ്ഥാനത്ത് 'സ്വച്ഛത ഹി സേവ 2026' വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പ്രതിഷ്ഠിക്കുന്നു. സ്‌കൂളുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ശുചിത്വം ഒരു സംസ്‌കാരമായി വളര്‍ത്തിയെടുക്കുന്നതിനുള്ള ഇടങ്ങളായി മാറ്റിയെടുക്കുന്നു. 'സ്വച്ഛത ജ്ഞാന യാത്രകള്‍', സ്‌കൂള്‍ തലത്തിലുള്ള സംവാദങ്ങള്‍, മാലിന്യം ഉറവിടത്തില്‍ തന്നെ തരംതിരിക്കുന്നതു സംബന്ധിച്ചുള്ള പ്രവര്‍ത്തന നടപടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികള്‍  ശുചിത്വ ജല സംവാദ (സ്വച്ഛത ഏവം ജല്‍ സംവാദ)ങ്ങളില്‍ പങ്കുചേരുകയും, ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ (എസ്.ഡബ്ലു.എം റൂള്‍സ്)  2026നെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യും. ഈ സമീപനം 'സ്‌കൂളില്‍ നിന്ന് വീട്ടിലേക്കുള്ള ചാക്രികതയെ സ്‌കൂളില്‍ നിന്ന് സമൂഹത്തിലേക്കുള്ള വിപുലമായ ഒരു മുന്നേറ്റമാക്കി മാറ്റുന്നു.

പരമ്പരാഗത ശുചിത്വ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തേക്ക് പോകുന്നു

കൗതുകകരമെന്നു പറയട്ടെ, കുട്ടികള്‍ സ്വച്ഛ് ഭാരത് മിഷന്‍  ഗ്രാമീണ്‍ പ്രവര്‍ത്തനങ്ങളെ പരമ്പരാഗത ശുചിത്വ പരിധിക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്. ഝാര്‍ഖണ്ഡില്‍, ചൈല്‍ഡ് ക്യാബിനറ്റ് (കുട്ടികളുടെ മന്ത്രി സഭ) അംഗങ്ങള്‍ ആര്‍ത്തവ ശുചിത്വ പരിപാലന (എം.എച്ച്.എം) പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്തിരിക്കുന്നു. ഒരു സ്‌കൂളില്‍, സാനിറ്ററി പാഡുകളുടെ സ്‌റ്റോക്ക് രജിസ്റ്റര്‍ പെണ്‍കുട്ടികളാണ് പരിപാലിക്കുന്നത്; അതേസമയം, അവയുടെ കൃത്യമായ ലഭ്യത ഉറപ്പാക്കാന്‍ കുട്ടികളുടെ മന്ത്രിസഭാംഗങ്ങള്‍ സഹായിക്കുന്നു. ജിക്പാനിയിലെ കസ്തൂര്‍ബ ഗാന്ധി ബാലികാ വിദ്യാലയത്തില്‍, സ്‌കൂള്‍ അധികൃതര്‍ക്ക് മുന്നില്‍ ഒരു എം.എച്ച്.എം. (ആര്‍ത്തവ ശുചിത്വ പരിപാലന) ലബോറട്ടറി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം കുട്ടികളുടെ മന്ത്രി സഭാംഗങ്ങള്‍ മുന്നോട്ടുവെച്ചു. തുടര്‍ന്ന്, സ്‌കൂള്‍ ഫണ്ടും ബാഹ്യ വരുമാന സ്രോതസ്സുകളും ഉപയോഗിച്ച് ആ ലബോറട്ടറി സ്ഥാപിച്ചു.


ഒരു ഗ്രാമം ഉടമസ്ഥാവകാശം ഏറ്റെടുക്കുമ്പോള്‍

വീടുകളിലും വിദ്യാലയങ്ങളിലും ശുചിത്വ ശീലങ്ങള്‍ വേരുറച്ചുതുടങ്ങുമ്പോള്‍, അവയെ സമൂഹതലത്തില്‍ നിലനിര്‍ത്തുന്നതിന് കൂട്ടായ സംവിധാനങ്ങളും സ്ഥാപനങ്ങളും അനിവാര്യമായിത്തീരുന്നു. ഗാര്‍ഹിക മാലിന്യങ്ങള്‍ ശേഖരിക്കുകയും തരംതിരിക്കുകയും സംസ്‌കരിക്കുകയും വേണം; ഉപയോഗശേഷം പുറന്തള്ളുന്ന പുനരുപയോഗയുക്ത ജലത്തിന് (graywater)  അനുയോജ്യമായ ഓവുചാലുകളും പുറന്തള്ളല്‍ സംവിധാനങ്ങളും ആവശ്യമാണ്; കൂടാതെ പൊതുസ്ഥലങ്ങളുടെ പരിപാലനം പതിവായി നടപ്പിലാക്കേണ്ടതുമുണ്ട്.
ഇവിടെയാണ് ഗ്രാമപഞ്ചായത്ത് നിര്‍ണായക പങ്ക് വഹിക്കുന്നത്. എസ്.ബി.എം.ജിക്ക് കീഴില്‍, ഗ്രാമതല ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ചുമതല ഗ്രാമപഞ്ചായത്തുകള്‍ക്കാണ്.
അടിസ്ഥാന സൗകര്യ വികസനത്തിനപ്പുറം, ജനങ്ങളെ അണിനിരത്തല്‍, സേവനത്തിനായുള്ള ആവശ്യകതാ സൃഷ്ടി, ശുചിത്വ അവബോധം വളര്‍ത്തല്‍, വിവര-വിദ്യാഭ്യാസ-ആശയവിനിമയ (ഐ.ഇ.സി ) പ്രവര്‍ത്തനങ്ങള്‍, കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലും അവരുടെ പങ്ക് വ്യാപിച്ചുകിടക്കുന്നു. വ്യക്തിഗതമായ ശുചിത്വ ശീലങ്ങളെയും കൂട്ടായ ശുചിത്വ ഫലങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു സംഘടനാപരമായ ചട്ടക്കൂട് ഈ രീതിയില്‍ ഗ്രാമപഞ്ചായത്ത് നല്‍കുന്നു.

ഗ്രാമീണ ആസൂത്രണം, ജനപങ്കാളിത്തം ഉറപ്പാക്കല്‍, പദ്ധതി നിര്‍വഹണം , മേല്‍നോട്ടം, പെരുമാറ്റ മാറ്റം എന്നിവയില്‍ പിന്തുണ നല്‍കിക്കൊണ്ട്, ഗ്രാമതലത്തിലുള്ള ഈ സംഘടനാ സംവിധാനത്തെ 'ഗ്രാമതല ജലശുചിത്വ സമിതികള്‍' (വി.ഡബ്ലു.എസ്.സി. )  കൂടുതല്‍ ശക്തിപ്പെടുത്തുന്നു. പ്രക്രിയാധിഷ്ഠിതമായ ഒരു സാമൂഹിക സമീപനത്തിലൂടെ ഒ.ഡി.
എഫ് പ്ലസ് മാതൃക പദവി കൈവരിച്ച ഹരിയാനയിലെ ഗഡ്‌ലി ഗ്രാമപഞ്ചായത്തില്‍ ഇത്തരം കൂട്ടായ ഉടമസ്ഥതയുടെ സ്വാധീനം പ്രകടമാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ കാന്താ കന്‍വര്‍, ശുചിത്വ സമിതിയോടൊപ്പം ചേര്‍ന്ന് പൊതുശൗചാലയങ്ങളും പ്രത്യേകം ശൗചാലയങ്ങളും നിര്‍മ്മിക്കുകയും, ഗ്രാമം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു ഓവുചാല്‍ സംവിധാനം സ്ഥാപിക്കുകയും, അഞ്ച് കുളങ്ങളിലൂടെ പുനരുപയോഗ യുക്ത മലിനജല സംസ്‌കരണം നടപ്പിലാക്കുകയും ചെയ്തു. ചാണകത്തെ വളവും ബയോഗ്യാസും ആക്കി മാറ്റുന്ന ഗോബര്‍ധന്‍ ബയോഗ്യാസ് പ്ലാന്റുകള്‍ ഗ്രാമം നടപ്പിലാക്കി; ഇതില്‍ നിന്നു ലഭിക്കുന്ന അവശിഷ്ടം കൃഷിക്ക് ഉപയോഗിക്കുകയും ചെയ്തു. പൊതുറാലികളും യോഗങ്ങളും അറിയിപ്പുകളും ഈ രീതികളെ കൂടുതല്‍ ശക്തിപ്പെടുത്തി.
പ്രാദേശിക സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും പിന്തുണയുണ്ടാകുമ്പോള്‍, വ്യക്തിഗത ശുചിത്വ രീതികള്‍ എങ്ങനെ ഒരു ഗ്രാമതല ശുചിത്വ സംവിധാനമായി വികസിക്കാമെന്നത് ഗഡ്‌ലി പ്രകടമാക്കുന്നു.

 


ജനങ്ങള്‍ നേതൃത്വം നല്‍കുന്നു; സ്ഥാപനങ്ങള്‍ അത് നിലനിര്‍ത്തുന്നു

ജനനേതൃത്വത്തിലുള്ള ഈ ശുചിത്വ മുന്നേറ്റത്തിന്, സാമ്പത്തിക സഹായം, വിവിധ പദ്ധതികളുടെ ഏകോപനം, കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിന്തുണ നല്‍കുന്നു. സര്‍ക്കാര്‍ വിഹിതം, ധനകാര്യ കമ്മീഷന്‍  ഗ്രാന്‍ഡുകള്‍, വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആജീവിക മിഷന്‍ (ഗ്രാമീണ്‍) ഫണ്ട്, മറ്റ് വരുമാന സമാഹരണ മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ നിന്നാണ് എസ്.ബി.എം.ജിക്ക് ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുന്നത്.
ദീന്‍ദയാല്‍ അന്ത്യോദയ യോജന   ദേശീയ ഗ്രാമീണ ഉപജീവന ദൗത്യവുമായുള്ള  (ഡി.എ.വൈ എന്‍.ആര്‍.എല്‍.എം ) സംയോജനം വഴി സ്വയംസഹായ സംഘങ്ങളെയും (എസ്.എച്ച്.ജി) ക്ലസ്റ്റര്‍തല ഫെഡറേഷനുകളെയും (സി.എല്‍.എഫ് ) ഇതില്‍ പങ്കാളികളാക്കുന്നു; ഒപ്പം, നൈപുണ്യ വികസന സംരംഭങ്ങള്‍ പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ജല്‍ ജീവന്‍ മിഷന്‍ പുനരുപയോഗ യുക്ത മലിനജല സംസ്‌കരണത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്നു. ഈ ബഹുതല
സംഘടനാ സംവിധാനം സാമൂഹിക പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ പിന്തുണയുമായി ബന്ധിപ്പിക്കുന്നു: ഗ്രാമപഞ്ചായത്തുകള്‍ നടപ്പാക്കലിന് നേതൃത്വം നല്‍കുന്നു, ബ്ലോക്കുകള്‍ ആവശ്യമായ സഹായവും മാര്‍ഗനിര്‍ദേശവും നല്‍കുന്നു, ജില്ലകള്‍ സാങ്കേതിക പിന്തുണ വാഗ്ദാനം ചെയ്യുന്നു; ഒപ്പം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ധനസഹായം, വിവിധ പദ്ധതികളുടെ ഏകോപനം, പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കല്‍ എന്നിവ സാധ്യമാക്കുന്നു.

ശുചിത്വം ഒരു കൂട്ടായ അനുഷ്ഠാനമായി മാറുന്നു

ജന്‍ ഭാഗിദാരി' (ജനപങ്കാളിത്തം) ശുചിത്വത്തെ ഒരു കൂട്ടായ സാമൂഹിക ഉത്തരവാദിത്തമെന്ന നിലയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. കൂട്ടായ ഉടമസ്ഥതാബോധത്തെ നിരന്തരമായ പ്രവര്‍ത്തനങ്ങളാക്കി മാറ്റുന്നതിനായി പഞ്ചായത്ത് പ്രതിനിധികള്‍, സ്വയംസഹായ സംഘങ്ങള്‍, യുവജനങ്ങള്‍, വിദ്യാലയങ്ങള്‍, പ്രാദേശിക സമൂഹങ്ങള്‍ എന്നിവരെ ശുചിത്വ യജ്ഞങ്ങള്‍ ഒരുമിച്ച് കൊണ്ടു വരുന്നു.  കര്‍ണാടകയിലെ സ്വച്ഛ് ശനിവാര (ശുചിത്വ ശനിയാഴ്ച) അത്തരമൊരു ഉദാഹരണമാണ്. ഓരോ പ്രവര്‍ത്തനത്തിനും മുന്‍പായി, പഞ്ചായത്ത് പ്രതിനിധികള്‍, ഗ്രാമസമൂഹങ്ങള്‍, യുവജന കൂട്ടായ്മകള്‍, സഹകരണ സംഘങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവരുമായി ആശയവിനിമയം നടത്തുന്നു. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച, സ്‌കൂളുകള്‍, അങ്കണവാടികള്‍, ആശുപത്രികള്‍, ഓഫീസുകള്‍, ജലസ്രോതസ്സുകള്‍, ക്ഷേത്രങ്ങള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. സന്നദ്ധ സേവനം (ശ്രമദാന്‍), മാലിന്യം തരംതിരിക്കല്‍, ഓടകള്‍ വൃത്തിയാക്കല്‍, കമ്പോസ്റ്റ് കുഴികള്‍ക്കുള്ള സ്ഥലം കണ്ടെത്തല്‍, ചുവരെഴുത്തുകളിലൂടെ ശുചിത്വ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവ ഈ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

 
സ്വച്ഛത ഹി സേവ: ജനപങ്കാളിത്തത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റുന്നു

2017ല്‍ ആരംഭിച്ച  ശുചിത്വം തന്നെ സേവനം (സ്വച്ഛത ഹി സേവ/ എസ്.എച്ച്.എസ്), ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പൗരന്മാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഒരു വാര്‍ഷിക ക്യാമ്പയിനാണ്. ശുചിത്വ പരിപാലനമെന്ന പൊതുവായ ഉത്തരവാദിത്തത്തിനായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍, പൗരന്മാര്‍ എന്നിവരെ ഇത് ഒന്നിപ്പിക്കുന്നു. ശുചിത്വം ഒരു നിത്യജീവിത ശീലമായി സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ഈ പ്രചാരണം 'ജന്‍ ഭാഗിദാരി' (ജനപങ്കാളിത്തം) എന്ന സമീപനത്തെ ശക്തിപ്പെടുത്തുന്നു. 2025 ലെ സ്വച്ഛത ഹി സേവ ക്യാമ്പയിനില്‍ 18.06 കോടിയിലധികം പൗരന്മാര്‍ പങ്കെടുത്തു. 2026 ലെ സ്വച്ഛത ഹി സേവ ക്യാമ്പയിന്‍ 2026 സെപ്റ്റംബര്‍ 17ന് ആരംഭിച്ചു. 'ശുചീകരണത്തില്‍ പങ്കാളിത്തം; ശുചിത്വമുള്ള ഭാരതം, വികസിത ഭാരതം ' (സ്വച്ഛത മേ സഹഭാഗ്; സ്വച്ഛ് ഭാരത്, വികസിത് ഭാരത്.) എന്നതാണ് ഇതിന്റെ പ്രമേയം. ഒക്ടോബര്‍ ഒന്നിന്, 'ഏക് ദിന്‍, ഏക് ഘണ്ടാ, ഏക് സാഥ്' (ഒരു ദിവസം, ഒരു മണിക്കൂര്‍, ഒന്നിച്ച്) എന്ന പരിപാടിയുടെ ഭാഗമായി പൗരന്മാര്‍ കൂട്ടായ ശ്രമദാനം  നടത്തും. ഒക്ടോബര്‍ രണ്ടിന് ഗ്രാമങ്ങളില്‍ പ്രത്യേക ഗ്രാമസഭകളും ശുചിത്വ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ശുചിത്വം നിലനിര്‍ത്തുന്നതിനുമുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളെയും ഈ പ്രചാരണം പ്രോത്സാഹിപ്പിക്കും.

ശുചിത്വവുമായി ബന്ധപ്പെട്ട ഒരു പുതിയ സമ്പദ് വ്യവസ്ഥ

കൂട്ടായ ശുചിത്വ സംവിധാനങ്ങള്‍ രൂപംകൊള്ളുമ്പോള്‍, അവ പുതിയ ജീവനോപാധി അവസരങ്ങളും സൃഷ്ടിക്കുന്നു. മധ്യപ്രദേശിലെ ബെതുലില്‍, വീടുകളില്‍ നിന്നുള്ള മാലിന്യശേഖരണത്തിലൂടെ ബബിത ധുര്‍വെക്ക് ഉപജീവനത്തിനുള്ള ഒരു അവസരം ലഭിച്ചു. 2021ല്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന്, മാലിന്യശേഖരണത്തിനായി ഒരു ഇ-റിക്ഷ ഓടിക്കാന്‍ അവര്‍ ഗ്രാമപഞ്ചായത്തിനെ സമീപിച്ചു. തുടക്കത്തില്‍ നാട്ടുകാരില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും, വാഹനം ഓടിക്കാന്‍ പഠിക്കുകയും ജില്ലയിലെ ആദ്യത്തെ വനിതാ ഇ-റിക്ഷാ മാലിന്യശേഖരണക്കാരിയായി മാറുകയും ചെയ്തു; അതുവഴി സ്വന്തം ഗ്രാമത്തില്‍ത്തന്നെ താമസിച്ച് ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചു. ബെതുലിലെ നൂറോളം ഗ്രാമപഞ്ചായത്തുകള്‍ ഇപ്പോള്‍ മാലിന്യശേഖരണ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ, ശുചിത്വ സംവിധാനങ്ങള്‍ക്ക് ഗ്രാമങ്ങളിലെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും  കഴിയുന്നത് എങ്ങനെയെന്ന്് ഈ സംരംഭം തെളിയിക്കുന്നു.

ശുചിത്വ മേഖലയിലെ ഉപജീവന സാധ്യതകള്‍ മാലിന്യ സംസ്‌കരണത്തിനപ്പുറം, ശുചിത്വ അടിസ്ഥാന സൗകര്യങ്ങള്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ നൈപുണ്യങ്ങളിലേക്കും സേവനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്നു. പശ്ചിമ ബംഗാളിലെ നാദിയയില്‍, ശൗചാലയ നിര്‍മ്മാണം വ്യാപകമായതോടെ പരിശീലനം ലഭിച്ച കല്‍പ്പണിക്കാരുടെ ആവശ്യം വര്‍ദ്ധിക്കുകയും, തല്‍ഫലമായി രണ്ട് കല്‍പ്പണി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഏകദേശം 2,400 പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശൗചാലയ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി. നിര്‍മ്മാണം, മാലിന്യശേഖരണം, ഗതാഗതം, സംസ്‌കരണം, പരിപാലനം എന്നിങ്ങനെ വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായൊരു പ്രാദേശിക ഉപജീവനആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ശുചിത്വ മേഖലയ്ക്ക് കഴിയുമെന്ന് ഇത് വ്യക്തമാക്കുന്നു.

സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ മാലിന്യത്തെ വിഭവമാക്കി മാറ്റുന്നു

ശുചിത്വ സംവിധാനങ്ങള്‍ വിപുലീകരിക്കപ്പെടുമ്പോള്‍, സമൂഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക പിന്തുണയും അനിവാര്യമായിത്തീരുന്നു. ഗുജറാത്തിലെ വേദാഞ്ച എന്ന ഗ്രാമം, സമൂഹത്തിന്റെ ആവശ്യം എങ്ങനെ പ്രാദേശികമായി രൂപകല്‍പ്പന ചെയ്ത മലിനജല സംസ്‌കരണ സംവിധാനമായി പരിണമിക്കാം എന്നതിന് ഉദാഹരണമാണ്. അതിന്റെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനും പ്രാദേശിക കരാറുകാരുടെ സഹകരണത്തോടെയും, അവിടുത്തെ ഭൂപ്രകൃതിയും ജലപ്രവാഹ രീതികളും കണക്കിലെടുത്തുമാണ് ഈ  പുനരുപയോഗയുക്ത മലിനജല സംസ്‌കരണ സംവിധാനം ആസൂത്രണം ചെയ്തത്.

 


ചിത്രം 3: വേദാഞ്ചയിലെ പുനരുപയോഗയുക്ത മലിനജല ശുദ്ധീകരണ പ്ലാന്റ്

ഈ സംവിധാനം കൈകാര്യം ചെയ്യുന്നതിനായി പഞ്ചായത്ത് അംഗങ്ങള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും ഇതില്‍ പങ്കാളികളായ പൗരന്മാര്‍ക്കും പരിശീലനം നല്‍കുകയുണ്ടായി. പ്രതിദിനം 200 കിലോലിറ്റര്‍ പുനരുപയോഗയുക്ത മലിനജലം ശുദ്ധീകരിക്കുന്ന ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന വെള്ളം ജലസേചനത്തിനും ഭൂഗര്‍ഭജല പുനര്‍സംഭരണത്തിനും ഉപയോഗിക്കുന്നു.

കമ്പോസ്റ്റ് നിര്‍മ്മാണത്തിലൂടെയും ശുദ്ധീകരിച്ച ജലം പുനരുപയോഗിക്കുന്നതിലൂടെയും പഞ്ചായത്തിന് പ്രതിവര്‍ഷം ഏകദേശം 2.5 ലക്ഷം രൂപ വരുമാനം ലഭിക്കുന്നു. അതേസമയം, ജലജന്യ രോഗങ്ങളും കൊതുക് പരത്തുന്ന രോഗങ്ങളും കുറഞ്ഞതുള്‍പ്പെടെ പൊതുജനാരോഗ്യ പുരോഗതിക്കും ഈ പദ്ധതി വഴിയൊരുക്കി. മാലിന്യ സംസ്‌കരണത്തിലും വിഭവ വീണ്ടെടുക്കലിലും മാത്രം ഒതുങ്ങിനില്‍ക്കാതെ, പാരിസ്ഥിതിക സുസ്ഥിരതയിലേക്കും പ്രാദേശിക മൂല്യവര്‍ദ്ധനവിലേക്കും ശുചിത്വ പരിപാലന സംവിധാനങ്ങള്‍ക്ക് എങ്ങനെ പരിണമിക്കാനാകുമെന്ന് ഈ മാതൃക കാണിച്ചുതരുന്നു.

അതുകൊണ്ട്, ഗ്രാമീണ ശുചിത്വപദ്ധതിയുടെ ആത്യന്തിക ലക്ഷ്യം എന്നത് സുസ്ഥിരമായ പെരുമാറ്റരീതികളും കൂട്ടായ ഉടമസ്ഥതാബോധവുമാണ്. ഒരു 'ഒ.ഡി.എഫ് പ്ലസ്'ഗാമം വെളിയിട മലമൂത്രവിസര്‍ജ്ജന വിമുക്ത പദവി നിലനിര്‍ത്തുക മാത്രമല്ല, ഖര-ദ്രവ മാലിന്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുകയും ശുചിത്വമുള്ള അന്തരീക്ഷം പരിപാലിക്കുകയും വേണം. ചുരുക്കത്തില്‍, ഇന്ത്യയുടെ ശുചിത്വപ്രയാണം സൗകര്യ ലഭ്യതയില്‍ നിന്ന് ഉപയോഗത്തിലേക്കും, അവിടെ നിന്ന് സുസ്ഥിരതയിലേക്കും പുരോഗമിച്ചിരിക്കുന്നു.

സ്വച്ഛ് ഭാരത് പദ്ധതിയുടെ ശാശ്വതമായ വിജയം അതിലൂടെ സൃഷ്ടിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമല്ല, മറിച്ച് ശുചിത്വം എന്നത് ജനങ്ങളും സമൂഹങ്ങളും ചേര്‍ന്ന് നിലനിര്‍ത്തുന്ന ഒരു ദൈനംദിന ശീലമായി മാറുന്നതിലാണ് അടങ്ങിയിരിക്കുന്നത്. 'ശുചിത്വമുള്ള ഗ്രാമങ്ങള്‍ സമൂഹങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെടുന്നവയല്ല; അവ സമൂഹങ്ങളാല്‍ നിര്‍മ്മിക്കപ്പെടുന്നവയാണ്.'

അവലംബം

Click here to see PDF

****


( റിലീസ് ഐ.ഡി: 2313299) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Odia , Tamil