റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

പ്രവേശന നിയന്ത്രിത അതിവേഗ ദേശീയപാതകളുടെ നിര്‍മാണത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ദേശീയപാത അതോറിറ്റി

പോസ്റ്റഡ് ഓണ്‍: 21 SEP 2026 4:43PM by PIB Thiruvananthpuram
വികസിത് ഭാരത് 2047 കാഴ്ചപ്പാടിനും ലോകോത്തര നിലവാരത്തിലുള്ള ദേശീയപാതാ ശൃംഖല വികസിപ്പിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തിനും അനുസൃതമായി എക്സ്പ്രസ് വേകള്‍ അല്ലാത്ത പ്രവേശന നിയന്ത്രിത അതിവേഗ ദേശീയപാതകളുടെ ആസൂത്രണത്തിനും രൂപകല്പനയ്ക്കും ദേശീയപാത അതോറിറ്റി (NHAI) സമഗ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.


അതിവേഗ ദേശീയപാത ഇടനാഴികളുടെ വിശദ പദ്ധതി രേഖ (DPR) തയ്യാറാക്കുന്നതില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ കൊണ്ടുവരിക, സാങ്കേതിക നിലവാരത്തില്‍ സ്ഥിരത ഉറപ്പാക്കുക, റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുക എന്നിവയാണ് ഈ മാര്‍ഗനിര്‍ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പുതുതായി നിര്‍മിക്കുന്നതും (ഗ്രീന്‍ഫീല്‍ഡ്) നിലവിലുള്ളവ വികസിപ്പിക്കുന്നതുമായ (ബ്രൗണ്‍ഫീല്‍ഡ്) 4/6 വരി അതിവേഗ പ്രവേശന നിയന്ത്രിത ദേശീയപാതകള്‍ക്ക്  പുതിയ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.


ഏകീകൃത മാനദണ്ഡങ്ങളുടെ ആവശ്യകത:

വികസിത് ഭാരത് 2047 സംരംഭത്തിന്റെ ഭാഗമായി ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിനും ചരക്കുനീക്കച്ചെലവ് കുറയ്ക്കുന്നതിനുമായി 50,000 കിലോമീറ്റര്‍ പ്രവേശന നിയന്ത്രിത അതിവേഗ ഇടനാഴികള്‍ വികസിപ്പിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ദീര്‍ഘകാല രൂപരേഖയുടെ ഭാഗമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.


നിലവില്‍ എക്സ്പ്രസ്വേകള്‍ അല്ലാത്ത ഇത്തരം പാതകളുടെ ആസൂത്രണത്തിനും രൂപകല്പനയ്ക്കും നിര്‍ദിഷ്ട മാനദണ്ഡങ്ങളോ സാങ്കേതിക നിബന്ധനകളോ നിലവിലില്ല. അതിനാല്‍ വിശദ പദ്ധതി രേഖകള്‍ തയ്യാറാക്കുന്നതില്‍ പലവിധ വ്യത്യാസങ്ങള്‍ കണ്ടുവന്നിരുന്നു. സാങ്കേതിക-സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് കൃത്യമായ ഏകീകൃത ചട്ടക്കൂട് നല്‍കുന്നതിലൂടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ വിടവ് നികത്തുന്നു. അതിവേഗ ഗതാഗതത്തിന് അനുയോജ്യമായ അധിക സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനാണ് ഇതില്‍ പ്രധാന ഊന്നല്‍ നല്‍കിയിരിക്കുന്നത്. വാഹനങ്ങള്‍ക്ക് പാതയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള പോയിന്റുകള്‍ മുന്‍കൂട്ടി മനസ്സിലാക്കി സുരക്ഷിതമായി വാഹനം ഓടിക്കാന്‍ സഹായിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പ്രത്യേക വ്യവസ്ഥകളും ഇതിലുണ്ട്.


പ്രവേശന നിയന്ത്രിത ദേശീയപാതകളിലെ ഏകീകൃത രൂപകല്‍പ്പന:

വിശദമായ ഗതാഗത വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും അതിവേഗ ദേശീയപാതകളിലെ ലെയ്ന്‍ ക്രമീകരണം ഏകീകരിക്കുക.  15,000 വാഹനങ്ങള്‍ വരെ ഗതാഗതം നടത്തുന്ന ഇടനാഴികളില്‍ നാലുവരി പാതയ്ക്കും നാലുവരി നിര്‍മിതികള്‍ക്കും 60 മീറ്റര്‍ വീതി ഉണ്ടായിരിക്കും. അതുപോലെ 15,000 മുതല്‍ 25,000 വരെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഇടനാഴികളില്‍ നാലുവരി പാതയ്ക്കും ആറുവരി നിര്‍മിതികള്‍ക്കുമായി 70 മീറ്റര്‍ വീതിയുണ്ടാകും. കൂടാതെ 25,000 മുതല്‍ 40,000 വരെ വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതകളില്‍ ആറുവരി പാതയ്ക്കും ആറുവരി നിര്‍മിതികള്‍ക്കുമായി 70 മീറ്റര്‍ വീതിയാണ്  ഉണ്ടാവുക.


പ്രവേശന നിയന്ത്രണവും തടസ്സരഹിത ഗതാഗതവും:

എക്സ്പ്രസ് വേകള്‍, ദേശീയപാതകള്‍, സംസ്ഥാന പാതകള്‍, കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന റോഡുകള്‍ എന്നിവയുമായി ചേരുന്ന ജങ്ഷനുകളിലും തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ബഹുമുഖ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, വ്യവസായ മേഖലകള്‍, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലും റാംപുകളോടുകൂടിയ ഇന്റര്‍ചേഞ്ചുകള്‍ ഒരുക്കും.


പ്രവേശനം പൂര്‍ണമായി നിയന്ത്രിക്കാനും കൈയേറ്റങ്ങള്‍, അനധികൃത പ്രവേശനം, കന്നുകാലികള്‍ കടന്നുകയറുന്നത് എന്നിവ തടയാനും പാതയുടെ പുറംഭാഗത്ത് ഒരു മീറ്റര്‍ ഉയരത്തില്‍ അതിര്‍ത്തി മതില്‍ നിര്‍മിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യവസ്ഥ ചെയ്യുന്നു. പ്രവേശന നിയന്ത്രിത ദേശീയപാതകളുടെ ആസൂത്രണവും രൂപകല്പനയും പൂര്‍ണമായി ഏകീകരിക്കുന്നതില്‍ സുപ്രധാന ചുവടുവെപ്പാണ്  പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.


സുരക്ഷിതവും തടസ്സരഹിതവും ഭാവിസജ്ജവുമായ  ദേശീയപാതാ ശൃംഖല വികസിപ്പിക്കാന്‍ ദേശീയപാത അതോറിറ്റി പുലര്‍ത്തുന്ന പ്രതിബദ്ധതയും വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റവുമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്
 
****

( റിലീസ് ഐ.ഡി: 2313155) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil