രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു, ‘പരിസ്ഥിതിയുടെയും കാലാവസ്ഥാ രീതികളുടെയും ഭാവി’ എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര പരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
പോസ്റ്റഡ് ഓണ്‍:
20 SEP 2026 6:09PM by PIB Thiruvananthpuram
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഇന്ന് (2026 സെപ്റ്റംബർ 20) ന്യൂഡൽഹിയിൽ ദേശീയ ഹരിത ട്രിബ്യൂണൽ സംഘടിപ്പിച്ച ‘പരിസ്ഥിതിയുടെയും കാലാവസ്ഥാ രീതികളുടെയും ഭാവി ’ എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര പരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
കാലാവസ്ഥാ വ്യതിയാനം മാനവരാശിയുടെ നിലനിൽപ്പിന്റെ വിവിധ തലങ്ങളിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതായി ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. ജൈവവൈവിധ്യ നാശം, ജലദൗർലഭ്യം, മണ്ണൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഇതുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷ, ആരോഗ്യം, ജീവനോപാധികൾ എന്നിവയിലും കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഇത്രയും സങ്കീർണ്ണമായ വെല്ലുവിളിയെ ഫലപ്രദമായി നേരിടാൻ കൃത്യമായി രൂപകൽപ്പന ചെയ്ത നയങ്ങളുടെയും നടപടികളുടെയും ഒരു ചട്ടക്കൂട് അത്യന്താപേക്ഷിതമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഗവണ്മെന്റുകളുടെയും നിയമവിദഗ്ദ്ധരുടെയും മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന സമൂഹങ്ങളുടെയും സജീവ പങ്കാളിത്തം ഈ ചട്ടക്കൂട് ഉറപ്പാക്കണം. പ്രകൃതിദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്നത് ഗ്രാമീണ-വനവാസി സമൂഹങ്ങൾ, ചെറുകിട കർഷകർ, സ്ത്രീകൾ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരായതിനാൽ അവരുടെ ആവശ്യങ്ങളോട് പ്രത്യേക അനുകമ്പയും സംവേദനക്ഷമതയും അനിവാര്യമാണ്.

പരമ്പരാഗത അറിവുകളും പ്രാദേശിക സമൂഹങ്ങളുടെ അനുഭവങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പരമ്പരാഗത അറിവുകളിൽ അധിഷ്ഠിതമായ, ജനകേന്ദ്രീകൃതവും സാമൂഹത്തെ അടിസ്ഥാനമാക്കിയുള്ളതുമായ സമീപനങ്ങളിലൂടെ കാലാവസ്ഥാ പ്രതിരോധശേഷി നാം ശക്തിപ്പെടുത്തണമെന്ന് അവർ പറഞ്ഞു. സുസ്ഥിര വനവൽക്കരണത്തിനും കാലാവസ്ഥാ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ കഴിയും. ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതും പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യവുമായ വനവൽക്കരണ ശ്രമങ്ങൾ ഇതിന് സഹായകരമാകും. സുസ്ഥിര വനവൽക്കരണത്തിന്റെ യഥാർത്ഥ ലക്ഷ്യം കേവലം മരങ്ങൾ നട്ടുപിടിപ്പിക്കുക മാത്രമല്ല, മറിച്ച് ആരോഗ്യകരവും സ്വയം പര്യാപ്തവുമായ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണെന്നും അവർ പ്രസ്താവിച്ചു.

വികസ്വര രാജ്യങ്ങൾ വികസനത്തിന്റെ ആക്കം നിലനിർത്തുന്നതോടൊപ്പം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു പാത സൃഷ്ടിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഉത്തരവാദിത്വമുള്ള കാലാവസ്ഥാ പ്രവർത്തനങ്ങൾക്കുള്ള പ്രതിജ്ഞാബദ്ധതകൾ രാജ്യത്തിന്റെ വികസന ആവശ്യങ്ങളുമായും സാമ്പത്തിക അഭിലാഷങ്ങളുമായും പൊരുത്തപ്പെടുന്നതായിരിക്കണം. അവ സാങ്കേതികമായി നടപ്പിലാക്കാൻ കഴിയുന്നവയുമായിരിക്കണം. സമ്മേളനത്തിൽ ഇത്തരം പല വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
സാധാരണക്കാരെ, പ്രത്യേകിച്ച് യുവാക്കളെ പങ്കാളികളാക്കിക്കൊണ്ട് പരിസ്ഥിതി ബോധവൽക്കരണം രൂപപ്പെടുത്തുന്നതിൽ ഇന്ത്യ പ്രശംസനീയമായ പ്രവർത്തനമാണ് നടത്തിയിട്ടുള്ളതെന്ന് രാഷ്ട്രപതി പറഞ്ഞു. പൊതുജനപങ്കാളിത്തത്തിലൂടെയും സാമൂഹിക ഉടമസ്ഥതയിലൂടെയും പാരിസ്ഥിതിക പുനരുദ്ധാരണത്തിലേക്ക് അർത്ഥവത്തായ മുന്നേറ്റങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഇന്ത്യാ ഗവണ്മെന്റിന്റെ 'മിഷൻ ലൈഫ്' (Mission LiFE) സംരംഭം തെളിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
പരിസ്ഥിതി വിഷയങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളിലെ വിദഗ്ധർ, ജഡ്ജിമാർ, നിയമജ്ഞർ എന്നിവരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവന്നതിന് ദേശീയ ഹരിത ട്രിബ്യൂണലിനെ രാഷ്ട്രപതി അഭിനന്ദിച്ചു.
ഈ സമ്മേളനത്തിലെ ചർച്ചകളും കർമ്മപദ്ധതികളും ചേർന്ന് നയങ്ങളിലും ഫലപ്രദമായ പ്രവർത്തനങ്ങളിലും അധിഷ്ഠിതമായ സമഗ്ര കാലാവസ്ഥാ പ്രതിരോധശേഷിയുള്ള സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിന് വഴിതെളിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
****
( റിലീസ് ഐ.ഡി: 2312763)
സന്ദര്‍ശക കൗണ്ടര്‍ : 11