ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഗോർദ്ധൻദാസ് സെക്സരിയ കോളേജ് ഓഫ് യോഗ ആൻഡ് കൾച്ചറൽ സിന്തസിസിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 18 SEP 2026 4:42PM by PIB Thiruvananthpuram

മഹാരാഷ്ട്രയിലെ ലോണാവാലയിലുള്ള കൈവല്യധാമയിൽ ഗോർദ്ധൻദാസ് സെക്സരിയ കോളേജ് ഓഫ് യോഗ ആൻഡ് കൾച്ചറൽ സിന്തസിസിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അഭിസംബോധന ചെയ്തു.

യോഗ വിദ്യാഭ്യാസം, ഗവേഷണം, സാംസ്കാരിക സമന്വയം എന്നിവയിൽ കഴിഞ്ഞ 75 വർഷമായി കോളേജ് നൽകിവരുന്ന സമർപ്പിത സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൈവല്യധാമ പ്രസ്ഥാനം യോഗ രംഗത്ത് ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ കോളേജിൻ്റെ പ്ലാറ്റിനം ജൂബിലിയും കടന്നുവന്നത് ചടങ്ങിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
 
1924-ൽ കൈവല്യധാമ പ്രസ്ഥാനം സ്ഥാപിച്ച സ്വാമി കുവലയാനന്ദയുടെ സംഭാവനകളെ അനുസ്മരിക്കവേ, യോഗയെ ഒരു ആത്മീയ പരിശീലനമായി മാത്രം കണ്ടിരുന്ന ഒരു കാലഘട്ടത്തിൽ അതിൻ്റെ ശാസ്ത്രീയ പഠനത്തിന് അദ്ദേഹം തുടക്കമിട്ടതായി ഉപരാഷ്ട്രപതി പറഞ്ഞു. ഭൂതകാലത്തിൻ്റെ പൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കപ്പെടുകയും മുന്നോട്ട് കൊണ്ടുപോകുകയും വേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “യോഗ ഒരു തലമുറയ്ക്ക് മാത്രമുള്ളതല്ല; വരാനിരിക്കുന്ന ഓരോ തലമുറയ്ക്കും വേണ്ടിയുള്ളതാണ്,” അദ്ദേഹം പറഞ്ഞു.
 
യോഗയ്ക്ക് ആഗോളതലത്തിൽ ലഭിക്കുന്ന വർദ്ധിച്ചുവരുന്ന സ്വീകാര്യതയെ ശ്രീ സി.പി. രാധാകൃഷ്ണൻ എടുത്തുപറയുകയും, യോഗയുടെ സന്ദേശം അന്താരാഷ്ട്ര വേദിയിലെത്തിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തുന്ന നിരന്തരമായ ശ്രമങ്ങളെ അനുസ്മരിക്കുകയും ചെയ്തു. ഇന്ന് വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലും സമൂഹങ്ങളിലും യോഗ പരിശീലിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 
സാങ്കേതിക പുരോഗതിയും ഡിജിറ്റൽ കണക്റ്റിവിറ്റിയും ജീവിതത്തിൻ്റെ വേഗം കൂട്ടിയതായി നിരീക്ഷിച്ച ഉപരാഷ്ട്രപതി, അല്പസമയം ശാന്തമാകാനും, ശ്രദ്ധ കേന്ദ്രീകരിക്കാനും, ചിന്തിക്കാനും, സ്വയം ഉള്ളിലേക്ക് മടങ്ങാനുമുള്ള അവസരമാണ് യോഗ നൽകുന്നതെന്നും പറഞ്ഞു. മനസ്സും ശരീരവും തമ്മിലുള്ള അകലം കുറയ്ക്കാനും ശാരീരികവും മാനസികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കാനും യോഗ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
യുവവിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവേ, ഇന്ത്യയിലെ യുവാക്കൾക്ക് അപാരമായ ഊർജ്ജവും പ്രതിഭയും അഭിലാഷവുമുണ്ടെന്നും അച്ചടക്കവും അവബോധവും ഒത്തുചേരുമ്പോൾ അവയ്ക്ക് പൂർണ്ണമായ ശേഷി കൈവരിക്കാനാകുമെന്നും ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. പതഞ്ജലി മഹർഷിയുടെ 'ചിത്തവൃത്തി നിരോധഃ' എന്ന സങ്കല്പത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, നിരന്തരമായ വിജ്ഞാന പ്രവാഹവും മൊബൈൽ നോട്ടിഫിക്കേഷനുകളും നിറഞ്ഞ ഈ ആധുനിക യുഗത്തിൽ മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രമാക്കാനുമുള്ള കഴിവ് വളരെ പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കി.
 
നല്ല ഉദ്ദേശ്യത്തോടെയും സമൂഹത്തിൻ്റെ ക്ഷേമത്തിനായുള്ള ആത്മാർത്ഥമായ പ്രതിബദ്ധതയോടെയും ചെയ്യുന്ന ഏതൊരു പരിശ്രമവും ശാശ്വതമായ ഒരു പൈതൃകം അവശേഷിപ്പിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. നല്ല പൈതൃകങ്ങൾ ഒരിക്കലും നശിക്കുന്നില്ല; അവ വരുംതലമുറകളെ പ്രചോദിപ്പിക്കും, അവർക്ക് പ്രയോജനം ചെയ്യുന്നത് തുടരും. കൈവല്യധാമയുടെ ഒരു നൂറ്റാണ്ട് നീണ്ട യാത്ര ഈ ശാശ്വത സത്യത്തിൻ്റെ ജീവിക്കുന്ന തെളിവാന്നെന്നും അദ്ദേഹം വ്യക്തമാക്കി.
 
കോളേജിലെ ട്രസ്റ്റിമാർ, പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരെ ഉപരാഷ്ട്രപതി അഭിനന്ദിക്കുകയും സ്വാമി കുവലയാനന്ദയുടെ ദീർഘവീക്ഷണത്തിനും സേത്ത് മഖൻലാൽ സെക്സരിയയുടെ സംഭാവനകൾക്കും ആദരം അർപ്പിക്കുകയും ചെയ്തു. തദവസരത്തിൽ, ശ്രീ ഒ.പി. തിവാരി രചിച്ച “യോഗ എക്സ്പ്ലെയിൻഡ് – ലേൺ ഫ്രം ദി മാസ്റ്റർ” എന്ന പുസ്തകവും ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ക്യാമ്പസ് സന്ദർശിച്ച അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിക്കുകയും, യോഗാഭ്യാസത്തിലൂടെ അച്ചടക്കം, ഏകാഗ്രത, ആത്മബോധം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
 
മഹാരാഷ്ട്ര ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മ, മുൻ കേന്ദ്രമന്ത്രിയും കൈവല്യധാമ ഗ്ലോബൽ ചെയർമാനുമായ ശ്രീ സുരേഷ് പ്രഭു, കൈവല്യധാമ ഗ്ലോബൽ സി.ഇ.ഒ ശ്രീ സുബോധ് തിവാരി, മുഖ്യ രക്ഷാധികാരി ശ്രീ രാകേഷ് സെക്സരിയ, അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ, മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 
***

( റിലീസ് ഐ.ഡി: 2312213) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati