ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
വാണിജ്യ ഉപഭോക്താക്കൾക്ക് പഞ്ചസാര ശേഖരണ പരിധി 15 ദിവസത്തിൽ നിന്ന് 30 ദിവസമായി ഇളവുചെയ്ത് ഗവണ്മെൻ്റ്
പഞ്ചസാര അധികമായി ശേഖരിക്കേണ്ടത് അഡ്വാൻസ് ഓഥറൈസേഷൻ സ്‌കീം, താരിഫ് റേറ്റ് ക്വാട്ട എന്നിവയ്ക്ക് കീഴിൽ ഇറക്കുമതി ചെയ്തതിൽ നിന്ന് മാത്രം
പോസ്റ്റഡ് ഓണ്‍:
18 SEP 2026 2:47PM by PIB Thiruvananthpuram
വാണിജ്യ ഉപഭോക്താക്കൾക്ക് പഞ്ചസാര ശേഖരണ പരിധി നിലവിലുള്ള 15 ദിവസത്തിൽ നിന്നും 30 ദിവസമായി ഉയർത്താൻ ഗവണ്മെൻ്റ് തീരുമാനിച്ചു. എന്നാൽ, നിലവിലുള്ള 15 ദിവസത്തെ പരിധിക്കപ്പുറം കൈവശം വെക്കുന്ന പഞ്ചസാര, അഡ്വാൻസ് ഓഥറൈസേഷൻ സ്‌കീം (AAS), താരിഫ് റേറ്റ് ക്വാട്ട (TRQ) എന്നിവ വഴി ഇറക്കുമതി ചെയ്തതിൽ നിന്ന് മാത്രം സമാഹരിക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായാണ് ഈ ഇളവ് അനുവദിച്ചത്. പൊതുവിപണിയിൽ നിന്ന് വാങ്ങുന്നതിനുള്ള ശേഖരണ പരിധിയിൽ മാറ്റമില്ല, ഇത് 15 ദിവസമായി തന്നെ പരിമിതപ്പെടുത്തി. കൂടാതെ, വാണിജ്യ ഉപഭോക്താക്കൾക്ക് എല്ലാ വെള്ളിയാഴ്ചയും പഞ്ചസാര ശേഖരം സംബന്ധിച്ച വിവരം വെളിപ്പെടുത്തുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള സംവിധാനം ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ https://foodstock.dfpd.gov.in/ എന്ന ഓൺലൈൻ പോർട്ടൽ വഴി ഗവണ്മെൻ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ഥിരതയുള്ള സുഗമമായ പഞ്ചസാര ലഭ്യത നിലനിർത്തുന്നതിനായി പഞ്ചസാരയുടെ പ്രധാന മൊത്ത വാണിജ്യ ഉപഭോക്താക്കളുമായി ഗവണ്മെൻ്റ് വിശദമായ ചർച്ചകൾ നടത്തുകയും അവരുടെ നിർദ്ദേശങ്ങൾ വേണ്ടവിധത്തിൽ പരിഗണിക്കുകയും ചെയ്തിട്ടുണ്ട്.
ഉൽപ്പാദനത്തിനോ ഉപഭോഗത്തിനോ ഉപയോഗത്തിനോ വേണ്ടി പ്രതിമാസം 10 മെട്രിക് ടണ്ണിൽ കൂടുതൽ പഞ്ചസാര അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന മൊത്ത വാണിജ്യ ഉപഭോക്താക്കൾക്ക് നിലവിലുള്ള പരിധിയായ പരമാവധി 15 ദിവസത്തെ കാലയളവിലേക്ക് മാത്രമേ പഞ്ചസാര ശേഖരിച്ചു വെക്കാൻ അനുവാദമുള്ളൂ. വരുന്ന ഉത്സവ സീസൺ കണക്കിലെടുത്ത് നിലവിലുള്ള പരിധി വർദ്ധിപ്പിക്കണമെന്ന് മൊത്ത ഉപഭോക്താക്കൾ നിവേദനം നൽകിയിരുന്നു. ആഭ്യന്തര വിതരണത്തെ പ്രതികൂലമായി ബാധിക്കാതെ വ്യവസായ ആവശ്യങ്ങൾക്കുള്ള പഞ്ചസാര തടസ്സമില്ലാതെ ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ, അഡ്വാൻസ് ഓഥറൈസേഷൻ പദ്ധതിയും താരിഫ് റേറ്റ് ക്വാട്ടയും വഴി പഞ്ചസാര ഇറക്കുമതി ചെയ്യുന്നവരിൽ നിന്ന് നേരിട്ട് പഞ്ചസാര വാങ്ങാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
മൊത്ത ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളും ആഭ്യന്തര പഞ്ചസാര വിപണിയിലെ സ്ഥിരത നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയും തമ്മിൽ തുലനം ചെയ്യാനാണ് ഗവണ്മെൻ്റിൻ്റെ ഈ നടപടി ലക്ഷ്യമിടുന്നത്. വരുന്ന ഉത്സവ സീസണിൽ യഥാർത്ഥ വ്യവസായ ഉപഭോക്താക്കൾക്ക് ഇത് പ്രവർത്തനപരമായ എളുപ്പം നൽകുകയും അതേസമയം, അധിക സംഭരണം ഇറക്കുമതി ചെയ്ത പഞ്ചസാരയിൽ നിന്നാകുന്നത് വഴി ആഭ്യന്തര വിപണിയിൽ അനാവശ്യ സമ്മർദ്ദം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.
ചില്ലറ വിപണിയിലെ പഞ്ചസാര വിലയിൽ 10% കുറവ്
ചില്ലറ വിപണിയിലെ പഞ്ചസാര വില ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് (ഓഗസ്റ്റിലെ 65 രൂപയിൽ നിന്ന് 58.50 രൂപയായി) ഏകദേശം 10% കുറഞ്ഞിട്ടുണ്ട്. എന്നാൽ, മില്ലുകളിൽ നിന്നുള്ള വില ഇതിനകം തന്നെ 25% ത്തോളം കുറവുണ്ടായിട്ടുണ്ട്. എക്‌സ്-മിൽ വിലയിലെ കുറവിൻ്റെ ആനുകൂല്യം വിതരണ ശൃംഖല വഴി ഉപഭോക്താവിലേക്ക് പൂർണ്ണമായി എത്തിയിട്ടില്ലെന്നാണ് ചില്ലറ വിൽപ്പന വിലയിൽ മന്ദഗതിയിൽ മാത്രം ഉണ്ടാകുന്ന കുറവ് സൂചിപ്പിക്കുന്നതെന്ന് ഗവണ്മെൻ്റ് നിരീക്ഷിച്ചു.
ISMA, നാഷണൽ ഫെഡറേഷൻ ഓഫ് കോപ്പറേറ്റീവ് ഷുഗർ ഫാക്ടറീസ്, പഞ്ചസാര വ്യാപാരികൾ എന്നിവരുടെ പ്രതിനിധികളുമായി ഇന്ന് നടന്ന സംയുക്ത യോഗത്തിൽ, എക്‌സ്-മിൽ വിലയിലുണ്ടായ കുറവ് ചില്ലറ വിൽപ്പന വിലയിൽ ഇനിയും പൂർണ്ണമായി പ്രതിഫലിച്ചിട്ടില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
എക്‌സ്-മിൽ പഞ്ചസാര വിലയിലുണ്ടായ ഗണ്യമായ കുറവിൻ്റെ ആനുകൂല്യം ഉടനടി ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്ന് പഞ്ചസാര വ്യാപാരികളോടും മൊത്ത-ചില്ലറ വിൽപ്പനക്കാരോടും ഗവണ്മെൻ്റ് ഇന്ന് ശക്തമായി ഉന്നയിച്ചു. മിൽ തലത്തിൽ കൈവരിച്ച വിലക്കുറവിന് അനുസൃതമായി ചില്ലറ വിൽപ്പന വിലയിലും കുറവുണ്ടാകണമെന്ന് ഗവണ്മെൻ്റ് ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന ഉത്സവ വേളകളിൽ പഞ്ചസാരയും പഞ്ചസാര അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ സുലഭമാണെന്ന് ഉറപ്പാക്കാൻ പഞ്ചസാര വിപണന ശൃംഖലയോടാകെ ഗവണ്മെൻ്റ് ആഹ്വാനം ചെയ്തു.
ഇന്ത്യയുടെ പഞ്ചസാര നയത്തിൻ്റെ രണ്ട് പ്രധാന ഘടകം കർഷകനും ഉപഭോക്താവുമാണെന്ന് സെക്രട്ടറി ഊന്നിപ്പറഞ്ഞു. കരിമ്പ് കർഷകരുടെ താൽപ്പര്യങ്ങളും ഒപ്പം ഉപഭോക്താക്കൾക്ക് സ്ഥിരമായി ന്യായ വിലയിൽ പഞ്ചസാര ലഭ്യത നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയും തമ്മിൽ തുലനം ചെയ്യാൻ ഗവണ്മെൻ്റ് തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ട്. പുതിയ പഞ്ചസാര സീസൺ ആരംഭിക്കുന്ന 2026 ഒക്ടോബർ 1 മുതൽ, കരിമ്പ് കർഷകർക്ക് ക്വിൻ്റലിന് 365 രൂപ എന്ന വർദ്ധിപ്പിച്ച ന്യായവും ലാഭകരവുമായ വില (FRP) ലഭിക്കും. പഞ്ചസാര മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതോടൊപ്പം കരിമ്പ് കർഷകർക്ക് ലാഭകരമായ വരുമാനം ഉറപ്പാക്കുന്നതിനായി എല്ലാ വർഷവും ഗവണ്മെൻ്റ് എഫ്.ആർ.പി (FRP) വർദ്ധിപ്പിക്കുന്നുണ്ട്.
ആഭ്യന്തര വിപണിയിലെ പഞ്ചസാരയുടെ ലഭ്യതയും വിലയും ഗവണ്മെൻ്റ് തുടർന്നും സൂക്ഷ്മമായി നിരീക്ഷിക്കുകയും ഉപഭോക്താക്കൾക്കും ഭക്ഷ്യസംസ്കരണം ഉൾപ്പെടെയുള്ള മറ്റ് വ്യവസായങ്ങൾക്കും ആവശ്യത്തിന് പഞ്ചസാര ലഭ്യത ഉറപ്പാക്കുന്നതിന് ആവശ്യമായ ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
***
( റിലീസ് ഐ.ഡി: 2312183)
സന്ദര്‍ശക കൗണ്ടര്‍ : 3