പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പശ്ചിമ ബംഗാളിൽ അന്നപൂർണ്ണ യോജനയ്ക്ക് കീഴിലുള്ള ഗഡു വിതരണത്തിനിടെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 17 SEP 2026 2:23PM by PIB Thiruvananthpuram

നമസ്കാരം

ബംഗാളിലെ എല്ലാ അമ്മമാർക്കും എന്റെ വിനയപൂർവ്വമായ ആശംസകളും ആദരവും!

ഈ സവിശേഷ വേളയിൽ നിങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞതിൽ എനിക്ക് അളവറ്റ സന്തോഷമുണ്ട്. ബംഗാളിലെ അമ്മമാരിൽ നിന്നും സഹോദരിമാരിൽ നിന്നും എനിക്ക് എപ്പോഴും വളരെയധികം സ്നേഹം ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ വിശ്വാസവും ഊഷ്മളതയും എനിക്ക് വലിയൊരു കരുത്താണ്.

ഇന്ന് വിശ്വകർമ്മ പൂജയുടെ പരിപാവന വേളയാണ്. വിശ്വകർമ്മ പൂജയിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളേ,

ഈ ശുഭവേളയിൽ ബംഗാളിൽ ഒരു പുതിയ പാരമ്പര്യം ശക്തിപ്പെടുകയാണ്. ഇന്ന് അന്നപൂർണ്ണ യോജനയിലൂടെ ബംഗാളിലെ അമ്മമാർക്കും സഹോദരിമാർക്കും ഒരു പുതിയ ശാക്തീകരണം ലഭിക്കുകയാണ്. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന ഓരോ സഹോദരിക്കും ഞാൻ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ വീടുകളിൽ അമ്മമാരും സഹോദരിമാരും നിരവധി ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റുന്നുണ്ട്. ചെറുതും വലുതുമായ അനവധി തീരുമാനങ്ങൾക്കിടയിൽ ഒരു സ്ത്രീ കുടുംബത്തെ എല്ലാ രീതിയിലും പരിപാലിക്കുന്നു. അവശ്യ ചെലവുകളെക്കുറിച്ചുള്ള വേവലാതികൾ കുറയുമ്പോൾ അവളുടെ ആത്മവിശ്വാസം കൂടുതൽ വർധിക്കുന്നു. ബംഗാളിലെ സ്ത്രീകളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാനമായ ഒരു ശ്രമമാണ് അന്നപൂർണ്ണ യോജന. എല്ലാ മാസവും ഒരു നിശ്ചിത തുക ബംഗാളിലെ സഹോദരിമാരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നു - ഇതിനായി അവർക്ക് ആരോടും ചോദിക്കേണ്ടി വരുന്നില്ല. ഇത് അവരുടെ ജീവിതത്തിൽ വലിയൊരു പിന്തുണയാണ്.

സുഹൃത്തുക്കളേ,

ഇന്ന് അന്നപൂർണ്ണ യോജനയുടെ നാലാമത്തെ ഗഡു ഏകദേശം 1.5 കോടി സഹോദരിമാരുടെ അക്കൗണ്ടുകളിലേക്ക് എത്തുയാണ്. അതായത് പ്രതിമാസം 3,000 രൂപ. ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ഇത് കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള ചെലവാകാം. ഒരു സഹോദരിയെ സംബന്ധിച്ചിടത്തോളം ഇത് മരുന്നുകൾക്കോ അവശ്യ വീട്ടുസാധനങ്ങൾക്കോ ഉള്ള പിന്തുണയാകാം.

സുഹൃത്തുക്കളേ,

ബംഗാളിലെ സ്ത്രീകൾക്ക് തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയും മുന്നോട്ട് പോകാനുള്ള ധൈര്യവും ഉണ്ടാകണമെന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്. അന്നപൂർണ്ണ യോജന ഇതിൽ വലിയൊരു പങ്ക് വഹിക്കുന്നു. അന്നപൂർണ്ണ യോജനയുടെ ഗുണഭോക്താക്കളായ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

സുഹൃത്തുക്കളേ,

ഈ വർഷം മേയ് 4-ന് ബംഗാൾ മാറ്റത്തിന്റെ ഒരു പുതിയ വഴി തിരഞ്ഞെടുത്തു. ഈ മാറ്റത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ചത് ബംഗാളിലെ അമ്മമാരും സഹോദരിമാരുമാണെന്ന് എനിക്കറിയാം. നിങ്ങളുടെ ജീവിതത്തിൽ നിരവധി കഷ്ടപ്പാടുകൾ നിങ്ങൾ കണ്ടിട്ടുണ്ട്. പല കാര്യങ്ങൾക്കായും നിങ്ങൾ കാത്തിരുന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങളുടെ പുതിയ ​ഗവൺമെന്റിന് മുന്നിലുള്ള ആദ്യത്തെ പരീക്ഷണം ബംഗാളിലെ സ്ത്രീകളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുക, അവരുടെ ജീവിതസൗകര്യം വർധിപ്പിക്കുക എന്നതായിരുന്നു. അതുകൊണ്ടാണ് "കുറഞ്ഞ സംസാരം, കൂടുതൽ പ്രവൃത്തി" എന്ന മാർഗ്ഗനിർദ്ദേശ മന്ത്രം ഞങ്ങൾ സ്വീകരിച്ചത്. 

സുഹൃത്തുക്കളേ,

ഈ ഒരു ചിന്തയോടെയാണ് അന്നപൂർണ്ണ യോജന ആരംഭിച്ചത്. ​ഗവൺമെന്റ് രൂപീകരിച്ച് ഏതാനും ദിവസങ്ങൾക്കകം തന്നെ ഈ പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു. ഇന്ന് ഇത്രയധികം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് എത്തുന്നു. പണപ്പിരിവില്ല, ഇടനിലക്കാരില്ല!

അർഹതയുള്ള ഒരു സ്ത്രീയ്ക്ക് പോലും അന്നപൂർണ്ണ യോജനയുടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടരുത് എന്നതാണ് ഞങ്ങളുടെ ഗവൺമെന്റിന്റെ ലക്ഷ്യം. ഇതിനായുള്ള പ്രവർത്തനങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ്.

സുഹൃത്തുക്കളേ,

അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ജീവിതചക്രവുമായി ബന്ധപ്പെട്ട ഓരോ പ്രശ്നവും പരിഹരിക്കുക എന്നതിനായിരുന്നു ബിജെപി എപ്പോഴും മുൻഗണന നൽകിയിരുന്നത്. ഗർഭകാലത്ത് കുഞ്ഞിന് പോഷകാഹാരം ഉറപ്പാക്കുന്നതിനായി ഞങ്ങൾ മാതൃ വന്ദന യോജന ആരംഭിക്കുകയും സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം അയക്കുകയും ചെയ്തു. പെൺമക്കൾ ഗർഭപാത്രത്തിൽ വെച്ച് തന്നെ ഇല്ലാതാക്കപ്പെടുന്നത് തടയാൻ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പോലുള്ള ജനകീയ പ്രസ്ഥാനങ്ങൾ ഞങ്ങൾ ആരംഭിച്ചു. ശൗചാലയങ്ങളുടെ അഭാവം മൂലം പെൺകുട്ടികൾ പഠനം ഉപേക്ഷിക്കാതിരിക്കാൻ ഞങ്ങൾ ദശലക്ഷക്കണക്കിന് ശൗചാലയങ്ങൾ നിർമ്മിച്ചു. അവരുടെ വിദ്യാഭ്യാസം തുടരുന്നതിന് സുകന്യ സമൃദ്ധി യോജനയിൽ ഞങ്ങൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്തു. പെൺകുട്ടികൾക്ക് സൈനിക സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിനായി ഞങ്ങൾ അവയുടെ വാതിലുകൾ തുറന്നുനൽകി. പെൺകുട്ടികൾക്ക് സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുന്നതിന് ഈടില്ലാത്ത വായ്പകൾ നൽകുന്ന മുദ്ര യോജന ഞങ്ങൾ ആരംഭിച്ചു. പ്രസവാനന്തരം അമ്മമാർക്ക് തങ്ങളുടെ ജോലി തുടരാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രസവാവധി വർധിപ്പിച്ചു. ഗ്രാമങ്ങളിൽ പുതിയ വരുമാന മാർഗ്ഗങ്ങൾ നൽകുന്നതിനായി ഞങ്ങൾ സ്വയം സഹായ സംഘങ്ങൾക്ക് റെക്കോർഡ് പിന്തുണ നൽകി. അടുക്കളയിലെ പുകയിൽ നിന്ന് പെൺമക്കളെ മോചിപ്പിക്കുന്നതിനായി ഞങ്ങൾ ഉജ്ജ്വല ഗ്യാസ് കണക്ഷനുകൾ നൽകി. വെള്ളം കോരുന്നതിനുള്ള ബുദ്ധിമുട്ടിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിനായി ഞങ്ങൾ ഹർ ഘർ നൽ സേ ജൽ പദ്ധതി ആരംഭിച്ചു. ഇരുട്ടിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിനായി സൗഭാഗ്യ പദ്ധതിക്ക് കീഴിൽ ഞങ്ങൾ സൗജന്യ വൈദ്യുതി കണക്ഷനുകൾ നൽകി. പണമില്ലാത്തതുമൂലം പെൺമക്കൾ തങ്ങളുടെ രോഗങ്ങൾ മറച്ചുവെക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ അവർക്ക് ആയുഷ്മാൻ കാർഡിന്റെ കരുത്ത് നൽകി. പെൺകുട്ടികൾക്ക് ബാങ്കുകളിലേക്ക് പ്രവേശനം നൽകുന്നതിനായി ജൻ ധൻ യോജനയ്ക്ക് കീഴിൽ ഞങ്ങൾ ദശലക്ഷക്കണക്കിന് അക്കൗണ്ടുകൾ തുറന്നു. സ്വത്തിൽ പെൺമക്കൾക്ക് അവകാശം നൽകുന്നതിനായി പി.എം.ആവാസ് വീടുകളിൽ ഞങ്ങൾ സംയുക്ത ഉടമസ്ഥാവകാശം ഉറപ്പാക്കി.

സുഹൃത്തുക്കളേ,

കഴിഞ്ഞ 12 വർഷത്തിനിടയിൽ പല കേന്ദ്ര പദ്ധതികളും കൃത്യസമയത്ത് ഇവിടെ എത്തിയില്ല എന്നതാണ് ബംഗാളിന്റെ വലിയ സങ്കടങ്ങളിലൊന്ന്. ഇതുമൂലം പാവപ്പെട്ട കുടുംബങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത്. ഇപ്പോൾ ബിജെപി ​ഗവൺമെന്റിന് കീഴിൽ തടസ്സപ്പെട്ടുകിടന്ന ഈ പദ്ധതികൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുകയാണ്. ഉദാഹരണത്തിന് പി.എം ആവാസ് യോജന. ബംഗാളിൽ ബിജെപി ഗവൺമെന്റ്  രൂപീകരിച്ചതിനുശേഷം പി.എം ആവാസിന് കീഴിൽ സ്ഥിരമായ വീടുകൾ ലഭിക്കുന്നതിനായി 5 ദശലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങളെ പുതുതായി തിരിച്ചറിഞ്ഞിട്ടുണ്ട്. പി.എം വിശ്വകർമ്മ യോജനയും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ഓരോ പദ്ധതിയും തടസ്സപ്പെട്ട ഓരോ പ്രോജക്റ്റും ഇപ്പോൾ ബംഗാളിൽ പുതിയ വേഗത കൈവരിക്കുകയാണ്. ഇതിൽ ബംഗാളിലെ സ്ത്രീകളുടെയും ജനങ്ങളുടെയും അനുഗ്രഹം ബിജെപിക്കൊപ്പമുണ്ട്. അതുകൊണ്ടാണ് ഞാൻ വലിയ ആത്മവിശ്വാസത്തോടെ പറയുന്നത് - നമ്മൾ ഒന്നിച്ചുചേർന്ന് ഒരു പുതിയ ബംഗാൾ പടുത്തുയർത്തും.

സുഹൃത്തുക്കളേ,

വികസിത ഭാരതത്തിനായി രാജ്യം പ്രതിജ്ഞയെടുത്തിട്ടുണ്ട്. വികസനത്തിന്റെ ഈ യാത്രയ്ക്ക് ബംഗാളിലെ അമ്മമാരും സഹോദരിമാരും പുതിയ വേഗത നൽകുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. വികസിത ബംഗാളിന്റെ കരുത്തോടെ, വികസിത ഭാരതം എന്ന പ്രതിജ്ഞ കൂടുതൽ ശക്തമാകും.

സുഹൃത്തുക്കളേ,

നിങ്ങളുടെ സ്നേഹവും അനുഗ്രഹവും സേവനം ചെയ്യാൻ ഞങ്ങളെ നിരന്തരം പ്രചോദിപ്പിക്കുന്നു. ഒരിക്കൽകൂടി അന്നപൂർണ്ണ ദിനത്തിൽ നിങ്ങളെല്ലാവർക്കും ഞാൻ അഭിനന്ദനങ്ങൾ നേരുന്നു. വിശ്വകർമ്മ പൂജയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ! നന്ദി!

***

SK


( റിലീസ് ഐ.ഡി: 2312063) സന്ദര്‍ശക കൗണ്ടര്‍ : 6