പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'സെമികോൺ ഇന്ത്യ 2026' ഉദ്ഘാടനം ചെയ്തു.


ഇന്ത്യയുടെ സെമികണ്ടക്ടർ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്; ഇത് നവീകരണത്തിനും നിക്ഷേപത്തിനും വളർച്ചയ്ക്കും പുതിയ അവസരങ്ങൾ തുറന്നുനൽകുന്നു: പ്രധാനമന്ത്രി

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരുകയാണ്; ഇന്ത്യയ്ക്ക് മേലുള്ള ലോകത്തിന്റെ വിശ്വാസവും വളരുകയാണ്: പ്രധാനമന്ത്രി

ഇന്ത്യയിൽ ഗവേഷണം നടത്തുന്ന യുവപ്രതിഭകൾ മുന്നോട്ട് വരണം; വിദേശത്ത് ഗവേഷണം നടത്തുന്ന യുവാക്കളും ഇന്ത്യയിലെ അത്യാധുനിക സാങ്കേതികവിദ്യകളുടെ വികസനത്തിൽ പങ്കാളികളാകണം: പ്രധാനമന്ത്രി

രാജ്യത്തെ ഗവേഷണ-വികസന മേഖലയ്ക്ക് (R&D) നേതൃത്വം നൽകാൻ ഞാൻ വ്യവസായ പ്രമുഖരോട് അഭ്യർത്ഥിക്കുന്നു; ഇത് വ്യവസായ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുകയും ഇരുവിഭാഗത്തിനും ഒരുപോലെ പ്രയോജനപ്പെടുകയും ചെയ്യും: പ്രധാനമന്ത്രി

വിശ്വസനീയമായ പുതിയ ഉൽപ്പാദന കേന്ദ്രങ്ങൾക്കായി ലോകം തിരച്ചിൽ നടത്തുകയാണ്; ഈ ആവശ്യകത നിറവേറ്റുന്നതിനായി ഇന്ത്യ ക്രമേണ സജ്ജമായിക്കൊണ്ടിരിക്കുന്നു: പ്രധാനമന്ത്രി

സെമികണ്ടക്ടർ വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ കേന്ദ്രമായി മാറുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിച്ചുവരുന്നു: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 17 SEP 2026 2:04PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ 'സെമികോൺ ഇന്ത്യ 2026' ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഈ ഉച്ചകോടിയുടെ അഞ്ചാമത് പതിപ്പിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി പങ്കെടുത്ത എല്ലാവർക്കും ഊഷ്മളമായ ആശംസകൾ നേർന്നു. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര പ്രതിനിധികളോട് അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി. "വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ വിശിഷ്ടാതിഥികൾക്ക് ഞാൻ പ്രത്യേക സ്വാഗതം ആശംസിക്കുന്നു," ശ്രീ മോദി പറഞ്ഞു.

സെമികോൺ ഇന്ത്യയുടെ തുടക്കവും വിശ്വകർമ്മ ദിനവും തമ്മിൽ ശക്തമായ ഒരു സാദൃശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട്, രാഷ്ട്രത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള നിർമ്മാണ സങ്കൽപ്പത്തെയും സൃഷ്ടിപരമായ പാരമ്പര്യത്തെയും പ്രധാനമന്ത്രി ആദരിച്ചു. പരമ്പരാഗതമായ സൃഷ്ടിപരമായ കരുത്തും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയും കാഴ്ചപ്പാടും തമ്മിൽ ഒത്തുചേരുന്ന മനോഹരമായ യാദൃശ്ചികതയെ അദ്ദേഹം എടുത്തുപറഞ്ഞു. "സ്വയംപര്യാപ്ത  ഭാരതം, വികസിത ഭാരതം എന്നിവയിലേക്കുള്ള നമ്മുടെ പ്രചോദനമാണിത്," ശ്രീ മോദി വ്യക്തമാക്കി.

കഴിഞ്ഞ 15 ദിവസത്തിനിടെ രാജ്യം കൈവരിച്ച അതിവേഗ പുരോഗതിയെക്കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പ്രധാനപ്പെട്ട നേട്ടങ്ങളുടെ നിര തന്നെ വ്യക്തമാക്കി. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലെ ഉൾക്കൊള്ളൽ ധനകാര്യത്തെക്കുറിച്ചുള്ള  ചർച്ചകൾ, 3,000 കിലോമീറ്റർ ദൈർഘ്യമുള്ള സമർപ്പിത ചരക്കുനീക്ക ഇടനാഴി പ്രവർത്തനക്ഷമമാക്കിയത്, 7.8 ശതമാനമെന്ന കരുത്തുറ്റ ത്രൈമാസ ജി.ഡി.പി (GDP) വളർച്ച എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ കുതിച്ചുയരുന്ന സാമ്പത്തിക വിശ്വസനീയതയുടെ തെളിവായി, പ്രമുഖ ജാപ്പനീസ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി അടുത്തിടെ ഇന്ത്യയുടെ സോവറിൻ റേറ്റിംഗ് ഉയർത്തിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. "അതായത്, ഒരു വശത്ത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരുകയാണ്, മറു വശത്ത് ഇന്ത്യയ്ക്ക് മേലുള്ള ലോകത്തിന്റെ വിശ്വാസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്," ശ്രീ മോദി നിരീക്ഷിച്ചു.

അടുത്തിടെ സമാപിച്ചതും, ഇന്ത്യ ആതിഥേയത്വം വഹിച്ചതുമായ  ബ്രികസ് (BRICS) ഉച്ചകോടിയുടെ നയതന്ത്ര വിജയം സ്മരിച്ചുകൊണ്ട്, 'ന്യൂഡൽഹി പ്രഖ്യാപനം' ഐക്യകണ്ഠേന അംഗീകരിച്ചത് അന്താരാഷ്ട്ര തലത്തിലുള്ള പൊതുസമ്മതിയുടെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഈ ചരിത്രപരമായ നയതന്ത്ര നേട്ടം രാജ്യത്തോട് അന്താരാഷ്ട്ര സമൂഹത്തിനുള്ള അചഞ്ചലമായ വിശ്വാസത്തെ അടിവരയിടുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഇന്ത്യയ്ക്ക് മേലുള്ള ലോകത്തിന്റെ വിശ്വാസത്തിനുള്ള മറ്റൊരു പ്രധാന തെളിവാണിത്," ശ്രീ മോദി വ്യക്തമാക്കി.

2022-ൽ ആരംഭിച്ചതുമുതൽ സെമികോൺ ഇന്ത്യ കൈവരിച്ച വികാസത്തിന്റെ നാൾവഴികൾ ഓർമ്മിപ്പിച്ചുകൊണ്ട്, പ്രാരംഭ നയരൂപീകരണ ചർച്ചകളിൽ നിന്ന് പദ്ധതി ആസൂത്രണത്തിലേക്കും പ്രാരംഭ പ്രവർത്തനങ്ങളിലേക്കും ,ഒടുവിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിലേക്കുമുള്ള മുന്നേറ്റത്തെ പ്രധാനമന്ത്രി വ്യക്തമാക്കി. മൊഹാലിയിലും സൂറത്തിലും പുതുതായി ആരംഭിച്ച രണ്ട് പ്ലാന്റുകളിലെ വാണിജ്യ ഉൽപ്പാദനത്തിനൊപ്പം, ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ ഇപ്പോൾ ആഗോളതലത്തിൽ ഉപഭോക്താക്കളിലേക്ക് എത്തുന്നു എന്ന യാഥാർത്ഥ്യത്തെ അദ്ദേഹം പ്രശംസിച്ചു. "ഇപ്പോൾ നമ്മുടെ ഇന്ത്യയിലെ പ്ലാന്റുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ചിപ്പുകൾ രാജ്യത്തെയും ലോകമെമ്പാടുമുള്ളതുമായ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു," ശ്രീ മോദി വ്യക്തമാക്കി.

ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥ  നിർമ്മിച്ചെടുക്കുന്നതിലെ അപാരമായ സങ്കീർണ്ണതയെ അംഗീകരിച്ചുകൊണ്ട്, ചിപ്പ് ഡിസൈനിംഗ്, ഉപകരണ നിർമ്മാണം, പരിശോധനാ ശേഷികൾ എന്നിവ റെക്കോർഡ് സമയത്തിനുള്ളിൽ സ്വായത്തമാക്കാൻ സാധിച്ച കൂട്ടായ പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. സാങ്കേതികവിദ്യയിലെ ഈ അതിവേഗ കുതിച്ചുചാട്ടം സാധ്യമാക്കിയ പങ്കാളികളും അടിത്തറ പാകിയ പ്രധാന സ്തംഭങ്ങളുമാണ് നിലവിലെ വ്യവസായ പ്രമുഖരെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. "ഇന്ത്യയുടെ ഈ വിജയത്തിന്റെ പ്രധാന സ്തംഭങ്ങൾ  നിങ്ങളാണ്, നിങ്ങളാണ് ഇതിലെ പങ്കാളികൾ," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

സെമികണ്ടക്ടർ മേഖലയുടെ തടസ്സമില്ലാത്ത മുന്നേറ്റത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, 'ടേപ്പ് ഔട്ട്' (Tape out) എന്ന സങ്കൽപ്പത്തെക്കുറിച്ചും അടുത്ത സാങ്കേതിക പതിപ്പിലേക്ക് (Version) ഇടവേളകളില്ലാതെ മുന്നേറാൻ ഗവൺമെൻറ് എങ്ങനെയാണ് നിരന്തരം പ്രേരണ നൽകുന്നതെന്നും വ്യക്തമാക്കി. സെമികണ്ടക്ടർ മിഷന്റെ 13.5 ബില്യൺ ഡോളറിന്റെ ബൃഹത്തായ രണ്ടാം ഘട്ടം പ്രഖ്യാപിച്ച അദ്ദേഹം, അന്താരാഷ്ട്ര കമ്പനികളും സ്റ്റാർട്ടപ്പുകളും ഡിസൈൻ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം എളുപ്പമാക്കുന്ന പുതിയ നിയന്ത്രണ പരിഷ്കാരങ്ങളെയും എടുത്തുപറഞ്ഞു. "നിങ്ങളുടെ പദ്ധതികളുടെ വിജയത്തിനായി ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ ഗവൺമെൻറ് സ്വീകരിച്ചുവരുന്നു," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

ശക്തമായ ഒരു ആഭ്യന്തര വിതരണ ശൃംഖലയ്ക്കായുള്ള കാഴ്ചപ്പാട് വിശദീകരിച്ചുകൊണ്ട്, ഫാബ്‌ലെസ്സ് കമ്പനികളെ (Fabless Companies) വളർത്തിയെടുക്കുന്നതിനും ബൗദ്ധിക സ്വത്ത് സൃഷ്ടിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) കരുത്തേകുന്ന അടിസ്ഥാന സൗകര്യങ്ങൾക്കായി സിലിക്കൺ ഫോട്ടോണിക്‌സ് സംയോജിപ്പിക്കുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അംഗീകാരം ലഭിച്ച പന്ത്രണ്ട് പദ്ധതികളും വർദ്ധിച്ചുവരുന്ന ആവശ്യകതയും മുന്നോട്ടുവെക്കുന്ന സുവർണ്ണാവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉപകരണങ്ങൾ, രാസവസ്തുക്കൾ, വാതകങ്ങൾ, വസ്തുക്കൾ എന്നിവയുടെ ഉൽപ്പാദന മേഖലയിലെ പ്രമുഖരോട് അദ്ദേഹം അഭ്യർത്ഥിച്ചു. "മുഴുവൻ ആവാസവ്യവസ്ഥയും  ഒന്നിച്ച് വളരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്," ശ്രീ മോദി വ്യക്തമാക്കി.

ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടത്തെ തന്ത്രപരമായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, രാജ്യത്തെ വൻകിട എഞ്ചിനീയറിംഗ് പ്രഗത്ഭരെക്കുറിച്ചും ചിപ്പ് ഡിസൈനിംഗിനായി പ്രത്യേകമായി നടപ്പിലാക്കുന്ന വിപുലമായ നൈപുണ്യ വികസന പദ്ധതികളെക്കുറിച്ചും പരാമർശിച്ചു. വിദ്യാർത്ഥികൾ സ്വയം രൂപകല്പന ചെയ്ത ചിപ്പുകൾ തനിക്ക് സമ്മാനിച്ച കാര്യം അദ്ദേഹം അഭിമാനത്തോടെ ഓർത്തെടുക്കുകയും, ഒരു ലക്ഷം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക എന്ന ഗവൺമെൻ്റിൻ്റെ  ലക്ഷ്യത്തിൽ 70,000 പേർക്ക് ഇതിനകം പരിശീലനം നൽകിക്കഴിഞ്ഞതായും ആവർത്തിച്ചു. "ഇത്രയും വലിയൊരു പ്രതിഭാസമ്പത്ത് ഒരു തരത്തിൽ പറഞ്ഞാൽ നിങ്ങൾക്കെല്ലാവർക്കും ഒരു സ്വർണ്ണഖനി തന്നെയാണ്," ശ്രീ മോദി അഭിപ്രായപ്പെട്ടു.

ആഭ്യന്തര-അന്താരാഷ്ട്ര ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രഗത്ഭരോട് ആഹ്വാനം ചെയ്തുകൊണ്ട്, രാജ്യത്തിനുള്ളിൽ തന്നെ അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ സജീവമായി പങ്കാളികളാകാൻ യുവപ്രതിഭകളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. പ്രാദേശിക ഗവേഷണ-വികസന മേഖലയ്ക്ക് (R&D) നേതൃത്വം നൽകാനും, അതുവഴി വ്യവസായങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും പരസ്പര വളർച്ച ഉറപ്പാക്കാനും വ്യവസായ പ്രമുഖരെ അദ്ദേഹം വെല്ലുവിളിച്ചു. "ഇതിൽ വ്യവസായ മേഖലയ്ക്ക് നേട്ടമുണ്ട്, ഒപ്പം ഇതിലൂടെ ഇന്ത്യയുടെ യുവശക്തിക്ക് കരുത്ത് ലഭിക്കുകയും ചെയ്യും," ശ്രീ മോദി വ്യക്തമാക്കി.

സെമികണ്ടക്ടർ വിപണിയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പരാമർശിക്കവെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുണ്ടായ (AI) വൻ ഡിമാൻഡ് കേവലം ട്രാൻസിസ്റ്ററുകളുടെ വലിപ്പത്തിനപ്പുറത്തേക്ക് കാര്യങ്ങളെ മാറ്റിയെന്നും, മെമ്മറി പ്ലേസ്‌മെന്റും താപനിയന്ത്രണവും  ഉൾപ്പെടെയുള്ള സമഗ്രമായ സിസ്റ്റം സംയോജനത്തിലേക്ക്  ശ്രദ്ധ തിരിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ പുതിയ ആഗോള ഉൽപ്പാദന വെല്ലുവിളികളെ നേരിടാൻ നിരന്തരം സജ്ജമായിക്കൊണ്ടിരിക്കുന്ന, വിശ്വസനീയമായ ഒരു കേന്ദ്രമായി അദ്ദേഹം രാജ്യത്തെ അടയാളപ്പെടുത്തി. "ഇതിനായി ഇന്ത്യ നിരന്തരം സ്വയം സജ്ജമായിക്കൊണ്ടിരിക്കുകയാണ്," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗിനായുള്ള  ഊർജ്ജ സുരക്ഷ എന്ന നിർണ്ണായക വിഷയം കൈകാര്യം ചെയ്തുകൊണ്ട്, എ.ഐ (AI) ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായി വരുന്ന ഭീമമായ വൈദ്യുതാവശ്യങ്ങളെക്കുറിച്ചും ഉൽപ്പാദന പ്ലാന്റുകൾക്ക് തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി വ്യക്തമാക്കി. സൗരോർജ്ജ ഉൽപ്പാദന ശേഷി 160 ജിഗാവാട്ടിലേക്ക് (GW) ഉയർത്തിയത്, ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളികൾക്കായി തുറന്നുകൊടുത്തത്, ചെറുതും മോഡുലാറുമായ റിയാക്ടറുകളുടെ (SMR) വികസനം എന്നിവയുൾപ്പെടെ ഊർജ്ജ മേഖലയിൽ രാജ്യം കൈവരിച്ച അതിവേഗ വളർച്ചയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. "അതുകൊണ്ട്, ഇന്ത്യ ഇന്ന് ഊർജ്ജ മേഖലയിലും വലിയ തോതിലുള്ള നിക്ഷേപങ്ങൾ നടത്തിവരികയാണ്," ശ്രീ മോദി നിരീക്ഷിച്ചു.

ഊർജ്ജ അടിസ്ഥാനസൗകര്യങ്ങളുടെ അതിവേഗ വികാസത്തെ വ്യവസായ സജ്ജീകരണവുമായി ബന്ധിപ്പിച്ചുകൊണ്ട്, ഈ ഊർജ്ജ സുരക്ഷ സെമികണ്ടക്ടർ ആവാസവ്യവസ്ഥക്ക്  ഒരു അടിസ്ഥാന കരുത്തായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വ്യവസായ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഭരണകൂടം പൂർണ്ണമായി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പങ്കാളികൾക്ക് ഉറപ്പുനൽകി. "സെമികണ്ടക്ടർ വ്യവസായത്തിന് ഏറ്റവും അനുയോജ്യമായ കേന്ദ്രമായി നമ്മെ മാറ്റുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിച്ചു വരുന്നു," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളുമായി സാങ്കേതിക മുന്നേറ്റങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ പാരമ്പര്യത്തെക്കുറിച്ച് സദസ്സിനെ ഓർമ്മിപ്പിച്ചു. 'ജനാധിപത്യത്തിന്റെ മാതാവിൽ' (ഇന്ത്യയിൽ) വിജയിക്കുന്ന ഏതൊരു സുപ്രധാന വ്യവസായവും ആഗോള വിതരണ ശൃംഖലയെ ഒന്നാകെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നിലുള്ള അനന്തമായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഏവരെയും ഊഷ്മളമായി ക്ഷണിച്ചുകൊണ്ട്, "ഇന്ത്യയുടെ ആകാംക്ഷകളും പ്രതീക്ഷകളും നിങ്ങളുടെ മുന്നിലുണ്ട്, ഇന്ത്യയിൽ ഉയർന്നുവരുന്ന പുതിയ അവസരങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യാൻ തയ്യാറാണ്," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

 

 

***

SK


( റിലീസ് ഐ.ഡി: 2311992) സന്ദര്‍ശക കൗണ്ടര്‍ : 4