വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിന് (FTA) പ്രാബല്യം നൽകുന്നതിനായി ന്യൂസിലൻഡ് പാർലമെന്റ് നിയമം പാസാക്കിയതിനെ ഇന്ത്യ സ്വാഗതം ചെയ്തു

പോസ്റ്റഡ് ഓണ്‍: 17 SEP 2026 6:01PM by PIB Thiruvananthpuram

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിന് പ്രാബല്യം നൽകുന്നതിനായി ന്യൂസിലൻഡ് പാർലമെന്റ് 2026 സെപ്റ്റംബർ 16-ന് നിയമനിർമാണം നടത്തിയതിനെ ഇന്ത്യ സ്വാഗതം ചെയ്തു. 2026 ഏപ്രിൽ 27-ന് ന്യൂഡൽഹിയിൽ വെച്ചാണ് ഈ കരാർ ഒപ്പുവെച്ചത്. നിയമം പാസാക്കിയത് കരാർ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പാണ്. കൂടാതെ, സാമ്പത്തിക പങ്കാളിത്തം ആഴമുള്ളതാക്കാനും വിപുലീകരിക്കാനുമുള്ള ഇന്ത്യയുടെയും ന്യൂസിലൻഡിന്റെയും പൊതുവായ പ്രതിജ്ഞാബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.

 

നാല് ദശാബ്ദത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമായി 2026 ജൂലൈയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ന്യൂസിലൻഡ് സന്ദർശനം. ഇത് ഉഭയകക്ഷി ബന്ധത്തിന് ആക്കം കൂട്ടി. സന്ദർശന വേളയിൽ, ഇരു പ്രധാനമന്ത്രിമാരും സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ഇന്ത്യ-ന്യൂസിലൻഡ് എഫ്.ടി.എ എത്രയും വേഗം നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.

 

ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധത്തിലും വ്യാപാരം, നിക്ഷേപം, കൃഷി, വിദ്യാഭ്യാസം, കായികം, സാങ്കേതികവിദ്യ, മറ്റ് മേഖലകൾ എന്നിവയിലെ വിപുലീകൃത സഹകരണത്തിലും അധിഷ്ഠിതമായ ദീർഘകാലത്തെ വളരെ അടുത്ത ബന്ധമാണ് ഇന്ത്യയും ന്യൂസിലൻഡും പുലർത്തുന്നത്. ഈ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും സമൂഹങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും എഫ്.ടി.എ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്.

 

ഈ കരാർ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഇന്ത്യയിൽ നിന്ന് ന്യൂസിലൻഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവയില്ലാത്ത പ്രവേശനം നൽകുന്നു. ഇത് തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, മരുന്നുകൾ, കൃഷി, സംസ്‌കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ കയറ്റുമതിക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുന്നു. അതേസമയം, തടി, കമ്പിളി, ആടിന്റെ മാംസം, അസംസ്‌കൃത തുകൽ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ഇന്ത്യൻ വിപണിയിലേക്കുള്ള കയറ്റുമതിക്ക് കൂടുതൽ മെച്ചപ്പെട്ട പ്രവേശനവും ആനുകൂല്യങ്ങളും ഇത് ന്യൂസിലൻഡിന് നൽകുന്നു.

 

പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവരുടെ പരസ്പര വിനിമയം, സേവനങ്ങൾ, നിക്ഷേപം എന്നിവക്ക് വിപുലീകൃത മാർഗ്ഗങ്ങൾ നൽകിക്കൊണ്ട് ഈ കരാർ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യയിലേക്ക് 20 ബില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപം സുഗമമാക്കുന്നതിന് ഇത് വ്യവസ്ഥ ചെയ്യുന്നു. കൂടാതെ കാർഷിക ഉൽപ്പാദനക്ഷമത, മരുന്നുകളും വൈദ്യശാസ്ത്ര ഉപകരണങ്ങളും, പരമ്പരാഗത വൈദ്യശാസ്ത്രം, ആയുഷ് (AYUSH), സാങ്കേതികവിദ്യ, വ്യാപാരം സുഗമമാക്കൽ എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും കരാർ എത്രയും വേഗം പ്രാബല്യത്തിൽ വരുത്തുന്നതിനും ഇന്ത്യയും ന്യൂസിലൻഡും ചേർന്ന് ഏകോപനത്തോടെ പ്രവർത്തിച്ചു വരുന്നു.

***

 


( റിലീസ് ഐ.ഡി: 2311651) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी