ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ തെലങ്കാനയിൽ നടന്ന ഹൈദരാബാദ് വിമോചന ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
17 SEP 2026 12:53PM by PIB Thiruvananthpuram
തെലങ്കാനയിലെ സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച 79-ാമത് ഹൈദരാബാദ് വിമോചന ദിനാഘോഷങ്ങളിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു
ചടങ്ങിനെ അഭിസംബോധന ചെയ്യവേ, 1948 സെപ്റ്റംബർ 17-ന് നടപ്പിലാക്കിയ 'ഓപ്പറേഷൻ പോളോ'യിലൂടെ ഹൈദരാബാദ് പ്രവിശ്യ ഇന്ത്യൻ യൂണിയനിൽ ലയിച്ചുവെന്നും അതോടെ സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു നിർണായക അധ്യായത്തിന് സമാപനമായതെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. ഹൈദരാബാദ് വിമോചന ദിനം എന്നത് കേവലം ഒരു ചരിത്ര തീയതിയുടെ ഓർമ്മ പുതുക്കൽ മാത്രമല്ലെന്നും, മറിച്ച് രാഷ്ട്രനിർമ്മാണത്തിന്റെയും ഇന്ത്യയെ ഒന്നിച്ചുനിർത്തുന്ന മൂല്യങ്ങളുടെയും ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് ഉയർന്നുവന്ന ജനങ്ങളെ ഏകോപിപ്പിക്കുന്നതിൽ ഒരു യുവരാഷ്ട്രം നേരിട്ട മഹത്തായ വെല്ലുവിളികളെയാണ് ഹൈദരാബാദിന്റെ ചരിത്രം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത് നയതന്ത്രജ്ഞതയുടെയും ധീരതയുടെയും ത്യാഗത്തിന്റെയും കഥയായിരുന്നു. തുടർന്ന്, ഓരോ പൗരനും തുല്യസ്ഥാനമുള്ള ഒരു ഭരണഘടനാ ജനാധിപത്യം കെട്ടിപ്പടുക്കുക എന്ന വലുതും തുടർച്ചയായതുമായ ദൗത്യത്തിലേക്കാണ് രാജ്യം കടന്നത്.
ദേശീയോദ്ഗ്രഥനത്തിന് സർദാർ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ അനുസ്മരിച്ച ഉപരാഷ്ട്രപതി, വിഭജനത്തിൽ നിന്ന് ഇന്ത്യ കരകയറുകയും നൂറുകണക്കിന് നാട്ടുരാജ്യങ്ങളെ ഒരു യൂണിയനിൽ ഏകീകരിക്കുകയും ചെയ്ത സമയത്ത്, ആദ്യത്തെ ആഭ്യന്തരമന്ത്രിയും സംസ്ഥാന മന്ത്രിയും എന്ന നിലയിൽ സർദാർ പട്ടേൽ അസാധാരണമായ ഉത്തരവാദിത്തമാണ് വഹിച്ചതെന്ന് പറഞ്ഞു.“ശക്തവും ഏകീകൃതവുമായ 'ഏക ഭാരത'ത്തിന്റെ ഉരുക്കുപോലുള്ള അടിത്തറ പാകിയത് സർദാർ പട്ടേൽജിയാണ്,” ശ്രീ സി. പി. രാധാകൃഷ്ണൻ വ്യക്തമാക്കി.
ഇന്ത്യയുടെ രാഷ്ട്രനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെ താരതമ്യം ചെയ്തുകൊണ്ട്, “ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജിയും നേതാജി സുഭാഷ് ചന്ദ്രബോസ് ജിയും നിർണായക പങ്കുവഹിച്ചു. നാട്ടുരാജ്യങ്ങളെ ആധുനിക ഇന്ത്യയുമായി സംയോജിപ്പിക്കുന്നതിൽ സർദാർ പട്ടേൽജി നിർണായക പങ്കുവഹിച്ചു. എന്നാൽ ഇന്ന്, '2047- ഓടെ വികസിത ഭാരതം' എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജി നിർണായക പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൈദരാബാദ് പോരാട്ടത്തിന് പിന്നിലെ ജനകീയ മുന്നേറ്റത്തിന് ആദരമർപ്പിച്ചുകൊണ്ട് സംസാരിച്ച ഉപരാഷ്ട്രപതി , വിദ്യാർത്ഥികളും ചിന്തകരും എഴുത്തുകാരും സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും കർഷകരും സാധാരണക്കാരായ പൗരന്മാരും ഈ പോരാട്ടത്തിൽ പങ്കാളികളാകുകയും തടവറയും അക്രമങ്ങളും കടുത്ത വ്യക്തിക്ലേശങ്ങളും സഹിക്കുകയും ചെയ്തുവെന്ന് ഓർമിപ്പിച്ചു.
രാംജി ഗോണ്ട്, തുറെബാസ് ഖാൻ, കൊമരം ഭീം എന്നിവരുൾപ്പെടെയുള്ള മറ്റ് നിരവധി ദേശസ്നേഹികൾക്ക് അദ്ദേഹം പ്രണാണം അർപ്പിച്ചു. ചരിത്രം ഉണ്ടാകുന്നത് സർക്കാർ ഓഫീസുകളിലോ പ്രശസ്തരായ ഭരണാധികാരികളിലൂടെയോ മാത്രമല്ലെന്നും, മറിച്ച് അനീതിയെ തങ്ങളുടെ വിധിയായി അംഗീകരിക്കാത്ത സാധാരണ പൗരന്മാരിലൂടെയാണെന്ന് അവരുടെ ധീരത നമ്മെ ഓർമ്മിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
"രാഷ്ട്രീയ സംയോജനത്തിന് പ്രദേശങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ കഴിയും; ഭരണഘടനാ ജനാധിപത്യം പൗരന്മാരെ ഒരുമിച്ച് കൊണ്ടുവരുന്നു," അദ്ദേഹം പറഞ്ഞു.ദേശീയ ഐക്യം കേവലം ഭൂമിശാസ്ത്രം കൊണ്ടുമാത്രം നിലനിർത്താനാവില്ലെന്നും തുല്യ അവകാശം,തുല്യ ആത്മാഭിമാനം,തുല്യ അവസരം എന്നിവയിലൂടെ അത് ശക്തിപ്പെടുത്തണമെന്നും ശ്രീ സി. പി. രാധാകൃഷ്ണൻ ഊന്നിപ്പറഞ്ഞു.
ഭാരതത്തിന്റെ ഐക്യം നിലനിൽക്കാൻ എല്ലാ പൗരന്മാരും ഒരുപോലെയാകണമെന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കാർ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരും, വ്യത്യസ്ത ആചാരങ്ങൾ പിന്തുടരുന്നവരും, വ്യത്യസ്ത രീതികളിൽ ആരാധന നടത്തുന്നവരും, വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങൾ പുലർത്തുന്നവരുമാകാം. എന്നിരുന്നാലും ഭരണഘടനയും, ആത്യന്തികമായി പരമാധികാരം ജനങ്ങളുടേതാണെന്ന തത്വവും അവർ ഒരുമിച്ച് നിലനിർത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സായുധ പോലീസ് സേനകളുടെ പങ്കിനെക്കുറിച്ച് പരാമർശിക്കവേ,1947-48 കാലഘട്ടത്തിൽ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലും ഭാരതത്തിന്റെ പ്രാദേശിക സമഗ്രത സംരക്ഷിക്കുന്നതിലും അവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. തെലങ്കാന,ഛത്തീസ്ഗഢ്,ഝാർഖണ്ഡ്, എന്നിവിടങ്ങളിലെ ഇടതുതീവ്രവാദത്തെ നേരിടുന്നതിൽ സേന നൽകിയ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.
ചടങ്ങിന്റെ ഭാഗമായി യുദ്ധസ്മാരകം സന്ദർശിച്ച ഉപരാഷ്ട്രപതി, പുഷ്പചക്രം സമർപ്പിച്ച് വീരമൃത്യു വരിച്ച യോദ്ധാക്കൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. തുടർന്ന് പരേഡ് വീക്ഷിച്ച അദ്ദേഹം, മാർച്ച് പാസ്റ്റിനും ആകർഷകമായ സാംസ്കാരിക പരിപാടികൾക്കും സാക്ഷ്യം വഹിച്ചു. ഹൈദരാബാദിന്റെ പാരമ്പര്യം എല്ലാവരെയും ഉൾക്കൊള്ളുന്നതിലേക്ക് നയിക്കണമെന്നും, രാജ്യസേവനത്തിലാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും ഉയർന്ന ഭാവം പ്രതിഫലിക്കേണ്ടതെന്നും രാജ്യത്തെ ഓർമ്മിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഒരുക്കിയ പ്രത്യേക പ്രദർശനവും ഉപരാഷ്ട്രപതി സന്ദർശിച്ചു. ഹൈദരാബാദ് വിമോചന പോരാട്ടങ്ങൾ, ത്യാഗങ്ങൾ, ഇന്ത്യൻ യൂണിയനുമായുള്ള ലയനത്തിലേക്ക് നയിച്ച ചരിത്രപരമായ യാത്ര എന്നിവ ദൃശ്യവൽക്കരിക്കുന്നതായിരുന്നു ഈ പ്രദർശനം.
തെലങ്കാന ഗവർണർ ശ്രീ ശിവ് പ്രതാപ് ശുക്ല, കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത്, കേന്ദ്ര കൽക്കരി-ഖനി മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ ബന്ദി സഞ്ജയ് കുമാർ, മൽക്കാജ്ഗിരി എം.പി ശ്രീ ഈറ്റല രാജേന്ദർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
*****
( റിലീസ് ഐ.ഡി: 2311325)
സന്ദര്‍ശക കൗണ്ടര്‍ : 4