ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
സ്റ്റെം സെൽ തെറാപ്പി നിയന്ത്രണവുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
17 SEP 2026 9:18AM by PIB Thiruvananthpuram
സ്റ്റെം സെൽ തെറാപ്പിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് 2010-ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (രജിസ്ട്രേഷനും നിയന്ത്രണവും) നിയമം നടപ്പാക്കിയ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2026 സെപ്റ്റംബർ 16-ന് നിർദേശങ്ങൾ പുറപ്പെടുവിച്ചു. 'യാഷ് ചാരിറ്റബിൾ ട്രസ്റ്റ് & അദേഴ്സ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ & അദേഴ്സ്' കേസിൽ ((W.P. (C) No. 369 of 2022 [2026 INSC 96]) ) 2026 ജനുവരി 30-ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
സ്റ്റെം സെൽ ഗവേഷണവും ചികിത്സയുമായി ബന്ധപ്പെട്ട നിലവിലെ മാർഗനിർദേശങ്ങൾ വീണ്ടും വ്യക്തമാക്കുന്നതാണ് ഈ നിർദേശങ്ങൾ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അംഗീകരിച്ച പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന രോഗാവസ്ഥകൾക്ക് മാത്രമാണ് സാധാരണ ക്ലിനിക്കൽ ചികിത്സാരീതിയായി സ്റ്റെം സെൽ തെറാപ്പി അനുവദിക്കുന്നതെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.
ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്റെ (എഎസ്ഡി) കാര്യത്തിൽ ഇന്ത്യൻ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലും ബയോടെക്നോളജി വകുപ്പും സംയുക്തമായി പുറപ്പെടുവിച്ച 2017-ലെ ദേശീയ സ്റ്റെം സെൽ ഗവേഷണ മാർഗനിർദേശങ്ങൾ, കേന്ദ്ര ഗവണ്‍മെന്റ് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മറ്റ് ചട്ടങ്ങൾ എന്നിവയ്ക്ക് അനുസൃതമായി അംഗീകാരം ലഭിച്ച ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള സ്റ്റെം സെൽ ചികിത്സ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്റ്റെം സെൽ ഗവേഷണം, ചികിത്സ, പ്രചാരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഗവണ്‍മെന്റ്-സ്വകാര്യ ക്ലിനിക്കൽ സ്ഥാപനങ്ങളും ബന്ധപ്പെട്ട സംസ്ഥാന-ജില്ലാ നിയന്ത്രണ അതോറിറ്റികളും ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ നിർദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
സ്റ്റെം സെൽ തെറാപ്പിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും നിർദേശത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. 2026 ജനുവരി 30-ലെ വിധിന്യായത്തിലെ 151(xiii)-ാം ഖണ്ഡികയിൽ നിയമപരമായ നിർദേശങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. 2002-ലെ ഐഎംസി ചട്ടങ്ങളിലെ റൂൾ 7.22 പ്രകാരം തൊഴില്‍പരമായ ചട്ടലംഘനമായും രജിസ്ട്രേഷൻ റദ്ദാക്കലും പിഴയും വ്യവസ്ഥ ചെയ്യുന്ന 2010-ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിലെ 32, 40 വകുപ്പുകൾ പ്രകാരമുള്ള നടപടിയായും ഇതിനെ കണക്കാക്കും.
ഇതനുസരിച്ച് സ്റ്റെം സെൽ ഗവേഷണവും ചികിത്സയുമായി ബന്ധപ്പെട്ട ബാധകമായ ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട സംസ്ഥാന-ജില്ലാ നിയന്ത്രണ അതോറിറ്റികളോടും ക്ലിനിക്കൽ സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.
ഈ നിയന്ത്രണ വ്യവസ്ഥകൾക്ക് കൂടുതൽ വ്യക്തത നൽകുന്ന തരത്തില്‍ അംഗീകൃത രോഗാവസ്ഥകൾക്ക് മാത്രമേ സ്റ്റെം സെൽ തെറാപ്പി സാധാരണ ക്ലിനിക്കൽ ചികിത്സയായി നൽകാവൂ എന്ന് 2026 സെപ്റ്റംബർ 5-ലെ ഉത്തരവിലൂടെ ദേശീയ മെഡിക്കൽ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃത രോഗാവസ്ഥകൾക്കല്ലാതെ സ്റ്റെം സെൽ തെറാപ്പി നിർദേശിക്കുകയോ നൽകുകയോ പ്രചരിപ്പിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യുന്നത് തൊഴില്‍പരമായ ചട്ടലംഘനമായി കണക്കാക്കുമെന്നും ഇതിൽ പറയുന്നു.
ഇത്തരം ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരിശോധിക്കാനും നടപടിക്രമങ്ങൾക്ക് ശേഷം രജിസ്റ്റർ ചെയ്ത ഡോക്ടർമാരുടെ ഭാഗത്തുനിന്ന് കൃത്യവിലോപം വ്യക്തമായാൽ നിലവിലെ നിയമപ്രകാരം ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കാനും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്ക് നിർദേശം നൽകി.
SKY
**********
( റിലീസ് ഐ.ഡി: 2311268)
സന്ദര്‍ശക കൗണ്ടര്‍ : 13